ഹാദിയുടെ അച്ഛന്റെ മാത്രം കണ്ണീര് കാണുന്നവരോട്
ഹാദിയുടെ അച്ഛന്റെ മാത്രം കണ്ണീര് കാണുന്നവരോട്

മുഹമ്മദ് ഷാഫി കെ.പി

 

Selective Amnesia എന്നത് ഒരു രോഗമാണ്. സെലക്ടീവ് ആയി മാത്രം കാര്യങ്ങള്‍ സൗകര്യപൂര്‍വം മറക്കുന്നതിനെ എന്താണ് പറയുക എന്നറിയില്ല.

ഹാദിയ വിഷയത്തില്‍ പലതരത്തിലുള്ള സംവാദങ്ങള്‍ സ്ട്രീംലൈനിലൂടെ മിന്നിമറഞ്ഞു പോകാറുണ്ട്. ഹാദിയയുടെ മനുഷ്യാവകാശത്തെപ്പറ്റിയും അവളുടെ അച്ഛന്റെ വൈകാരിക അവകാശത്തെപ്പറ്റിയും കോടതിയുടെയും ഭരണകൂടത്തിന്റെയും പോലീസിന്റെയും വിശ്വാസികളുടെയും ഒക്കെ അവകാശങ്ങളെപ്പറ്റിയുമുള്ള നിരവധി വാദഗതികള്‍.

ഈ വിഷയത്തിലും അനുബന്ധ കാര്യങ്ങളിലും ഔദ്യോഗിക ഇടതുപക്ഷവുമായി ചേര്‍ന്നു നില്‍ക്കുന്ന ആളുകളുടെ നിലപാട് ആണ് വിചിത്രമായി തോന്നാറുള്ളത്. ഒരു Adult എന്ന നിലയിലുള്ള ഹാദിയയുടെ മനുഷ്യാവകാശത്തേക്കാള്‍ അവളുടെ അച്ഛന്റെ കണ്ണീരാണ് കാണേണ്ടത് എന്ന് അവര്‍ ഒരേ സ്വരത്തില്‍ പറയുന്നത് അത്ഭുതമുളവാക്കുന്നു. അത്ഭുതം ആ നിലപാടിനെപ്പറ്റിയല്ല, അത്തരമൊരു നിലപാടിലെ കൂട്ടായ്മയെ പറ്റിയാണ്.

ഹാദിയയുടെ അച്ഛനുമായി Indian Express ല്‍ വന്ന അഭിമുഖം ഞാനും വായിച്ചതാണ്. ഒരു അച്ഛന്റെ വേവലാതികള്‍ മുഴുവനുമുണ്ടതില്‍. പക്ഷേ, പ്രായപൂര്‍ത്തിയായ ഒരാളുടെ തെരഞ്ഞെടുപ്പുകളില്‍ കെട്ടുപാടുകളുടെ വൈകാരികതയ്ക്ക് എത്രമാത്രം സ്വാധീനമുണ്ടാകാം? മാതാപിതാക്കളുടെയും കുടുംബത്തിന്റെയും മറ്റു വേണ്ടപ്പെട്ടവരുടെയും വൈകാരിക ക്ഷോഭങ്ങളെ അവഗണിച്ചു തന്നെയാണ് പലരും (പ്രത്യക്ഷവും പെട്ടെന്ന് മനസ്സിലാക്കാവുന്നതുമായ ഒരുദാഹരണം, മതം വെടിഞ്ഞ് യുക്തിവാദം സ്വീകരിക്കുന്നത്) ജീവിതം തെരഞ്ഞെടുക്കുന്നത്. മിശ്ര വിവാഹമായതിന്റെ പേരില്‍ സ്വന്തം മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോലും വിസമ്മതിച്ച ഒരു ഉമ്മയെ അറിയാം.

അശോകന്റെ വൈകാരികതയെ ഉയര്‍ത്തിക്കാട്ടി ഹാദിയക്ക് നീതി നിഷേധിക്കുന്നതിനെ വ്യംഗ്യത്തില്‍ ന്യായീകരിക്കുന്നത് പ്രധാനമായും സജീവ ഇടതുപക്ഷക്കാരാണെന്നു കാണുന്നു. ഇജക ക്കാരനായ താന്‍ ഈ വിഷയത്തില്‍ ഞടട ന്റെ സഹായം സ്വീകരിക്കുന്നതില്‍ ഒരു കുഴപ്പവും കാണുന്നില്ല എന്ന അദ്ദേത്തിന്റെ വാക്കുകളെപ്പറ്റി അവര്‍ക്ക് ഉത്കണ്ഠകളൊന്നുമില്ല. മിശ്ര വിവാഹിതരും മതംമാറിയവരുമായ 'പെണ്‍കുട്ടികളെ നേരെയാക്കാന്‍' കൊച്ചിയില്‍ ആര്യ വിദ്യാ സമാജം നടത്തുന്ന യോഗാ സെന്ററിന്റെ സഹായം തേടിയെന്നും അവിടത്തെ ആളുകള്‍ ഹാദിയയെ സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളെപ്പറ്റി അതിനിരയായ ഒരു പെണ്‍കുട്ടി ഈയിടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. മീഡിയ വണ്‍ ചാനലിന്റെ 15 മിനുട്ടോളമുള്ള ക്ലിപ്പ്, സാധാരണ മനുഷ്യരുടെ ബോധത്തെ അസ്വസ്ഥമാക്കുകയെങ്കിലും ചെയ്യേണ്ടതാണ്. ഹാദിയ വിഷയത്തില്‍ അശോകന്റെ വൈകാരികത ഉയര്‍ത്തിക്കാട്ടുന്ന ഇടതുപക്ഷക്കാര്‍ അതേപ്പറ്റി എന്തുപറയുന്നു എന്നു നോക്കാന്‍ ചിലരുടെ പ്രൊഫൈലില്‍ പോയി നോക്കി. മൗനമാണ്. 65-ഓളം പെണ്‍കുട്ടികളെ തടവിലിട്ട് കൊടിയ മര്‍ദനങ്ങള്‍ക്കിരയാക്കുന്നതിനെപ്പറ്റി മുഖ്യധാരാ ഇടതുപക്ഷത്തിന ഒന്നും പറയാനില്ലെന്ന്!

സഹപാഠികളില്‍ നിന്ന് ഇസ്ലാം പഠിക്കുകയും മതം അനുഷ്ഠിക്കാന്‍ അനുവദിക്കുമെന്ന ഉറപ്പില്‍ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്ത ആതിര ഈ കേന്ദ്രത്തില്‍ ദിവസങ്ങളോളം തടവിലായിരുന്നു. തന്റെ കാര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകള്‍ ഇടപെടുന്നത് മതംമാറിയ ശേഷമാണെന്ന് ആതിര വ്യക്തമാക്കിയതുമാണ്. ആതിര പിന്നീട് ഹിന്ദുമതത്തിലേക്ക് തിരികെ പോയപ്പോള്‍ ഇടതുപക്ഷക്കാരനായ ഒരു ബ്ലോഗറുടെ ആഹ്ലാദം തിരത്തല്ലിയത് 'ശെഡാ. കഷ്ടപ്പെട്ട് മതം മാറ്റിക്കൊണ്ടുവന്ന കുട്ടികള്‍ പിന്നെയും തിരിച്ച് പോകുന്നത് എന്തൊരു കഷ്ടമാണ്...' എന്ന് സര്‍ക്കാസിച്ചാണ്. ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പിനെ പരിഹസിക്കുകയും അതിനെ സംഘടിതമായ ബലംപ്രയോഗത്തിലൂടെ തിരുത്തുന്നതിനെ 'തിരിച്ചുപോക്ക്' എന്ന് ലളിതവല്‍ക്കരിക്കുകയും ചെയ്യുന്ന 'ഇടതുപക്ഷം' എത്രമാത്രം മനുഷ്യപക്ഷമാണ്?

മതംമാറ്റം ഒരു എടങ്ങേറ് പിടിച്ച ഏര്‍പ്പാടാണ്. സ്വന്തം ഭൂതകാലവും അഡ്രസ്സും കെട്ടുപാടുകളുമെല്ലാം വിഷമത്തോടെ അറുത്തു മാറ്റിയാണ് മിക്കവരും മതം മാറുന്നത്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമെല്ലാം 'മാറ്റുന്ന' മതം ഒരു വ്യക്തിയില്‍ അധികകാലം നിലനില്‍ക്കില്ല എന്നാണ് തോന്നുന്നത്. അതേസമയം, സ്വതന്ത്ര വ്യക്തിയുടെ തെരഞ്ഞെടുപ്പ് എന്ന നിലയിലുള്ള മതംമാറ്റത്തെ എതിര്‍ക്കുന്നതും വൈകാരിക ചങ്ങലകളാല്‍ അവരെ ബന്ധനസ്ഥരാക്കുന്നതും അക്രമവും മനുഷ്യാവകാശ ലംഘനവുമാണ്. ഇത്തരം ക്രൂരതകളെ സംഘടിതമായി മഹത്വവല്‍ക്കരിക്കുന്നവരുടെ മാനവികതയും യുക്തിചിന്തയും എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുക?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter