പുതുവർഷം; ഒരു സങ്കട ഹരജി

ഉദയം സന്തോഷംതന്നെയാണ്. അസ്തമയം മനോഹരമെങ്കിലും അതിനൊരു ആലസ്യമുണ്ട്. നിദ്രയുടെ മൂടുപടമണിയാനുള്ള ആസക്തിയുണ്ട്. ഉദയം ഉണർച്ചയാണ്. വെളിച്ചവും തെളിച്ചവുമാണ്. പ്രശാന്തതയും പ്രസരിപ്പുമാണ്. ഉത്തരവാദിത്തങ്ങളിലേക്കുള്ള ഉയർത്തെഴുന്നേൽപ്പും നന്മകളിലേക്കുള്ള ഒരുക്കങ്ങളുമാണ്. അതുകൊണ്ട് ഈ പുലരിയും അങ്ങനെ പുതിയൊരു വർഷത്തിലേക്ക് നമ്മെ ഉണർത്തുമെങ്കിൽ സന്തോഷംതന്നെയാണ്.

 എന്നാൽ വർഷങ്ങൾ പുതിതെത്ര ഉദയം ചെയ്‌താലും മാറ്റമേതുമില്ലാതെ പഴയതിന്റെ ആവർത്തനങ്ങളിൽ ഒഴുകി നീങ്ങാൻ നാം നമ്മെ അനുവദിക്കുമെങ്കിൽ സന്തോഷിക്കാൻ പിന്നെന്ത് വകയാണ്. സങ്കടപ്പെടാൻ വകയേറെയുണ്ട്താനും. ഇന്നത്തോടെ പുതിയൊരു കലണ്ടർ നമ്മുടെ ജീവിതത്തിലേക്ക് കളം വരയ്ക്കുമ്പോൾ അതിൽ നമ്മുടെ ആയുസ്സറുതിയുടെ കളമില്ലെന്നാരു കണ്ടു? എന്നിരിക്കെ നമ്മുടെ അന്ത്യത്തിൻ്റെ ആഘോഷമാണോ ഈ പുതുവർഷപ്പുലരി? കയ്യിലിരിക്കുന്ന സ്മാർട്ട് ഫോണിൽ ഒരു വാട്സ്ആപ് ഗ്രൂപ്പെടുത്ത് അൽപം പുറകോട്ട് പുറകോട്ട് വിരലോടിച്ചാൽ ഇക്കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചും അല്ലാതെയും നാട്ടിലും വിദേശത്തും വിടപറഞ്ഞുപോയ കൂട്ടുകാരുടെ മുഖങ്ങൾ പ്രത്യക്ഷമാകില്ലേ... അല്ലെങ്കിൽ ഒരു നിമിഷം കണ്ണടച്ച്  ഒന്നോർത്തെടുക്കാൻ ശ്രമിച്ചാലോ? കഴിഞ്ഞ വർഷത്തിന്റെ ഇതുപോലൊരു പുലരിയിൽ അവരും ആഹ്ളാദം പങ്കുവച്ചിരുന്നിരിക്കാം. അവർ വിസ്‌മൃതിയിലേക്ക് യാത്രയായി. ദിവസങ്ങൾ കൊണ്ട് അവരെ മൊബൈലുകളിൽ നിന്നും ഓർമ്മകളിൽ നിന്ന് വരെ ഓരോരുത്തരെയായി ഡിലീറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. മനസ്സിൽ നിന്ന് മാഞ്ഞുകൊണ്ടിരിക്കുന്ന മരണപ്പെട്ടവരുടെ മുഖങ്ങൾ പോലെ വേണ്ടപ്പെട്ടവരുടെ മനസ്സുകളിൽ നിന്ന് നാമും തേഞ്ഞുമാഞ്ഞു പോകും. ഏതാനും വർഷം മുമ്പ് നമ്മുടെ വിലാസം ലോകത്തിന് അപരിചിതമായിരുന്ന പോലെ നമ്മുടെ നാട്ടിൽ നമ്മുടെ പേരും അപരിചിതമാകാനിരിക്കുന്നു. 

പുതുവർഷം നമ്മെ അന്ത്യത്തിലേക്കാണ് അടുപ്പിച്ചിരിക്കുന്നത്. നമ്മുടെ ചവിട്ടടികളോരോന്നും മരണത്തിലേക്കാണ്. നാമാകുന്ന ഏതാനും നിമിഷങ്ങളിതാ വീണുടഞ്ഞുകൊണ്ടേയിരിക്കുന്നു. ഉള്ളിൽ നിന്നുള്ള ഓരോ സ്പന്ദനങ്ങളും ആയുസ്‌വൃക്ഷത്തിൻ്റെ ഇലപൊഴിക്കുന്നുണ്ട്. ഇന്നലെ നാം ചുമരിൽ നിന്ന് അടർത്തിമാറ്റിയ പഴകിയ കലണ്ടർ മരണപ്പെട്ടുപോയ നമ്മുടെ ഇന്നലെകളാണ്.  അല്പായുസ്സുള്ള ഓരോ പകലും അസ്തമിക്കും മുമ്പ് ലോകത്തിനു മുഴുവൻ വെളിച്ചം പകർന്ന ചാരിതാർഥ്യത്തോടെയാണ് വിടചോദിക്കുന്നത്. നാമും അസ്തമിക്കും മുമ്പ് ആവുംവിധം നമ്മുടെ പരിസത്തിലേക്കെങ്കിലും പ്രഭ വിതറണം. അതിന് നമ്മുടെ ജീവിതത്തിന്റെ ദൗത്യമറിയണം. ഒഴുക്കുവെള്ളത്തിലെ പൊങ്ങുതടിയാവാൻ വിടാതെ നമ്മെ നാം തിരിച്ചു പിടിക്കണം. തിരികെ നീന്തണം. ലക്ഷ്യം നേടണം. അതിനുള്ള ദൃഢപ്രതിജ്ഞയാവണം ഈ പുലരി. എങ്കിലേ ഇത് സന്തോഷത്തിനുള്ള അവസരമാകൂ.  

'ഹാപ്പി ന്യൂ ഇയർ' ഇത്രയേറെ പൊലിമയുള്ള ആഘോഷമാവാൻ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. ഡി ജെ പാർട്ടികളും കരിമരുന്ന് പ്രയോഗവുമൊക്കെയായി അവിസ്മരണീയ അനുഭവത്തിന്റെ അടയാളപ്പെടുത്തലാക്കിമാറ്റുന്ന ആഘോഷങ്ങൾ ആരുടെ സൃഷ്ടിയാണ്. 
നവലിബറൽ പരിഷ്ക്കാരങ്ങളുടെ കാലത്താണ് ഇവിടങ്ങളിൽ പുതുവർഷം എന്ന ഉല്പന്നം രൂപപ്പെട്ടു വരുന്നത്. ഹോട്ടലുകളും മദ്യ വിപണിയും അതിൽ നിന്നുള്ള വരുമാനം പറ്റുന്ന ഭരണകൂടങ്ങൾക്കും നിർണ്ണായകമായതോടെ എതിർത്തവർ പോലും വർണ്ണപ്പകിട്ടോടെ  ആഘോഷിക്കാൻ തുടങ്ങി. ഈ ഒരൊറ്റ രാത്രിക്ക് മെട്രോപൊളിറ്റൻ സിറ്റികളിൽ ലക്ഷങ്ങളാണ് വാടക. കച്ചവടത്തിന്റെ വ്യാപ്തി മദ്യത്തിൽ മാത്രം ഒതുങ്ങുന്നില്ല.  ആശംസകൾ നേരുന്ന സ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും  വ്യക്തികൾക്കു വരെ നിക്ഷിപ്‌ത താല്പര്യങ്ങളുണ്ട്.  കച്ചവടക്കണ്ണുകളുണ്ട്. ന്യൂ ഇയർ സ്പെഷ്യൽ ഓഫറുകളെന്നാൽ അവരുടെ ഉൽപന്നങ്ങൾ പാതി വിലക്ക് നമുക്ക് നൽകുകയാണെന്ന് അപ്പടി വിശ്വസിക്കേണ്ട. അവർ നമ്മെ വിലക്കെടുക്കുകയാണെന്നും വായിക്കാം. കച്ചവടത്തിൽ സ്നേഹമില്ല….ലാഭവും നഷ്ടവും മാത്രമേ ഉള്ളു….പുതുവർഷം പൂർണ്ണമായും ഒരു ഉൽപ്പന്നമായി മാറുമ്പോൾ ആർക്കാണ് ലാഭം, ആർക്കാണ്  നഷ്ടമെന്ന് തിരിച്ചറിയാൻ നമുക്കാവണം.

ഇന്നലത്തേക്കാൾ നല്ലൊരു ഇന്ന് എന്നെന്നും നമുക്ക് കരുതിവെക്കാനായാൽ പുതുവർഷം സന്തോഷത്തിന്റേതാണ്. അനുദിനം ഉടയവനിലേക്ക് ഏറെ അടുത്തുകൊണ്ടിരിക്കുന്ന അനുഗ്രഹീത ദിനരാത്രങ്ങളാക്കാൻ കഴിഞ്ഞാൽ ഈ ആഹ്ളാദത്തിനും അല്പായുസ്സാവില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter