ആർഎസ്എസിന്റെ തിട്ടൂരങ്ങള്‍ക്കനുസരിച്ച് മുന്നോട്ടു പോകാൻ ഈ രാജ്യം തയ്യാറല്ല- ചന്ദ്രശേഖർ ആസാദ്

കൊടുങ്ങല്ലൂര്‍: പൗരത്വ ഭേദഗതി നിയമത്തിൽ ശക്തമായ പ്രക്ഷോഭ രംഗത്തുള്ള ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സിഎഎ വിഷയത്തിൽ ആർഎസ്എസിനെതിരെ രംഗത്തെത്തി.  ആര്‍.എസ്.എസിന്റെ നാഗ്‌പുര്‍ കാര്യാലയത്തില്‍നിന്ന്‌ പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങള്‍ക്കനുസരിച്ചല്ല രാജ്യം മുന്നോട്ടുപോകേണ്ടതെന്ന് ആസാദ് പറഞ്ഞു.

ചേരമാന്‍ ജുമാമസ്ജിദ് രൂപംകൊടുത്ത സിറ്റിസണ്‍ ഫോറം ഇന്ത്യ അഴീക്കോട് മുനയ്ക്കല്‍ ബീച്ചില്‍ സംഘടിപ്പിച്ച ബഹുസ്വര ആസാദി മാര്‍ച്ചിലും സമരസംഗമത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭരണഘടന അനുസരിച്ച്‌ രാജ്യത്തെ നയിക്കുന്നതിന് വേണ്ടിവന്നാല്‍ ജീവന്‍തന്നെ ബലികൊടുക്കുമെന്ന് പ്രഖ്യാപിച്ച ആസാദ്, കേരളം, മധ്യപ്രദേശ്, ഡല്‍ഹി, ബിഹാര്‍ തുടങ്ങി രാജ്യം മുഴുവനും പൗരത്വനിയമഭേദഗതിക്കും എന്‍.ആര്‍.സി.ക്കും എതിരേ പ്രക്ഷോഭങ്ങള്‍ നടത്തി വരികയാണെന്നും ഇവ ഒന്നുചേര്‍ന്ന് സര്‍ക്കാരിനെ ഭയപ്പെടുത്തുന്ന വിധത്തില്‍ വലിയ പ്രതിഷേധമാക്കി ഉയർത്തണമെന്നും ആഹ്വാനം ചെയ്തു.

ഡല്‍ഹി ജുമാമസ്ജിദിന്റെ പടികളില്‍ കയറിനിന്ന് ഈ രാജ്യം തങ്ങളുടേതാണെന്നും ഇതാര്‍ക്കും വിട്ടുതരില്ലെന്നും പറഞ്ഞ് ഭരണഘടനയുടെ ആമുഖം വായിച്ചതിന് 25 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന ഇന്ത്യന്‍ പൗരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter