ഒരു ‘സുപ്രഭാതം’ കൂടി പൊട്ടിവിടരുമ്പോള്‍..
suprabhatham dinapathramകേരളീയ മുസ്‍ലിംകളുടെ മുഖ്യധാരയായ സമസ്തകേരള ജംഇയ്യതുല്‍ ഉലമ ഒരു പത്രം തുടങ്ങുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രസ്തുത വിഷയവുമായി ജനങ്ങളിലേക്കിറങ്ങിയത്, അവരുടെ പിന്തുണ തേടിയത്, പ്രചാരണം നടത്തിയത്, സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നത് എല്ലാം സമസ്ത മുശാവറ അംഗങ്ങള്‍ കൂടിയായ വന്ദ്യരായ പണ്ഡിതരാണ്. അതുകൊണ്ട്, നിസ്സംശയം പറയാനാവുന്നത്, സുപ്രഭാതത്തിന്റെ ആത്യന്തിക ഉത്തരവാദിത്തം സമസ്തയുടെ മുശാവറയില്‍ നിക്ഷിപ്തമാണെന്നത് തന്നെ. എല്ലാ വിധ ജോലി ബാധ്യതകളേക്കാളും ശ്രേഷ്ഠമായത്, ഇസ്‍ലാമിക ഗ്രന്ഥങ്ങളുടെ പഠനമനനവും അവയിലെ വിജ്ഞാനസാഗരം കുതുകികള്‍ക്ക് കൈമാറ്റം ചെയ്യലുമാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരാണ് അവരെല്ലാം. അത് കൊണ്ട്തന്നെ, ബിസിനസ്, രാഷ്ട്രീയം തുടങ്ങിയ ഇതര രംഗങ്ങളിലുള്ള പ്രമുഖരുമായി പോലും അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ അവര്‍ ഇടപഴകാറുള്ളൂ. ഭൌതികമായി നോക്കുമ്പോള്‍, വ്യക്തിപരവും കുടുംബപരവുമായി എത്ര ദുര്‍ഗ്ഗമാവസ്ഥകളിലൂടെ കടന്നുപോവേണ്ടിവരുമ്പോഴും തങ്ങളുടെ വീക്ഷണത്തിലും പൊതുജീവിതത്തിലും മാധ്യമങ്ങളെ അത്യാവശ്യത്തിന് മാത്രമേ അവര്‍ കൂട്ടുപിടിക്കാറുള്ളൂ. ഇസ്‍ലാമിന്റെ പേരില്‍പോലും ആരെങ്കിലും മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുന്നതിന് കൂടി അവര്‍ വിയോജിപ്പ് പ്രകടിപ്പിക്കുക പോലും ചെയ്യാറില്ല. അതേ സമസ്തയും സമസ്തയുടെ പണ്ഡിതരുമാണ് ഇപ്പോള്‍ പുതിയ പത്രവുമായി രംഗത്ത് വന്നിരിക്കുന്നത്. ഈ ഒരു തീരുമാനത്തോടെ പ്രവര്‍ത്തകരുടെ മാധ്യമപ്രതീക്ഷകള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് കിട്ടിയിരിക്കുകയാണ്, അഥവാ, ഒരു പിടി പൊന്‍പ്രതീക്ഷകളുടെ സുപ്രഭാതം വിടര്‍ന്നിരിക്കുന്നു എന്നര്‍ത്ഥം.അതേ സമയം, സമസ്തയെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഉത്തരവാദിത്തഭാണ്ഡമാണ് ഇതിലൂടെ അവര്‍ സ്വയം തലയില്‍ എടുത്തുവെച്ചിരിക്കുന്നത്. ആ ഉത്തരവാദിത്തം അതിന്റെ വിശ്വാസ്യതയോട് പോലും നേര്‍ക്കുനേര്‍ ബന്ധപ്പെടുന്നതും പ്രവര്‍ത്തന പാതയില്‍ മുന്‍മാതൃകകളില്ലാത്തതുമാണെന്നത് കാര്യഗൌരവത്തിന് ആക്കം കൂട്ടുകയാണ്. സമൂഹത്തിന്റെ പൊതുധാരകളിലെ പതിവുരീതികള്‍ കാണുമ്പോള്‍ ഇങ്ങനെ പറയാതിരിക്കാനാവുന്നില്ല, വിജയങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ പലരുമുണ്ടാവാറുണ്ടെങ്കിലും പരാജയങ്ങളും തല്‍സംബന്ധമായ പരിദേവനങ്ങളും ഏറ്റെടുക്കാന്‍ പലപ്പോഴും പാണക്കാട് തങ്ങന്മാരുടെ ചുമലുകള്‍ തന്നെ വേണ്ടിവരുന്നു, പ്രവര്‍ത്തിക്കേണ്ടവരുടെ കൃത്യവിലോപങ്ങള്‍ക്ക് ബലിയാടാകേണ്ടിവരുന്നത് പലപ്പോഴും അവരാണെന്നര്‍ത്ഥം. ഇത് ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നു. മത നേതൃത്വവും അതിലുപരി രാഷ്ട്രീയ നേതൃത്വവും ഈ വിഷയം ഉറക്കെ ചിന്തിച്ചിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോവുകയാണ്. പത്രം പ്രകാശനം ചെയ്യുമ്പോഴും ചാനലുകള്‍ തുടങ്ങുമ്പോഴും അനാഥാലയം നടത്തുമ്പോഴും രാഷ്ട്രീയ ചാണക്യസൂത്രങ്ങള്‍ പയറ്റുമ്പോഴുമെല്ലാം ഈ വസ്തുത ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നേതൃരംഗത്തുള്ളവരില്‍ സമൂഹത്തിനുള്ള വിശ്വാസ്യതയെ ചൂഷണം ചെയ്യപ്പെടുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കപ്പെടരുത്. അത് അധികകാലം സമുദായം സഹിക്കണമെന്നില്ല. നമുക്കറിയാവുന്നത് പോലെ, ദൃശ്യമാധ്യമം കരിങ്കുട്ടി പിശാചും അച്ചടി മാധ്യമം ചേക്കുട്ടി പിശാചുമാണ്. അല്‍പം കൂടി ഭാഷ നന്നാക്കിയാല്‍, മാധ്യമങ്ങള്‍ സുലൈമാന്‍ നബിയുടെ ജിന്നുകളെ പോലെയാണ്. നവനിര്‍മ്മിതികള്‍ക്ക് ആജ്ഞയും മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭിച്ചില്ലെങ്കില്‍ അവ അപനിര്‍മ്മാണം നടത്തിയേക്കും. അപനിര്‍മ്മാണത്തിന് ഇരയാവുന്നത് ഭൌതികമായ ഒരു കെട്ടിടമാണെങ്കില്‍ അത് പുതുക്കിപ്പണിയാം, എന്നാല്‍ വിശ്വാസ്യതയോ അഭിമാനമോ ആണെങ്കില്‍ അത് പുനര്‍നിര്‍മ്മാണം നടത്തുന്നത് അത്ര എളുപ്പമല്ലെന്നതാണല്ലോ സത്യം. പതിവില്ലാത്ത പ്രവര്‍ത്തന മേഖലയിലേക്ക് കാല്‍വെക്കുമ്പോള്‍, പരാജയപ്പെടുമോ എന്ന ഭീതിയൊന്നും സമസ്തക്കില്ല, അതിന്റെ കാര്യവുമില്ല. മതവിദ്യാഭ്യാസം മുതല്‍ എന്‍ജിനീയറിംഗ് കോളേജ് വരെയുള്ള പുതിയതും പഴയതുമായ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് അതിവിജയകരമായി നടപ്പാക്കിയതാണ് അതിന്റെ ചരിത്രം. തുടങ്ങും മുമ്പെ വരിക്കാരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞുവെന്നതും എഡിഷനുകളുടെ എണ്ണം അഞ്ചില്‍നിന്ന് ആറ് ആക്കേണ്ടിവന്നതും വിജയത്തിന്‍റെ ശുഭസൂചകങ്ങളാണ്. വരി ചേര്‍ന്നവരുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കുകയും സമൂഹത്തിന് ഉപകാരപ്രദമാവും വിധം തന്റേതായ ഇടം സ്ഥാപിച്ചെടുത്ത് മുന്നേറുകയും ചെയ്യാനാവുമ്പോഴാണ് ഈ വിജയം പൂര്‍ണ്ണമാവുന്നത്. എന്നാല്‍ അതേ സമയം, മാധ്യമരംഗത്ത് അവയേക്കാളെല്ലാം ശ്രദ്ധയും ജാഗ്രതയും വേണ്ടതുണ്ടെന്ന് പറയാതെ വയ്യ. പോളിസി കൊണ്ടാണ് മാധ്യമങ്ങള്‍ ശ്രദ്ധേയമാവുന്നത്. തെളിക്കുന്ന വഴിയേ പോയില്ലെങ്കില്‍ പോകുന്ന വഴിക്ക് തെളിക്കാന്‍ ഇടയന്മാരെ ഏല്‍പിക്കേണ്ടിവരികയാണ് പതിവെന്ന് മാധ്യമരംഗത്തുള്ളവര്‍ പറയുന്നു. എന്നാല്‍ അത്തരം ഒരു ദുരവസ്ഥ സമസ്തയുടെ പത്രത്തിന് ഒരിക്കലും വന്നുകൂടാ. കാരണം, ഉയര്‍ന്ന സംഘടനാ ബോധമൊന്ന് കൊണ്ട് മാത്രം വരി ചേര്‍ന്നവരും ചേര്‍ത്തിയവരുമാണ് സുപ്രഭാതത്തിനുള്ളത് എന്നത് തന്നെ. അത്തരം ഒരു പോക്ക്, അവരെ തെല്ലൊന്നുമല്ല നിരാശരാക്കുക. മൂല്യങ്ങളുടെ മൊത്തം കുത്തക അവകാശപ്പെടുന്നവര്‍ പോലും കാലം കഴിയുമ്പോള്‍ വിപണിയുടെ വിപണന തന്ത്രങ്ങള്‍ക്ക് മുമ്പില്‍ മൂല്യങ്ങള്‍ മാറ്റിവെക്കുന്ന കാഴ്ച നമ്മുടെ മുമ്പിലുണ്ട്. കൃത്യമായ കാഴ്ചപ്പാടും അളന്നുമുറിച്ച ആസൂത്രണവും വഴി വിപണിയുടെ വിപരീത തരംഗങ്ങളെ അതിജയിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ പുതിയ പത്രത്തിനു അതിന്റെതായ സ്ഥാനം അടയാളപ്പെടുത്താന്‍ കഴിയൂ. ന്യൂസ് ഡെസ്ക് മുതല്‍ പരസ്യ വിഭാഗം വരെ എല്ലാവര്‍ക്കും അത്തരമൊരു അടയാളപ്പെടുത്തലില്‍ അവരുടെതായ ഭാഗം വഹിക്കേണ്ടതുണ്ട്. നേരിട്ട് സമസ്തയുടെ ലേബലിലല്ലെങ്കിലും അതിനോട് ചാരിനിന്നുകൊണ്ട് ശിലാസ്ഥാപനം നടത്തുകയും ശേഷം വളരാന്‍ ശ്രമിക്കുകയും ചെയ്ത്, ഇന്ന് പലര്‍ക്കും അരോചകമായി അനുഭവപ്പെടുന്ന നമ്മുടെ ദര്‍ശനാനുഭവം ഇനിയും ആവര്‍ത്തിച്ചുകൂടാ. ആദ്യം കൈക്കുമെങ്കിലും ശേഷം മധുരിക്കുമെന്ന ശുഭപ്രതീക്ഷ മാത്രമാണ്, ഇനിയും അതിനെ തള്ളിപ്പറയാത്തവരെ അത്തരം നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ആ പ്രതീക്ഷ നാളെ നാളെയെന്ന് പറഞ്ഞ് നീണ്ട് നീണ്ട് പോകുന്നത് കാണുമ്പോള്‍, പലര്‍ക്കും മാറിച്ചിന്തിക്കേണ്ടിവരികയാണെന്ന് പറയാതെ വയ്യ. ഇറക്കാനാണ് ഭാവമെങ്കില്‍ അതില്‍ അല്‍പമെങ്കിലും മധുരം പുരട്ടി നമ്മുടെ സംസ്കാരത്തിന് അനുയോജ്യമാക്കാനും സാധിക്കാത്ത പക്ഷം അത് തൊണ്ടയില്‍ കുരുങ്ങും മുമ്പെ തുപ്പിക്കളയാനും ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ധൈര്യം കാണിക്കേണ്ടിയിരിക്കുന്നു. ഇത്തരം ദുരനുഭവങ്ങള്‍ക്ക് പാത്രമാവാന്‍ ഇനിയും ഈ സമൂഹത്തിന് കരുത്തുണ്ടാവണമെന്നില്ല.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter