ലൗജിഹാദ് നിയമം: ഉത്തര്‍പ്രദേശ്,ഉത്തരഖണ്ഡ് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ലൗ ജിഹാദ് തടയാനെന്ന പേരില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ നിയമങ്ങളില്‍ ഇടപെട്ട് സുപ്രിംകോടതി. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ സാധുതയാണ് കോടതി പരിശോധിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും രാജ്യത്തിന്റെ മതേതരത്വത്തിനും എതിരാണ് പുതിയ നിയമങ്ങളെന്ന ഹരജികള്‍ പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷമുണ്ടാകാന്‍ ഇടയാക്കുന്നതുമാണ് നിയമ നിര്‍മാണങ്ങളെന്നാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

സുപ്രിംകോടതി ആദ്യം ഹരജി പരിഗണിക്കാന്‍ മടിച്ചു. എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിച്ചത്. ഉത്തരാഖണ്ഡ്, അലഹബാദ് ഹൈക്കോടതികളുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ എന്തുകൊണ്ട് ആ കോടതികളെ സമീപിച്ചുകൂടാ എന്നാണ് ജസ്റ്റിസ് ചോദിച്ചത്. എന്നാല്‍ ഒന്നിലധികം സംസ്ഥാനങ്ങള്‍ സമാന നിയമ നിര്‍മാണം നടത്തിയിട്ടുള്ളതിനാല്‍ പരമോനത കോടതി തന്നെ ഇക്കാര്യം പരിശോധിക്കണമെന്ന് 'സിറ്റിസന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസി'ന് വേണ്ടി ഹാജരായ സി യു സിങ് വാദിച്ചു. തുടര്‍ന്നാണ് രണ്ട് സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചത്.

ഒരു മാസം മുമ്പ് യുപിയില്‍ നടപ്പിലാക്കിയ നിയമവിരുദ്ധ മതപരിവര്‍ത്തന നിയമം 2020 പ്രകാരം ഇതുവരെ 54 പേരാണ് അറസ്റ്റിലായത്. നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഉത്തര്‍പ്രദേശ് പോലിസ് 16 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും 86 പേര്‍ക്കെതിരേ കേസെടുക്കുകയും 54 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് സുപ്രിം കോടതിയിലേക്കെത്തിയത്.

 

 

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter