അറബിഭാഷാദിനം ഓര്‍മിപ്പിക്കുന്നത്
ar-1അന്താരാഷ്ട്ര അറബി ഭാഷാ ദിനമാണ് ഡിസംബര്‍ പതിനെട്ടിന്. അറബിയെ അംഗീകൃത ഭാഷകളിലൊന്നായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത് 1973 ഡിസംബര്‍ പതിനെട്ടിനായിരുന്നു. ഇരുപത്തിരണ്ട്‌ രാഷ്‌ട്രങ്ങളിലായി പന്ത്രണ്ട്‌ കോടി മനുഷ്യരുടെ മാതൃഭാഷ, നൂറ്റിയിരുപത് കോടി മനുഷ്യരുടെ മതകീയ ഭാഷ എന്നീ നിലകളില്‍ അറബി ഭാഷക്ക്‌ ലോകഭാഷകളില്‍ പ്രമുഖ സ്ഥാനമാണുള്ളത്‌. നൂഹ്‌ നബി(അ)യുടെ മകന്‍ സാമിന്റെ കാലം മുതല്‍ സംസാരിച്ചു തുടങ്ങിയ സെമിറ്റിക്‌ ഭാഷകളില്‍ ഇന്നേറ്റവും സജീവമായി വിനിമയം നടത്തപ്പെടുന്ന ഭാഷയും അറബി തന്നെ. ഇതര ഭാഷകളേക്കാള്‍ പല നിലക്കും സവിശേഷമാണ് അറബി ഭാഷ. മതപരവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ നിരവധി മാനങ്ങളുള്ള അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും നാള്‍ക്കുനാള്‍ കൂടിക്കൂടി വരുന്നതായാണ് സമകാലിക അനുഭവങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍, ഒരു ഭാഷയെന്ന നിലയില്‍ അറബി തുറന്നിടുന്ന അനന്തസാധ്യതകളുടെ കവാടം വേണ്ടവിധം ചൂഷണം ചെയ്യുന്നതില്‍ ഇന്നും നാം വേണ്ടത്ര വിജയിച്ചിട്ടില്ല. ഒരു മതഭാഷയായി മാത്രം അറബിയെ പരിമിതപ്പെടുത്തുന്ന പ്രവണത പൊതുസമൂഹവും നമ്മുടെ ഭരണകൂടങ്ങളും ഇന്നും തുടര്‍ന്നുവരുന്നുവെന്നത് ഖേദകരമായ വസ്തുതയാണ്. പൌരസ്ത്യ നാടുകള്‍ക്കു പുറമെ പാശ്ചാത്യ രാഷ്ട്രങ്ങളിലും അറബി ഭാഷ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള തീവ്രമായ പരിശ്രമങ്ങളാണ് നിലവില്‍ നടന്നുവരുന്നത്. അറബ് നാടുകളിലെ എണ്ണക്കിണറുകള്‍ തുറന്നിടുന്ന സാമ്പത്തിക സാധ്യതകള്‍, ആഗോള തലത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിനോടുള്ള അഭിനിവേശം, രാഷ്ട്രീയ- നയതന്ത്ര ഭൂമികയില്‍ പശ്ചിമേഷ്യയുടെ വര്‍ധിത പ്രാധാന്യം തുടങ്ങിയവയെല്ലാം അറബി ഭാഷാപഠനത്തിന് കരുത്തുനല്കുന്നു. നാലായിരത്തില്‍പരം വര്‍ഷങ്ങളുടെ പഴക്കമുണ്ടായിട്ടും തനിമയോടെ നിലനില്‍ക്കുന്നു എന്നതാണ് അറബി ഭാഷയുടെ ഏറ്റവും വലിയ സവിശേഷത. നൂറ്റമ്പതില്‍ പരം തലമുറകള് കൈകാര്യം ചെയ്തതിനു ശേഷവും സ്വതസിദ്ധമായ ഘടനാഭംഗിയും ആകര്‍ഷകത്വവും കാത്തുസൂക്ഷിക്കാന്‍ അറബിക്കു കഴിയുന്നു. അറബി ഭാഷയുടെ ഈയൊരു മാഹാത്മ്യം ബോധ്യപ്പെടാന്‍ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള പ്രധാന ഭാഷകളുടെ പഴയകാല രൂപവും ആധുനിക രൂപവും താരതമ്യപ്പെടുത്തിയാല്‍ മതിയാകും. arbമുഹമ്മദ്‌ നബി(സ)യുടെ കാലത്തിനും മുമ്പേ തുടങ്ങിയതാണ് അറബി ഭാഷയുമായുള്ള കേരളത്തിന്‍റെ ബന്ധം. പൌരാണിക കാലം മുതല്‍ക്കേ അറബികള്‍ കച്ചവടത്തിനായി കേരളത്തില്‍ വന്നുകൊണ്ടിരുന്നതും അവരും കേരളീയരും തമ്മിലുണ്ടായിരുന്ന സ്‌നേഹ ബന്ധവും അറബി ഭാഷക്ക്‌ കേരളത്തില്‍ വലിയ സ്വാധീനം നേടിക്കൊടുത്തു. കോഴിക്കോട്ടെ സാമൂതിരി രാജാവ്‌ അറബികളെ സാദരം സ്വീകരിച്ചതും അവര്‍ക്ക്‌ വീടുകള്‍ നിര്‍മിക്കാന്‍ സ്ഥലമനുവദിച്ചതും, തല്‍ഫലമായി നിരവധി അറബി കുടുംബങ്ങള്‍ കേരളത്തില്‍ താമസമാക്കിയതും ചരിത്രപ്രസിദ്ധമാണ്‌. മലബാറിന്‍റെ വാണിജ്യസിരാകേന്ദ്രമായ കോഴിക്കോടിന്‍റെ വര്‍ത്തക ഭാഷയായിരുന്നു അന്ന് അറബി. ഇന്ത്യയ്‌ക്ക്‌ `ഹിന്ദ്‌' എന്ന നാമധേയവും ഇന്ത്യയുടെ പശ്ചിമ സമുദ്രത്തിന്‌ `അറബിക്കടല്‍' എന്ന പേരും ഇന്ത്യാ-അറബി ബന്ധത്തിന്റെ സ്‌മാരകങ്ങളായി നിലകൊള്ളുന്നു. ആയിരക്കണക്കിന്‌ അറബി പദങ്ങള്‍ മലയാളഭാഷയിലും ഇതര ഇന്ത്യന്‍ ഭാഷകളിലും ലയിച്ചു ചേര്‍ന്നതായി കാണാം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അറബി ഭാഷക്ക് ഇന്ത്യയിലേറ്റവുമധികം പ്രചാരം ലഭിച്ചത് കേരളത്തിലാണ്‌. ഇപ്പോള്‍ കേരളീയര്‍ പഠിക്കുന്ന ഭാഷകളില്‍ മൂന്നാം സ്ഥാനവും കേരള മുസ്‌ലിംകള്‍ പഠിക്കുന്ന ഭാഷകളില്‍ രണ്ടാം സ്ഥാനവും അറബി ഭാഷയ്‌ക്കുണ്ട്. സ്കൂള്‍ തലത്തില്‍ തുടങ്ങി കോളേജുകള്‍ വഴി സര്‍വകലാശാലാ തലം വരെയും മദ്റസകളില്‍ തുടങ്ങി പള്ളിദര്‍സുകള്‍ വഴി അറബിക് കോളേജുകള്‍ വരെയും മലയാളക്കരയില്‍ അറബി പഠിപ്പിക്കപ്പെടുന്നു. കാലിക്കറ്റ്‌, കേരള, കണ്ണൂര്‍, എം.ജി, സംസ്കൃത സര്‍വകലാശാലകളുള്‍പ്പെടെ കേരളത്തിലെ അഞ്ച്‌ യൂണിവേഴ്‌സിറ്റികളിലും അറബിയില്‍ ബിരുദാനന്തര ബിരുദ- ഗവേഷണ സംവിധാനമുണ്ട്. ഡസനിലധികം അറബി മാസികകള്‍ മലയാള മണ്ണില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു. അറബി മലയാളം എന്ന പേരില്‍ ഒരു സവിശേഷ ഭാഷാസങ്കരം വരെ രൂപപ്പെടാന്‍ മാത്രം സുശക്തമായിരുന്നു പണ്ടുകാലം മുതല്‍ക്കേ തുടങ്ങിയ മലയാളക്കരയുടെ ഈ അറബിപ്രേമം. പെട്രോഡോളറിന്‍റെ പിന്‍ബലത്തില്‍ അറബ് നാടുകള്‍ ലോകത്തിലെ തന്നെ അതിസമ്പന്ന മേഖലയായി മാറിയതോടെ അറബി ഭാഷയോടുള്ള മലയാളക്കരയുടെ ബന്ധത്തിന് പുതിയൊരു കാരണം കൂടി ഉയര്‍ന്നുവന്നു. ഗള്‍ഫ് രാഷ്ട്രങ്ങളിലുയര്‍ന്നു വന്ന ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ അന്നം തേടിയുള്ള മലയാളിയുടെ അലച്ചിലിനെ മാടിവിളിച്ചതോടെ അറബി ഭാഷ പഠിക്കാന്‍ വളരെയേറെ പേര്‍ ആകൃഷ്‌ടരായി മുന്നോട്ടുവന്നു. ഇന്ന്‌ അറബിയും ഇംഗ്ലീഷും അറിയുന്നവര്‍ക്ക്‌ വിവിധ അറബ് രാഷ്ട്രങ്ങളിലായി തൊഴിലവസരങ്ങളുണ്ട്‌. ഇംഗ്ളീഷും അറബിയും ഒരുപോലെ കൈകാര്യം ചെയ്യുന്ന ദ്വിഭാഷികള്‍ക്ക് അറബ് മേഖലക്കു പുറത്തും ഇന്ന് ആവശ്യക്കാരേറെയാണ്. arab nomadsഎന്നാല്‍, ഇത്രയേറെ സാധ്യതകളുണ്ടായിട്ടും അറബി ഭാഷയോട് നമ്മുടെ ഭരണകൂടങ്ങള്‍ നടത്തുന്ന ചിറ്റമ്മനയം അതീവ ദയനീയമാണ്. അറബിയുടെ നാലിലൊന്നു പോലും സാധ്യകളില്ലാത്ത സംസ്കൃത ഭാഷക്കു വരെ സ്വന്തമായൊരു സര്‍വകലാശാല നിലവിലുള്ള കേരള സംസ്ഥാനത്ത് അറബിക് യൂനിവേഴ്സിറ്റി ഇന്നുമൊരു സ്വപ്നമായി ശേഷിക്കുന്നു. അറബി ഭാഷക്കു വേണ്ടി രക്തസാക്ഷികളെ സമര്‍പ്പിച്ച സാമുദായിക പ്രസ്ഥാനങ്ങള്‍ പോലും ഈ വഴിക്കുള്ള നീക്കങ്ങള്‍ നടത്താന് ഭീരുത്വം കാണിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഒട്ടേറെ സാധ്യതകളുള്ളൊരു വിദേശ ഭാഷയെന്ന നിലയില്‍ അറബി ഭാഷക്ക് അര്‍ഹമായ പരിഗണന നല്‍കാനും സ്വന്തമായൊരു അറബിക് സര്‍വകലാശാല മലയാളക്കരയില്‍ ഉയര്‍ന്നുവരാനും നമ്മളെല്ലാം ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഈ വര്‍ഷത്തെ അറബി ഭാഷാദിനം അതിനൊരു നിമിത്തമാകട്ടെ എന്നു പ്രത്യാശിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter