സംഘ്പരിവാറും കാലിരാഷ്ട്രീയവും
യു.പിയില്‍ ഗോമാംസ നിര്‍മാര്‍ജന യജ്ഞം പല നിലക്ക് പരീക്ഷിച്ച ശേഷം അത് രാജ്യമൊട്ടാകെ നടപ്പാക്കാനുള്ള പദ്ധതിയിലാണ് ബി.ജെ.പി ഭരണകൂടം. സംഘ്പരിവാര്‍ മുന്നില്‍ കാണുന്ന നൂറു അജണ്ടകളെ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും ഇങ്ങനെയൊരു വിധി പുറത്തുവന്നിരിക്കുന്നത്. കന്നുകാലികളെ കശാപ്പിനുവേണ്ടി വില്‍ക്കാന്‍ പാടില്ലായെന്നതാണ് വിധി. കാള, പശു, പോത്ത്, ഒട്ടകം തുടങ്ങിയവയാണ് മന്ത്രാലയം എണ്ണുന്ന കാലികള്‍.
സംഘ്പരിവാറിന്റെ ഫാസിസ്റ്റ് അജണ്ട എന്നതിലപ്പുറം ഈ തീരുമാനത്തില്‍ മറ്റൊന്നുമില്ലെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. ഏതൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ജീവികള്‍ മാത്രം കശാപ്പ് ചെയ്യപ്പെട്ടുകൂടാ എന്നു പറഞ്ഞത് മനസ്സിലാകുന്നില്ല. ഒരു ജീവിയും ഇന്ത്യയില്‍ കശാപ്പ് ചെയ്യപ്പെടാന്‍ പാടില്ല എന്നൊരു നിയമം വരികയായിരുന്നുവെങ്കില്‍ അതില്‍ ന്യായമുണ്ടെന്ന് പറയാം. പക്ഷെ, കോഴിയും ആടും കാടയുമെല്ലാം കശാപ്പ് ചെയ്യപ്പെടാന്‍ പറ്റുകയും പശുവര്‍ഗം മാത്രം കശാപ്പ് ചെയ്യപ്പെടാന്‍ പാടില്ലെന്നും പറയുന്നത് പ്രത്യേകം അജണ്ടയുടെ വെളിച്ചത്തില്‍ തന്നെയാണ്.
മതപരമായി മാത്രമല്ല, രാഷ്ട്രീയമായും സാമ്പത്തികമായും ഇതിനു പിന്നില്‍ അജണ്ടകളുണ്ട്. പശുക്കളെ കൊല്ലാന്‍ പാടില്ലായെന്ന് കാലങ്ങളായി ആര്‍.എസ്.എസ് രാജ്യത്ത് പറഞ്ഞുകൊണ്ടിരിക്കുന്നു. ഗുജറാത്തിലും യു.പിയിലുമെല്ലാം പല നിലക്കും അവരത് പ്രഖ്യാപിക്കുകയും ചെയ്തു. ഗോരക്ഷക് എന്ന പേരില്‍ ഉത്തരേന്ത്യയില്‍ ഒന്നടങ്കം പ്രത്യേകം സ്‌ക്വോഡുകളെ ഇറക്കി. കാലികളെ കശാപ്പ് ചെയ്യുന്നവരെ മാത്രമല്ല, കടത്തുന്നവരെ പോലും അവര്‍ നിഷ്ഠുരം കൊന്നുകളഞ്ഞു. ഈയൊരു പശ്ചാത്തലത്തിലാണ് രാജ്യമൊട്ടുക്കും പശു കശാപ്പ് നിരോധനം ചോദ്യം ചെയ്യപ്പെടുമോ എന്ന് സംഘ്പരിവാര്‍ പേടിച്ചത്. അതിനു അവര്‍ കണ്ടെത്തിയ പോംവഴിയാണ് മൊത്തലം കാലികളുടെ അറവ് നിരോധിക്കുക എന്നത്. ഗോരക്ഷ തന്നെയാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം. അല്ലെങ്കില്‍, ആട് അറുക്കപ്പെടാന്‍ മറ്റുമെന്ന് പറയുന്നതിന്റെ സംഗത്യമെന്തെന്ന് മനസ്സിലാകുന്നില്ല!!
ചില്ലറ ഇറച്ചിക്കച്ചവടക്കാരെ മൊത്തം തടഞ്ഞ് രാജ്യത്തെ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് ഇനിയും വലിയ പണക്കാരാവാനുള്ള മാര്‍ഗമാണ് ഈയൊരു തീരുമാനം കൊണ്ടുവന്നിരിക്കുന്നത്. വിദേശങ്ങളില്‍ മാത്രം മാര്‍ക്കറ്റ് കണ്ടെത്തിയിരുന്ന ഇവര്‍ക്ക്, നാട്ടില്‍ മാംസം ലഭ്യമാകാതെ വരുന്നതോടെ, ഇവിടെയും മാര്‍ക്കറ്റ് പിടിക്കാന്‍ സാധിക്കും. ഇനി നമ്മളും പണം കൊടുത്ത് ഇറച്ചി വാങ്ങേണ്ട അവസ്ഥ വരും. അതിലൂടെ ഈ കോര്‍പറേറ്റ് മുതലാളിമാരാണ് തടിച്ചുകൊഴുക്കുക.
ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ഇറച്ചി കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ നടത്തുന്ന കമ്പനികളാണെന്നതാണ് ഏറെ അല്‍ഭുതകരം. അവരാണ് ഇവിടെ ഏറ്റവും കൂടുതല്‍ അറവ് നടത്തുന്നതും പണം പിണുങ്ങുന്നതും. സര്‍ക്കാറിന്റെ ഈയൊരു തീരുമാനം അവര്‍ക്കു മുമ്പില്‍ വലിയൊരു സാധ്യതയാണ് തുറന്നുവെച്ചിരിക്കുന്നത്.
Leave A Comment