‘മുസ്‌ലിംകള്‍ക്ക് മതപഠനത്തിന് ഒരു രൂപ പോലും നല്‍കുന്നില്ല’; ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന തുക എണ്ണിപ്പറഞ്ഞ് സര്‍ക്കാര്‍

സര്‍ക്കാരിന്റെ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഒരു പ്രത്യേക മതവിഭാഗങ്ങള്‍ക്കുമാത്രമാണ് ലഭിക്കുന്നതെന്ന വ്യാപകപ്രചരണങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി മറുപടി പറഞ്ഞ് സര്‍ക്കാര്‍. മുസ്‌ലിംകളുടെ സാമൂഹ്യപിന്നോക്ക അവസ്ഥ പഠിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നീതിയുക്തമായാണ് പങ്കുവെക്കപ്പെടുന്നതെന്ന് ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ മൊയ്തീന്‍കുട്ടി പറഞ്ഞു.

സുപ്രഭാതം ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുസ്‌ലിം,ഹിന്ദു,ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന തുക എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഓരോ വിഭാഗത്തിന്റേയും സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക അവസ്ഥകള്‍ പരിഗണിച്ചാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇതില്‍ സര്‍ക്കാരിന് പ്രത്യേക ജാതി, മത താല്‍പ്പര്യങ്ങളില്ല. 1,725.29 കോടി രൂപ ഹിന്ദു വിഭാഗങ്ങള്‍ മാത്രമുള്ള ഷെഡ്യൂള്‍ഡ് കാസ്റ്റിനും 663.27 കോടി ആ വിഭാഗത്തിലെ ഷെഡ്യൂള്‍ഡ് ട്രൈബിനും, 114.20 കോടി ഹിന്ദുക്കള്‍ അടക്കമുള്ള ഒ.ബി.സി വിഭാഗത്തിനും നല്‍കി. 42 കോടി രൂപ മുന്നോക്ക വിഭാഗ വികസനത്തിനും 48.75 കോടി രൂപ ന്യൂനപക്ഷവികസനത്തിനുമായി സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് അനുവദിച്ചതായും വിശദീകരിച്ചുകൊണ്ടാണ് ഡോ മൊയ്തീന്‍കുട്ടി കുപ്രചരണങ്ങളെ പൊളിച്ചടുക്കുന്നത്. മദ്രസ അധ്യാപകര്‍ക്ക് 20,000 കോടി രൂപ സര്‍ക്കാര്‍ ശമ്പളമായി നല്‍കുന്നു എന്ന വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഈ അധ്യാപകര്‍ക്ക് ഒരുരൂപ പോലും സര്‍ക്കാര്‍ ശമ്പളമായി നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നല്‍കുന്ന വായ്പകള്‍ക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വിവേചനം കാണിച്ചിട്ടില്ലെന്ന് ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടര്‍ വിശദീകരിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ പതിനഞ്ചിന പരിപാടിയിലെ നിര്‍ദേശങ്ങള്‍ മുഖ്യമായും പിന്നോക്ക ന്യൂനപക്ഷ മുസ്ലിംകള്‍ക്ക് മാത്രമായുള്ളതാണ്. കേരളത്തില്‍ മുഴുവന്‍ മുസ്‌ലിംകളെയും പിന്നോക്ക വിഭാഗമായിട്ടാണ് പരിഗണിച്ചുവരുന്നത്. എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ ലാറ്റിന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ആംഗ്ലോ ഇന്ത്യന്‍സ് മുതലായവരാണ് പിന്നോക്ക സമുദായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ക്രിസ്ത്യന്‍ സമുദായത്തിലെ മറ്റു വിഭാഗങ്ങള്‍ക്ക് മുന്നോക്ക കോര്‍പറേഷനില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനൊപ്പം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്നോക്ക സംവരണവ്യവസ്ഥ പ്രകാരം 10 ശതമാനം സംവരണവും നല്‍കിവരുന്നു. ഡോ മൊയ്തീന്‍കുട്ടി പറയുന്നു.
ആനുകൂല്യങ്ങള്‍ പ്രത്യേക മതവിഭാഗത്തിന് മാത്രമാണ് എന്ന പ്രചരണം തെറ്റാണെന്ന് തെളിയിക്കാനുള്ള എല്ലാ വിവരങ്ങളും ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാണെന്നാണ്. തെറ്റായ കണക്കുകളും തമ്മില്‍ ചേരാത്ത പഴയ കണക്കുകളും നിരത്തി തെറ്റിദ്ധാരണ പരത്തുന്നത് സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter