സമാധാനത്തിലേക്ക് തിരിച്ചുവരുന്ന ശ്രീലങ്ക

ഈസ്റ്റര്‍ ദിനത്തിലെ തീവ്രവാദ ആക്രമണത്തിന് ശേഷം ശ്രീലങ്കയില്‍ നടക്കുന്ന മുസ്ലിം വിരുദ്ധ ആള്‍ക്കൂട്ടാക്രമണങ്ങള്‍ അവസാനിക്കുന്നതും രാജ്യം സമാധാനത്തിലേക്ക് മടങ്ങിയെത്തുന്നതും ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. അക്രമണം നടന്ന പ്രദേശങ്ങളില്‍ കര്‍ശനമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും 112 അക്രമികളെ അറസ്റ്റ് ചെയ്യുകയും വഴിയാണ് അക്രമണത്തിന് അഴവ് വന്നത്. സത്വരമായ നടപടികളുമായി മുന്നോട്ട് പോയ സര്‍ക്കാരിന്‍റെ നടപടി ഏറെ അഭിനന്ദനാര്‍ഹം തന്നെയാണ്.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലാണ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളൊംബോയില്‍ 3 ചര്‍ച്ചുകളിലടക്കം അഞ്ചിടത്ത് ബോംബ് സ്ഫോടനം നടക്കുന്നത്. അക്രമത്തില്‍ 251 പേരാണ് കൊല്ലപ്പെട്ടത്. 500 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരവാദ സംഘടനയായ ഐ.സി.സ് ഏറ്റെടുക്കുകയും ചെയ്തു. മാര്‍ച്ച് 15 ന് ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

ആക്രമണം ഏറെ തലവേദന സൃഷ്ടിച്ചത് സമാധാന കാംക്ഷികളായി ജീവിതം മുന്നോട്ട് നീക്കിയിരുന്ന 9.7 ശതമാനം മുസ്ലിംകള്‍ക്കായിരുന്നു. ആഭ്യന്തര യുദ്ധങ്ങള്‍ക്ക് ശേഷം ശാന്തമായിക്കഴിഞ്ഞിരുന്ന മരതകദ്വീപില്‍ തുടര്‍ന്ന് നടന്നത് മുസ്ലിം വിരുദ്ധ ആള്‍ക്കൂട്ടാക്രമണങ്ങളായിരുന്നു. 

പലയിടങ്ങളിലും മുസ്ലിം പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായി. പള്ളികളിലെ ഗ്ലാസ്സുകള്‍ തകര്‍ത്തും ഖൂര്‍ആന്‍ വലിച്ചെറിഞ്ഞും അക്രമികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇതോടെ രാജ്യത്തുടനീളം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ മുസ്ലിംകള്‍ നിര്‍ബന്ധിതരായി. തീവ്ര ക്രിസ്ത്യന്‍ വിഭാഗക്കാരായിരുന്നു ആക്രമണത്തിന്‍റെ മുന്‍ നിരയിലുണ്ടായിരുന്നത്. തീവ്ര ബുദ്ധവിഭാഗക്കാരും ഇവര്‍ക്കൊപ്പം അക്രമത്തില്‍ പങ്കാളികളായി.

അക്രമം അതിര് കടന്നതോടെ യൂറോപ്യന്‍ ഹൈക്കമ്മീഷണര്‍മാര്‍ ആശങ്ക പ്രകടിപ്പിക്കുകയും സര്‍ക്കാര്‍ ഉടന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്നാണ് അക്രമ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടതും കര്‍ഫ്യൂ ലംഘിച്ചവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. വെള്ളിയാഴ്ചയോടെ അക്രമത്തിന് ശമനം വരികയും ചെയ്തു.

തീവ്രവാദാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 8 പ്രതികളെ പിടികൂടിയുട്ടെണ്ടെന്നാണ് പുതിയ വാര്‍ത്ത. ഒരു പ്രത്യേക സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗ വ്യക്തമാക്കിയിരിക്കുന്നത്. അക്രമികളെ മുഴുവന്‍ നിയമത്തിന് മുമ്പില്‍ കൊണ്ട് വരാനും പിന്നിലുള്ള സംഘടനയെ നിരോധിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കാതിരിക്കാനുള്ള സുരക്ഷാ മുന്‍കരുതലുകളെടുക്കാനും സര്‍ക്കാര്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter