ബുദ്ധനെ ഹിംസിക്കുന്ന മ്യാന്മര്‍ സന്യാസികള്‍

m3മതത്തിന്‍റെയോ നിറത്തിന്‍റെയോ പേരില്‍ ഒരു സമൂഹം കൊടും പീഡകള്‍ സഹിക്കേണ്ടിവരുകയെന്നത് ഉത്തരാധുനിക യുഗത്തെ നാണിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.ഇത്തരം അക്രമങ്ങള്‍ക്ക് മനുഷ്യേല്‍പത്തിയോളം പഴക്കവും തഴക്കവുമുണ്ട്. ആദിമമനുഷ്യന്‍ ആദം നബിയുടെ സന്താനങ്ങളായ ഹാബീലും ഖാബീലും തമ്മിലുള്ള സംഘട്ടനത്തില്‍ വില്ലനായത് അസൂയയായിരുന്നു.  കുശുമ്പും അസൂയയും മനുഷ്യരില്‍ ഇപ്പോഴും ജ്വലിച്ചു നില്‍ക്കുന്നുവെന്നതിന്‍റെ സജീവമായ ഉദാഹരണങ്ങളാണ് മ്യാന്മറിലെ ബുദ്ധ സന്യാസികളും അവരുടെ സമീപനങ്ങളും.

ശ്രീബുദ്ധന്‍ വാനിലേക്ക് മുഷ്ടി ചുരുട്ടിയെറിഞ്ഞത് അഹിംസയുടെ മുദ്രാവാക്യം വിളിച്ചാണ്. ജീവിയെയന്നല്ല, ഏതൊരു സൃഷ്ടിക്കും അര്‍ഹിച്ച ബഹുമാനവും പരിഗണനയും നല്‍കാനാണ് ബുദ്ധന്‍ ഉപദേശിച്ചത്. ഓരത്ത് നടന്നുപോവുന്ന ഉറുമ്പിനെ വേദനിപ്പിക്കുന്നത് സാരമായി കാണാന്‍ ബുദ്ധന്‍ പറയുന്നു. ഹിംസാത്മക ജീവിതത്തിന്‍റെ കഠിനശത്രുവാവാനും അഹിംസയുടെ സമാധാനപൂര്‍ണമായ ലോകം പടുത്തുയര്‍ത്തുവാനുമാണ് ബുദ്ധ മതാചാര്യന്‍ ഒരു ജീവായുസ്സ് നീക്കിവെച്ചത്.

എന്നാല്‍ വിരോധാഭാസമെന്നോണം ഗുരുവിന്‍റെ ഗിരിപ്രഭാഷണങ്ങളോട് ഒട്ടും കൂറ് പുലര്‍ത്താന്‍ കഴിയാതെയും മതത്തിന്‍റെ മൌലിക തത്വങ്ങള്‍ക്ക് കീറച്ചാക്കിന്‍റെ മൂല്യം വരെ നല്‍കാന്‍ കഴിയാത്ത വിധം ബുദ്ധ സമുദായം സാംസ്കാരികമായി അധഃപതിച്ചോ എന്ന് ചോദിക്കുന്നതില്‍ ന്യായമുണ്ട്.

റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതരിരെ മ്യാന്‍മറിലെ ഭൂരിപക്ഷ സമുദായമായ ബുദ്ധസമൂഹം കാലാന്തരങ്ങളില്‍ സ്വീകരിച്ചുവരുന്ന നിലപാട് തീര്‍ത്തും ദയനീയമാണ്. മതം ഭിന്നമായതിന്‍റെ പേരില്‍ മാത്രം ഒരു സമുദായവും അടുത്തൊന്നും ഇത്രക്ക് നരകയാതനകള്‍ സഹിക്കേണ്ടിവന്നിട്ടില്ല. പലപ്പോഴും മൃഗങ്ങള്‍ക്ക് വരെ കാണേണ്ടിവന്നിട്ടില്ലാത്ത ദാരുണരംഗങ്ങളാണ് റോഹിങ്യയില്‍ കാണാന്‍ കഴിയുന്നത്. കുപ്പത്തൊട്ടിയിലെ മാലിന്യങ്ങള്‍ കരിച്ചുകളയുന്ന ലാഘവത്തില്‍ മനുഷ്യജീവനുകളെ ചുട്ടു ചാമ്പലാക്കിയത് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചിലതെങ്കിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജനമായ മൈതാനത്തില്‍ കരിഞ്ഞ കബന്ധങ്ങള്‍ വൃത്തിയായി ഒതുക്കിവെച്ച പടവും അനുവാചകരെ ശരിക്കും ഞെട്ടിപ്പിച്ചു. പ്രദേശത്തിന്‍റെ കൃത്യമായ ചിത്രം പുറം ലോകത്തെ അറിയിക്കാന്‍ ഭരണകൂടത്തെ പോലെ മാധ്യമങ്ങള്‍ക്കും അധികം ശുശ്കാന്തിയില്ല.
പത്രപ്രവര്‍ത്തകര്‍ക്ക് ശക്തമായ നിയന്ത്രണമുള്ള പ്രദേശത്തെ എല്ലാ നിയന്ത്രണങ്ങളെയും ഭേദിച്ചെത്തുന്ന തുച്ഛമായ വാര്‍ത്തകള്‍ കണ്ടാണ് നാം വികാരം കൊള്ളുന്നത്. മ്യാന്മറിലെ യാഥാര്‍ത്ഥ്യങ്ങള്‍ വാര്‍ത്തയാക്കാതിരിക്കുന്നതിലെ നിഗൂഢതയെ തള്ളിക്കളയാനാവില്ല. സൌത്താഫ്രിക്കയില്‍ വെള്ളക്കാരും കറുത്തവര്‍ഗക്കാരും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയിട്ട് കാലം എമ്പാടുമായി. 1948ല്‍ ഇസ്രയേല്‍ രൂപീകൃതമായത് മുതല്‍ ഫലസ്തീന്‍ ജനത നേരിടുന്ന മാനസികവും ശാരീരികവുമായ പീഢനത്തിന് ഇന്നും അറുതിയായിട്ടില്ല. ഇവിടെ ഇസ്രാഈലോ സൌത്താഫ്രിക്കയോ മ്യാന്മറോ മാത്രമല്ല പ്രതികള്‍. ചില തല്‍പരകക്ഷികളുടെ ഇംഗിതം മറ്റുള്ളവര്‍ മുഖേന ആസൂത്രിതമായി നടപ്പിലാക്കുന്നതിലെ ദല്ലാളുകളാണിവരൊക്കെ.
ബുദ്ധ സന്യാസികള്‍ റോഹിങ്യക്കാര്‍ക്കെതിരെ നടത്തുന്ന സംഘടിതാക്രമണത്തിന് പ്രാദേശിക പോലീസിന്‍റെ ഒത്താശയുണ്ടെന്നത് കൂടി ഇതിനോട് കൂട്ടി വായിക്കണം. റോഹിങ്യക്കാരോടുള്ള മൃഗീയമായ സമീപനം ദൈനം ദിനം വര്‍ധിച്ചിട്ടും രാജ്യം പ്രക്ഷോഭക്കാര്‍ക്കെതിരെ നടപടിയെടുക്കാനോ വിരലനക്കാനോ മുതിരുന്നില്ലെന്നത് ആശ്ചര്യകരവും അതിലേറെ വേദനാജനകവുമാണ്. ഔദ്യോഗിക കണക്കനുസരിച്ച് 600 ലക്ഷം വരുന്ന മ്യാന്മര്‍ ജനസംഖ്യയുടെ നാല് ശതമാനം തികക്കുന്നത് റോഹിങ്യന്‍ മുസ്ലിംകളാണ്. ഇത് വ്യാജമാണെന്നും ഇതിനെക്കാളേറെയാണ് റോഹിങ്യന്‍ സമുദായത്തിന്റെ കണക്കെന്നും അവരുടെ ഉദ്ധാരണത്തിന് സര്‍ക്കാറിന് ഫണ്ട് ചെലവഴിക്കാന്‍ മനസ്സില്ലാത്തതിനാല്‍ കണക്ക് കുറച്ചു കാണിക്കുകയാണെന്നും ജനസംഖ്യാനിരീക്ഷകര്‍ വിലയിരുത്തുന്നു.
റോഹിങ്യക്കാര്‍ ആരാണ്?
മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷ സമൂഹമാണ് റോഹിങ്യക്കാര്‍. അറേബ്യന്‍ കച്ചവടക്കാരാണ് ഇസ്ലാമിന്‍റെ സന്ദേശം ബര്‍മയുടെ മണ്ണിലെത്തിച്ചത്. റോഹിങ്യന്‍ ജനത അറേബ്യയിലെ യമനീ വംശജരായ കച്ചവടക്കാരുടെ പിന്‍മുറക്കാരായി കരുതപ്പെടുന്നു. ഇന്തോ-യൂറോപ്യന്‍ ഭാഷയായ റോഹിങ്യാ സംസാരിക്കുന്നത് കൊണ്ട് പ്രസ്തുത പേരിലാണ് അവര്‍ അറിയപ്പെട്ടത്. റഹ്മ (കരുണ) എന്ന  അറബിപദത്തില്‍ നിന്നും നിഷ്പന്നമായ പദമാണ് എട്ടാം നൂറ്റാണ്ടില്‍ റോഹിങ്യയായി പരിണമിച്ചത്. അവരുടെ ഉത്പത്തിയുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായങ്ങളാണ് ചരിത്രകാരന്മാര്‍ക്കിടയിലുള്ളത്. ബര്‍മയിലെ രാഖിനെ സംസ്ഥാനത്താണ് അവരുടെ വേരുകളെന്ന് പറയുന്നവരും ബ്രിട്ടീഷ് ഭരണകാലത്ത് പില്‍കാലത്ത് ബംഗ്ലാദേശായി രൂപാന്തരപ്പെട്ട ബംഗാളില്‍ നിന്നും ബര്‍മയിലേക്ക് കുടിയേറിപ്പാര്‍ത്തവരാണെന്ന് പറയുന്നവരും അവരിലുണ്ട്. അവസാനത്തെ അഭിപ്രായത്തിന് കൊടി പിടിച്ചാണ് റോഹിങ്യക്കാര്‍ക്കെതിരെയുള്ള പൊല്ലാപ്പുകളൊക്കെ അരങ്ങ് തകര്‍ക്കുന്നത്.
2012ലെ കണക്കനുസരിച്ച് 8 ലക്ഷം റോഹിങ്യക്കാര്‍ ബര്‍മയിലുണ്ട്. അതില്‍ ഒരു ലക്ഷത്തിലേറെയും ഇപ്പോള്‍ തെരുവിലും അഭയകേന്ദ്രങ്ങളിലുമാണ് ജീവിതം തള്ളിനീക്കുന്നത്. കറുത്ത ചര്‍മവും കൂര്‍ത്ത മൂക്കും ഉള്ളതിനാല്‍ ഭൌതിക ഭാവത്തിലും ശരീരപ്രകൃതിയിലും സ്വന്തം നാട്ടുകാരെക്കാള്‍ ബംഗ്ളാദേശ് സമൂഹത്തോടാണ് റോഹിങ്യക്കാര്‍ക്ക് കൂടുതല്‍ സാമ്യം. ഇതാണ് റോഹിങ്യക്കാര്‍ രാജ്യത്തിന്‍റെ ഭാഗമല്ലെന്ന് സര്‍കാര്‍ വിശ്വസിക്കുന്നതിലെ പ്രകടമായ ഒരു ന്യായം. ബംഗ്ളാദേശ് അതിര്‍ത്തി പ്രദേശമായ ചിറ്റഗോങ്ങിലെ പ്രാദേശിക ഭാഷയായ ബംഗ്ള ഭാഷ സംസാരിക്കാന്‍ റോഹിങ്യക്കാര്‍ക്ക് വശമുണ്ടെന്നത് സര്‍കാര്‍ വിശ്വാസത്തിന് ഉപോത്ബലകമായി കാണുന്നു. രാജ്യത്തിന്‍റെ ദേശീയ ഭാഷയായ ബര്‍മീസ് ഭാഷ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്ന പ്രചാരവും റോഹിങ്യക്കാരുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു.
ഒടുക്കത്തിന്‍റെ തുടക്കം
m11978ല്‍ 2 ലക്ഷം റോഹിങ്യക്കാര്‍ ബംഗ്ളാദേശിലേക്ക് നാടുകടത്തപ്പെട്ടതിന്‍റെ രണ്ടാം ഘട്ട ഓപറേഷന്‍ എന്ന് വേണമെങ്കില്‍ നിലവിലെ സാഹചര്യത്തെ വിളിക്കാം.  കുറഞ്ഞ ദിവസങ്ങളെങ്കിലും രാഖിനെ സ്റ്റേറ്റിനെ മുള്‍മുനയില്‍ നിര്‍ത്തിയ വര്‍ഗീയാക്രമങ്ങള്‍ നടക്കുന്നു. ചൂടാറും മുമ്പ് തന്നെ പത്ത് ബര്‍മീസ് മുസ്ലിംകളെ കിരാതമായി കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന് തള്ളുകയും ചെയ്തത് രംഗം ഏറെ വശളാക്കി. എങ്കിലും കൊണ്ടുപിടിച്ച കലാപം നടത്താന്‍ മാത്രം പ്രകോപനങ്ങളൊന്നും പ്രദേശത്ത് ഇല്ലായിരുന്നതിനാല്‍ കുരുതിയുടെ യഥാര്‍ത്ഥ കാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു.
ഇതു വഴി മെയ്ക്തില പട്ടണത്തില്‍ മുസ്ലിംകളും ബുദ്ധരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നു. പതിയെ ഇത് കാട്ടുതീ പോലെ രാജ്യമൊട്ടാകെ പടര്‍ന്നു. സംക്ഷോഭം പൂണ്ട ബുദ്ധ ജനം എതിരാളികളെ ഏതുവിധേനയും ഒതുക്കാന്‍ ഒരുമ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ കൂട്ടക്കൊലകളുടെ പരമ്പരകളാണ് ബുദ്ധജനം സൃഷ്ടിച്ചത്. മുന്നൂറ് വീടുകളും ഒത്തിരി എടുപ്പുകളും നാശമടഞ്ഞു.  അഞ്ച് പള്ളികള്‍ തീയിട്ട് ചാമ്പലാക്കാന്‍ അവര്‍ക്ക് അധിക സമയം വേണ്ടി വന്നില്ല. കണ്ടമാനം മുസ്ലിം വീടുകള്‍ കരിച്ചുകളഞ്ഞു. ബര്‍മീസ് റോഹിങ്യ സംഘടനയുടെ അധ്യക്ഷന്‍തുന്‍ കിന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28 വരെ 650 റോഹിങ്യക്കാര്‍ കൊല്ലപ്പെടുകയും 1200 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 140,000 പേരെ നാടു കടത്തി. എന്നാല്‍ മ്യാന്മര്‍ ഭരണകൂടത്തിന്‍റെ കണക്കുകള്‍ അജഗജാന്തരമാണ്. മരിച്ചതും പരിക്കേറ്റവരുമടക്കം വെറും 160 പേര്‍. നാട് കടത്തപ്പെട്ടവര്‍ 52,000. ഭരണകൂടം കര്‍ഫ്യൂക്ക് പിന്നാലെ 2012 ജൂലൈയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും സൈന്യത്തിന് നല്‍കിയ പൂര്‍ണാധികാരവും ശരിക്കും റോഹിങ്യക്കാരുടെ നെഞ്ചത്തേറ്റ കുത്തായിരുന്നു.
അക്രമസമയത്ത് പ്രശ്നങ്ങളൊന്നുമറിയാത്ത പ്രദേശത്തെ നിരപരാധികളും നിരായുധരുമായ റോഹിങ്യക്കാര്‍ക്കെതിരെ ബുദ്ധര്‍ അക്രമം അഴിച്ചുവിടുകയും നൂറോളം പേരെ കൊന്നൊടുക്കുകയും ചെയ്തു. ബുദ്ധപക്ഷത്തിന്‍റെ ഉന്നം സ്ത്രീകളും കുട്ടികളുമായിരുന്നു. ഇതിനൊക്കെ പുറമെ, ബുദ്ധ സന്യാസികളുടെ അകമ്പടിയോടെ കുടുംബത്തിന്‍റെ കണ്‍മുമ്പില്‍ വെച്ച് റോഹിങ്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം മാധ്യമങ്ങളില്‍ പുറത്തുവന്ന ചിലത് മാത്രമാണ്. ലോകമറിയാത്ത സംഭവങ്ങളുടെ നിര വേറെ കാണണം. അവിടെ പുരുഷന്മാരും വ്യാപകമായി കൊല്ലപ്പെടുന്നു. രാജ്യത്തിന്‍റെ പൂര്‍ണ ഒത്താശയോടെ നടക്കുന്ന വ്യവസ്ഥാപിത കുരുതിയില്‍ ഇതുവരെയായി പതിനായിരത്തോളം പേര്‍ കൊല്ലപ്പെടുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടാഴ്ച മുമ്പ് റോയിട്ടേഴ്സ് പുറത്തുവിട്ടതനുസരിച്ച്  ദിനേന വര്‍ധിച്ചു വരുന്ന ഭവനരഹിതരുടെ എണ്ണം 140000 കവിഞ്ഞിട്ടുണ്ട്. പലരും അയല്‍രാജ്യമായ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും പാക്കിസ്താനിലേക്കും അഭയം പ്രാപിച്ചിട്ടുണ്ട്. അക്രമം ഭയന്ന് നാട് വിടുന്ന റോഹിങ്യക്കാര്‍ക്ക് ഭൂമിയില്‍ തന്നെ ജീവിതം നിഷേധിക്കുമാറ് അവരെ തെരഞ്ഞുപിടിച്ച് നിര്‍ദാക്ഷിണ്യം കൊല്ലാനും പോലീസുകാര്‍ മറക്കുന്നില്ല.
അവകാശവും രാഷ്ട്രീയ സ്ഥാനവും
നിയമവിരുദ്ധ കുടിയേറ്റക്കാരായാണ് റോഹിങ്യക്കാരെ ഔദ്യോഗിക പക്ഷം കണക്കാക്കുന്നത്. അഞ്ച് ദശാബ്ദം തങ്ങളുടെ ഔദാര്യവും മഹാമനസ്കതയുമാണ് റോഹിങ്യക്കാരെ മ്യാന്മറില്‍ പൊറുപ്പിച്ചതെന്ന് ഭൂരിപക്ഷ സമുദായം അവകാശപ്പെടുന്നു. നിയമസംവിധാനത്തിലോ ഭരണ വ്യവസ്ഥയിലോ അവര്‍ക്ക് യാതൊരു പങ്കാളിത്തവുമില്ല. രാഷ്ട്രീയപരമായാണെങ്കില്‍ അവര്‍ ഇല്ലാത്തതിന് തുല്യമാണ്. 1962ല്‍ അധികാരത്തിലേറിയ ജനറല്‍ നേ വിന്‍ വാണിജ്യ സംരംഭങ്ങളെ ദേശീയവത്കരിച്ചപ്പോള്‍ മുസ്ലിംകള്‍ക്ക് ലഭിച്ചത് വട്ടപൂജ്യമായിരുന്നു. 1982ല്‍ റോഹിങ്യക്കാര്‍ക്ക് ബര്‍മീസ് പൌരത്വം നിഷേധിക്കുകയും ഉള്ളവരുടേത് അസാധുവാക്കുകയും ചെയ്തു. ന്യൂനപക്ഷ സമുദായത്തിന്‍റെ വേരറുക്കാനും അവരെ ചിത്രത്തില്‍ നിന്ന് മായിച്ചുകളയാനും അവര്‍ കച്ചകെട്ടി ഒരുമ്പെട്ട സമയമായിരുന്നു ഇത്. ഉദ്യോഗതലങ്ങളിലെ പങ്കാളിത്തം നിഷേധിക്കപ്പെട്ടിട്ട് കൊല്ലങ്ങള്‍ പലതായി. നിയമപരമായി ഭൂമി കൈവശം വെക്കാനോ വ്യവഹാരങ്ങള്‍ നടത്താനോ വരെ അവകാശം ഹനിക്കപ്പെടുന്ന ഒരു സമുദായം ലോകത്തെ ബുദ്ധകുടീരത്തില്‍ മാത്രമേ കാണൂ.
കാലങ്ങളായി തുടങ്ങിയ അശ്രാന്തപരിശ്രമത്തിന്‍റെ വിജയാഘോഷമാണ് മ്യാന്മറില്‍ മനുഷ്യ ചോര കൊണ്ട് തിമിര്‍ത്താടുന്നത്. ഒരു റോഹിങ്യന് വിവാഹം ചെയ്യണമെങ്കില്‍ ആദ്യം പിഴയൊടുക്കണം. ഇത് സമുദായത്തിന്‍റെ ജനസംഖ്യാനിരക്കിന് മൂക്കുകയറിടാനും അവരുടെ ചലനങ്ങള്‍ നിരീക്ഷിക്കാനും അധികൃതര്‍ സഹായകമായി കണ്ടു. സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി കഴിയാന്‍ ദുര്യോഗമുള്ള റോഹിങ്യക്കാരാണ് ലോകത്ത് ഏറ്റവും പീഢനം നേരിടുന്ന സമൂഹമെന്ന് യു.എന്‍ വ്യക്തമാക്കുന്നു. നിരപരാധികളായ സമുദായാംഗങ്ങളുടെ പേരില്‍ അപൂര്‍വ തരത്തിലുള്ള ക്രിമിനല്‍ കേസുകള്‍ ചുമത്തിയാണ് അവരെ വലയിലാക്കുന്നത്.
അന്താരാഷ്ട്ര സമൂഹത്തിന്‍റെ നിസ്സംഗത
m2സ്വയം മേനി മറന്ന് ഏഷ്യയിലെ സമാധാന പ്രശ്നങ്ങളില്‍ കുണ്ഠിതപ്പെടാറുള്ള പാശ്ചിമ രാജ്യങ്ങള്‍ ഒരു ഭാഗത്ത് മ്യാന്മറിലെ വാണിജ്യ സാധ്യതകളില്‍ കണ്ണും നട്ടിരിക്കുന്നു. ജുഗുപ്സാവഹമായ മൌനം ദീക്ഷിക്കുന്ന ഇന്ത്യക്കും ചൈനക്കുമുണ്ട് മ്യാന്മറില്‍ നിര്‍ണായകമായ താല്‍പര്യങ്ങള്‍.  ഇടപെടല്‍ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്ക് മങ്ങലേല്‍പിക്കുമെന്ന ദീര്‍ഘവീക്ഷണമാണ് ഇവരെയൊക്കെ തടുത്തുനിര്‍ത്തുന്നത്. 2008 ല്‍ മനുഷ്യാവകാശ നിയമ പത്രത്തില്‍ ഐകകണ്ഠ്യേന ഒപ്പിട്ട ഒ.ഐ.സിയും ഇതുവരെ പ്രശ്നത്തില്‍ ഇടപെടാന്‍ ശുശ്കാന്തി കാണിക്കുകയോ സംയമന ശ്രമത്തിന് മുതിരുകയോ ചെയ്തിട്ടില്ല. മനുഷ്യാവകാശത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും തേരാളിയെന്ന് വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന ഓങ് സാങ് സൂ കിയും മനുഷ്യന്‍റെ മൌലികാവകാശങ്ങള്‍ മൃഗീയമായി ധ്വംസിക്കപ്പെടും വിധം മ്യാന്മറില്‍ അരങ്ങേറുന്ന നര നായാട്ടിനെതിരെ നാവനക്കിയിട്ടില്ല. കാര്യം മാധ്യമങ്ങള്‍ ഓര്‍മിപ്പിച്ചപ്പോള്‍ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ ശ്രമിച്ച നേതാവാണ് സൂ കി. മ്യാന്മറിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ റോഹിങ്യക്കാര്‍ക്ക് മാനുഷികാവകാശങ്ങള്‍ നിഷേധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് സൂ കി പറഞ്ഞത് അവര്‍ മ്യാന്മര്‍ പൌരന്മാര്‍ അല്ലല്ലോ എന്നാണ്.
താന്‍ കിനാവ് കാണുന്ന രാഷ്ട്രീയ ഭാവിയാണ് സൂകിയുടെ വായയടപ്പിച്ചത്. രാജ്യത്തിന്‍റെ പരമാധികാര പീഠം കാത്തുകഴിയുന്ന സൂ കി വരുന്ന ഊഴത്തില്‍ നിര്‍ണായകമായ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുന്നു. ഈ സമയം നീതിക്ക് വേണ്ടി ഒച്ച വെക്കുന്നതിനപ്പുറം ബുദ്ധശാപം സമ്പാദിക്കുന്നത് ഒട്ടും ഗുണം ചെയ്യില്ലെന്ന തിരിച്ചറിവ് സൂ കികുണ്ട്. ലൌകിക ലാഭങ്ങള്‍ക്കപ്പുറത്ത് കേഴുന്ന ജനതയുടെ കണ്ണുനീര്‍ തുടക്കാന്‍, കെല്‍പുണ്ടായിട്ടും രാജ്യങ്ങള്‍ മുതിരുന്നില്ലെന്നത് ദൌര്‍ഭാഗ്യകരമാണ്. റോഹിങ്യന്‍ പിഞ്ചോമനകളുടെയും സ്ത്രീകളുടെയും നിസ്സഹായാവസ്ഥയും ദീനമായ രംഗങ്ങളും കണ്ട് കണ്ണ് തുടച്ച തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പാശ്ചാത്യ രാജ്യങ്ങളുടെ അക്രമപരമായ മൌനത്തെ അധിക്ഷേപിച്ച ചുരുക്കം ചിലരില്‍ പെട്ടവരാണ്.
റോഹിങ്യക്ക് ചോദിക്കാനുള്ളത്
വര്‍ഗീയ കാരണങ്ങള്‍ കൊണ്ട് മാത്രം ഭൂരിപക്ഷ സമുദായത്തിന്  അബല സമൂഹത്തിന്‍റെ മേല്‍ സംഹാര താണ്ഡവമാടാന്‍ ഒരു ഭരണ കൂടം എങ്ങനെയാണ് തലകുനിച്ചുകൊടുക്കുക? ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള സംഘട്ടനത്തിന് ഹേതു റോഹിങ്യന്‍ സമുദായമാണെന്നു തന്നെയിരിക്കട്ടെ, സര്‍കാര്‍ ചെലവില്‍ അക്രമം നടത്തുന്നത് ന്യായീകരിക്കപ്പെടാമോ? തുച്ഛമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയും രാഷ്ട്രീയ സുരക്ഷയുടെ പേരിലും ന്യൂനപക്ഷ സമുദായത്തെ ഹോളൊകാസ്റ്റ് ചെയ്യുന്നത് മനസ്സാക്ഷിയുള്ള സമൂഹം എങ്ങനെ പൊറുക്കും? ഉറുമ്പുകളെ പര്‍വതീകരിക്കുന്ന ജനാധിപത്യത്തിന്‍റെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമ രാജാക്കന്മാര്‍ക്ക് പഴയ ധര്‍മബോധം നഷ്ടമായോ? ശ്രദ്ധയില്‍ പെടാത്തതാണോ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ നിസ്സംഗതക്ക് കാരണം? എല്ലാവര്‍ക്കും ബോധ്യമുള്ള പരസ്യമായ രഹസ്യമാണിതൊക്കെ. സ്വര്‍ണത്തിന്‍റെയും ചെമ്പിന്‍റെയും ഖനികളോ എണ്ണസംഭരണികളോ  റോഹിങ്യക്കാര്‍ക്ക് ഇല്ലാതെ പോയതാണ് ചുരുക്കത്തില്‍ അവര്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ നഷ്ടപ്പെടാന്‍ കാരണം. അവരുടെ ദീനരോദനങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദമില്ലാത്തതും ഇതേ ലാഭേച്ഛയുടെയും കൊടും സ്വാര്‍ത്ഥതയുടെയും ഭാഗമാണ്.
-കെ.സി അബ്ദുറഹിമാന്‍ ഹുദവി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter