നിങ്ങള്‍ സ്‌നേഹിക്കുക; എല്ലാവരെയും
സ്‌നേഹം മധുവാണ്. അത് പകര്‍ന്നു നല്‍കിയാലേ നുകര്‍ന്നെടുക്കാന്‍ പറ്റുകയുള്ളൂ. മനുഷ്യമനസ്സുകള്‍ സ്‌നേഹാര്‍ദ്രമായാണ് അല്ലാഹു പടച്ചിരിക്കുന്നത്. ആ ആര്‍ദ്രതയും നൈര്‍മല്യവും മറ്റു സൃഷ്ടികളിലേക്കും കൈമാറുമ്പോഴാണ് സ്രഷ്ടാവില്‍ നിന്നുള്ള സ്‌നേഹത്തിന് വിധേയമാവുക. അല്ലാഹു ഇഷ്ടപ്പെട്ടാല്‍ ലോകരുടെ സകലരുടെയും ഇഷ്ടത്തിന് പാത്രീഭവിക്കും.
നബി (സ്വ) പറയുന്നു: അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടുക്കഴിഞ്ഞാല്‍ മാലാഖ ജിബ്‌രീലി (അ)നെ വിളിച്ചു പറയും: നിശ്ചയം അല്ലാഹു ഇയാളെ ഇഷ്ടപ്പെടുന്നു, താങ്കളും ഇയാളെ ഇഷ്ടപ്പെടുക. ജിബ്‌രീലും (അ) അയാളെ ഇഷ്ടപ്പെടും. ശേഷം ആകാശ ലോകത്തുള്ളവരോടായി ജിബ്‌രീല്‍ (അ) വിളിച്ചുപറയും: ഇയാളെ അല്ലാഹു ഇഷ്ടപ്പെടുന്നു, നിങ്ങളും ഇഷ്ടപ്പെടുക. അങ്ങനെ അവരും അയാളെ ഇഷ്ടപ്പെടുകയും അയാള്‍ക്ക് ഭൂമിയിലുള്ളവര്‍ക്കിടയില്‍ വെച്ച് സ്വീകാര്യത നല്‍കപ്പെടുകയും ചെയ്യും (ഹദീസ് ബുഖാരി, മുസ്ലിം).
ഒരാളെ പൊതുജനം നിസ്വാര്‍ത്ഥമായി ഇഷ്ടപ്പെടുന്നുവെങ്കില്‍ അയാളെ അല്ലാഹു ഇഷ്ടപ്പെടുന്നുവെന്നര്‍ത്ഥം.
സത്യവിശ്വാസികള്‍ക്കായി അല്ലാഹു ഒരുക്കിയ മഹത്തായ അനുഗ്രഹങ്ങളാണ് സ്‌നേഹവും ഇഷ്ടവുമൊക്കെ. സത്യവിശ്വാസത്തിന്റെയും സല്‍ക്കര്‍മ്മത്തിന്റെയും കര്‍മ്മഫലമായി അല്ലാഹു വളരെ വേഗത്തില്‍ ഏകുന്ന സൗഭാഗ്യവുമാണ് ജനങ്ങള്‍ക്കിടയില്‍ കൈവരുത്തുന്ന ഈ സ്‌നേഹബന്ധം. അല്ലാഹു പറയുന്നു: സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് കരുണാമയനായ അല്ലാഹു സ്‌നേഹബന്ധം സ്ഥാപിക്കുക തന്നെ ചെയ്യുന്നതാണ് (ഖുര്‍ആന്‍, സൂറത്തു മര്‍യം 96).
അത്തരത്തില്‍ അല്ലാഹു സ്‌നേഹവും ജനസമ്മതിയും നല്‍കി അനുഗ്രഹിച്ച പ്രവാചകനാണ് മൂസാ നബി (അ). മൂസാ നബി (അ)യോട് അല്ലാഹു പറഞ്ഞതായി പരിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: എന്റെ പ്രത്യേക സ്‌നേഹം നിങ്ങളില്‍ ഞാന്‍ ചൊരിയുകയുണ്ടായി (സൂറത്തു ത്വാഹാ 39). കാണുന്നവരൊക്കെ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ചരിത്രത്തില്‍ വായിക്കാനാവും.
ദൈവ സാമീപ്യവും അനുസരണയുമാണ് ജനങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാനുള്ള പ്രധാന മാര്‍ഗം. ദൈവ മാര്‍ഗത്തിലുള്ളവരെപ്പറി ജനം നല്ലതേ പറയുകയുള്ളൂ. അല്ലാഹുവിങ്കലിലേക്ക് ഹൃദയം സമര്‍പ്പിച്ചവന് വിശ്വാസികള്‍ ഒന്നടങ്കം സ്‌നേഹനിര്‍ഭരമായി ഹൃദയങ്ങള്‍ സമര്‍പ്പിക്കുമെന്നാണ് ഇസ്ലാമിക പണ്ഡിതഭാഷ്യം. സല്‍ക്കര്‍മ്മങ്ങള്‍ അധികമായി ചെയ്താല്‍ ജനങ്ങള്‍ക്കിടയില്‍ മതിപ്പും വിശ്വാസ്യതയുമുണ്ടാവും. കാരണം സല്‍പ്രവൃത്തി ഹൃദയത്തില്‍ പ്രകാശവും മുഖത്ത് തെളിമയും ജനഹൃദയങ്ങളില്‍ സ്‌നേഹവുമുളവാക്കുന്ന അത്ഭുത പ്രതിഭാസമാണ്. മാത്രമല്ല ഉപജീവന മാര്‍ഗങ്ങളില്‍ വിശാലതയുമുണ്ടാക്കും.
വ്യക്തികള്‍ക്കിടിയിലും സമൂഹങ്ങള്‍ക്കിടയിലും സ്‌നേഹബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) പല മാര്‍ഗങ്ങളും പറഞ്ഞുതന്നിട്ടുണ്ട്. അതില്‍ പ്രധാനമാണ് സലാം പറയല്‍. സലാം പറയല്‍ ശീലമാക്കണമെന്നാണ് പ്രവാചക നിര്‍ദേശം. മനുഷ്യമനസ്സുകള്‍ക്കിടയില്‍ ഇണക്കം സാധ്യമാക്കുന്ന മാന്ത്രികോച്ചാരണമാണ് സലാം.
നബി (സ്വ) പറയുന്നു: അല്ലാഹുവാണേ സത്യം, സത്യവിശ്വാസികളാവുന്നത് വരെ നിങ്ങളിലൊരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നത് വരെ വിശ്വാസികളുമാവില്ല. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കൊരു കാര്യം പറഞ്ഞുതരട്ടയോ, അതു ചെയ്താല്‍ നിങ്ങള്‍ക്കിടയില്‍ പരസ്പരം സ്‌നേഹബന്ധങ്ങളുണ്ടാവും. നിങ്ങള്‍ പരസ്പരം സലാം പറയലാണ് അത് (ഹദീസ് മുസ്ലിം 54, അബൂദാവൂദ് 5193, അഹ്മദ് 1430).
സ്‌നേഹം ഊട്ടിയുറപ്പിക്കുകയും വൈര്യം ഇല്ലാതാക്കുകയുും ചെയ്യുന്ന മറ്റൊരു സുകൃതമാണ് ദാനധര്‍മ്മം. ഔദാര്യം ചെയ്യുന്നവനെ അല്ലാഹു ഖുര്‍ആനില്‍ പുകഴ്ത്തിപ്പറഞ്ഞതായി കാണാം. അവന്റെ ജീവിത വഴികള്‍ സൗഭാഗ്യപൂര്‍ണമാവുമെന്ന് വാഗ്ദാനം നല്‍കുകയും ചെയിതിട്ടുണ്ട്: ഏതൊരു വ്യക്തി ദാനം ചെയ്യുകയും ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുകയും അത്യുദാത്തമായ സ്വര്‍ഗത്തെ അംഗീകരിക്കുകയും ചെയ്തുവോ, വിജയത്തിന്റെ വഴി അവനു നാം സുഗമമാക്കിക്കൊടുക്കുന്നതാണ് (സൂറത്തുല്ലൈല്‍ 5, 6, 7).
നബി (സ്വ) തങ്ങളുടെ അനുചരന്മാര്‍ക്കും മറ്റുള്ളവര്‍ക്കും ദാനമേകി അവരുടെ സ്‌നേഹം സമ്പാദിക്കുമായിരുന്നു. സ്വഫ് വാന്‍ ബ്‌നു ഉമയ്യ അദ്ദേഹത്തിന്റെ ഇസ്ലാമാശ്ലേഷണത്തിന് മുമ്പ് പറയുകയുണ്ടായി: മുഹമ്മദ് നബി (സ്വ) എനിക്ക് ധാരാളം ദാനം നല്‍കുമായിരുന്നു. അദ്ദേഹമായിരുന്നു എനിക്കേറ്റവും ദേഷ്യമുള്ളയാള്‍. അദ്ദേഹം എനിക്ക് ദാനം നല്‍കി നല്‍കി എനിക്കേറ്റവും ഇഷ്ടപ്പെട്ടയാളായിമാറി (ഹദീസ് മുസ്ലിം 2313).
ഉപകാരം ചെയ്തയാളോട് സ്‌നേഹവും ബഹുമാനവുമുണ്ടാവുക സ്വാഭാവികമാണല്ലൊ. സമ്മാനം നല്‍കലും സ്‌നേഹാദരവുകള്‍ക്ക് നിമിത്തമാവുന്നതാണ്. നബി (സ്വ) സമ്മാനങ്ങള്‍ സ്വീകരിക്കുകയും അതിന് പ്രതിഫലങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. പരസ്പരം സമ്മാനങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നബി പറയുന്നു: നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുക, നിങ്ങള്‍ക്കിടയില്‍ സ്‌നേഹമുണ്ടാകും (ഹദീസ് ബുഖാരി 594).
സല്‍സ്വഭാവ സമ്പന്നന്‍ അവനുമായി ഇടപഴകിയവര്‍ക്കൊക്കെ സര്‍വ്വസമ്മതനായിരിക്കും. ആ മനസ്സ് സ്‌നേഹസമ്പന്നമായിരിക്കും. തിരിച്ച് ജനങ്ങളും അവനോട് സ്‌നേഹത്തിലായിരിക്കും സദാ വര്‍ത്തിക്കുക. നബി (സ്വ) പറഞ്ഞിരിക്കുന്നു: സല്‍സ്വഭാവികളാണ് സത്യവിശ്വാസികളില്‍ വിശ്വാസ പൂര്‍ണര്‍. അവര്‍ മയത്തില്‍ പെരുമാറുന്നവരായിരിക്കും. അവര്‍ ജനങ്ങളോട് വേഗത്തില്‍ ഇണങ്ങുകയും ജനങ്ങള്‍ അവരോട് വേഗത്തില്‍ ഇണക്കമുള്ളവരാവുകയും ചെയ്യും (ഹദീസ് ത്വബ്‌റാനി 1/362).
അവര്‍ വാക്കിലും പ്രവര്‍ത്തിയിലും നല്ലത് മാത്രമേ കൊണ്ടുവരികയുള്ളൂ. അതു കൊണ്ടുതന്നെ ആളുകള്‍ അത്തരക്കാരിലേക്ക് ശ്രീഘം ആകര്‍ഷിക്കപ്പെടുന്നതായിരിക്കും. അവരുടെ ഇടപാടുകള്‍ കൂടുതല്‍ സ്വീകാര്യവുമായിരിക്കും. അവര്‍ സംസാരിച്ചാല്‍ സത്യം മാത്രമേ പറയുകയുള്ളൂ. ഒരു കാര്യം ഏറ്റെടുത്താല്‍ ചെയ്തിരിക്കും. ജനങ്ങളുമായുള്ള വ്യവഹാരങ്ങളില്‍ പരുശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്യും.
ഒരിക്കല്‍ ഒരാള്‍ നബി (സ്വ)യുടെ അടുക്കല്‍ വന്ന് ചോദിക്കുകയുണ്ടായി: തിരു ദൂതരേ, അങ്ങെനിക്ക് ഒരു സല്‍ക്കര്‍മ്മം പറഞ്ഞു തരണം. ഞാനത് ചെയ്താല്‍ അല്ലാഹുവും ജനങ്ങളും എന്നെ ഇഷ്ടപ്പെടുന്നതായിരിക്കും. ഏതാണ് ആ സല്‍ക്കര്‍മ്മം? നബി (സ്വ) മറുപടി പറഞ്ഞു: ഐഹിക കാര്യങ്ങള്‍ ത്യജിക്കുക, എന്നാല്‍ അല്ലാഹു ഇഷ്ടപ്പെടും. ജനങ്ങളുടെ കൈയ്യിലുള്ള വസ്തുവകകളില്‍ സൂക്ഷ്മത പുലര്‍ത്തുക, എന്നാല്‍ ജനങ്ങളും ഇഷ്ടപ്പെടും (ഇബ്‌നു മാജ 4102).
സഹിഷ്ണുതാ മനോഭാവം, സഹാനുഭൂതി, അനാഥ സംരക്ഷണം, അഗതി പരിപാലനം, ദരിദ്രജന സഹായം മുതലായ സുകൃതങ്ങള്‍ ജനങ്ങളുടെ പ്രീതിക്കും സ്‌നേഹത്തിനും വക നല്‍കുന്ന നല്ല പ്രവര്‍ത്തനങ്ങളാണ്. നബി (സ്വ) പറയുകയുണ്ടായി: ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവരെയാണ് അല്ലാഹുവിന് ഏറ്റവുമിഷ്ടം. വിശപ്പ് മാറ്റുന്ന, കടങ്ങള്‍ വീട്ടിക്കൊടുക്കുന്ന, പ്രയാസങ്ങള്‍ ദൂരീകരിക്കുന്ന, അന്യന് സന്തോഷം പകരുന്ന പ്രവര്‍ത്തനങ്ങളാണ് അല്ലാഹുവിന് ഏറ്റവുമിഷ്ടമുള്ള പ്രവര്‍ത്തനങ്ങള്‍ (ഹദീസ് ത്വബ്‌റാനി 2/106).
സമൂഹം ഒരു കെട്ടിടം പോലെയാണ്. ഓരോ വ്യക്തിയും അതിലെ ചുമര്‍ക്കല്ലുകളാണ്. ഓരോന്നും പരസ്പരം താങ്ങും ത്രാണിയുമായിരിക്കും. തമ്മില്‍ തമ്മില്‍ ശക്തി പകരുന്നതുമായിരിക്കും. അതു പോലെ വ്യക്തികള്‍ തമ്മില്‍ സ്‌നേഹം പകരുമ്പോഴാണ് സമൂഹം അനിഷേധ്യമായി നിലനില്‍ക്കുന്നത്
Leave A Comment