സഅ്ദ് ബിന്‍ അബീ വഖാസ് (റ)
ആദ്യകാലങ്ങളില്‍ ഇസ്‌ലാമാശ്ലേഷിച്ച സ്വഹാബി വര്യന്‍. സ്വര്‍ഗംകൊണ്ട് പ്രവാചകന്‍ സന്തോഷ വാര്‍ത്ത നല്‍കിയ പത്തുപേരില്‍ ഒരാള്‍. പതിനേഴു വയസ്സുള്ളപ്പോള്‍ ഇസ്‌ലാമിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട് ഒരു സ്വപ്ന ദര്‍ശനമുണ്ടാവുകയും ഇസ്‌ലാമാശ്ലേഷിക്കുകയും ചെയ്തു. കുപിതയായ മാതാവ് മകനെ അതില്‍നിന്നു വിലക്കിയെങ്കിലും അദ്ദേഹം തയ്യാറായില്ല. ഒടുവില്‍, സഅ്ദ് ഇസ്‌ലാമിനെ കൈവെടിയുന്നതുവരെ ഭക്ഷണം കഴിക്കില്ലായെന്ന് ഉമ്മ ശപഥം ചെയ്തു. സഅ്ദ് ഇസ്‌ലാമിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല. ദൈനംദിനം ഉമ്മയുടെ അവസ്ഥ ശോഷിച്ചു. ഉമ്മയുടെ അവസ്ഥ കണ്ടെങ്കിലും പുതിയ മതത്തില്‍നിന്ന് പിന്മാറാന്‍ ആളുകള്‍ അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ചു. സത്യമതം കൈവിടാന്‍ തയ്യാറാവാതിരുന്ന അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: ‘ഉമ്മാ, അങ്ങേക്ക് ആയിരം ശരീരമുണ്ടാവുകയും അവയോരോന്നും എന്റെ മുമ്പില്‍ പിടഞ്ഞു പിടഞ്ഞു മരിക്കുകയും ചെയ്താലും ശരി, ഞാന്‍ ഈ സത്യമതത്തില്‍നിന്നും പിന്‍മാറുന്ന പ്രശ്‌നമില്ല.’ ഇതു കേട്ട ഉമ്മ മകന്റെ വിശ്വാസത്തിന്റെ ആഴം തിരിച്ചറിയുകയും തന്റെ തീരുമാനത്തില്‍നിന്നും പിന്‍വാങ്ങുകയുമായിരുന്നു.
മക്കയില്‍ പ്രവാചകരോടൊപ്പം ജീവിച്ചു. ശേഷം, മദീനയിലേക്കു ഹിജ്‌റ പോയി. ഇസ്‌ലാമിന്റെ പ്രതിരോധ സമരങ്ങളില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. ഇസ്‌ലാമില്‍ ആദ്യമായി അമ്പെയ്ത്ത് നടത്തുകയും യുദ്ധമേഖലയില്‍ അതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. മദീനയിലെത്തിയ പ്രവാചകന്‍ ആദ്യമായി ജുഹ്ഫയുടെ ഭാഗത്ത് സ്ഥിതിചെയ്യുന്ന സാബിഗ് എന്ന പ്രദേശത്തേക്ക് യുദ്ധാവശ്യാര്‍ത്ഥം (സരിയ്യത്ത്) ചില സ്വഹാബികളെ പറഞ്ഞയച്ചിരുന്നു. കൂട്ടത്തില്‍ അമ്പെയ്ത്ത് കൈകാര്യം ചെയ്തിരുന്നത് സഅ്ദാണ്. ഉഹ്ദ് യുദ്ധത്തില്‍ പോര്‍ക്കളത്തിനടുത്ത മലമുകളില്‍ പ്രവാചകന്‍ അമ്പത് അമ്പെയ്ത്തുകാരെ നിര്‍ത്തുകയുണ്ടായി. അവരുടെ നേതൃത്വവും സഅ്ദ് ബിന്‍ അബീ വഖാസിന്റെ കരങ്ങളിലായിരുന്നു. പ്രവാചകരോട് വളരെ സഹവാസത്തില്‍ ജീവിച്ച അദ്ദേഹം പ്രവാചകരുടെ സ്‌നേഹം പിടിച്ചപറ്റി. ജാബിര്‍ (റ) പറയുന്നു: ഒരിക്കല്‍ ഞങ്ങള്‍ പ്രവാചകരുടെ സദസ്സിലിരിക്കുകയായിരുന്നു. അപ്പോള്‍ സഅ്ദ് (റ) കയറി വന്നു. പ്രവാചകന്‍ അദ്ദേഹത്തെ തന്റെ അടുത്ത ആളായി പരിചയപ്പെടുത്തുകയുണ്ടായി (തുര്‍മുദി). പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കപ്പെട്ടിരുന്ന വ്യക്തികൂടിയായിരുന്നു സഅദ്. ‘നാഥാ, സഅദിന്റെ പ്രാര്‍ത്ഥനകള്‍ക്ക് നീ ഉത്തരം നല്‍കേണമേ’ എന്ന് പ്രവാചകന്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥന നടത്തിയിരുന്നു (തുര്‍മുദി). ഒരിക്കല്‍ അലി, സുബൈര്‍, ഥല്‍ഹ (റ) തുടങ്ങിയ പ്രഗല്‍ഭരായ സ്വഹാബി വര്യരന്മാരെ ചീത്ത വിളിക്കുന്ന ഒരാളെ കാണാനിടയായി. അദ്ദേഹം അയാളെ തടഞ്ഞെങ്കിലും ആ മനുഷ്യനത് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. സഅദ് (റ) അയാള്‍ക്കെതിരെ പ്രാര്‍ത്ഥിക്കുകയും അവിടെ വെച്ചുതന്നെ അയാള്‍ക്കതിനുള്ള ശിക്ഷ ഇറങ്ങുകയും ചെയ്തു.
ഉമര്‍ (റ) വിന്റെ ഭരണ കാലം. സഅദ് (റ) കൂഫയിലെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. അനുയായികള്‍ക്ക് യാതൊരു ആവലാതിക്കും അവസരം നല്‍കാത്തവിധം നീതിബോധത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഭരണം. പേര്‍ഷ്യന്‍ സൈന്യം ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കുഴപ്പങ്ങളുണ്ടാക്കുകയും കലാപങ്ങളഴിച്ചുവിടുകയും ചെയ്യുന്ന വിവരം ഖലീഫ ഉമറിന്റെ മുമ്പിലെത്തി. അദ്ദേഹം സഅദ് ബിന്‍ അബീ വഖാസിന്റെ നേതൃത്വത്തില്‍ ഒരു വന്‍ സൈന്യത്തെ ഖാദിസിയ്യയിലേക്കയച്ചു. റുസ്തമിനെ മലര്‍ത്തിയടിച്ച മുസ്‌ലിംകള്‍ക്ക് വന്‍ വിജയമുണ്ടായി. പിന്നീട് അദ്ദേഹത്തിന്റെ നായകത്വത്തില്‍ നടന്ന മദാഇന്‍ യുദ്ധത്തിലും മുസ്‌ലിംകള്‍ക്കു തന്നെയായിരുന്നു വിജയം. നിറഞ്ഞു കവിഞ്ഞ ടൈഗ്രീസ് നദി നീന്തിക്കടന്നാണ് അദ്ദേഹവും സൈന്യവും യുദ്ധത്തിനു പോയിരുന്നത്.
ഉമര്‍ (റ) വിന് സഅദില്‍ നല്ല മതിപ്പായിരുന്നു. തനിക്കു ശേഷമുള്ള ഖലീഫയെ തെരഞ്ഞെടുക്കാനായി അദ്ദേഹം നയമിച്ച ആറംഗ സംഘത്തില്‍ അസദുമുണ്ടായിരുന്നു. തനിക്കു ശേഷം ഒരാളെ ഖലീഫയായി ഞാന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് സഅദാകുമായിരുന്നുവെന്ന് ഉമര്‍ (റ) പറയുകയുണ്ടായി. ഹിജ്‌റ വര്‍ഷം 55 ന് അഖീഖില്‍ വെച്ച് മരണപ്പെട്ടു. മദീനയില്‍ കൊണ്ടുവന്ന് അവിടെയാണ് മറമാടിയത്. അശറത്തുല്‍ മുബശ്ശിരീങ്ങളില്‍ അവസാനം വഫാത്തായ വ്യക്തിയാണ്.
Leave A Comment