വിദ്വേഷ പ്രസംഗം:  ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കുന്നതിന് തടസ്സമെന്തെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിൽ പോലീസിനെ നിസ്സംഗത മറനീക്കി പുറത്തുവന്ന സാഹചര്യത്തിൽ കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കുന്നതിന് എന്താണ് തടസമെന്ന് സുപ്രീംകോടതി ചോദിച്ചു. കേസെടുക്കാന്‍ വൈകുന്നതിനെയും കോടതി വിമര്‍ശിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ട് ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസെടുക്കുന്നത് അനന്തമായി നീട്ടിവച്ച ഡല്‍ഹി ഹൈക്കോടതി നടപടിയെയും കോടതി വിമര്‍ശിച്ചു. കലാപം സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണനക്ക് എടുക്കണമെന്നും അടിയന്തരമായി തീര്‍പ്പുണ്ടാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേസെടുക്കുന്ന വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞ സമാനവാദങ്ങള്‍ തന്നെയാണ് സുപ്രീംകോടതിയിലും കേന്ദ്ര സര്‍ക്കാര്‍ നിരത്തിയത്. കേസെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും നിലവിലെ സ്ഥിതിയില്‍ കേസെടുക്കുന്നത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. സർക്കാർ നിലപാട് അംഗീകരിച്ച് വിദ്വേഷ പ്രസംഗകർക്കെതിരെ കേസെടുക്കാത്ത സമീപനമായിരുന്നു ഹൈക്കോടതി സ്വീകരിച്ചത്. ഹൈക്കോടതിയിൽ നിന്ന് വ്യത്യസ്തമായി ഈ നിലപാട് പൂർണ്ണമായും തള്ളിക്കളഞ്ഞാണ് സുപ്രീംകോടതി കേസെടുക്കുന്നതിന്റെ തടസ്സം എന്തെന്ന് ചോദിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter