അനസ്(റ)വില്‍ നിന്നു നിവേദനം, നബി(സ) പറഞ്ഞു: ''എന്റെ ശരീരം ആരുടെ കയ്യില്‍(സംരക്ഷണം)ആണോ അവന്‍തന്നെ സത്യം, തന്റെ സ്വന്തം ശരീരത്തിനിഷ്ടപ്പെടുന്നത് തന്റെ അയല്‍ക്കാരനും ഇഷ്ടപ്പെടുന്നതു വരെ ഒരടിമയും പൂര്‍ണ വിശ്വാസിയാവുകയില്ല.''(ബുഖാരി, മുസ്‌ലിം)
'അകലത്തെ ബന്ധുവേക്കാള്‍ അയലത്തെ ശത്രു ഭേതം' ഇത് മലയാളത്തിലെ ചിരപരിചിതമായൊരു പഴഞ്ചൊല്ലാണ്. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന് യേശുക്രിസ്തു പറഞ്ഞതായി ക്രൈസ്തവ വേദങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തില്‍, അയല്‍വാസികള്‍ സ്‌നേഹിക്കപ്പെടേണ്ടവരാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായങ്ങളൊന്നുമില്ല. ക്രമനിബന്ധമായൊരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധേയമായ ചുവടുകള്‍ സ്വീകരിച്ചിട്ടുള്ള ഇസ്‌ലാമിനും അയല്‍വാസിയുടെ കാര്യത്തില്‍ തത്തുല്യമായ നിലപാടുകളാണുള്ളത്. അതുകൊണ്ടാണ് അയല്‍വാസിയുടെ താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും കണക്കിലെടുക്കാത്തവന്റെ വിശ്വാസം പോലും അപൂര്‍ണ്ണമാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്.
മേലുദ്ധരിച്ച ഹദീസ് വചനം സൂചിപ്പിക്കുന്നത് അയല്‍വാസിയോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നതിന്റെ പ്രാധാന്യത്തിലേക്കാണ്. സമൂഹത്തിന്റെ ഭദ്രതക്കും കെട്ടുറപ്പിനും അനിവാര്യമായ ഒരു ഘടകമാണ് അയല്‍ക്കാര്‍ തമ്മിലുള്ള ബന്ധമെന്നത് ശ്രദ്ധേയമായൊരു വസ്തുതയാണ്. ഇവിടെ വിശാലാര്‍ത്ഥത്തിലുള്ള ഒരു അയല്‍പക്ക സമ്പര്‍ക്കമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഇസ്‌ലാമിന്റെ സാമുദായിക-മതസൗഹാര്‍ദ്ദ വീക്ഷണത്തിന്റെ ഏറ്റവും വലിയൊരു നിദര്‍ശനമാണ് മതത്തിന്റെയോ ആശയ വീക്ഷണങ്ങളുടെയോ വ്യത്യാസങ്ങള്‍ നോക്കാതെയുള്ള അയല്‍പക്ക സമ്പര്‍ക്കം. വീടിന്റെ ചുറ്റുവട്ടത്ത് സ്ഥിതിചെയ്യുന്ന നാല്‍പത് വീടുകളിലേക്കു വ്യാപിക്കുന്നതാണ് അയല്‍പക്ക ബന്ധമെന്ന് ഇസ്‌ലാം സിദ്ധാന്തിക്കുമ്പോള്‍ അവിടെ മുസ്‌ലിം-അമുസ്‌ലിം ഭേതമില്ലാതെയാണ് ഈ കാഴ്ചപ്പാടെന്നുകൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ വാക്ക് ഇവിടെ ശ്രദ്ധേയമാകുന്നു: അയല്‍വാസിയെന്ന പദം സത്യനിഷേധി, സന്യാസി, തെമ്മാടി, ശത്രു, മിത്രം, ഉപകാരി, ഉപദ്രവകാരി, കുടുംബക്കാരന്‍, അന്യന്‍ തുങ്ങിയവരെയെല്ലാം ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ അവര്‍ക്കിടയില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ പദവികളും സ്ഥാനങ്ങളും കൂടുതലുണ്ടെന്നു മാത്രം. അതുകൊണ്ട് എല്ലാവര്‍ക്കും അവരര്‍ഹിക്കുന്ന വക വെച്ചു കൊടുക്കുക തന്നെ വേണം.'' ഇസ്‌ലാമിക വീക്ഷണപ്രകാരം അയല്‍വാസി എന്ന വാക്ക് വിശാലാര്‍ത്ഥം കുറിക്കുന്നതാണെന്ന് ഇതിലൂടെ വ്യക്തമായിക്കഴിഞ്ഞു.
മഹാനായ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വിനെക്കുറിച്ച് ഒരു സംഭവം ഇവിടെ പ്രതിപാദിക്കപ്പെടേണ്ടതുണ്ട്. ഒരു ദിവസം അദ്ദേഹത്തിനു വേണ്ടി ഒരു ആടിനെ അറുക്കപ്പെടുകയുണ്ടായി. തദവസരത്തില്‍ അദ്ദേഹം തന്റെ യഹൂദിയായ അയല്‍ക്കാരന്റെ അടുത്തേക്ക് ആ ആടു മാംസത്തിന്റെ ഒരു വിഹിതം ഉപഹാരമായി കൊടുത്തയക്കുകയായിരുന്നു. ഥ്വബ്‌റാനി ഉദ്ധരിക്കുന്നു: ജാബിര്‍(റ)വില്‍നിന്ന് നിവേദിതമായ ഒരു ഹദീസില്‍ നബി(സ) ഇങ്ങനെ പറഞ്ഞതായി കാണാം:''അയല്‍ക്കാര്‍ മൂന്നു തരക്കാരാണ്. ഒരു ബാധ്യതയര്‍ഹിക്കുന്ന അയല്‍ക്കാരനാണ് ഒന്ന്. ബഹുദൈവാരാധകനായ അയല്‍വാസി അയല്‍പക്ക ബന്ധത്തിന്റെ കടപ്പാട് അര്‍ഹിക്കുന്നു. രണ്ടാമത്തേത് മുസ്‌ലിമായ അയല്‍വാസിയാണ്. അയല്‍പക്ക ബന്ധം ഇസ്‌ലാംമതമനുയായി എന്നീ നിലകളിലുണ്ടായിരിക്കേണ്ട കടപ്പാടുകള്‍ അവന് അര്‍ഹതപ്പെട്ടതാണ്. മൂന്നാമന്‍ രക്തബന്ധമുള്ള മുസ്‌ലിം അയല്‍ക്കാരനാണ്. അവന് രക്തബന്ധം മൂലമുള്ള അമിത ബാധ്യത കൂടി അര്‍ഹതപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍, അയല്‍വാസിയെന്നാല്‍ ഒരു മനുഷ്യന് തന്റെ ജീവിതത്തില്‍ പല വിധേനയും ബന്ധപ്പെടേണ്ടി വരുന്ന ഒരു ബന്ധുവാണെന്ന് നമുക്ക് ഗ്രഹിക്കാം. ഇങ്ങനെയാണ് വസ്തുതകളുടെ കിടപ്പെന്നിരിക്കെ അയല്‍ക്കാരന്റെ അവകാശങ്ങള്‍ അവന് അര്‍ഹതപ്പെട്ട രീതിയില്‍ തന്നെ വകവെച്ചുകൊടുക്കല്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണ്. ഒരു വ്യക്തിക്ക് എന്തൊരാവശ്യമുണ്ടെങ്കിലും തന്റെ വീട്ടിലുള്ള അംഗങ്ങള്‍ കഴിഞ്ഞാല്‍ പ്രാഥമികമായി അവന്‍ ബന്ധപ്പെടുക തന്റെ നല്ല അയല്‍ക്കാരനോടായിരിക്കും. എന്തെങ്കിലും ഒരത്യാഹിതമോ അപകടമോ സംഭവിച്ചാല്‍ സഹായഹസ്തവുമായി ഏറ്റവുമാദ്യം ഓടിെത്തുന്നതു സഹൃദയനായ അടുത്ത വീട്ടുകാരന്‍ തന്നെ. അവശ്യ വസ്തുക്കള്‍ വീട്ടിലില്ലാതാവുന്ന അവസരങ്ങളില്‍ അടുത്ത വീട്ടിലേക്ക് ചെന്നു വായ്പ വാങ്ങുന്ന പതിവ് നമ്മുടെ കുടുംബിനികള്‍ക്കിടയില്‍ സാധാരണമാണ്. ഇങ്ങനെ ഗാര്‍ഹികമായ ഒട്ടുമിക്ക ചുറ്റുപാടുകളിലും അയല്‍വാസിയാണ് സഹായത്തിനുണ്ടാകുന്നത്.അവിടെ കുടുംബങ്ങള്‍ക്ക് ഒരു റോളുമുണ്ടാകില്ല തന്നെ. അയല്‍വാസി കൊടിയ ശത്രുവാണെങ്കില്‍ കൂടി അളമുട്ടുമ്പോള്‍ സഹായാഭ്യര്‍ത്ഥനയുമായി അവരുടെ സമീപത്തേക്ക് കടന്നുചെല്ലുന്നവരും കുറവല്ല. അതുകൊണ്ടു തന്നെയാണ് അല്‍പക്ക ബന്ധത്തിന് ഇസ്‌ലാം മഹിതമായ സ്ഥാനവും മാനവും കല്‍പിക്കുന്നതും.
ഇന്ന് എല്ലാം ക്രമരഹിതമായാണ് നടന്നുകൊണ്ടിരിക്കുന്നത്. മാനുഷിക മൂല്യ്ങ്ങള്‍ക്കു മേല്‍ സ്വാര്‍ത്ഥതയും കാര്യലാഭവും കൈയ്യേറ്റം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മുമ്പത്തേക്കാളുപരി ജനസംഖ്യയുണ്ടായിട്ടും പരസ്പര പരിചയങ്ങളും ബന്ധങ്ങളും ഗണ്യമായ തോതില്‍ കുറഞ്ഞു വരികയാണിന്ന്. പണക്കൊഴുപ്പില്‍ സ്വയം മറന്ന മനുഷ്യനിക്ക്് താന്‍ മാത്രം മതിയെന്ന തോന്നലാണ്. വീടിനു ചുറ്റും കൂറ്റന്‍ മതിലുകളുയര്‍ത്താനും വീടിന്റെ മൂലയിലൊരു വിഡ്ഢിപ്പെട്ടി സ്ഥാപിക്കാനും മനുഷ്യന്‍ തീരുമാനിച്ചത് തന്റേതു മാത്രമായൊരു ലോകം തീര്‍ക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടുു കൊണ്ടു മാത്രമാണ്. മുമ്പ് അയല്‍പക്കത്തെ കുഞ്ഞുങ്ങളെല്ലാം ഒത്തുകൂടി കളിചിരികളിലേര്‍പ്പെടുന്നത് കാണാന്‍ തന്നെ കൗതുകമായിരുന്നു. എന്നാലിന്ന് കുഞ്ഞുങ്ങളുടെ കളി ഇലക്ട്രോണിക് യന്ത്രങ്ങളുടെ കൂടെയാണ്. അടുത്ത വീട്ടില്‍ ആരാണ് താമസിക്കുന്നതെന്ന് അന്വേഷിക്കുമ്പോള്‍ തന്റെ അടുത്തുള്ള വീടേതാണെന്ന് തന്നെ അറിയാതെ വാപൊളിക്കുന്നവരുടേതാണ് പുതിയ യുഗം. അയല്‍വാസിയുടെ മുതല്‍ കവര്‍ച്ച ചെയ്യുന്നവരും അടുത്ത വീട്ടിലെ സ്ത്രീയെ ബലാല്‍സംഗം ചെയ്യുന്നതുമെല്ലാമാണ് പുതിയ ലോകത്തിന്റെ സുകൃതങ്ങള്‍.
നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ അയല്‍ക്കാരനുമായി തര്‍ക്കിക്കുകയും ചീത്ത വിളിക്കുകയും അവനോട് അടങ്ങാത്ത പക വെച്ചു നടക്കുകകയും ചെയ്യുന്നവരും വളരുന്ന തലമുറക്ക് ഒട്ടും അജ്ഞാതരല്ല. ഇസ്‌ലാമിന്റെ മാതൃക പ്രസക്തമാവുന്നത് ഇത്തരം ഘട്ടങ്ങള്‍ സംജാതമാവുമ്പോഴാണ്. അയല്‍വാസി പട്ടിണി കിടക്കുന്ന അവസരത്തില്‍ വയര്‍ നിറച്ചുണ്ണുന്നവന് ഭ്രഷ്ട് കല്‍പിക്കുന്ന മതമാണ് ഇസ്‌ലാം. അബൂദര്‍റ്(റ)വിനോട് പ്രവാചകന്‍ ഒരവസരത്തില്‍ പറഞ്ഞ വാക്ക് ഏവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. തങ്ങള്‍ പറഞ്ഞു: ''ഓ, അബൂദര്‍റ്, താങ്കള്‍ കറി പാകം ചെയ്യുമ്പോള്‍ അതിലെ വെള്ളം കൂടുതലാക്കുക. എന്നിട്ട് നിന്റെ അയല്‍വാസിയെ സഹായിക്കുക.'' അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ തന്റെ അയല്‍വാസിയെ ബുദ്ധിമുട്ടിക്കരുതെന്ന് സമൂഹത്തെ തെര്യപ്പെടുത്തിയ പ്രവാചകന്‍ സാമൂഹിക ശക്തിയും ഭദ്രതയും ഊട്ടിയുറപ്പിക്കാന്‍ മനുഷ്യകത്തെ ഉദ്ബുദ്ധരാക്കുകയാണ്. അതുകൊണ്ട് നമുക്കും സ്വര്‍ഗ പ്രാപ്തിക്കും ഇടക്ക് അയല്‍വാസി വിഘ്‌നം നില്‍ക്കുന്ന അവസ്ഥയോ ചെയ്തികളോ നമ്മില്‍നിന്നുണ്ടായിക്കൂടാ.
സമൂഹത്തെ കെട്ടിപ്പടുക്കാന്‍ ഓരോ വ്യക്തിയും ഓരോ കുടുംബവും ഇതരരോട് സഹകരിച്ചു ജീവിക്കല്‍ അനിവാര്യമാണ്. അയല്‍വാസിയില്‍നിന്നും സ്‌നേഹത്തിന്റെ തൂവല്‍സ്പര്‍ശമാണ് നാം ആഗ്രഹിക്കേണ്ടത്. വൈരത്തിന്റെയും വിദ്വേഷത്തിന്റെയും അഗ്‌നിജ്വാലകള്‍ ആളിക്കത്താന്‍ നാം ഒരിക്കലും അവസരം സൃഷ്ടിക്കരുത്.
സുന്നിഅഫ്കാര്‍ വാരിക
Leave A Comment