സംസ്ഥാന സർക്കാർ വഖഫ് ബോർഡിന് 3.74 കോടി രൂപ അനുവദിച്ചു
കോഴിക്കോട്: ആവശ്യമായ ഫണ്ടുകൾ ഇല്ലാതെ സാമ്പത്തിക പ്രയാസം നേരിടുന്ന സമയത്തും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിന്റെ പേരിൽ വിവാദത്തിലായ വഖഫ് ബോർഡിന് സംസ്ഥാന സർക്കാർ 3.74 കോടി ഗ്രാൻഡ് അനുവദിച്ചു. അഡ്മിനിസ്ട്രേറ്റീവ് സ്പെഷ്യൽ ഗ്രാൻഡ് ഇനത്തിൽ 1.32 കോടി രൂപയും അഡ്മിനിസ്ട്രേറ്റീവ് ഗ്രാൻഡായി 72 ലക്ഷം രൂപയും 2017 മുതലുള്ള രണ്ടുവർഷത്തെ സ്പെഷ്യൽ ഗ്രാൻഡ് കുടിശ്ശികയായി 1.19 കോടി രൂപയും അഡ്മിനിസ്ട്രേറ്റീവ് ഗ്രാൻഡ് കുടിശ്ശികയായി 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

ദൈനംദിന കാര്യങ്ങൾക്കും ക്ഷേമപെൻഷൻ അനുവദിക്കുന്നതിലും പ്രയാസമനുഭവിക്കുന്ന വഖഫ് ബോർഡിന് ഇത് വലിയ ആശ്വാസമാകും. അതേസമയം സർക്കാർ തുക അനുവദിച്ചതിൽ ഇപ്പോഴും അവ്യക്തതയുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് അനുവദിക്കുന്നതിന് പകരം കഴിഞ്ഞ സാമ്പത്തിക വർഷം ലഭിക്കേണ്ട തുകയും മുൻവർഷങ്ങളിലെ കുടിശ്ശികയുമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. നേരത്തെ ബജറ്റിൽ പ്രഖ്യാപിച്ച തുക വഖഫ് ബോർഡിന് നൽകാത്തതിൽ സുന്നി മഹല്ല് ഫെഡറേഷൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter