താഴ്‌മയിലാണ് ഔന്നത്യം 

അബൂ അബൂ ഉബൈദ (റ) ൻ്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം ബൈത്തുൽ മുഖദ്ദസ് കീഴടക്കാൻ പോയ സമയം. ശത്രുസൈന്യം സൈനികമായി പരാജയപ്പെട്ടെങ്കിലും ഖലീഫ നേരിട്ടുവന്നാൽ മാത്രമേ ബൈതുൽ മുഖദ്ദസ് വിട്ടുതരികയുള്ളൂ എന്ന് ശഠിച്ചു. അവർ മുന്നോട്ടുവെച്ച നിർദ്ദേശം രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടി മുസ്‌ലിംകൾ അംഗീകരിച്ചു. ഖലീഫ മദീനയിൽ നിന്ന് യാത്രചെയ്ത് ബൈതുൽ മുഖദ്ദസിലേക്ക് കടന്നു വരികയാണ്. കൂടെ തൻ്റെ പരിചാരകനുമുണ്ട്. 

രണ്ടു പേർക്കും മാറിമാറി ഉപയോഗിക്കാൻ ഒരേയൊരു ഒട്ടകമാണുള്ളത്. പരിചാരകൻ ഒട്ടകപ്പുറത്തും ഉമർ (റ) ഒട്ടകത്തിൻ്റെ കയർ പിടിച്ച് നടന്നുമാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്. ഇത് കണ്ട അബൂ ഉബൈദക്ക് വിഷമം തോന്നി, അദ്ദേഹം അത്  ഖലീഫയെ ഇങ്ങനെ ഉണര്‍ത്തി. "അമീറുൽ മുഅ്മിനീൻ! അങ്ങയെ ഈ രൂപത്തിൽ ആളുകൾ കാണുന്നത് നമുക്ക് മോശമാണ്" 

ഇത് കേട്ട ഉമർ (റ)  തൻ്റെ സുഹൃത്തിനെ തുറിച്ചു നോക്കി പ്രതികരിച്ചു: അബൂ ഉബൈദ! ഇത് പറഞ്ഞത് വേറെ ആരെങ്കിലുമായിരുന്നു എങ്കില്‍..... അല്ലാഹുവിൻ്റെ സന്ദേശങ്ങളാണ് നമ്മുടെ യശസ്സുയർത്തിയത്. ഈ പ്രതാപം മറ്റു വല്ലതിൽ നിന്നും വേറെ വല്ലവരിൽ നിന്നുമാണ് നാം തേടുന്നതെങ്കിൽ തീർച്ചയായും അവൻ നമ്മെ പതിതരാക്കും.

Also Read:ഉള്ളത് തന്നെ പോരേ... എന്തിനാണ് അധികം..

അന്തസ്സും അഭിമാനവും മനുഷ്യൻ്റെ  മഹത്വം വർധിപ്പിക്കുന്നു. മാന്യന്മാരെ ആളുകൾ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യും. എന്നാൽ മാന്യത കുടികൊള്ളുന്നത് വേഷഭൂഷകളിലല്ല. ദുരഭിമാനത്തിൻ്റെ വേഷം കെട്ടലുകൾ ജനം തിരിച്ചറിയും. 
പണവും പത്രാസും എത്രയുണ്ടായിട്ടും ആളുകൾക്കിടയിൽ അരക്കാശിനു കൊള്ളാതാവുന്നവരുണ്ട്. താൻ നാട്ടിലെ വലിയ പ്രമാണിയാണെന്നും തൻ്റെ വീടിനോടും വാഹനത്തോടും കിടപിടിക്കുന്നവ ഉടമയാക്കാൻ മാത്രം വളർന്നവരായി ഇന്നാട്ടിൽ ആരുമില്ലെന്നും അതിനാൽ പ്രസിഡണ്ടാവാനും ചെയർമാനാവാനും തൻ തന്നെ യോഗ്യൻ എന്നും അഹങ്കരിക്കുന്നവർ. അവരോട് സംസാരിക്കാനും അവരെ കേൾക്കാനും ആരും താൽപര്യം കാണിക്കില്ല.  അവരുടെ പൊങ്ങച്ചവും ദുരഭിമാനവും ട്രോളുകളായി നാടുകളിൽ പ്രചരിക്കുന്നത് അവരറിയുന്നുപോലുമുണ്ടാവില്ല. 

പഴയകാല തറവാടിത്തത്തിൻ്റെ മേനി പറച്ചിലിൽ ഇന്ന് മാറ്റം വന്നിട്ടുണ്ടെങ്കിലും ലോകമാന്യത്തിൻ്റെ  പുതിയ പല പതിപ്പുകളും പ്രചുരപ്രചാരം നേടിയിരിക്കുകയാണ്. വലിയ ഉദ്യോഗസ്ഥർക്കിടയിലും വിദ്യാസമ്പന്നർക്കിടയിൽ പോലും ഇതിൻ്റെ  വകഭേദങ്ങളുണ്ട്. 
സ്വന്തത്തിൻ്റെ നിസ്സാരത തിരിച്ചറിയുന്നവനാണ് മുസ്‌ലിം. അഞ്ചുനേര നിസ്‌കാരങ്ങളിൽ പലയാവൃത്തി 'അല്ലാഹു അക്ബർ'  എന്ന് പ്രഖ്യാപിക്കുന്നതിലൂടെ അവനവൻ്റെ  ചെറുപ്പം സമ്മതിക്കുകയാണ്. വിനയാന്വിതനായി ജീവിക്കാനുള്ള ഊർജം സ്വീകരിക്കുകയാണ്. 

ഒട്ടുമേ പ്രസ്താവ്യമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യനിൽ സംജാതമായിക്കഴിഞ്ഞിട്ടില്ലയോ? വ്യത്യസ്ത ഘടകങ്ങൾ സംഗമിച്ച ഒരു ശുക്ലബിന്ദുവിൽനിന്നാണ് പരീക്ഷിക്കാനായി അവനെ നാം സൃഷ്ടിച്ചത് എന്ന വി.ഖുർആന്റെ സൂറത്തുൽ ഇൻസാനിലെ ആദ്യ വചനങ്ങൾ മനുഷ്യൻ്റെ അഹന്തയെ പൊളിച്ചെഴുതാൻ പഠിപ്പിക്കുന്നുണ്ട്. 

ആബിസുബ്‌നു റബീഅ (റ) പറയുകയാണ്: ഉമറുബ്നുൽ ഖത്താബ് (റ) മിംബറിലായിരിക്കെ ഇങ്ങനെ പ്രസംഗിച്ചു, ജനങ്ങളേ, നിങ്ങൾ വിനയാന്വിതരാവുക. അല്ലാഹുവിൻ്റെ തിരുദൂതർ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹുവിനു വേണ്ടി ഒരാൾ വിനയാന്വിതനായാൽ അല്ലാഹു അവനു ഔന്നത്യം നൽകും. അവൻ്റെ ദൃഷ്ടിയിൽ അവൻ ചെറിയവനാണെങ്കിലും ജനങ്ങളുടെ ദൃഷ്ടിയിൽ അവൻ മഹാനായിരിക്കും. ആരെങ്കിലും അഹങ്കരിച്ചാൽ അല്ലാഹു അവനെ നിന്ദ്യനാക്കും. അവൻ്റെ ദൃഷ്ടിയിൽ അവൻ മഹാനും ജനങ്ങളുടെ ദൃഷ്ടിയിൽ നിസ്സാരനുമായിരിക്കും. നായ, പന്നികളോടുള്ള മതിപ്പ് പോലും അവനോടുണ്ടാവില്ല. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter