വീണ്ടും സമാധാനത്തിന്റെ പുതുനാമ്പുകള്‍
ദശാബ്ദങ്ങളായി നില നിന്നിരുന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഇറാനും ലോക ശക്തികളും ആണവ വിഷയത്തില്‍ ഒത്തു തീര്പ്പിലെത്തിയത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം തന്നെയാണ്. മേഖലയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന യുദ്ധ പ്രതീതിയും ഇറാനു നേരെയുള്ള ലോക ശക്തികളുടെ സാമ്പത്തിക ഉപരോധവും രാജ്യത്തെ പിന്നോട്ടു വലിക്കുന്നുവെന്ന് ഇറാന്‍തന്നെ സമ്മതിക്കുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ആറ് വിദേശകാര്യമന്ത്രിമാരുമായി ജനീവയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഏറെ ആശാവാഹമായ തീരുമാനത്തിലെത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ നയതന്ത്ര പ്രതിനിധി കാതറിന്ആഷ്ടണിന്റെ മധ്യസ്ഥതയില്നടത്തിയ ചര്‍ചയിലാണ് ലോകത്തിന് മുഴുവനും പേര്‍ഷ്യന്‍-ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതേകിച്ചും ആശ്വാസമാകുന്ന ഈ കരാറിലെത്തിയിരിക്കുന്നത്.
ഇറാനുമായി ആണവ വിഷയത്തില്‍ പശ്ചാത്യ രാജ്യങ്ങള്നിരന്തരം അസ്വാരസ്യത്തിലായിരുന്നു. ആണവ ഇന്ധനത്തിന്റെ കാര്യത്തില്‍ ഇറാനെ അമേരിക്കയും യൂറോപ്യന്‍ശക്തികളും ഒറ്റപ്പെടുത്തി ഉപരോധം തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. തീവ്രനിലപാടുകാരനായിരുന്ന മുന്‍ പ്രസിടണ്ട് അഹ്മദ് നജാദിന്റെ നിലപാടുകള്‍ പല അനുനയ ശ്രമങ്ങള്‍ക്കും വിഘാതമായി. മിതവാദിയായ പുതിയ പ്രസിഡണ്ട് ഹസന് റൂഹാനിയുടെ നിലപാടാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് ആക്കം കൂട്ടിയതെന്ന് വാദിക്കുമ്പോഴും നജാദിന്റെ നിലപാടിനെ പൂര്‍ണമായി തള്ളാന്കഴിയില്ല. കാരണം ഇറാന് ആണവ ഇന്ധനം ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കാണെന്ന് ഇറാന് അന്നും ഇന്നും പറയുന്നു. പിന്നെ ഇപ്പോള്‍ ഇറാനുമായി കരാറിലേര്‍പ്പെട്ട രാജ്യങ്ങളൊക്കെ പ്രത്യക്ഷമായോ പരോക്ഷമായോ ആണവ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. പലരാജ്യങ്ങളും സ്വന്തമായി ആണവ ശക്തി കൈവരിച്ചവരുമാണ്. പുതിയ കരാറുകള്‍ രാജ്യാന്തര രംഗത്ത് സമാധാനം സ്ഥാപിക്കപ്പെടാന്‍ പര്യപ്തമെങ്കില് ഏറെ നല്ലത് തന്നെ. പക്ഷെ ചില മുന്‍ധാരണകള്‍ ഈ വിഷയത്തിലെങ്കിലും ഇല്ലാതിരുന്നാല്‍ നന്ന്. ഇസ്റാഈല്‍, ഇന്ത്യ, പാക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങള്‍ സാമാന്യം വലിയ ആണവ ശക്തിയാണെന്ന കാര്യം ആര്‍ക്കാണറിയാത്തത്. ഈ രാജ്യങ്ങളോടൊന്നുമില്ലാത്ത സമീപനം ഇറാനോടു സ്വീകരിക്കുന്നതിലെ സാംഗത്യം മറന്നു പോകരുത്.
എണ്ണകൊണ്ട് ഏറെ സമ്പന്നമായ രാജ്യമാണ് ഇറാനെങ്കിലും സാമ്പത്തികമായി രാജ്യം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലായതിന് പിന്നില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക അടിയന്തരാവസ്ഥമൂലമാണെന്നത് നിഷേധിക്കാന്‍ കഴിയില്ല. കാരണം പുതിയ ലോക ക്രമത്തില്‍ പരസ്പര ആശ്രയത്വമില്ലാതെ ഒരു രാജ്യത്തിനും മുന്നോട്ടു പോവാന്‍ കഴിയില്ലെന്നതാണല്ലോ യാഥാര്‍ത്ഥ്യം. പുതിയ കരാറുകള്‍ ഇറാന് ജനതയെ സാമൂഹികമായും സാമ്പത്തികമായും ഏറെ മുന്നിലെത്തിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കാരണം ഉപരോധം നീങ്ങിയാല്‍ വിദേശ നിക്ഷേപമടക്കമുള്ള സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ആക്കം കൂടുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ എഴുതപ്പെട്ട കരാറനുസരിച്ച് ആറുമാസത്തേക്കാണ് പരസ്പര ധാരണയിലെത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ ഇറാന് ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്ന കാര്യം ചേര്‍ത്ത് വായിക്കാം.
പുതിയ കരാറിനെ ഇസ്റാഈല്‍ തള്ളിപ്പറഞ്ഞിരിക്കുന്നത് ഏറെ ഗൌരവമായിക്കണേണ്ടിയിരിക്കുന്നു. അമേരിക്കയും മറ്റു ശക്തികളും ഇറാന് വഴങ്ങിക്കൊടുത്തുവെന്നാണ് ഇസ്റഈലും അമേരിക്കയിലെ ജൂതരടങ്ങിയ വലതു പക്ഷ തീവ്രവാദികളും പറയുന്നത്. മാരകമായ യുദ്ധത്തിലേക്കും കനത്ത നാശ നഷ്ടങ്ങളിലേക്കും വഴുതിപ്പോകുമായിരുന്ന ഇറാന് ആണവ പ്രതിസന്ധി പുതിയ കരാറുകള്‍ മൂലം ഇല്ലാതായെങ്കില്‍ ഇത്തരം നീക്കങ്ങളെ സ്വാഗതം ചെയ്തേ തീരൂ.
-അബ്ദുസ്സ്വമദ് റഹ്മാനി കരുവാരകുണ്ട്-



Leave A Comment