വെറുപ്പിന്റെ നിറം 
പള്ളിയിലേക്കിറങ്ങിയതായിരുന്നു ഒരു സൂഫിവര്യന്‍. വഴിക്കുവെച്ച് തന്നെ ഒരാള്‍ ശകാരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. അവനെ അംഗീകരിച്ചതിന് പിറകെ ആവശ്യം ആരാഞ്ഞു. ആയിരം ദിര്‍ഹം നല്‍കുകയും തന്റെ വസ്ത്രം പുതപ്പിക്കുകയും ചെയ്തു. രോഷം പൂണ്ടവന്‍ അങ്ങനെ സ്തുതിപാഠകനായി.
ഒരാള്‍ തന്റെ ബന്ധുവിനെ ചീത്ത പറഞ്ഞപ്പോള്‍ ലഭിച്ച പ്രതികരണം ഇങ്ങനെയായിരുന്നു, 'നീ പറയുന്നത് സത്യമാണെങ്കില്‍ അല്ലാഹു എനിക്ക് പൊറുത്തു തരട്ടെ. നീ പറയുന്നത് കളവെങ്കില്‍ അല്ലാഹു നിനക്ക് പൊറുത്തു തരട്ടെ'
അനുചരന്മാരോടൊപ്പം കൂടിയിരിക്കെ നബി(സ്വ) പറഞ്ഞു: 'സ്വര്‍ഗാവകാശികളില്‍ പെട്ട ഒരാള്‍ ഇപ്പോള്‍ ഇതുവഴി കടന്നുവരും.' അന്‍സ്വാറുകളില്‍ പെട്ട ഒരു സ്വഹാബിവര്യനായിരുന്നു അങ്ങനെ കടന്നു വന്നത്. അബ്ദുല്ലാഹിബിന്‍ അംറു ബിനുല്‍ ആസ്വ്(റ) ആ സ്വഹാബിവര്യരെ അനുഗമിച്ചു. മൂന്നു രാത്രി അദ്ദേഹത്തോടൊപ്പം താമസിച്ചു. മറ്റുള്ളവര്‍ ചെയ്യുന്നതിലപ്പുറം വിശിഷ്ട കര്‍മങ്ങള്‍ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടില്ല. എന്നിരിക്കെ നബി (സ്വ)യില്‍ നിന്ന് ഇങ്ങനെയൊരു സാക്ഷ്യം ലഭിക്കാന്‍ അവസരമൊരുക്കിയത് എന്തായിരിക്കാമെന്ന് തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ കണ്ടതില്‍ കൂടുതല്‍ ആയി ഒരു കര്‍മവും ഞാന്‍ ചെയ്യുന്നില്ല. പക്ഷെ, എന്റെ മനസ്സില്‍ ഒരാളോടും ഒട്ടും പകയില്ല, അസൂയയില്ല' (അഹ്‌മദ്‌).
'നിന്റെ കാര്യത്തില്‍ അല്ലാഹുവിനോട് എതിര് ചെയ്തവനു നീ നല്‍കുന്ന വലിയ ശിക്ഷ അവന്റെ കാര്യത്തില്‍ നീ അല്ലാഹുവിനെ അനുസരിക്കലാണെന്ന് ഉമര്‍ ബിനുല്‍ഖത്വാബ്(റ). നിന്നോട് ഉപദ്രവം ചെയ്തവനോട് നീ കാണിക്കുന്ന കാരുണ്യം നിന്നെ സ്‌നേഹിക്കാന്‍ അവനെ നിര്‍ബന്ധിതനാക്കും. നിന്റെ പകയെ നിയന്ത്രിച്ച് നിര്‍വീര്യമാക്കുന്നതിലൂടെ ശത്രുവിന്റെ വിരോധമാണ് നീ പിടിച്ചുകെട്ടുന്നത്. അത് വന്‍ വിജയവും വമ്പിച്ച പ്രതിഫലാര്‍ഹവുമാണ്. വലിയ ബുദ്ധിജീവികളുടെ ഉല്‍കൃഷ്ട ഗുണവുമാണ്. 'അവര്‍ തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുന്നു. പരലോകത്ത് ശോഭനപര്യവസാനമാണ് അവര്‍ക്കുള്ളത്' (അര്‍ റഅ്ദ്: 22). 
വിവേകികള്‍ പരിസര ലോകത്തിന്റെ അപശബ്ദങ്ങളിലും അവഹേളനങ്ങളിലും മനസ്സുടക്കില്ല. തിന്മകളുടെ ലോകത്തു നിന്ന് പരിമളം പരക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. 'കരുണാമയനായ അല്ലാഹുവിന്റെ ദാസന്‍മാര്‍ വിനയാന്വിതരായി ഭൂമിയില്‍ സഞ്ചരിക്കുന്നവരും അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപൂര്‍വം പ്രതികരിക്കുന്നവരുമാകുന്നു' (അല്‍ ഫുര്‍ഖാന്‍: 63). സംസ്‌കാരശൂന്യനു നീ വിധേയനായാല്‍ അവനൊന്നും പറഞ്ഞില്ലെന്നും നീയൊന്നും കേട്ടില്ലെന്നും നടിക്കലാവും ഉചിതം. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണമെന്ന പ്രോത്സാഹനവും പ്രചോദനവും ലോക ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതി. പക പുകയേണ്ടിടത്ത് സൗഹൃദം തളിരിട്ടു. ഇറുപ്പവനും മലര്‍ ഗന്ധമേകുന്നമെതിന്റെ പൊരുളില്‍ അവനവന്‍ ഒരു റോസാപ്പൂവിന്റെ സൗഗന്ധികമെങ്കിലും പകരാന്‍ കൊതിച്ചു. 
വെറുപ്പുള്ളവരുടെ എണ്ണമനുസരിച്ച് കല്ല് ശേഖരിച്ച് വരാൻ വിദ്യാർത്ഥികളോട് പറഞ്ഞ ഗുരുവിന്റെ കഥയുണ്ട്. ചില വിദ്യാർത്ഥികൾ പ്രയാസപ്പെട്ട് കല്ലുകളുടെ വലിയ ശേഖരവും പേറിയാണ് അന്ന് ക്‌ളാസിൽ വന്നത്. വെറുപ്പ് നമ്മുടെ ശരീരത്തിനേക്കാളേറെ മനസ്സിനാണ് ഭാരം കൂട്ടുന്നതെന്നും അനാവശ്യ ഭാരങ്ങൾ പേറി നടക്കാതെ ഇറക്കിവെക്കാൻ ശീലിക്കണമെന്നും ഗുരു പഠിപ്പിക്കുകയായിരുന്നു. വെറുപ്പ് മനസ്സിന് ഭാരം കൂട്ടും. ഇരുട്ട് പരത്തും. സാംക്രമിക രോഗം കണക്കെ പടർന്നു പിടിക്കും. വെറുപ്പ് കറുപ്പല്ല; എന്നാൽ വെറുപ്പ് പേറുന്ന മനസ്സുകൾക്ക് കൂരിരുട്ടിന്റെ ക്രൗര്യമുണ്ട്. ഇരുട്ടിന് വെളിച്ചമാണ് പ്രതിവിധി. സ്നേഹത്തിന്റെ വെളിച്ചം പകർന്ന് കെടുത്തിക്കളയണം വെറുപ്പിന്റെ വിനാശസ്ഫുലിംഗങ്ങളെ.
'നല്ലതും ചീത്തയും തുല്യമാകില്ല. തിന്മയെ അത്യുത്തമമായതുകൊണ്ട് തടയുക. ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശത്രുതയുണ്ടോ, അതോടെ അവന്‍ ആത്മ മിത്രമായിത്തീരുന്നതാണ്. ക്ഷമാശീലര്‍ക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാവൂ. മഹാ സൗഭാഗ്യവാനല്ലാതെ അതിനുള്ള അവസലം ലഭിക്കുകയില്ല' (വി. ഖുർആൻ - ഫുസ്സിലത്ത്: 34, 35).

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter