ഖുർആന്‍ പരാമര്‍ശിച്ച സ്ത്രീകൾ - ഭാഗം 02
പ്രവാചക പത്നിമാർ
പ്രവാചക പത്നിമാരെ ഒരുമിച്ചും അല്ലാതെയും വ്യത്യസ്ത ഇടങ്ങളിൽ ഖുർആൻ അഭിസംബോധന ചെയ്തിട്ടുണ്ട്. എല്ലാവരെയും അഭിസംബോധന ചെയ്തതിന്റെ ഉദാഹരങ്ങളാണ് സൂറത്തുൽ അഹ്സാബിലെ 30, 32 സൂക്തങ്ങൾ. ചില ഭാര്യമാരെ കുറിച്ച് മാത്രം പറയുന്ന സൂക്തമാണ് സൂറത്തുത്തഹ്‌രീമിലെ മൂന്നാമത്തെ ആയത്ത്.
ഖദീജ ബീവി
നബി പത്നിമാരിൽ പ്രഥമയും നബിയുടെ ഉമ്മത്തിലെ ആദ്യവനിതയുമാണ് ഖദീജ ബിൻത് ഖുവൈലിദ്. ഖുർആനിലെ പല സ്ഥലങ്ങളിലും ബീവിയിലേക്കുള്ള സൂചനകളുണ്ട്. സൂറത്തു ത്വാഹയിലെ നൂറ്റി മുപ്പത്തി രണ്ടാമത്തെ സൂക്തം ഉദാഹരണം. "നിൻറെ കുടുംബത്തോട് നീ നിസ്കരിക്കാൻ കൽപിക്കുകയും, അതിൽ (നിസ്കാരത്തിൽ) നീ ക്ഷമാപൂർവ്വം ഉറച്ചുനിൽക്കുകയും ചെയ്യുക". പ്രസ്തുത ആയത്തിലെ കുടുംബം എന്നത് കൊണ്ട് ഖദീജ ബീവിയെയാണ് ഉദ്ദേശിക്കുന്നത് എന്നാണ് ഭൂരിഭാഗ ഖുർആൻ വ്യാഖാതാക്കളുടെയും അഭിപ്രായം. പ്രസ്തുത ആയത്ത് ഇറങ്ങിയ സമയത്ത് ഖദീജ ബീവി മാത്രമായിരുന്നു നബിയുടെ ഭാര്യ എന്നതാണ് കാരണം. സൂറത്തു ശുഅറാഇലെ ഇരുനൂറ്റി പതിനാലമത്തെ ആയത്ത്, ഫുർഖാനിലെ എഴുപത്തി നാലാമത്തെ ആയത്ത് തുടങ്ങിയവയും ഖദീജ ബീവിയിലേക്കുള്ള സൂചനകളാണ്.
ആഇശ ബീവി
ആഇശ ബീവിയുടെ മേലുണ്ടായ അപവാദാരോപണവുമായി ബന്ധപ്പെട്ടാണ് ബീവിയെ കുറിച്ച് ഖുർആനിൽ വന്ന പ്രധാന പരാമർശം. സൂറത്തുന്നൂറിലാണ് പ്രസ്തുത പരാമർശങ്ങളുള്ളത്. ബീവിയുടെ മേൽ ആരോപണം ഉയർന്നു വരാൻ ഹേതുകമായ സംഭവം ഇങ്ങനെയാണ്: ബനൂ മുസ്‌തലഖ് യുദ്ധം കഴിഞ്ഞു തിരിച്ചു വരുമ്പോൾ വിശ്രമിക്കാൻ ഇറങ്ങിയ സ്ഥലത്ത് നിന്ന് വിസർജനാവശ്യാർത്ഥം ആഇശ ബീവി സംഘത്തിൽ നിന്ന് അല്പം മാറി നിന്നു. തിരിച്ചു വന്നപ്പോൾ കഴുത്തിലുണ്ടായിരുന്ന മാല കാണാനില്ല. ബീവി മാല തിരയാനായി തിരിച്ചു പോയി. പിന്നീട് തിരിച്ച് വന്നപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. കൂടെ ഉണ്ടായിരുന്ന യാത്രാ സംഘം മടങ്ങുകയും ചെയ്തിരുന്നു. ആഇശ ബീവി മറയുള്ള ഒട്ടക കട്ടിലിൽ ഉണ്ടെന്ന ധാരണയിലാണ് സംഘം യാത്ര തുടർന്നത്. കൂടെയുണ്ടായിരുന്നവരുടെ പോക്കിൽ വിഷമിച്ച ആഇശ ബീവി തളർന്നു മയങ്ങിപ്പോയി. അതിനിടയിൽ യാത്രാ വഴിയിലെ വിശേഷങ്ങൾ അന്വേഷിക്കാൻ ഏൽപ്പിക്കപ്പെട്ട സ്വഫ്‍വാൻ എന്ന സ്വഹാബി വഴിയിൽ കുടുങ്ങിയ പെൺകുട്ടിയെ കണ്ടു. അത് നബി പത്നി ആയിശയാണെന്നറിഞ്ഞതും അദ്ദേഹം പരിഭ്രാന്തനായി. ഉടനെ അവരെ തന്റെ വാഹനത്തിന്റെ പിന്നിലിരുത്തി മദീനയിലെത്തിച്ചു.
ഇതറിഞ്ഞ ചില കപട വിശ്വാസികളായ മനോരോഗികൾ കൽപ്പിച്ചുണ്ടാക്കിയ കെട്ടുകഥയാണ് ആഇശ ബീവിക്കെതിരെയുള്ള അപവാദ കഥ. ഇത് കേട്ട ചില നിഷ്കളങ്കരും സംഭവം സത്യമാണെന്ന് കരുതി. ഇതിന്റെ പേരിൽ ആഇശ ബീവിയും കുടുംബവും അനുഭവിച്ച മനപ്രയാസത്തിന് കണക്കില്ല. ഒരു മാസത്തോളം നീണ്ട അനിശ്ചിതാവസ്ഥ. ഒടുവിൽ പ്രവാചകര്‍ക്ക് ദിവ്യസന്ദേശം ഇറങ്ങി. "തീർച്ചയായും ആ കള്ള വാർത്തയും കൊണ്ട് വന്നവർ നിങ്ങളിൽ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങൾക്ക് ദോഷകരമാണെന്ന് നിങ്ങൾ കണക്കാക്കേണ്ട. അല്ല, അത് നിങ്ങൾക്ക് ഗുണകരം തന്നെയാകുന്നു. അവരിൽ ഓരോ ആൾക്കും താൻ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്. അവരിൽ അതിൻറെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയാനക ശിക്ഷയുള്ളത്. നിങ്ങൾ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ കള്ളം തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല?. അവർ എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല.? എന്നാൽ അവർ സാക്ഷികളെ കൊണ്ട് വരാത്തതിനാൽ അവർ തന്നെയാകുന്നു അല്ലാഹുവിങ്കൽ വ്യാജവാദികൾ" (സൂറത്തുന്നൂർ 11-13).
ഹഫ്സ ബീവി
സൂറത്തു തഹ്‌രീമിലെ ആദ്യ അഞ്ച് ആയത്തുകളും സൂറത്തു ത്വലാഖിലിനെ ഒന്നാമത്തെ ആയത്തുമാണ് ഹഫ്സ ബീവിയുമായി ബന്ധപ്പെട്ട് ഇറങ്ങിയവ. പ്രവാചകൻ(സ്വ) ഭാര്യമാരുടെ സംസാരം കേട്ട് അനുവദനീയമായത് (ഹലാൽ) നിഷിദ്ധമാക്കിയതുമായി (ഹറാം) ബന്ധപ്പെട്ടും മറ്റുമാണ് പ്രസ്തുത ആയത്തുകൾ ഇറങ്ങിയത്. അതിനു ആധാരമായ സംഭവം ഇങ്ങനെയാണ്:
പ്രവാചകൻ(സ്വ)ക്ക് അസർ നിസ്കാരം കഴിഞ്ഞാൽ ഭാര്യമാരെ സന്ദർശിക്കുന്ന പതിവുണ്ടായിരുന്നു. ഒരു ദിവസം ഹഫ്സ ബീവിയുടെ വീട്ടിലേക്ക് ചെന്നപ്പോൾ നബിക്ക് ഏറെ ഇഷ്ട്ടമുള്ള തേൻ നൽകി. പ്രവാചകൻ(സ്വ) അത് കഴിക്കുകയും ചെയ്തു. അതുവഴി പ്രവാചകന് പതിവിലും കൂടുതൽ ഹഫ്സ ബീവിയുടെ വീട്ടിൽ തങ്ങേണ്ടി വന്നു. എന്നാൽ ഇതറിഞ്ഞ മറ്റു ഭാര്യമാർക്ക് ഇത് പിടിച്ചില്ല. ഭാര്യമാരിൽ ഒരാൾ മറ്റൊരാളോട് പറഞ്ഞു: റസൂൽ വന്നാൽ മിഗ്ഫർ മണക്കുന്നതായി പറയണം. ദുർഗന്ധമുള്ള ചെടിയാണ് മിഗ്‌ഫർ. റസൂലിനാകട്ടെ ദുർഗന്ധം ഒട്ടും ഇഷ്ട്ടമല്ല. ഭാര്യമാരുടെ കുതന്ത്രം മനസ്സിലാകാതിരുന്ന പ്രവാചകൻ മിഗ്‌ഫർ കലരാനുള്ള സർവ്വ സാധ്യതകളെയും എതിർത്തു. ഒടുവിൽ ഹഫ്സ ബീവിയുടെ വീട്ടിൽ നിന്ന് കഴിച്ച തേനിനെ കുറിച്ച് പ്രവാചകൻ പറഞ്ഞു. ഉടനെ അവർ പറഞ്ഞു: ആ തേനീച്ച മിഗ്‌ഫറിൽ ഇരുന്നു കാണും. ഇതുകേട്ട പ്രവാചകൻ പറഞ്ഞു: ഇനി ഞാൻ തേൻ കഴിക്കില്ല. പ്രവാചകന്റെ ഈ തീരുമാനത്തെ പരാമര്‍ശിച്ച് കൊണ്ടാണ് പ്രസ്തുത ആയത്ത് ഇറങ്ങിയത്: "ഓ; നബീ, താങ്കളെന്തിനാണ് നിങ്ങളുടെ ഭാര്യമാരുടെ പ്രീതി തേടിക്കൊണ്ട് അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (സൂറത്തു തഹ്രീം -1).
ഹഫ്സ ബീവിക്ക് മാത്രം അറിയുന്ന പ്രവാചകന്റെ രഹസ്യം ആഇശ ബീവിക്ക് വെളിവാക്കി കൊടുത്തതിന്റെ പെരിലും സൂറതുതഹ്‍രീമിൽ ആയത്ത് ഇറങ്ങിയിട്ടുണ്ട്.
സൈനബ് ബിൻത് ജഹ്ശ്
അറേബ്യയിൽ നിലനിന്നിരുന്ന ഒന്നിലധികം തെറ്റായ കീഴ്‍വഴക്കങ്ങളെ പൊളിച്ചടക്കുന്നതിൽ നിർണായക പങ്ക് വഹിച്ചവരാണ് സൈനബ് ബീവി. സൂറത്തുൽ അഹ്സാബിലൂടെയാണ് ബീവിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഖുർആനിൽ ഇടം പിടിക്കുന്നത്. അടിമകൾക്ക് സ്വന്തം പെൺ മക്കളെ വിവാഹം ചെയ്തു കൊടുക്കാൻ മടിച്ചിരുന്ന അറബികൾക്കിടയിൽ നിന്നാണ് സൈദ് ബിൻ ഹാരിസയെ സൈനബ് ബീവി വിവാഹം ചെയ്തത്. സൈദുബ്‌നു ഹാരിസ തിരുദൂതരുടെ വളർത്തു മകനായിരുന്നെങ്കിലും അടിമത്തത്തിൽ നിന്ന് മോചനം നേടിയയാളായിരുന്നു. "നീ സൈദിനെ ഭർത്താവായി സ്വീകരിക്കണം" തിരുനബിയുടെ ആവശ്യം കേട്ട സൈനബിന്റെ മുഖം ചുളിഞ്ഞു. "അദ്ദേഹം എനിക്ക് ചേരില്ല ദൂതരേ, നിർബന്ധിക്കരുത്". റസൂലിന്റെ ബന്ധു കൂടിയായിരുന്നു സൈനബ് ബീവി. സൈനബിന്റെ മറുപടി തിരുത്തിയത് ഖുർആനായിരുന്നു. "അല്ലാഹുവും അവന്റെ ദൂതരും ഒരു കാര്യത്തിൽ തീരുമാനമെടുത്തുകഴിഞ്ഞാൽ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നവർ ആരോ, അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചുപോയിരിക്കുന്നു" (അഹ്സാബ് 36). ഇതോടെ സൈദ്(റ)നെ വിവാഹം കഴിക്കാൻ സൈനബ് ബീവി സമ്മതമരുളി.
പക്ഷെ ഇരുവരുടെയും വിവാഹ ജീവിതം സുഖകരമായിരുന്നില്ല. പലകുറി സൈദ്(റ) പരാതിയും പരിഭവവുമായി പ്രവാചകന്റെ മുമ്പിലെത്തി. അപ്പൊഴൊക്കെയും പ്രവാചകൻ ബന്ധം തുടരണമെന്ന് തന്നെ നിർദ്ദേശിച്ചു. ഒടുവിൽ അവർക്കു പിരിയാനുള്ള അനുവാദം വഹ്‍യായി പ്രവാചകനിലെത്തി. സൈദ്(റ) സൈനബിനെ വിവാഹമോചനം നടത്തി. അല്ലാഹുവിന്റെ നിർദേശപ്രകാരം അവരെ നബി(സ്വ) വിവാഹം ചെയ്തു. ഈ വിവാഹത്തിലൂടെ മറ്റൊരു ധാരണയെ കൂടി ഇസ്‌ലാം പിഴുതെറിഞ്ഞു. വളർത്തു പുത്രനെ വളർത്തു പിതാവിലേക്ക് ചേർത്തു വിളിക്കുന്ന സമ്പ്രദായമായിരുന്നു അറേബ്യയിൽ ഉണ്ടായിരുന്നത്. അതാണ് ഇതിലൂടെ ഇല്ലാതായത്. അല്ലാഹു പറയുന്നു: "ഓ നബി, താങ്കളും അല്ലാഹുവും അനുഗ്രഹം ചെയ്‌ത ആ വ്യക്തിയോട് 'സ്വപത്‌നിയെ നീ കൂടെ നിർത്തുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക' എന്ന് താങ്കൾ നിർദേശിച്ച സന്ദർഭം സ്‌മരണീയമത്രെ. അല്ലാഹു വെളിപ്പെടുത്താൻ പോകുന്ന ഒരു കാര്യം നിങ്ങളുടെ മനസ്സിൽ മറച്ചു വെക്കുകയും ജനങ്ങളെ നിങ്ങൾ പേടിക്കുകയും ചെയ്തിരുന്നു. എന്നാൽ നിങ്ങൾ പേടിക്കുവാൻ ഏറ്റവും അർഹതയുള്ളവൻ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളിൽ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോൾ അവളെ നാം നിങ്ങൾക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രൻമാർ അവരുടെ ഭാര്യമാരിൽ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തിൽ സത്യവിശ്വാസികൾക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാൻ വേണ്ടിയത്രെ അത്. അല്ലാഹുവിൻറെ കൽപന പ്രാവർത്തികമാക്കപ്പെടുന്നതാകുന്നു" (സൂറത്തുൽ അഹ്സാബ് - 37).
പ്രവാചക പത്നിയായിരുന്ന ഉമ്മു ഹബീബ ബീവിയെ കുറിച്ചുള്ള സൂചനയും സൂറത്തുൽ മുംതഹിനയിലൂടെ ഖുർആനിൽ വന്നിട്ടുണ്ട്.
ഖൗല ബിൻത് സഅലബ
ഔസുബ്‌നു സ്വാമിതായിരുന്നു ഖൗല(റ)യുടെ ഭർത്താവ്. ധീരതയുടെ പര്യായം കൂടിയയായിരിന്നു അവർ. തിരുനബി(സ്വ)യുമായി തർക്കിച്ചവർ എന്ന പേരിലാണ് മുസ്‌ലിംകൾക്കിടയിൽ ഖൗല(റ) കൂടുതൽ അറിയപ്പെടുന്നത്. ഖുർആനിലെ ഒരധ്യായം തന്നെ (സൂറതുല്‍മുജാദില) അവരുടെ കാരണത്താലിറങ്ങിയതാണ്. ഇക്കാരണം കൊണ്ടു തന്നെ ഉമർ(റ)വും ആഇശ(റ)യുമുൾപ്പെടെയുള്ളവർ അവരെ ഏറെ ആദരിച്ചിരുന്നതായി കാണാം.
പ്രസ്തുത സംഭവം ഇങ്ങനെയാണ്. ഖൗല(റ)യുടെ ഭർത്താവായ ഔസ്(റ)ന് പ്രായമായി. സ്വാഭാവികമായി ഇവർ തമ്മിൽ പല വിഷയങ്ങളിലും വഴക്ക് പതിവായി. ഔസിന് ലേശം എടുത്തു ചാട്ടവും ശുണ്ഠിയും കൂടുതലായിരുന്നു. ഒരു ദിവസം ഇരുവർക്കുമിടയിൽ വലിയ തർക്കമുണ്ടായി. തർക്കത്തിനിടയിൽ 'നീ എന്റെ ഉമ്മയുടെ മുതുക് പോലെയാണ് എന്ന് ഔസ് ഖൗലയോട് പറയുകയും ചെയ്തു. ജാഹിലിയ്യ കാലത്തെ പ്രയോഗമായിരുന്നു ഇത്. അഥവാ, മാതാവുമായി ലൈംഗിക ബന്ധം ഒരിക്കലും അനുവദനീയമല്ലാത്ത പോലെ, നീയുമായി ഇനി ഞാനൊരിക്കലും ലൈംഗിക ബന്ധത്തിലേര്‍പെടില്ല എന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രയോഗം. ളിഹാർ എന്നാണ് ഇതിന് പറയുക. ഇതും പറഞ്ഞ് ഔസ് വീട്ടിൽ നിന്ന് ഇറങ്ങി പോയി. അല്പം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം പതിവു പോലെ ഭാര്യയെ സമീപിക്കാനൊരുങ്ങി. എന്നാൽ ഖൗല(റ) വിസമ്മതിച്ചു. "ഇക്കാര്യത്തിൽ റസൂലി(സ്വ)ന്റെ അനുവാദമില്ലാതെ ഞാൻ ഒന്നിനും സമ്മതിക്കില്ല." ഖൗല(റ) തീർത്തു പറഞ്ഞു. ഔസ്(റ) ശരിക്കും കുഴങ്ങി. ഖൗല(റ) തിരുസന്നിധിയിലെത്തി പ്രശ്നം ആരാഞ്ഞു. നബി(സ്വ) പറഞ്ഞു: 'നീ അല്ലാഹുവിനെ സൂക്ഷിക്കുക, ഭാര്യ-ഭർതൃബന്ധം പാടില്ല. ഇക്കാര്യത്തിൽ അല്ലാഹുവിന്റെ വിധി വന്നിട്ടുമില്ല".
"ഔസ് എന്നെ ത്വലാഖ് ചൊല്ലിയിട്ടില്ലല്ലോ. അല്ലാഹുവിന്റെ വിധി വരാതെ ഞാൻ ഈ ബന്ധത്തിൽ നിന്ന് ഒഴിയില്ല' ഇതും പറഞ്ഞ് ഖൗല(റ) നബി(സ്വ)യോട് തർക്കിച്ചു. നബി(സ്വ) നിശ്ശബ്ദനായി. ഇതിനിടെ ഖൗല(റ) അകമേ പ്രാർഥന തുടങ്ങിയിരുന്നു. "അല്ലാഹുവേ, എന്റെ വേദന ഞാനിതാ നിന്റെ മുന്നിൽ സമർപ്പിക്കുന്നു. നീ വിധി ഇറക്കേണമേ". വൈകിയില്ല, ഖൗല(റ)യുടെ വേദന നാഥൻ കേട്ടു. പ്രവാചകന് വഹിയ് ഇറങ്ങി. "(നബിയേ,) തൻറെ ഭർത്താവിൻറെ കാര്യത്തിൽ നിന്നോട് തർക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങൾ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്. നിങ്ങളുടെ കൂട്ടത്തിൽ തങ്ങളുടെ ഭാര്യമാരെ മാതാക്കൾക്ക് തുല്യമായി പ്രഖ്യാപിക്കുന്നവർ (അബദ്ധമാകുന്നു ചെയ്യുന്നത്.) അവർ (ഭാര്യമാർ) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കൾ അവരെ പ്രസവിച്ച സ്ത്രീകൾ അല്ലാതെ മറ്റാരുമല്ല. തീർച്ചയായും അവർ". (സൂറത്തുൽ മുജാദല - 1-3)
അബൂ ലഹബിന്റെ ഭാര്യ
ഖുർആനിൽ അപകീർത്തികരമായി പരാമർശിക്കപ്പെട്ട സ്ത്രീയാണ് അബൂലഹബിന്റെ ഭാര്യ ഉമ്മു ജമീൽ ബിൻത് ഹർബ് ബിൻ ഉമയ്യ. അബൂ ലഹബ് പ്രബോധന വഴിയിൽ റസൂലിനെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന ആളായിരുന്നു. ഭാര്യയായ ഉമ്മു ജമീലായിരുന്നു അബൂ ലഹബിനെ ഇത്തരം കാര്യങ്ങളിൽ സഹായിച്ചിരുന്നത്. റസൂൽ നടന്നു പോകുന്ന വഴിയിൽ മുള്ളുവാരിയിടുകയായിരുന്നു ഇവളുടെ രീതി. ഇരുവരേയും ആക്ഷേപിച്ചത് സൂറത്തുൽ മസദിലൂടെയാണ്. "അബൂലഹബിൻറെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു. അവൻറെ ധനമോ അവൻ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്നിയിൽ അവൻ കടന്നെരിയുന്നതാണ്. വിറകുചുമട്ടുകാരിയായ അവൻറെ ഭാര്യയും. അവളുടെ കഴുത്തിൽ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും"(സൂറത്തുൽ മസദ്).
നൂൽ നെയ്ത്തുകാരി
സൂറത്തു നഹ്‌ലിലാണ് നൂൽ നെയ്ത്തുകാരിയെ ഉപമയാക്കി ഖുർആൻ സംസാരിക്കുന്നത്. റീത്വ ബിൻത് സഅദാണ് പ്രസ്തുത സ്ത്രീ എന്നാണ് പ്രബലാഭിപ്രായം. ആയത്ത് ഇങ്ങനെ: "ഉറപ്പോടെ നൂൽ നൂറ്റ ശേഷം തൻറെ നൂൽ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പോലെ നിങ്ങൾ ആകരുത്. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തേക്കാൾ എണ്ണപ്പെരുപ്പമുള്ളതാകുന്നതിൻറെ പേരിൽ നിങ്ങൾ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാർഗമാക്കിക്കളയുന്നു. അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങൾ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവൻ നിങ്ങൾക്കു വ്യക്തമാക്കിത്തരിക തന്നെ ചെയ്യും" (സൂറത്തു നഹ്‌ൽ - 92). സത്യം, കരാർ തുടങ്ങിയവ ഉറപ്പിച്ചതിന് ശേഷം ആളും തരവും നോക്കി മാറ്റുന്നവരെ സൂചിപ്പിക്കാൻ വേണ്ടിയാണ് നൂൽകാരിയെ ഉപമയാക്കിയത്. നന്നായി നൂൽ കോർത്തതിന് ശേഷം വീണ്ടും അതിനെ പരസ്പരം വേർപ്പെടുത്തി കളയുകയായിരുന്നു ഈ നൂൽ നെയ്ത്തുകാരിയുടെ നിത്യ ജോലി.



Leave A Comment