കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന് ബഹറൈനില്‍ സ്വീകരണം

 

 

കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിക്ക് ബഹ്‌റൈനില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കി. ബഹ്‌റൈനില്‍ പുതുതായി രൂപീകരിച്ച മൈത്രി സോഷ്യല്‍ അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ബഹ്‌റൈന്‍ പാര്‍ലമെന്റംഗം മുഹമ്മദ് യൂസുഫ് അല്‍മആറഫി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനും ഇന്ത്യയുമായി സുദൃഢമായ ബന്ധമാണ് നിലനില്‍ക്കുന്നത്. സ്വദേശികളെപ്പോലെ തന്നെ വിദേശികളുടെയും ക്ഷേമത്തിന് വേണ്ടിയാണ് ഞങ്ങള്‍ പാര്‍ലമെന്റില്‍ ശബ്ദിക്കുന്നതെന്നും ബഹ്‌റൈന്‍ വിദേശികളുടെ രണ്ടാം വീടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രവാസികള്‍ ബഹ്‌റൈനില്‍ ചെയ്യുന്ന സേവനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ കോയ തങ്ങള്‍ പ്രഭാഷണം പരിഭാഷപ്പെടുത്തി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സ്‌നേഹസംഗമത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ്കമ്മിറ്റിയുടെ ചരിത്രം പരിശോധിച്ചാല്‍ സംസ്ഥാനത്ത് ആദ്യമായിട്ടാണ് തെക്കന്‍ കേരളത്തില്‍ നിന്നും ഒരു പണ്ഢിതന്‍ ഹജ്ജ്കമ്മിറ്റിയുടെ ചെയര്‍മാനായി അവരോധിതനാകുന്നതെന്നും ഇതൊരു ചരിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഹജ്ജ്കമ്മിറ്റി ചെയര്‍മാനാകാന്‍ നൂറ് ശതമാനം അര്‍ഹതയുള്ള പണ്ഡിതവ്യക്തിത്വമാണ് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് പി.വി. രാധാകൃഷ്ണപിള്ള (പ്രസിഡന്റ്, ബഹ്‌റൈന്‍ കേരളീയ സമജാം), പ്രിന്‍സ് നടരാജന്‍ (ചെയര്‍മാന്‍, ഇന്ത്യന്‍ സ്‌കൂള്‍), ഫ്രാന്‍സിസ് കൈതാരം, ഷാജി കാര്‍ത്തികേയന്‍ (എസ്.എന്‍.സി.എസ്.) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മൈത്രി സാന്ത്വന പദ്ധതികളുടെ ഉദ്ഘാടനം എന്‍.കെ.പ്രേമചന്ദ്രന്‍ എംപി നിര്‍വഹിച്ചു.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ഹാജ് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിക്ക് ബഹ്‌റൈനിലെ വിവിധ മുസ്ലിം സംഘടനകളായ സമസ്ത ബഹ്‌റൈന്‍, കെ.എം.സി.സി, ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍, കെ.എന്‍എം, അല്‍ അന്‍സാര്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഡിസ്‌കവറി ഓഫ് ഇസ്ലാം, മഹല്‍ അസോസിയേഷന്‍ ഓഫ് തൃശൂര്‍ (മാറ്റ്), ഐ.സി.എഫ് എന്നീ പ്രവാസി മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ച് യഥാക്രമം സയ്യിദ് ഫക്രുദ്ധീന്‍ കോയ തങ്ങള്‍, എസ്.വി.ജലീല്‍, ജമാല്‍ നദ് വി, അബ്ദുല്‍ അസീസ്, അബ്ദുല്‍ മജീദ്, എം.സി.കരീം തുടങ്ങിയവരും കരുനാഗപ്പള്ളി തൊടിയൂര്‍ നിവാസികള്‍ക്ക് വേണ്ടി അബ്ദുല്‍ വഹാബ്, അബ്ദുല്‍ ബാരി എന്നിവരും പൗര സ്വീകരണത്തിന് നേതൃത്വം നല്‍കി.

തുടര്‍ന്ന് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി നന്ദിപ്രഭാഷണം നടത്തി. മാനവ സൗഹാര്‍ദ്ദമാണ് ഇസ്ലാം ലോകത്തിന് നല്‍കിയ സംഭാവനയെന്നും സ്‌നേഹത്തിന് നിര്‍വചനം ജീവിതവും ജീവിതത്തിന് നിര്‍വചനം സ്‌നേഹവുമാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
ഐസ് പോലെയുള്ള സംഘടനകള്‍, അത് ഉണ്ടാക്കിയവര്‍, അതില്‍ പ്രവര്‍ത്തിക്കുന്നവര്‍, അതിലൂടെ നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ അക്രമങ്ങളും അനാചാരങ്ങളും ചെയ്യുന്നവരുടെ ഹൃദയങ്ങള്‍ എല്ലാം സ്‌നേഹം കടന്നു ചെല്ലാത്ത ഇടുങ്ങിയ കല്ലറകളാണെന്നും അവര്‍ക്ക് ഇസ്ലാമുമായി ബന്ധമില്ലെന്നും അദ്ധേഹം വിശദീകരിച്ചു. തീവ്രവാദം കൊണ്ട് ഏതൊരു പ്രസ്ഥാനവും നശിക്കുകയല്ലാതെ ഒരു അഭിവൃദ്ധിയുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈന്‍ ഒ.ഐ.സി.സി. ഗ്ലോബല്‍ പ്രസിഡന്റ് രാജു കല്ലുംപുറം, റെജി മണ്ണേല്‍ (വോയ്‌സ് ഓഫ് കേരള പ്രോഗ്രാം ഡയറക്ടര്‍) തുടങ്ങിയവരും സംസാരിച്ചു. വിശിഷ്ടാതിഥികള്‍ക്കുള്ള മെമെന്റോ വിതരണം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ കോയ തങ്ങള്‍, ഷംസ് കൊച്ചി, സഈദ് റമദാന്‍ നദ്‌വി എന്നിവര്‍ നിര്‍വഹിച്ചു. ഡോ. അബ്ദുല്‍റഹ്മാന്‍ ഖിറാഅത്ത് നടത്തി. മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി തേവലക്കര ബാദുഷ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷിബു പത്തനംതിട്ട നന്ദിയുംപറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter