മുസ്ലിം വേൾഡ് ലീഗിന്റെ മികച്ച ലേഖന പുരസ്കാരം മൻസൂർ ഹുദവിക്ക്

സൗദി ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റാബിതത്തുൽ ആലമിൽ ഇസ്ലാമിയുടെ (മുസലിം വേൾഡ് ലീഗ്) ഔദ്യോഗിക പ്രസിദ്ധീകരണമായ "അൽ റാബിത"യുടെ മികച്ച ലേഖനത്തിനുള്ള പുരസ്കാരത്തിന് മലയാളി യുവപണ്ഡിതൻ മൻസൂർ ഹുദവി അർഹനായി. രചനാവൈവിധ്യം, ഭാഷാനൈപുണ്യം, ഉള്ളടക്കത്തിന്റ മൗലികത തുടങ്ങിയവ വിദഗ്ദസമിതി പരിശോധിച്ചതിന് ശേഷമാണ് അവാർഡ് പ്രഖ്യാപിക്കുന്നത്.

പ്രമുഖ അറബി കവി ശിഹാബ് ഗാനം അറബിയിലേക്ക്, 'റനീനുസുറയ്യ' എന്ന പേരിൽ, മൊഴിമാറ്റിയ മലയാള കവയത്രി കമലാ സുറയ്യയുടെ കവിതകളിൽ പ്രധാനമായ യാ അല്ലാഹ് എന്ന രചനയുടെ
ആസ്വാദന പ്രബന്ധമാണ് അവാർഡിനർഹമായത്(ലക്കം 630). അൾജീരയിലെ പ്രമുഖ എഴുത്തുകാരിയും നിരൂപകയും തിൽമസാൻ സർവകലാശാലയിലെ അറബിക് പ്രൊഫസറുമായ ഡോ.ആമിന ബിൻ മൻസൂറാണ് കഴിഞ്ഞ വർഷം ഈ അവാർഡിന് അർഹയായത്. പ്രശസ്തി പത്രവും പരിശുദ്ധ ഹജ് കർമം മികച്ച സൗകര്യങ്ങളോടെ നിർവഹിക്കാൻ അവസരവും നൽകുക എന്നതാണ് അവാർഡ്. നിരവധി അന്താരാഷ്ട്ര അറബിക് പ്രസിദ്ധീകരണങ്ങളിൽ അക്കാദമിക് ലേഖനം എഴുതിയ ഹുദവി യു എൻ ജനറൽ അസംബ്ലിയിലടക്കം സെമിനാർ അവതരിപ്പിച്ചിട്ടുണ്ട്.
നിലവിൽ അന്നഹ്ള അറബിക് മാഗസിനിലെ എഡിറ്റോറിയൽ അംഗവും കോളമിസ്റ്റുമാണ്.
ദോഹയിലെ ബിർള സ്കൂളിൽ അറബിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന മൻസൂർ ഹുദവി കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഡോ. ഫസ്ലുള്ളക്ക് കീഴിൽ ഗവേഷഷണം പൂർത്തിയാക്കി സമർപ്പിച്ചിട്ടുണ്ട്. മലപ്പുറം, മഞ്ചേരിയിലെ പരേതനായ മീരാൻ ഫൈസി - ടി പി നഫീസ ദമ്പതികളുടെ മകനായ മൻസൂർ പറപ്പൂർ സബീലുൽ ഹിദായയിലെ പത്ത് വർഷ പഠനത്തിന് ശേഷം ചെമ്മാട് ദാറുൽ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റിയിൽ നിന്നാണ് ഹുദവി കോഴ്സ് പൂർത്തീകരിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter