ദേശസ്നേഹത്തെക്കുറിച്ച് പറയാന്‍ ആര്.എസ്.എസ്സിന് എന്തവകാശം?
രാജ്യസ്‌നേഹം തങ്ങളുടെ കുത്തകയായി അവതരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണിന്ന് സംഘപരിവാര്‍. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുക വഴി ദേശക്കൂറ് ഉള്ളവരെന്നും ഇല്ലാത്തവരെന്നും അവരെ തരംതിരിച്ച് സാമൂഹിക ഛിദ്രതയുണ്ടാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയാണവര്‍. മോദി സര്‍ക്കാറിന്റെ അടുത്തൊരു അജണ്ടയും ഇതായിരിക്കണം. നിരന്തരം ആളുകളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുകവഴി തങ്ങളാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്ന് വര്‍ത്തുത്തീര്‍ക്കുക. മോദി ഭരണത്തിലേറിയതു മുതല്‍തന്നെ അണിയറയില്‍ അതിനുള്ള പ്രചാര വേലകള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇപ്പോഴത് വളരെ ശക്തമായിരിക്കയാണ്. ചിന്ത, സാഹിത്യം, ഭക്ഷണം, ഫെയ്‌സ്ബുക് പോസ്റ്റ് തുടങ്ങി ജനങ്ങളുടെ ദൈനംദിന കൃത്യങ്ങളില്‍വരെ ഇടപെടുകയും അതിലെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രവണത ശക്തമായിരിക്കുന്നു.
ഹിന്ദുക്കളെന്നും അഹിന്ദുക്കളെന്നും അപകടകരമാംവിധം ജനങ്ങളെ രണ്ടായി പകുത്തുകൊണ്ടാണ് ഈ ലക്ഷ്യം സാധിച്ചെടുക്കാന്‍ ആര്‍.എസ്.എസ് രംഗത്തിറങ്ങിയിരിക്കുന്നത്. ഹിന്ദു എന്നതിന്റെ വിപരീതം മുസ്‌ലിം എന്ന് അവര്‍ വരുത്തിത്തീര്‍ക്കുന്നു. ഇന്ത്യ ഹിന്ദുവിന്റെതാണെന്നും മറ്റുള്ളവരെല്ലാം വിരുന്നുവന്നവരാണെന്നുമുള്ള ഒരു ധ്വനി അവര്‍ സൃഷ്ടിച്ചുണ്ടാക്കുന്നു. ആയതിനാല്‍, ഇടക്കിടെ തങ്ങളുടെ രാജ്യക്കൂറ് വ്യക്തമാക്കി അവര്‍ക്ക് വിധേയരായി കഴിയേണ്ടവരാണത്രെ ബാക്കിയുള്ളവരെല്ലാം. ദളിതരും താഴ്ന്ന ജാതിക്കാരും ആദിവാസികളുമെല്ലാം ഈ ഗണത്തില്‍ വരും. സിഖുകാരും ക്രൈസ്തവരും അങ്ങനെത്തന്നെ. മുസ്‌ലിം എന്നത് വിപരീതമായി അവതരിപ്പിക്കപ്പെട്ടതുകൊണ്ടുതന്നെ അവരാണ് തങ്ങള്‍ക്കുമുമ്പിലെ ഏറ്റവും വലിയ ഉന്നം.
മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം രാജ്യസ്‌നേഹമെന്ന പുതിയ വ്യാഖ്യാനങ്ങളാണ് ഏറ്റവും വലിയ വിരോധാഭാസം. ജന്മനാള്‍ മുതല്‍ രാജ്യത്തിന്റെ പ്രതിപക്ഷത്തുനില്‍ക്കുകയും സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് വിധേയത്വത്തിന്റെ തുറുപ്പുചീട്ട് എഴുതിക്കൊടുക്കുകയും ചെയ്തവരാണ് ആര്‍.എസ്.എസ്സുകാര്‍. മത ജാതി ഭേതമന്യേ ഇന്ത്യയിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിച്ച കാലത്ത് അതിനെ നിശിതമായി ചോദ്യം ചെയ്തവരായിരുന്നു അവര്‍. രാജ്യ സ്‌നേഹമെന്നത് മതത്തിന്റെയോ ജാതിയുടെയോ ജന്മത്തിന്റെയോ അടിസ്ഥാനത്തില്‍ വ്യവച്ഛേദിച്ച് ഉയര്‍ത്തിക്കാണിക്കാവുന്ന ഒന്നല്ല എന്നിത് വ്യക്തമാക്കുന്നു. രാജ്യം അപകടത്തിലാവുമ്പോള്‍ അതിനെ വീണ്ടെടുക്കാനുള്ള സംഘടിതമായ ഐക്യപ്പെടലിന്റെ പ്രചോദനമാണ് സത്യത്തില്‍ രാജ്യസ്‌നേഹം. ആ മതേതര ഐക്യമായിരുന്നു രാജ്യത്തിന്റെ കരുത്തും പാരമ്പര്യവും. ഈ ബഹുസ്വരതയെ മുഖവിലക്കെടുത്തുകൊണ്ടാണ് ഇന്ത്യയുടെ ഭരണഘടനപോലും സംവിധാനിക്കപ്പെട്ടത്. ഇന്ന് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് അഭിമാനകരമായൊരു അസ്തിത്വമുണ്ടെങ്കില്‍ അത് ഈ ജനാധിപത്യ മതേതരത്വ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നു എന്നതു മാത്രമാണ്. ഇതിനെതിരെയുള്ള കടന്നാക്രമണമാണ് രാജ്യസ്‌നേഹമെന്ന വേജ്യേന സംഘപരിവാര്‍ ഫാസിസം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തെ ഒറ്റുകൊടുക്കുകയും സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവിനെ വെടിവെച്ചുകൊല്ലുകയും ചെയ്ത ഇവര്‍ക്ക് രാജ്യസ്‌നേഹത്തെക്കുറിച്ച് സംസാരിക്കാന്‍ എന്തവകാശമുണ്ട്?!
ഇന്ത്യ ഫാസിസത്തിന്റെ കൈകളില്‍ അകപ്പെട്ടുകഴിഞ്ഞുവെന്നാണ് സമകാലിക സംഭവങ്ങളോരോന്നും വിരല്‍ ചൂണ്ടുന്നത്. ഫാസിസത്തിന്റെ 14 ലക്ഷണങ്ങളില്‍ 12 എണ്ണം ഇവിടെ പ്രവര്‍ത്തന പഥത്തില്‍ ഇതിനകം തന്നെ വന്നുകഴിഞ്ഞിട്ടുണ്ട്. ഒരു സൈനിക അട്ടിമറി മാത്രമേ ഇനി ബാക്കി നില്‍ക്കുന്നുള്ളൂ. അഭിപ്രായ സ്വതന്ത്ര്യവും ഭക്ഷണ സ്വാതന്ത്ര്യവുംവരെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. ബുദ്ധിജീവികളെയും എഴുത്തുകാരെയും കൂച്ചുവിലങ്ങിടുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. കല്‍ബുര്‍ഗി മുതല്‍ മുരുകന്‍ വരെ അതിന്റെ പട്ടിക വളരെ നീണ്ടതാണ്. രാജ്യസ്‌നേഹമെന്ന ഉമ്മാക്കി കാട്ടിയാണ് ഇവര്‍ തങ്ങളുടെ ഫാസിസ്റ്റ് അജണ്ടകളോരോന്നും നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏറെ അപലപനീയം.
ഇപ്പോള്‍, ദേശീയ ഗാനം എപ്പോള്‍, എവിടെ, എങ്ങനെ, ആര് പാടണമെന്നിടത്ത് എത്തിനില്‍ക്കുന്നു രാജ്യസ്‌നേഹത്തിന്റെ ചര്‍ച്ചാപരിസരം. എല്ലാം കഴിഞ്ഞ് ഒടുവില്‍ തിയേറ്ററുകളില്‍വരെ സിനിമകളുടെ മുന്നോടിയായി ദേശീയ ഗാനം ആലപിക്കപ്പെടണമെന്ന നിയമം വന്നുകഴിഞ്ഞു. ഇത് രാജ്യസ്‌നേഹം വര്‍ദ്ധിക്കാന്‍ കാരണമാകുമത്രെ. കുത്താന്‍ വരുന്ന പോത്തിനു മുമ്പില്‍ വേദമോതിയിട്ട് കാര്യമില്ല എന്നു പറയുന്നപോലെ സിനിമ ആസ്വദിക്കാനെത്തുന്നവര്‍ക്കുമുമ്പില്‍ ജനഗണമന അടിച്ചേല്‍പ്പിക്കുന്നതിലൂടെ ദേശഭക്തി കൂടുകയോ അതോ ദേശീയ ഗാനം അനാദരിക്കപ്പെടുകയോ എന്നത് ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. ഉണ്ടായിവരേണ്ട രാജ്യസ്‌നേഹം അടിച്ചേല്‍പിക്കപ്പെടുന്നതിലൂടെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉദ്ദേശശുദ്ധിയില്ലായ്മയാണ് പുറത്തുവരുന്നത്. യഥാര്‍ത്ഥ ദേശഭക്തിയോ രാജ്യക്കൂറോ അല്ല അവര്‍ ഇതിലൂടെ ലക്ഷീകരിക്കുന്നത്. പ്രത്യുത, അടിച്ചേല്‍പ്പിക്കലിന്റെ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുക എന്നതുമാത്രമാണ്. ഇത് ഓര്‍മപ്പെടുത്തിയതുകൊണ്ടു മാത്രമാണ് പ്രമുഖ സിനിമ സംവിധായകന്‍ കമലിനെതിരെ തെരുവില്‍ ദേശീയഗാനമാലപിച്ച് സംഘികള്‍ പ്രതിഷേധിച്ചത്. ദേശീയ ഗാനം പ്രതിഷേധത്തിന് ഉപയോഗിക്കാമോ എന്നത് മറ്റൊരു കാര്യം. പക്ഷെ, അത് സംഘികള്‍ക്കാവാമെന്നിടത്താണ് ഇപ്പോള്‍ കാര്യം.
പക്ഷെ, ഇന്ത്യയുടെ ദേശീയ ഗാനം ബ്രിട്ടീഷ് രാജാവിനെ സ്വീകരിക്കാന്‍വേണ്ടി കെട്ടിയുണ്ടാക്കിയ സാധനമാണെന്ന് അധിക്ഷേപിച്ച ശശികലയുടെ രാജ്യസ്‌നേഹം അപ്പോഴും ചോദ്യം ചെയ്യപ്പെട്ടില്ല. സംഘപരിവാറിന്റെ മാനദണ്ഡങ്ങള്‍ക്കുള്ളില്‍നിന്നാണ് അവളത് പറഞ്ഞത് എന്നതുകൊണ്ടായിരിക്കണം ഇത്. ദേശീയ ഗാനത്തിന്റെ അസ്തിത്വത്തെ പോലും സംശയാസ്പദമായി നോക്കിക്കാണുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് അത് ആലപിക്കുമ്പോള്‍ സ്വീകരിക്കേണ്ട മര്യാദകളെക്കുറിച്ച് സംസാരിക്കാന്‍ എന്തവകാശമാണുള്ളത്? അത് ആര് പാടണമെന്നും പാടരുതെന്നും പറയാന്‍ അവര്‍ക്ക് എന്ത് ധാര്‍മിക ന്യായമാണുള്ളത്? പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നതുമാത്രമാണ് ഈ വിഷയത്തിലുള്ള നിലപാട്. കമല്‍ സി ചവറ എന്ന സാഹിത്യകാരന്‍ മുമ്പ് പ്രസിദ്ധീകരിച്ച ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലിലെ ചില പരാമര്‍ശങ്ങള്‍ വരെ ഇപ്പോള്‍ ചില സംഘപരിവാരങ്ങള്‍ പുറത്തെടുത്ത് അദ്ദേഹത്തിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ ധൃഷ്ടരായിരിക്കുന്നു. തന്നെ ചോദ്യം ചെയ്യാന്‍ വന്ന പോലീസുപോലും വളരെ മോശമായാണ് അദ്ദേഹത്തോട് പെരുമാറിയിരിക്കുന്നത്. ഇങ്ങനെ ആരോപിത ന്യായങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുകയാണെങ്കില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് ദേശീയ ഗാനത്തിന്റെ ജന്മത്തില്‍പോലും സംശയം പ്രകടിപ്പിച്ച ശശികലയെയാണ്. ദേശീയഗാനവുമായി ബന്ധപ്പെട്ട ഈ രാജ്യസ്‌നേഹ നാടകം സത്യന്ധമാണെങ്കില്‍ അവിടെനിന്നുവേണം അന്വേഷണം ആരംഭിക്കാന്‍. അതിന് മോദി ഫാസിസം തയാറുണ്ടോ എന്നതാണ് ഇവുടെ ഉയര്‍ന്നുവരുന്ന ഏറ്റവും പ്രസക്തമായ ചോദ്യം.
Leave A Comment