ഖത്തര്‍ പ്രതിസന്ധി; നിലപാടിലുറച്ച്  സഊദി സഖ്യരാഷ്ട്രങ്ങള്‍

ഖത്തര്‍ പ്രതിസന്ധിയില്‍ സഊദി സഖ്യരാഷ്ട്രങ്ങള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഖത്തറുമായി യാതൊരു വിധ ചര്‍ച്ചക്കും ഒരുക്കമല്ലെന്നും സഊദി സഖ്യരാഷ്ട്ര വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭ പൊതുയോഗത്തിനു മുന്‍പായി ചേര്‍ന്ന യോഗത്തിലാണ് ഖത്തര്‍ വിരുദ്ധ രാജ്യങ്ങളായ സഊദി അറേബ്യ, ബഹ്‌റൈന്‍, യു എ ഇ, ഈജിപ്ത് എന്നീ നാല് രാജ്യങ്ങള്‍ ഖത്തര്‍ ഉപരോധത്തിലെ നിലപാട് കടുപ്പിച്ചത്.
സഊദി സഖ്യരാഷ്ട്രങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാതെ ഖത്തറുമായി ചര്‍ച്ചക്കില്ലെന്നും ഉപാധികള്‍ അംഗീകരിക്കാതെയുള്ള ചര്‍ച്ചകള്‍ കൊണ്ട് യാതൊരു ഫലവുമില്ലെന്നും അവര്‍ പറഞ്ഞു.

സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍,  യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ്, യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ്, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹ്മദ് ആല്‍ ഖലീഫ, ഈജിപ്ത് വിദേശകാര്യ മന്ത്രി സമീഅ് ശുക്‌രി , യു.എ.ഇയുടെ യു.എസ് സ്ഥാനപതി യൂസുഫ് അല്‍ ഉതൈബ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.

ഇതോടെ ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമം നടത്തുന്ന അമേരിക്കയുടെയും കുവൈത്തിന്റെയും ശ്രമങ്ങള്‍ക്കു വീണ്ടും തിരിച്ചടിയായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി  ഖത്തര്‍ അമീര്‍ നടത്തിയ ചര്‍ച്ചയിലും പ്രതിസന്ധി പരിഹരിക്കാന്‍ ഉതകുന്ന യാതൊന്നും ഉയര്‍ന്നു വന്നിട്ടില്ലെന്ന് സഊദി അനുകൂല രാജ്യങ്ങള്‍ വിലയിരുത്തി.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter