മുഹമ്മദ് നബി: ജീവിതം നല്‍കുന്ന വിസ്മയ പാഠങ്ങള്‍

ലാളിത്യ പൂര്‍ണമായ ജീവിതമായിരുന്നു തിരുദൂതരു(സ്വ) ടേത്. മറ്റു മനുഷ്യരില്‍ നിന്നും ഉന്നത സ്ഥാനം ഒരിക്കലും ആഗ്രഹിച്ചില്ല. മറ്റുള്ളവരെപ്പോലെ പള്ളിനിര്‍മാണത്തിലും കിടങ്ങു കുഴിക്കുന്നതിലും നബിയും പങ്കെടുത്തു. മണ്ണില്‍ ജോലിയെടുക്കുന്നതിന്ല്‍ അവിടുത്തെ നെറ്റിയിലും ശരീരത്തിലും ജോലിചെയ്യുന്ന അവസരത്തില്‍ മണ്ണിന്റെ അട്ടി തന്നെ ഉണ്ടായിരുന്നു. ഒരിക്കല്‍ അനുചരന്‍മാരോടൊപ്പം ഒരു യാത്ര പുറപ്പെട്ടതായിരുന്നു പ്രവാചകന്‍ (സ്വ). യാത്രാസംഘത്തില്‍ ഉള്ളവരെല്ലാം ജോലികള്‍ പരസ്പരം പങ്കിട്ടെടുത്തു. വിറകു ശേഖരിക്കുന്ന ജോലി പ്രവാചകന്‍ (സ്വ) ഏറ്റെടുത്തു. സ്വഹാബാക്കള്‍ ആ ജോലി കൂടി തങ്ങള്‍ ചെയ്തുകൊള്ളാം എന്നു പറഞ്ഞു. അതിനു മറുപടിയായി നബി(സ്വ) പറഞ്ഞതിങ്ങനെയാണ്:’അതു ശരിയാണ്, പക്ഷെ ഞാന്‍ നിങ്ങളെക്കാള്‍ ഉയര്‍ന്നവനാവാന്‍ ആഗ്രഹിക്കുന്നില്ല.തന്റെ സഖാക്കളില്‍ നിന്നും ഔന്നിത്യം ഭാവിക്കുന്ന ആളെ അല്ലാഹു സ്‌നേഹിക്കുന്നില്ല.’
ബദര്‍ യുദ്ധത്തില്‍ പ്രവാചകന്റെ സംഘത്തില്‍ ഒട്ടകങ്ങള്‍ നന്നേകുറവായിരുന്നു. ചിലര്‍ ഒട്ടകപ്പുറത്ത് സഞ്ചരിക്കുമ്പോള്‍ ചിലര്‍ നടക്കും. അങ്ങനെ മാറിമാറിയാണവര്‍ യാത്ര ചെയ്തിരുന്നത്. തിരുമേനി(സ്വ) നടക്കേണ്ട ഊഴം വരുമ്പോള്‍ മറ്റുസഖാക്കള്‍ നബിയോട് ഒട്ടകപ്പുറത്ത് തന്നെ യാത്ര തുടരാന്‍ പറയും. എന്നാല്‍ നബി(സ്വ) അങ്ങനെ ചെയ്യുകയില്ല, എന്നു മാത്രമല്ല ഇങ്ങനെ പ്രതിവചിക്കുകയും ചെയ്യുമായിരുന്നു: ‘എന്നെക്കാളധികം നന്നായി നടക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്നു തോന്നുന്നില്ല. മാത്രമല്ല നിങ്ങളേക്കാള്‍ പ്രതിഫലം കിട്ടണമെന്ന് എനിക്കാഗ്രഹവുമുണ്ട്.’ എന്നിട്ട് ഒട്ടകത്തിന്റെ കയറും പിടിച്ച് നടക്കും.(മുസ്‌നദ് അഹ്മദുബ്‌നു ഹമ്പല്‍)
നേതാക്കന്‍മാരെ അമിതമായി ബഹുമാനിക്കുന്നതില്‍ നിന്ന് ബഹുദൈവാരാധന ഉണ്ടാവാനിടയുണ്ടെന്ന് പ്രവാചകന്(സ്വ) അറിയാമായിരുന്നു. അതുകൊണ്ട് പ്രവാചകന്‍ തന്റെ അനുയായികളെ താക്കീതു ചെയ്തു. ‘മറിയമിന്റെ പുത്രനെ ക്രിസ്ത്യാനികള്‍ വാഴ്ത്തുന്നതുപോലെ നിങ്ങളെന്നെ വാഴ്ത്തരുത്. ഞാന്‍ ദൈവത്തിന്റെ ഒരുദാസനും അവന്റെ ദൂതനും മാത്രമാണ്. അതിനപ്പുറമൊന്നുമില്ല.’ താഴ്മയുടെയും വിനയത്തിന്റെയും അതിരൂപമായിരുന്ന അവിടുന്ന് കടന്നു വരുമ്പോള്‍ നബിയെ ആദരിക്കാന്‍ വേണ്ടി എഴുന്നേറ്റ് നിന്നവരോട് തന്നെ ആദരിക്കാന്‍ എഴുന്നേറ്റു നില്‍ക്കരുതെന്ന് പറയുമായിരുന്നു.
നബി തങ്ങള്‍ സുഹൃത്തുക്കളോടൊപ്പം സംസാരച്ചിരിക്കുകയും തമാശപറയുകയും ചെയ്തിരുന്നു. നിങ്ങള്‍ ഞങ്ങളോട് തമാശ പറയുകയോ, ഒരക്കല്‍ അബൂഹുറൈറ(റ) അത്ഭുതത്തോടെ ചോദിച്ചു. അതെ, പക്ഷെ ഞാന്‍ സത്യ വിരുദ്ധമായി ഒന്നും പറയില്ല. നബി തങ്ങള്‍ പ്രതിവചിച്ചു. ഒരിക്കല്‍ പ്രവാചകനും ചില സഹാബത്തും കൂടി ഈത്തപ്പഴം തിന്നുകയായിരുന്നു. നബി(സ്വ) തിന്ന ഈത്തപ്പഴത്തിന്റെ കുരുകൂടി അലി(റ) യുടെ അടുത്തേക്കിട്ടു. കുറച്ചു കഴിഞ്ഞ് കുരുക്കള്‍ ചൂണ്ടി അലി കൂറേ ഈത്തപ്പഴം തിന്നല്ലോ എന്ന് പറഞ്ഞു. അലി(റ) ഉടനെ പ്രവാചകന്‍ കുരുകൂടി തിന്നുന്നുണ്ടോ, എന്നു തമാശ രൂപത്തില്‍ ചോദിച്ചു. ഇതുകേട്ട് എല്ലാവരും ചിരിച്ചു.
വിശാലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നിട്ടു കൂടി നബി(സ്വ) വളരെ ലളിതവും ദരിദ്രവുമായ ജീവിതമാണ് നയിച്ചത്. പലരാത്രികളിലും പ്രവാചക(സ്വ)ന്റെ കുടുംബത്തിന് രാത്രി ഭക്ഷണം ഉണ്ടായിരുന്നില്ല. മാത്രമല്ല മരണ വേളയില്‍ നബിതങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം കഷ്ണങ്ങള്‍ തുന്നിപ്പിടിപ്പിച്ചതായിരുന്നു.
ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു ഇഷ്ടപ്പെട്ടിരുന്നതെങ്കിലും ജീവിതത്തില്‍ ശുചിത്വത്തിന് വളരെ വലിയ പ്രാധാന്യമായിരുന്നു കല്‍പിച്ചിരുന്നത്. ‘ശുചിത്വം വിശ്വാസത്തിന്റെ പകുതിയാണ്’ എന്ന് ഉല്‍ബോധിപ്പിച്ചു. പാറിപ്പറന്ന മുടിയുമായി പള്ളിയില്‍ വന്ന ഒരാളോട് മുടിചീകി വൃത്തിയായി വരാന്‍ നബി നിര്‍ദേശിച്ചു. സുഗന്ധദ്രവ്യം ഉപയോഗിക്കുകയും ദിവസത്തില്‍ പല തവണ പല്ല് വൃത്തിയാക്കുകയും താടിയും മുടിയും ചീകിമിനുക്കുകയും ചെയ്തിരുന്നു റസൂല്‍ (സ്വ). ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ ആദ്യം സലാം ചെല്ലിയിരുന്നത് നബിയായിരുന്നു. എല്ലാവരോടും പുഞ്ചിരിയോടു കൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ.

പ്രവാചകന്‍(സ്വ) സാധിച്ചെടുത്ത സാമൂഹിക പരിഷ്‌കരണം


ഇലാഹീ ജീവിത വ്യവസ്ഥയുടെ സംസ്ഥാപനത്തിനും, ശരീഅത്തിലധിഷ്ഠിതമായ ജീവിത വ്യവസ്ഥിതിയുടെ സ്ഥായിയായ പ്രതിഷ്ഠക്കും അവിരാമം പ്രവര്‍ത്തിക്കുന്ന ഒരു കര്‍മയോഗിയായിരുന്നു തിരുനബി(സ്വ). തന്റെ സമൂഹഗാത്രത്തെ ഗ്രസിച്ചു കൊണ്ടിരുന്ന അജ്ഞതക്കും അന്ധവിശ്വാസത്തിനും ക്രൂരതക്കുമെതിരില്‍ അവിടുന്ന് നിരന്തരം സമരം ചെയ്തു. എതിരാളികളുടെ കല്ലേറ്, ആട്ട്, തുപ്പ്, പരിഹാസം എന്നിവയെല്ലാം തൃണവത്ഗണിച്ച് നബിതങ്ങള്‍ തന്റെ ദൗത്യം നിര്‍വ്വഹിച്ചു. ആദര്‍ശ സംരക്ഷണാര്‍ത്ഥം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വന്നപ്പോള്‍ പോലും ആ തിരുപാദങ്ങള്‍ തെല്ലിട പതറിയില്ല. അല്‍പം പോലും പിന്‍മാറിയില്ല.
സമൂലമായ സാമൂഹ്യ പരിവര്‍ത്തനവും പരിഷ്‌കരണവുമാണ് പ്രവാചകന്‍ (സ്വ) കേവല ഇരുപത്തിമൂന്ന് വര്‍ഷത്തിനുള്ളില്‍ സാധിച്ചെടുത്തത്. ജീവിതത്തിന്റെ നിസ്സാരങ്ങളെന്നു തോന്നുന്ന വശങ്ങള്‍ പോലും അവിടുത്തെ പരിഷ്‌കരണ പ്രക്രിയയ്ക്കു വിധേയമാക്കാതിരുന്നിട്ടില്ല. സാമൂഹ്യം, സാമ്പത്തികം, രാഷ്ട്രീയം, സാംസ്‌കാരികം എന്നുവേണ്ട ജീവിതത്തിന്റെ സകല വശങ്ങളും നബി(സ്വ) സംസ്‌കരിച്ചു. വസ്ത്രധാരണം, ഭക്ഷ്യഭോജനം, മലമൂത്രവിസര്‍ജ്ജനം, ആരോഗ്യസംരക്ഷണം തുടങ്ങി ചെരുപ്പ്, തല, മുടി, താടി, ഗൂഹ്യരോമം, രതി ക്രീഡ, തുപ്പല്‍, തുമ്മല്‍ തുടങ്ങിയ സകല കാര്യങ്ങളും എങ്ങിനെ ചെയ്യണമെന്ന് മനുഷ്യരെ പഠിപ്പിച്ചു.
വിജ്ഞാന സമ്പാദനത്തിലൂടെ മാത്രമെ സാമൂഹിക നവോത്ഥാനം സാധ്യമാകൂ എന്ന് മനസ്സിലാക്കിയ തിരുദൂതര്‍ വിജ്ഞാനത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും അതിന്റെ പ്രസരണത്തിനായ് മുന്നിട്ടിറങ്ങുകയും ചെയ്തു. വിജ്ഞാനം ഒരോ മുസ്ലിം സ്ത്രീ പുരുഷനും നിര്‍ബന്ധമാണ് , എന്ന് അനുയായികളോട് കല്‍പിച്ചു. വിജ്ഞാന സമ്പാദനത്തിനു വേണ്ടിയുള്ള അത്യാധ്വാനത്തിനിടയില്‍ സഹിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പ്രതിഫലം ലഭിക്കുമെന്ന് അവരെ ഉത്‌ബോദിപ്പിച്ചു. വിജ്ഞാനം സത്യവിശ്വാസിയുടെ നഷ്ടപ്പെട്ടു പോയ ഒട്ടകമാണ്. എവിടെവെച്ച് കണ്ടാലും അതിന്റെ അവകാശി അവനത്രെ. എന്നുതുടങ്ങിയ പ്രവാചക വചനങ്ങള്‍ വിജ്ഞാന സമ്പാദനത്തിനു മുഹമ്മദ് നബി(സ്വ) നല്‍കിയ പ്രചോദനം വ്യക്തമാക്കുന്നു. വാക്കുകള്‍ മുഖേനെയുള്ള പ്രോത്സാഹനം മാത്രമല്ല പ്രവാചകന്‍ (സ്വ)വിദ്യാഭ്യാസത്തിനു നല്‍കിയത്. ഇസ്ലാമിലേക്ക് അകൃഷ്ടരായ ഗ്രാമീണരിലേക്ക് അദ്ധ്യാപകന്‍മാരെ വ്യക്തികളായും ഗ്രൂപ്പുകളായും അയച്ചു. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് വിവാഹമൂല്യമായി (മഹര്‍) നിശ്ചയിച്ചു സ്ത്രീകളെ വിവാഹം ചെയ്തു കൊടുത്തു. ബദര്‍ യുദ്ധ്ത്തില്‍ പിടിക്കപ്പെട്ട ചില തടവുകാര്‍ക്ക് മോചന മൂല്യമായി നിശ്ചയിച്ചത് പത്തു മുസ്ലിംകളെ എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു.
ജനങ്ങളോടൊപ്പം ജീവിച്ച് ഒരോ സന്ദര്‍ഭത്തിലും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു പ്രവാചകന്‍ അനുവര്‍ത്തിച്ച രീതിശാസ്ത്രം. സംസ്‌കാരത്തിന്റെ സൂക്ഷമ-സ്ഥൂല വശങ്ങളില്‍ നിന്നും ഒന്നുപോലും തന്റെ അധ്യാപനത്തില്‍ നിന്നും അവിടുന്ന് മാറ്റിനിര്‍ത്തിയില്ല. പറഞ്ഞതെല്ലാം നബിതങ്ങള്‍ തന്നെ പ്രവര്‍ത്തി പഥത്തില്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. ഔചിത്യ ബോധത്തോടുകൂടിയായിരുന്നു റസൂലിന്റെ സാമൂഹ്യ പരിഷ്‌കരണ സംരംഭം. ഒരിക്കല്‍ തിരുമേനിയുടെ അടുത്ത് ഭിക്ഷയാചിച്ചു കൊണ്ട് ഒരാള്‍ വന്നു. അയാള്‍ക്കൊരു മഴു നല്‍കി അതുകൊണ്ട് വിറകു വെട്ടി ജീവിക്കാന്‍ കല്‍പിച്ചു. അങ്ങനെ അയാള്‍ക്കുന്യായമായ ഒരു ജീവിത മാര്‍ഗ്ഗം കാണിച്ചുകൊടുത്തു.
വിവേകപൂര്‍ണമായിരിക്കണം ആദര്‍ശ പ്രചരണമെന്ന് നബി(സ്വ) കാണിച്ചു തന്നു. അടുത്ത സ്‌നേഹിതന്മാരെയും കൂടുംബാംഗങ്ങളെയും ആദ്യം പ്രസ്ഥാനത്തിലേക്ക് ആകര്‍ശിക്കാന്‍ ശ്രമിച്ചു. അതിനു ശേഷമേ പരസ്യപ്രബോധനം തുടങ്ങിയുള്ളൂ. മത സഹിഷ്ണുത മത പ്രബോധന രംഗത്ത് ഒരു തത്വമായി സ്വീകരിച്ചു.
ചില കൃസ്ത്യന്‍ പാതിരിമാര്‍ മുഹമ്മദ് നബി(സ്വ) യുമായി മത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വന്നു. അവരെ പള്ളിയോടടുത്ത വീടുകളിലാണ് അതിഥികളായി താമസിപ്പിച്ചത്. ഞായറാഴ്ച വന്നപ്പോള്‍ അവര്‍ക്കു പ്രാര്‍ത്ഥിക്കേണ്ട പ്രശ്‌നം വന്നു. അടുത്തെങ്ങും ക്രിസ്ത്യന്‍ പള്ളി ഉണ്ടായിരുന്നില്ല. പ്രവാചകന്‍ (സ്വ) അവരുടെ സഹായത്തിനെത്തി. പ്രാര്‍ത്ഥനക്കു വേണ്ടി മുസ്ലിം പള്ളി അവര്‍ക്കു വിട്ടുകൊടുത്തു. അങ്ങനെ ദൈവം ജാതനോ, ജനയിതാവോ അല്ല എന്നു വിശ്വസിക്കുന്ന മുസ്ലിംകള്‍ യേശുദൈവപുത്രനാണെന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് അവരുടെ പ്രാര്‍ത്ഥനക്കു വേണ്ടി തങ്ങളുടെ പ്രാര്‍ത്ഥനാലയം വിട്ടുകൊടുത്തു.
ഗോത്ര ചിന്തക്കതീതമായ സംഘടനാബോധം അറബികള്‍ക്കജ്ഞാതമായിരുന്നു. അങ്ങനെയൊരു സാമൂഹിക ഗാത്രത്തില്‍ ഗോത്ര വൈര വികാരത്തിനു പകരം സാഹോദര്യത്തിന്റെയും സമഭാവനയുടെയും വികാര ധാര സാധ്യമാക്കുന്നതില്‍ നബി(സ്വ) പൂര്‍ണ വിജയം കൈവരിക്കുകയുണ്ടായി. റസൂല്‍ (സ്വ) ആദ്യമായി ഒരു വിചാര വിപ്ലവമാണ് സാധിച്ചെടുത്തത്. കുല ശത്രുക്കളായി കഴിഞ്ഞിരുന്ന ഔസ് ഖസ്‌റജ് ഗോത്രങ്ങളെ അവിടുന്ന് ആത്മ മിത്രങ്ങളാക്കി. മുഹാജിറുകളെയും അന്‍സാറുകളെയും അത്ഭുതകരമാം വണ്ണം ബന്ധിപ്പിച്ചു. സംസ്‌കാരത്തിന്‍ മേല്‍ ചിതലരിക്കുകയും അതിന്റെ കാതല്‍ പോലും ദ്രവിച്ച്  പൂതലായി ത്തീരുകയും ചെയ്ത ഒരു സാമൂഹിക അന്തരീക്ഷത്തിലാണ് പ്രവാചകന്‍ (സ്വ) ഈ നവോത്ഥാന പ്രക്രിയ വിജയകരമായ രീതിയില്‍ പൂര്‍ത്തീകരിച്ചത്.
ദൈവ വിശ്വാസത്തിന്റെയും പരലോകവിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്‌കരിച്ചെടുത്ത അനുയായികളുടെ മേല്‍ പ്രവാചക(സ്വ)നുള്ള സ്വാധീനം വലിയതായിരുന്നു. മദ്യപാനം സ്വഭാവമായി മാറിക്കഴിഞ്ഞിരുന്ന അറബികളോട് മദ്യം വര്‍ജ്ജിക്കണമെന്നു പറഞ്ഞപ്പോള്‍ മദീനയിലെ തെരുവുകളില്‍ കൂടി മദ്യം നിലക്കാതെ ഒഴുകിക്കൊണ്ടിരുന്നു. സമൂഹത്തെ ഖുര്‍ആന്‍ എന്ന ഒരൊറ്റ കേന്ദ്ര ബിന്ദൂവില്‍ ബന്ധിപ്പിച്ചു. ദിവസവും അഞ്ചു നേരം പ്രാര്‍ത്ഥനകളില്‍ പാരായണം ചെയ്തിരുന്ന ഖുര്‍ആന്‍ തന്നെയായിരുന്നു കോടതി വിധികളുടെയും സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനം. വീടും രാഷ്ട്രവും പ്രവര്‍ത്തിച്ചിരുന്നതും അതേ ഖുര്‍ആനിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.
പരസ്പരം സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യാന്തരീക്ഷം റസൂല്‍(സ) പടുത്തുയര്‍ത്തി. ‘പുഞ്ചിരിയോടു കൂടി നിങ്ങളുടെ സ്‌നേഹിതനെ സന്ദര്‍ശിക്കുന്നത് നിങ്ങള്‍ക്കു നന്മയാണ്’ എന്നു പഠിപ്പിച്ചു. സമൂഹം ഒരു ശരീരം പോലെയായിരിക്കണം അതിന്റെ ഒരു ഭാഗത്തിനു അസുഖം ബാധിച്ചാല്‍ ശരീരം മുഴുവന്‍ അതില്‍ ഭാഗഭാക്കാകുന്നു. അതുപോലെയായിരിക്കണം സമൂഹവും സമൂഹത്തിലെ അംഗങ്ങളും തമ്മിലൂള്ള ബന്ധമെന്ന വിശുദ്ധോക്തി ലോക ജനതക്ക് സംഭാവന നല്‍കി.
പ്രവാചകന്‍ (സ്വ) സാധിച്ചെടുത്ത നവോത്ഥാന പ്രക്രിയയും, സാമൂഹിക വിപ്ലവവും ദീര്‍ഘദര്‍ശനം ചെയ്തു കൊണ്ട് ഭവിഷ്യല്‍ പുരാണത്തില്‍ വ്യാസമുനി പറയുന്നു.
‘ഏതസ്മിന്നന്തരെ മ്ലഛ ആചാര്യേണ സമന്വിത
മഹാമദ ഇതിഖ്യാത: ശിഷ്യശാഖാ സമന്വിതം’
(ഭവിഷ്യല്‍ പുരാണം, പ്രതിസര്‍ഗ്ഗപര്‍വ്വം)
‘ആ സന്ദര്‍ഭത്തില്‍ മഹാമദ് (മുഹമ്മദ്) എന്ന സ്ഥാനപ്പേരുള്ള ഒരു വിദേശി തന്റെ അനുചരന്മാരോടു കൂടി പ്രത്യക്ഷപ്പെടും.’ തുടര്‍ന്ന് ഒരിന്ത്യന്‍ രാജാവ് അദ്ദേഹത്തെ ഇങ്ങനെ സംബോധം ചെയ്യുമെന്ന് പറയുന്നുണ്ട്.
(ഭോജരാജഉവാച) നമസ്‌തെഗിരിജാ നാഥാ മരുസ്ഥിലനിവാസിനാം
ത്രിപുരാസുരനാശയ ബഹുമായാ പ്രവര്‍ത്തിനാം മ്ലേഛൈ ഗുപ്തയ ശുദ്ധായ സച്ചിദാനദ്ധരൂപിണെ
ത്വാമാംഹി കിങ്കരം വിദ്ധിശരാര്‍ത്ഥ മപാഗതം
(ഭവിഷ്യല്‍ പുരാണം പ്രതിസര്‍ഗ്ഗപര്‍വ്വം)
‘അല്ലയോ മനുഷ്യരാശിയുടെ അഭിമാനമെ, അറേബ്യാ നിവാസീ, ഞാന്‍ നിന്നെ വന്ദിക്കുന്നു. പിശാചിനെ തകര്‍ക്കാന്‍ നീ മഹത്തായ ശക്തി സംഭരിച്ചിരിക്കുന്ന മ്ലേഛന്മാരായ ശത്രുക്കളില്‍ നിന്നെല്ലാം നീ സൂരക്ഷിതനായിരിക്കുന്നു. അല്ലയോ സച്ചിദാന്ദ സ്വരൂപമെ ഞാന്‍ അവിടുത്തെ എളിയ ദാസനാണ്. അങ്ങയുടെ പാദചരണങ്ങളില്‍ പതിച്ച ഈ യുള്ളവനെ സ്വീകരിച്ചനുഗ്രഹിച്ചാലും.’

 

മുഹമ്മദ് നബി(സ്വ): സമാധാനത്തിന്റെ അപ്പോസ്തലന്‍

ആരാണ് മുഹമ്മദ് നബി(സ്വ) എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ പറയാവുന്ന മറുപടിയാണിത്. ‘സര്‍വ്വ ലോകത്തിനും കാരുണ്യം മാത്രം’ എന്നാണല്ലോ ഖുര്‍ആന്‍ പോലും അവിടുത്തെ വിശേഷിപ്പിച്ചത്. പ്രവാചക(സ്വ)ന്റെ അലിവും ആര്‍ദ്രതയും ഒലിച്ചിറങ്ങാത്ത ഒരു വസ്തുവും പ്രപഞ്ചത്തിലില്ല. മനുഷ്യരും മൃഗങ്ങളും പക്ഷികളും പറവകളും വൃക്ഷങ്ങളും ചെടികളുമെല്ലാം ഉള്‍കൊള്ളുന്ന പ്രപഞ്ചത്തിലെ ജീവ-നിര്‍ജ്ജീവ വസ്തുക്കളെ ആകമാനം ആവരണം ചെയ്യുന്നതായിരുന്നു ആ റഹ്മത്ത്.
ഇത് വെറുമൊരു ഭംഗി വാക്കല്ല. ചരിത്രത്തിന്റെ അനുഭവസാക്ഷ്യങ്ങളാണ്. ‘ഭൂമിയിലൂള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക, എങ്കില്‍ ഉപരിലോകത്തുള്ളവര്‍ നിങ്ങളോടും കരുണ കാണിക്കും’. എന്നുദ്‌ഘോഷിച്ചു കൊണ്ടായിരുന്നുവല്ലോ അവിടുത്തെ അരങ്ങേറ്റം. തന്റെ പേരക്കുട്ടിയായ ഹസന്‍(റ) യെ പ്രവാചകന്‍ ചുംബിക്കുന്നതു കണ്ടപ്പോള്‍ സദസ്സിലുണ്ടായിരുന്ന അഖ്‌റഅ് ബിന്‍ ഹാരിസ് പറഞ്ഞു. എനിക്ക് പത്ത് മക്കളുണ്ട്. ഞാനാരെയും ഇതുവരെ ചുംബിച്ചിട്ടില്ല. പ്രവാചകന്‍ (സ്വ) അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പറഞ്ഞു. ‘കരുണ കാണിക്കാത്തവര്‍ക്ക് അതു ലഭിക്കില്ല.'(ബുഖാരി, മുസ്‌ലിം)
ചെറിയവരോട് കരുണകാണിക്കാത്തവരും വലിയവരുടെ മഹത്വം തിരിച്ചറിയാത്തവരും എന്റെ സമുദായത്തില്‍ പെട്ടവരല്ലെന്നു പ്രഖ്യാപിച്ച നായകനാണ് മുഹമ്മദ് നബി(സ്വ). ജനങ്ങളോട് ദയ കാണിക്കാത്തവര്‍ക്ക് അല്ലാഹുവിന്റെ ദയ ലഭിക്കുകയില്ലെന്നാണ് അവിടുത്തെ അദ്ധ്യാപനം. സ്രഷ്ടാവിന് സമര്‍പ്പിക്കുന്ന ആരാധനകളില്‍ പോലും സൃഷ്ടികളോടുള്ള ആര്‍ദ്രതക്കും അനുകമ്പക്കും പ്രാധാന്യം നല്‍കണമെന്നാണ് പ്രവാചകന്റെ നിലപാട്. ഒറ്റയ്ക്കു നമസ്‌കരിക്കുന്നവര്‍ക്ക് എത്ര വേണമെങ്കിലും ദീര്‍ഘിപ്പിച്ചു നമസ്‌കരിക്കാം. എന്നാല്‍ സംഘടിത നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് ഒരിക്കലും അതു പാടില്ല. അവര്‍ പരമാവധി ചുരുക്കി നമസ്‌കരിക്കുകയാണ് വേണ്ടത്. കാരണം ദുര്‍ബലര്‍, രോഗികള്‍, വൃദ്ധന്‍മാര്‍ മറ്റു ആവശ്യങ്ങളുള്ളവര്‍ എല്ലാം അക്കൂട്ടത്തിലുണ്ടാകും. ഇതാണ് നമസ്‌കാരത്തില്‍ പോലും പ്രവാചകന്റെ പക്ഷം. ഒരിക്കല്‍ അവിടുന്ന് പറഞ്ഞു: ‘ദീര്‍ഘിപ്പിച്ചു നമസ്‌കരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ പലപ്പോഴും നമസ്‌കാരത്തില്‍ പ്രവേശിക്കാറ്. അപ്പോഴായിരിക്കും ഏതെങ്കിലും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുക. ആ കുഞ്ഞിന്റെ ഉമ്മയുടെ മേല്‍ അതു പ്രയാസം സൃഷ്ടിക്കുമെന്ന് ഭയന്നു ഞാന്‍ ഉടന്‍ നമസ്‌കാരം ലളിതമാക്കും.’
സഹജീവികളോടുള്ള സ്‌നേഹവും സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കാനാണ് പ്രവാചക(സ്വ)ന്റെ അധ്യാപനം. അവിടുന്ന് അരുള്‍ ചെയ്തു. ‘തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ ഒരാളും പൂര്‍ണ വിശ്വാസി ആകുകയില്ല.’ വിട്ടുവീഴ്ചാ മനോഭാവവും സഹനശീലവുമാണ് വിശ്വാസിയുടെ ആത്മബലമെന്നു പഠിപ്പിച്ച പ്രവാചകന്‍(സ്വ) അവയുടെ ഉദാത്തമായ മാതൃകയായി നിലകൊണ്ടു. തന്നെ നശിപ്പിക്കാന്‍ സാധ്യമായ സര്‍വ്വ മാധ്യമങ്ങളും ഉപയോഗിച്ച ശത്രുസമുഹത്തിന് ഒന്നടങ്കം മാപ്പുനല്‍കുന്ന പ്രവാചകനെയാണ് ചരിത്രത്തില്‍ നമുക്ക് കണ്ടെത്താനാവുക. തന്നെ കല്ലെറിഞ്ഞവരും കുക്കി വിളിച്ചവരും ഫത്ഹ് മക്കയുടെ വേളയില്‍ പ്രവാചകനു മുന്നില്‍ പഞ്ചപുച്ചമടക്കി നിന്നപ്പോള്‍, പ്രതികാരത്തിനു മുതിരാതെ പകരം മാപ്പു നല്‍കുകയാണ് ചെയ്തത്.

നൈതിക മൂല്യങ്ങളുടെ മനോഹാരിത വിടര്‍ത്തിയ ജീവിതം


സാമൂഹ്യ കെട്ടുറപ്പിന്റെ ആണിക്കല്ലാണ് നീതി. നൈതിക മൂല്യങ്ങളോടുള്ള ഇസ്‌ലാമിന്റെ സമീപനം വളരെ മനോഹരമായി തന്നെ ഖുര്‍ആന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു ‘സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം അവരോട് അനീതി കാണിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്’ (ഖുര്‍ആന്‍ 5:8)
ശത്രുവിനോട് പോലും നീതിപൂര്‍വം വര്‍ത്തിക്കണമെന്ന ഖുര്‍ആനിന്റെ ഈ ആഹ്വാനം പ്രവാചക ജീവിതത്തിലുടനീളം നിഴലിച്ചു നിന്നത് കാണാം. തന്റെ മുന്നില്‍ വന്ന് കള്ള പ്രവാചകനായ മുസൈലിമക്കു വേണ്ടി വാദിച്ചവനെ കൊന്നുകളയാന്‍ അവസരമുണ്ടായിട്ടും ഒരു ദൂതനെ വധിച്ചു കളയുക എന്നത് നീതി ബോധത്തിനു വിരുദ്ധമാണ് എന്ന ഏക കാരണത്താല്‍ അതിനു മുതിരാതെ വെറുതെവിട്ട പ്രവാചകന്റെ ചിത്രമാണ് ഹദീസുകള്‍ വരച്ചു കാണിക്കുന്നത്. മദീനയുടെ ന്യായാധിപനും ഭരണാധികാരിയുമായിരുന്ന പ്രവാചകന്‍ നൈതിക മൂല്യങ്ങളില്‍ നിന്നും അണു അളവ് വ്യതിചലിക്കാന്‍ തയ്യാറായിരുന്നില്ല. ഒരിക്കല്‍ ഖുറൈശീ വംശത്തിലെ ഉന്നതരായ മഖ്‌സൂമീ തറവാട്ടില്‍ നിന്ന് ഒരു സ്ത്രീ മോഷണക്കുറ്റത്തില്‍ പിടിക്കപ്പെട്ടു. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ കളവു നടത്തിയതിന്റെ പേരില്‍ കൈമുറിക്കുന്നത് ആഭിജാത്യത്തിലും കുടുംബ മഹിമയിലും ഊറ്റം കൊണ്ടിരുന്ന പ്രസ്തുത തറവാട്ടുകാര്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ശിക്ഷ ഇളവു ചെയ്യണമെന്നു ശുപാര്‍ശ ചെയ്യാന്‍ പ്രവാചകന്റെ ആത്മമിത്രമായ ഉസാമ യെ അവര്‍ സമീപിച്ചു. ഉസാമ വിഷയം അവതരിപ്പിക്കേണ്ട താമസം അവിടുന്ന് പൊട്ടിത്തെറിച്ചു. ‘നിങ്ങളുടെ മുന്‍ഗാമികള്‍ നശിപ്പിക്കപ്പെടാനുണ്ടായ കാരണമിതാണ്. ഉന്നതര്‍ തെറ്റു ചെയ്താല്‍ അവരതു മറച്ചു വെക്കുകയും അധമരെ പിടിച്ചു ശിക്ഷിക്കുകയും ചെയ്തു. അല്ലാഹുവാണെ സത്യം മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷണം നടത്തുന്നതെങ്കില്‍ പോലും അവളുടെ കൈ ഞാന്‍ മുറിക്കും തീര്‍ച്ച.’
പ്രവാചക(സ്വ)ന്റെ നൈതികതയുടെ ഇടിമുഴക്കത്തിനു മുന്നില്‍ വ്യക്തിബന്ധങ്ങളും തറവാട്ടു മഹിമയുമെല്ലാം  സ്തംഭിച്ചുനിന്നു. തന്റെ വിധിന്യായത്തില്‍ നിന്നും ആര്‍ക്കും അനര്‍ഹമായതൊന്നും ലഭിക്കാന്‍ പാടില്ലെന്നു അവിടുത്തേക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പൊതു വിഷയങ്ങളില്‍ മാത്രമല്ല, കുടുംബ ജീവിതത്തിലും വൈയക്തിക വിഷയങ്ങളിലുമെല്ലാം നീതിയുടെ കാവലാളായി പ്രവാചകന്‍(സ്വ) മാതൃക കാണിച്ചു. തന്റെ ഒമ്പത് പത്‌നിമാരില്‍ അതീവ സുന്ദരികളും സൗന്ദര്യമില്ലാത്തവരും കൗമാരം പിന്നിട്ടവരും യുവതികളും പ്രായം ചെന്നവരും പുനര്‍വിവാഹിതരും അല്ലാത്തവരുമൊക്കെ ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ക്കിടയില്‍ അവിടുന്ന് ഒരിക്കലും വിവേചനം കാണിച്ചിരുന്നില്ല. മാത്രമല്ല പ്രവാചകന്‍(സ്വ) ഇത്ര കൂടി സ്വസമുദായത്തെ പഠിപ്പിച്ചു.
‘ആര്‍ക്കെങ്കിലും ഒന്നിലധികം ഭാര്യമാരുണ്ടാവുകയും അവര്‍ക്കിടയില്‍ നീതി പാലിക്കാതിരിക്കുകയും ചെയ്താല്‍ സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം ചെരിഞ്ഞവനായി അവന്‍ അന്ത്യ നാളില്‍ അല്ലാഹുവിനു മുന്നില്‍ ഹാജറാകേണ്ടിവരും.’

ഹിജ്‌റ: സമാധാന കാംക്ഷിയുടെ മദീനാചാര്‍ട്ടര്‍

ഇസ്ലാമിക ചരിത്രത്തില്‍ ഏറെ തിളക്കമുള്ള അധ്യായമാണ് ഹിജ്‌റയുടേത്. പിറന്നുവീണ നാടും വീടും ഉപേക്ഷിച്ച് ദൈവിക മതത്തിന്റെ സംരക്ഷണാര്‍ത്ഥം അന്യദേശത്തേക്ക് കുടിയേറിപ്പാര്‍ക്കുക. ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്ഷമയുടെയും സഹനത്തിന്റെയും മാതൃക. പീഢനപര്‍വ്വങ്ങളുടെ നീണ്ട പരമ്പരകള്‍ക്കു ശേഷമുള്ള ഒരു പലായനം. എന്തുകൊണ്ടും ഇസ്ലാമിക ജൈത്രയാത്രയില്‍ ഏറെ ചരിത്രപ്രദാനമുള്ള സംഭവമാണ് പ്രവാചക(സ്വ)ന്റെയും അനുചരന്‍മാരുടെയും ഹിജ്‌റ.
നബി(സ്വ) മദീനയിലെത്തിയതോടെ ഇസ്ലാമിക സമൂഹത്തിന് ഒരു നവീനരൂപം കൈവന്നു. ഒരു മാതൃകാ രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ് നബി(സ്വ) അവിടെ ആദ്യമായി ചെയ്തത്. അരാജകത്വത്തിന്റെ നാട്ടിലൊരു മാതൃകാ രാഷ്ട്രത്തിന് ഭീജാബാവം നല്‍കുക എന്നത് ഏറെ ശ്രമകരമായിരുന്നെങ്കിലും പ്രവാചകന്‍(സ്വ) അത് വിജയകരമായി നിര്‍വ്വഹിച്ചു. തങ്ങളെ വളരെ മാന്യമായി സ്വീകരിക്കുകയും വേണ്ട സഹായങ്ങളെല്ലാം ചെയ്തുതരികയും ചെയ്ത മദീനയില്‍ ശാശ്വതമായ ശാന്തിവരുത്തുക എന്നതായിരുന്നു പ്രവാചക(സ്വ)ന്റെ നയം. അതുനേടിയെടുക്കണമെങ്കില്‍ ഗോത്ര വ്യവസ്ഥ ഇല്ലാതാക്കേണ്ടിയിരുന്നു. മദീനാ നിവാസികള്‍ നാളിതുവരെ ഒരേകീകൃത ഭരണവ്യവസ്ഥക്ക് കീഴില്‍ ജീവിച്ചിട്ടില്ല. ഒരു ഭരണകൂടത്തെ അംഗീകരിക്കുവാനും അതിന്റെ നിയമ നിര്‍ദ്ദേശങ്ങളെ അനുസരിക്കുവാനും മദീനാനിവാസികളെ പരിശീലിപ്പിക്കുക എന്നത് ഏറെ പ്രയാസകരമായ ദൗത്യമായിരുന്നു. ഒരു നിയമവും ഒരു നേതൃത്വവും ഒരു ദൈവത്തിലുള്ള വിശ്വാസവും ഒരടിസ്ഥാന ഗ്രന്ഥവും നല്‍കിക്കൊണ്ട് നബി(സ്വ) സമൂഹത്തെ ഭദ്രമാക്കി. എല്ലാ വര്‍ഗവ്യത്യാസങ്ങളെയും ഇല്ലാതാക്കിക്കൊണ്ട് അന്‍സാറുക(സഹായികള്‍)ളെയും മുഹാജിറുകളെയും ഒന്നിപ്പിച്ചു.
കേന്ദ്രം സ്ഥാപിച്ച ശേഷം അതിന്റെ ഭദ്രത ഉറപ്പുവരുത്താന്‍ പ്രവാചകന്‍ (സ്വ) ശ്രദ്ധിച്ചു. മദീനയിലെ അന്തരീക്ഷം ഏറെ അപകടകരമായിരുന്നു. പല സ്ഥാപിത താല്‍പര്യക്കാരും അവരുടെ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് നബി(സ്വ) മദീനയിലെത്തിയത്. മുസ്‌ലിംകളില്‍ വളര്‍ന്നുവന്ന സൗഹാര്‍ദ്ദം നശിപ്പിക്കാന്‍ വേണ്ടി ഗോത്ര വൈര്യം പുനരുദ്ധരിക്കാനും ചില ഗോത്ര നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഈയൊരു സാഹചര്യത്തില്‍ അഭ്യന്തര സമാധാനവും രാജ്യരക്ഷയും ഉറപ്പുവരുത്താനും പ്രവാചകന്‍ ഒരുടമ്പടിയുണ്ടാക്കി. അതാണ് പരിശുദ്ധമായ യഥ്‌രിബ് ഉടമ്പടി.

യഥ്‌രിബ് ഉടമ്പടി


ഗോത്രങ്ങള്‍ക്കിടയില്‍ സമാധാന പരമായ സഹവര്‍ത്തിത്വം സ്ഥാപിക്കുക എന്നതായിരുന്നു ഈ ഉടമ്പടിയുടെ ഉദ്ദേശ്യം. തുല്യമായ അവകാശങ്ങളുടെയും ബാധ്യതകളുടെയും അടിസ്ഥാനത്തില്‍ പ്രവാചകന്‍ സുദൃഢമായ ഒരു സമൂഹത്തെ വാര്‍ത്തെടുത്തു. തുല്യമായ അവകാശങ്ങളും അധികാരങ്ങളും മതസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും പ്രഖ്യാപിച്ചുകൊണ്ട് ആ ഉടമ്പടിയില്‍ ചേരാന്‍ നബി(സ്വ) മറ്റുള്ളവരെ ക്ഷണിച്ചു. ഉടമ്പിടിക്ക് പ്രധാനമായും രണ്ട് ഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആദ്യ
ഭാഗം മുസ്‌ലിംകളെ (മുഹാജിറുകളെയും അന്‍സാറുകളെയും) ബാധിക്കുന്നതായിരുന്നു. രണ്ടാമത്തെ ഭാഗം രാജ്യരക്ഷയെ കുറിക്കുന്നതായിരുന്നു. ഉടമ്പടിയിലെ പ്രധാന നിബന്ധനകള്‍ ഇവയെല്ലാമാണ്.
1- ഉടമ്പടിയില്‍ ഒപ്പു വെക്കുന്നവരെല്ലാവര്‍ക്കും ഒരു പൊതു ദേശീയത്വമാണ് ഉണ്ടായിരിക്കുക.
2- ഒപ്പുവെച്ച കക്ഷികളാരെങ്കിലും അക്രമിക്കപ്പെട്ടാല്‍ ആ കക്ഷിയെ സംരക്ഷിക്കുക എന്നത് എല്ലാവരുടെയും കര്‍ത്തവ്യമായിരിക്കും.
3- ഒപ്പുവെച്ചവരിലാരും തന്നെ മദീനക്കെതിരായി ഖുറൈശികളുമായി രഹസ്യ സന്ധിഉണ്ടാക്കാന്‍ പാടുള്ളതല്ല.
4- കക്ഷികള്‍ക്ക് പരിപൂര്‍ണ്ണ മത സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
5- അക്രമവും രക്തച്ചൊരിച്ചിലും ഇനിമേല്‍ മദീനയില്‍ നിഷിദ്ധമായിരിക്കും.
6- മര്‍ദ്ദിതര്‍ക്ക് സംരക്ഷണം നല്‍കപ്പെടും.
7- ഈ റിപബ്ലികിന്റെ പ്രസിഡണ്ട് പ്രവാചകനായിരിക്കും. അത് കൊണ്ട് തന്നെ നീതിന്യായ നിര്‍വ്വഹണത്തിന്റെ ഉന്നത കോടതി നബിയില്‍ അര്‍പ്പിതമായിരിക്കും.

പ്രവാചക ജീവിതത്തിലെ സായുധ സമരങ്ങള്‍


ലോകജനതക്ക് അനുഗ്രഹവും മാനവികതക്ക് സമാധാനത്തിന്റെ ദൂതും പകര്‍ന്നു നല്‍കാന്‍ നിയുക്തരായ റസൂല്‍(സ്വ) യുദ്ധം ഒരിക്കലും ഇഷ്ടപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്തില്ല. പ്രത്യുത പ്രശ്‌ന സങ്കീര്‍ണമായ അവസരങ്ങളില്‍ പോലും സമാധാനത്തിന്റെയും രജ്ഞിപ്പിന്റെയും സന്ധിയുടെയും മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാനാണ് തയ്യാറായത്. സമാധാനത്തിന് വേണ്ടി വിനയത്തിന്റെയും ലാളിത്യത്തിന്റെയും ഏതറ്റം വരെ പോകാനും അവിടുന്ന് തയ്യാറായിരുന്നു. സായുധ സമരങ്ങള്‍ സംഘടിപ്പിക്കാനല്ല നിരുത്സാഹപ്പെടുത്താനും തടയാനുമാണ് നബി തങ്ങള്‍(സ്വ) പണിയെടുത്തത്. നൂറ്റാണ്ടുകളോളം നീണ്ടുനിന്നിരുന്ന യുദ്ധങ്ങളിലേക്കും രക്തച്ചൊരിച്ചിലുകളിലേക്കും നയിച്ചിരുന്ന ഗോത്രവൈര്യത്തിന്റെയും കുടുംബ മാഹാത്മ്യത്തിന്റെയും കടയ്ക്കല്‍ കത്തിവെച്ചുകൊണ്ടാണ് തന്റെ ഈ വഴിക്കുള്ള ഉത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നബി(സ്വ) പ്രാരംഭം കുറിച്ചത്.
ഇസ്ലാമിക ചരിത്രത്തിലെ യുദ്ധങ്ങളുടെ എണ്ണംകണ്ട് പ്രവാചകനെ യുദ്ധക്കൊതിയനും രണോത്സുകനുമായി ചിത്രീകരിക്കുന്നവര്‍ പ്രവാചകന്റെ നേതൃത്വത്തില്‍ നടന്ന സന്ധി സംഭാഷണങ്ങളും ഒത്തുതീര്‍പ്പ് നടപടികളും വിസ്മരിക്കുകയാണ്. കേവല ഉപരിപ്ലവ പഠനങ്ങളുടെ ഉപോത്പന്നമാണ് ഇത്തരം വികല ചിന്താധാരകള്‍ എന്നുള്ളതാണ് വസ്തുത. മാത്രമല്ല ഗസ്‌വതുകളും സരിയ്യതുകളുമായി പ്രവാചകന്റെ കാലത്ത് എണ്‍പതില്‍ പരം (ചെറിയ ചെറിയ പോരാട്ടങ്ങള്‍ പോലും കൂട്ടിയാണ് ഈ എണ്ണം എത്തിയത്. പ്രബോധനം, ശത്രുക്കളെ നിരീക്ഷിക്കുക, ഭീതിപ്പെടുത്തുക വഴി പ്രതിരോധിക്കുക, കൊള്ളക്കാരെ തുരത്തുക, കൊള്ളസംഘത്തെ പിന്തുടരുക, സന്ധി ലംഘിച്ചവര്‍ക്കെതിരെ തിരിയുക, തെറ്റിദ്ധരിച്ചുകൊണ്ടുള്ള യുദ്ധം തുടങ്ങി യുദ്ധമെന്ന് നിര്‍വചിക്കപ്പെടാനാവത്ത ചില പോരാട്ടങ്ങള്‍ പോലും ഈ പട്ടികയിലുണ്ട്) യുദ്ധങ്ങളാണ് നടന്നത്. ഇവയിലെല്ലാം കൂടി വളരെ തുച്ഛം പേര്‍ക്കേ ജീവഹാനി സംഭവിച്ചിട്ടുള്ളൂ എന്നതും വസ്തുതയാണ്. ആകെ എണ്‍പതിരണ്ട് യുദ്ധങ്ങള്‍ നടന്നതില്‍ വധിക്കപ്പെട്ടവരുടെ എണ്ണം 1018 മാത്രമാണ്. അഥവാ ഓരോ യുദ്ധത്തിലും ശരാശരി പന്ത്രണ്ട് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. ശത്രുക്കളില്‍ നിന്ന് 6564 പേര്‍ തടവിലാക്കപ്പെട്ടു എന്നുള്ളതും അതിശയോക്തികരമല്ല. കാരണം അന്നത്തെ ശത്രക്കളുടെ എണ്ണം ലക്ഷക്കണക്കായിരുന്നു. മൂന്ന് ലക്ഷം വരെ ശത്രുക്കള്‍ അണിനിരന്ന യുദ്ധങ്ങളുണ്ടായിരുന്നു. ഇവയില്‍ നിന്ന് 6347 പേരെ പ്രവാചകന്‍ (സ്വ) യാതൊരു ഉപാധിയും കൂടാതെ സ്വതന്ത്രമാക്കുകയാണുണ്ടായത്.
എന്നാല്‍ ആത്മപ്രതിരോധത്തിനായി വാള്‍ വീശിയ ഇസ്‌ലാമിക യുദ്ധങ്ങളുടെയും മനുഷ്യരാശിയെ ഒന്നാകെ ചുട്ടെരിക്കാനായി പരിഷ്‌കൃത പാശ്ചാത്യലോകം വികസിപ്പിച്ചെടുത്ത ലോക മഹായുദ്ധങ്ങളുടെയും ഇടയില്‍ താരതമ്യ പഠനം നടത്തുമ്പോള്‍ മാത്രമേ നബി(സ്വ)യുടെ സമാധാന സന്ദേശം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

യുദ്ധത്തടവുകാരോടും മൃദുല സമീപനം


അനന്തമായ കരുണയുടെയും ആര്‍ദ്രതയുടെയും നിര്‍ഝരിയായിരുന്ന റസൂലുല്ലാഹി (സ്വ)യുടെ അനിര്‍വ്വചനീയമായ അലിവിനും കരുണക്കും ശത്രുവെന്നോ മിത്രമെന്നോ ഉള്ള പരിമിതികളുണ്ടായിരുന്നില്ല. തനിക്കു നേരെ വാളോങ്ങിയ ശത്രുവിനോടു പോലും സ്‌നേഹത്തന്റെ ഭാഷയില്‍ പെരുമാറി. തന്റെ ശാള്‍ പിടിച്ചു വലിച്ച് ബുദ്ധിമുട്ടിച്ച ആള്‍ക്ക് പോലും പൊറുത്തു കൊടുത്തു. മാത്രമല്ല തന്നെയും താന്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശ സംഹിതയെയും കുറ്റിയറ്റം മുറിച്ചുകളയാന്‍ കഠിനാധ്വാനം ചെയ്തി ശത്രുവിനോടു പോലും മയമായി പെരുമാറി.
ബദ്ര്‍ യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ശത്രുക്കളുടെ കാര്യത്തിലും നബി(സ്വ) ഇതേ അലിവും ആര്‍ദ്രതയുമായിരുന്നു കാണിച്ചിരുന്നത്. യുദ്ധത്തടവുകാരുടെ കാര്യത്തില്‍ നബി(സ്വ) സ്വഹാബാക്കളോട് മുശാവറ ചെയ്ത് കൊണ്ട് പറഞ്ഞു. ‘അല്ലാഹു അവരെ (ശത്രുക്കളെ) നിങ്ങള്‍ക്ക് എന്ത് ചെയ്യുന്നതിലും അധീനപ്പെടുത്തിത്തന്നിരിക്കുന്നു’ ഉടനെ ഉമര്‍(റ) എഴുനേറ്റുനിന്നു പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, താങ്ങള്‍ അവരുടെ പിരടി വെട്ടിക്കൊലപ്പെടുത്തുക’ അപ്പോള്‍ നബി(സ്വ) ഉമറി(റ)ല്‍ നിന്നും തിരിഞ്ഞുകളഞ്ഞു. വീണ്ടും നബി(സ്വ) ആദ്യം പറഞ്ഞത് ആവര്‍ത്തിച്ചു പറഞ്ഞു. ‘ഓ ജനങ്ങളേ, നിശ്ചയം അല്ലാഹു ശത്രുക്കളെ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അവര്‍ ഇന്നലെ നിങ്ങളുടെ സഹോദഹങ്ങളായിരുന്നു.’ അപ്പോഴും ഉമര്‍(റ) എഴുനേറ്റുനിന്ന് പറഞ്ഞു:’ അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ അവരുടെ പിരടിവെട്ടിക്കൊലപ്പെടുത്തുക.’ അപ്പോഴും നബി(സ്വ) തിരിഞ്ഞുകളഞ്ഞു. നബി(സ്വ) വീണ്ടും ആദ്യം പറഞ്ഞത് ആവര്‍ത്തിച്ചു. ഉടനെ സ്വദ്ദീഖ്(റ) എഴുനേറ്റ് നിന്നു പറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ അവര്‍ക്കു മാപ്പു നല്‍കി, അവരില്‍ നിന്ന് മോചനദ്രവ്യം സ്വീകരിച്ച് അവരെ വിട്ടയക്കണമെന്നാണ് ഞങ്ങളുടെ പക്ഷം.’ ഇതു കേട്ട പ്രവാചകന്റെ മുഖത്തെ ദുഃഖമെല്ലാം പോയ്മറഞ്ഞു. നബി(സ്വ) അവര്‍ക്ക് മാപ്പുനല്‍കുകയും അവരെ വിട്ടയക്കുകയും ചെയ്തു.
തടവുകാരോട് നല്ലരീതിയില്‍ വര്‍ത്തിക്കാന്‍ നബി(സ്വ) തന്റെ അനുചരന്മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണങ്ങളില്‍നിന്നും ഏറ്റവും മുന്തിയത് തടവുകാര്‍ക്ക് നല്‍കാനും റസൂല്‍ (സ്വ) കല്‍പിച്ചു. റസൂലിന്റെ ഈ കല്‍പന ശിരാസ്സാ വഹിച്ചു സ്വഹാബാക്കള്‍. അവര്‍ ഈത്തപ്പഴം മാത്രം കഴിക്കുമ്പോഴും തടവുപുള്ളികള്‍ക്ക് റൊട്ടിയും മറ്റുമുന്തിയ ഭക്ഷണങ്ങളും നല്‍കി. തടവുകാരില്‍ നിന്നും മോചന ദ്രവ്യം സ്വീകരിച്ച് അവരെ സ്വതന്ത്രരാക്കിയിരുന്ന പ്രവാചകന്‍ (സ്വ) ഈ വിഷയിത്തില്‍ ധാരാളം വിട്ടുവീഴ്ചയും കാണിക്കുകയുണ്ടായി. ഓരോരുത്തരുടെയും സാമ്പത്തിക ശേഷി അനുസരിച്ച് മോചന ദ്രവ്യം സ്വീകരിച്ചിരുന്നു തിരുദൂതര്‍ അതിനു കഴിയാത്തവര്‍ക്ക് അന്‍സാരികളുടെ മക്കള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കല്‍ മോചനദ്രവ്യമായി നിശ്ചയിക്കുകയും ചെയ്തു.

ഹുദൈബിയ്യാ സന്ധി
പ്രവാചകന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന സംഭവമാണ് ഹുദൈബിയ്യാ സന്ധി. ഉപരിപ്ലവ ചിന്തകളില്‍ മുസ്‌ലിംകള്‍ക്കും പ്രവാചകനും നിന്ദ്യതയും നിസ്സാരതയുമാണ് ഇതിലൂടെ ഉണ്ടായത് എന്ന് തോന്നാമെങ്കിലും മഹത്തായ വിജയിത്തി(ഫത്ഹ് മക്ക)ലേക്കുള്ള സൂചനയായിരുന്നു ഈ സന്ധി. വികാരത്തള്ളിച്ചകളേക്കാല്‍ വിവേകപരതക്

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter