പൗരത്വ ഭേദഗതി ബില്ലിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ബഹ്‌റൈന്‍

മനാമ: ഇന്ത്യയിലുടനീളം പ്രക്ഷോഭങ്ങൾ ശക്തി പ്രാപിക്കുന്നതിനിടെ പൗരത്വഭേദഗതി വിഷയത്തിൽ രാജ്യം കടുത്ത അന്താരാഷ്ട്ര സമ്മർദ്ദം നേരിടുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്നു ബഹ്റൈൻ ജന പ്രതിനിധിസഭ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ പാരമ്പര്യത്തിന് യോജിക്കുന്നതല്ല ഈ നിയമമെന്നും മുസ്‌ലിംകള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം വിവേചനപരമാണെന്നും ബഹ്‌റൈന്‍ പ്രതിനിധി സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം ഔദ്യോഗികമായി എതിര്‍പ്പ് അറിയിക്കുന്നത്. നേരത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കൺട്രീസ് ഒഐസി ബില്ലിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

ഇന്ത്യയിലെ പാര്‍ലമെന്റിനു തുല്യമായ സംവിധാനമാണ് ബഹ്‌റൈനിലെ പ്രതിനിധി സഭ. ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതി വിവേചനപരമാണെന്നും അതു നടപ്പാക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും പ്രതിനിധിസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടതോടെ ആഗോള തലത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് സമ്മര്‍ദ്ദമേറുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഇന്ത്യയുടെ പൗരാണികമായ പാരമ്പര്യം സഹിഷ്ണുതയുടേതും സഹവര്‍ത്തിത്വത്തിന്റേതുമാണ്. എല്ലാ ജനവിഭാഗങ്ങളെയും തുറന്ന മനസോടെ സ്വീകരിക്കുന്ന രീതിയാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്നതായും കൗണ്‍സില്‍ നിരീക്ഷിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനമുണ്ടെങ്കിലും ഇന്ത്യയും അറബ് രാജ്യങ്ങളുമായി നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter