ഇറാൻ റവല്യൂഷനറി ഗാർഡ് മുൻ മേധാവിയെ വധിക്കാൻ ശ്രമം: ഗൂഢാലോചന തകർത്തതായി ഇറാൻ
ടെഹ്റാൻ:ഗൾഫ് മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെ ഇറാനിലെ എലൈറ്റ് ഖുദ്സ് ഫോഴ്‌സിന്‍റെ തലവന്‍ മേജർ ജനറൽ കാസിം സുലൈമാനിയെ വധിക്കാൻ ഇസ്രായേൽ നടത്തിയ ഗൂഢാലോചന തകർത്തതായി അവകാശപ്പെട്ട് ഇറാൻ രംഗത്തെത്തി. അറബ്-ഇസ്രയേൽ ഗൂഢാലോചനയായിരുന്നു പദ്ധതിയുടെ പിന്നിലെന്ന് ഇറാന്‍ സര്‍ക്കാര്‍ ആരോപിച്ചു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടക്കുന്നതായും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബർ 9, 10 തീയതികളിൽ ആശൂറാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങുകള്‍ക്കിടെ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ആസൂത്രിത നീക്കങ്ങളിലൂടെ പദ്ധതി തകര്‍ക്കുകയായിരുന്നുവെന്നും ഇറാന്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ സീനിയർ കമാൻഡറായിരുന്നു മേജർ ജനറൽ കാസിം സുലൈമാനി. നിലവില്‍ എലൈറ്റ് ഖുദ്സ് ഫോഴ്‌സിന്‍റെ തലവനായി സേവനമനുഷ്ടിക്കുന്ന സുലൈമാനിക്ക് അടുത്തിടെ രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സുല്‍ഫികര്‍ അവാര്‍ഡും ലഭിച്ചിരുന്നു. വധശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദേശ ബന്ധമുള്ള മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും രഹസ്യാന്വേഷണ വിഭാഗം മേധാവി ഹുസൈൻ തായിബിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തിൽ മറ്റ് ഏതൊക്കെ രാജ്യങ്ങൾക്കാണ് പങ്കുള്ളതെന്ന് പറയാൻ ഇറാൻ അധികൃതർ തയ്യാറായില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter