ക്രീമിയയില്‍ സ്റ്റാലിനിസ്റ്റ് കാലം തിരിച്ചു വരികയാണോ?
രണ്ടര പതിറ്റാണ്ട് നീണ്ട ഉക്രൈന്‍ സഹവാസം മതിയാക്കി റഷ്യയോട് ചേരാനുള്ള തീരുമാനം കഴിഞ്ഞയാഴ്ചയാണ് ക്രീമിയന്‍ പാര്‍ലമെന്‍റ് പാസാക്കിയത്. എന്നാല്‍ ഈ തീരുമാനത്തില്‍ കുടത്ത വിയോജിപ്പും ആശങ്കയുമുള്ള മറ്റൊരു വംശീയ ന്യൂനപക്ഷം അവിടെയുണ്ട്. ക്രീമിയന്‍ താര്‍ത്താരികള്‍. ക്രീമിയന്‍ ഉപദ്വീപിലെ രണ്ടു ദശലക്ഷം ജനസംഖ്യയില്‍ പന്ത്രണ്ട് ശതമാനം വരുന്ന തുര്‍ക്കി വംശജരായ താര്‍ത്താരികള്‍ റഷ്യയെ അനുകൂലിച്ചുള്ള മാര്‍ച്ച് പതിനാറിലെ പാര്‍ലമെന്റ് തീരുമാനത്തെ തള്ളിക്കളയുകയാണ്. തീരുമാനം നടപ്പിലാക്കുന്നത് ആത്മഹ്യത്യാപരമായിരിക്കുമെന്നും റഷ്യന്‍ ഭരണകൂടവുമായി സന്ധിയാവാന്‍ കഴിയില്ലെന്നുമാണ് അവരുടെ അഭിപ്രായം.
ക്രീമിയയുടെ ചരിത്രവും വര്‍ത്തമാനവും ചേര്‍ത്തുവായിച്ചാല്‍ ഈ ഭീതി അസ്ഥാനത്തെല്ലെന്ന് മനസ്സിലാകൂം.
രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യസേനക്കെതിരെ ജര്‍മന്‍ പക്ഷം ചേര്‍ന്നതിന് പ്രതികാരമായി 1950-കളില്‍ സ്റ്റാലിനിസ്റ്റ് ഭരണകൂടം ദശലക്ഷക്കണക്കിന് താര്‍ത്താരി മുസ്‍ലിംകളെ സൈബീരിയയിലെയും ഉസ്ബക്കിസ്ഥാനിലെയും വിദൂര പ്രദേശങ്ങളിലേക്ക് കൂട്ടമായി നാടുകടത്തിയിരുന്നു.
അന്യ നാടുകളില്‍ പതിറ്റാണ്ടുകളോളം അഭയാര്‍ത്ഥികളായി ഇവര്‍ അലഞ്ഞു നടന്നു. പ്രതികൂല കാലാവസ്ഥയും പട്ടിണിയും മൂലം നിരവധി പേര്‍ മരണത്തിന് കീഴടങ്ങി. 1990-ല്‍ സോവിയറ്റ് യൂനിയന്‍റെ പതന വാര്‍ത്തയറിഞ്ഞ് സ്വന്തം നാടുകളിലേക്ക് മടങ്ങിയെത്തിയ ഇവരെ കാത്തിരുന്നത് കുടിയേറ്റക്കാരായ റഷ്യന്‍ വംശജരായിരുന്നു. തിരിച്ചെത്തിയവര്‍ സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും അരികുവത്കരിക്കപ്പെട്ടു.
പഴയ റഷ്യയുടെ ഭാഗമാകുന്നതിനെ അതിനാല്‍ വെറുപ്പോടെയും ഭയാശങ്കകളോടെയുമാണ് താര്‍ത്താരി മുസ്‍ലിംകള്‍ കാണുന്നത്. സ്വതന്ത്ര ഉക്രൈന്‍ രാജ്യത്തിന്‍റെ ഭാഗമായി തുടരാനാണ് ഇവര്‍ക്ക് താല്പര്യം. അതിനാല്‍ തന്നെ റഷ്യയെ പിന്തുണകുന്ന ക്രിമിയന്‍ നോതാക്കളുടെ വാഗ്ദാനങ്ങളൊന്നും ഇവര്‍ക്ക് ചെവികൊള്ളാനാവുന്നില്ല.
“നമ്മള്‍ ഒരേ നാട്ടുകാര്‍”
“റഷ്യന്‍ വംശജരും താര്‍ത്താരികളും സമാധാനപരമായി ഒരുമിച്ച് ജീവിക്കണം. വംശീയതക്കും വര്‍ഗീയതക്കുമെതിരെ ഒരുമിച്ച് നില്‍ക്കണം. ക്രീമിയ നമ്മുടെ എല്ലാവരുടെയും നാടാണ്.” റഷ്യയോട് ചേരാനുള്ള പാര്‍ലമെന്‍റ് തീരുമാനം പ്രഖ്യാപിച്ച ശേഷം, പുതുതായി നിയമിതനായ പ്രവിശ്യാ പ്രധാനമന്ത്രി സെര്‍ജെയ് അക്‍സിയോനോവ് പറഞ്ഞ വാക്കുകളാണിത്. “നമ്മള്‍ ഒരേ നിറവും ചരിത്രവും പങ്കുവെക്കുന്നവരാണെന്നതിനാല്‍ റഷ്യയില്‍ ചേരുന്നത് മൂലം കലഹങ്ങള്‍ ഒന്നമുണ്ടാകില്ല.”
എന്നാല്‍ ഭൂരിപക്ഷം താര്‍ത്താരികള്‍ക്കും ഇത് ഉള്‍ക്കൊള്ളാനാവുന്നില്ല.
“
ഞങ്ങള്‍ വിഘടനവാദികള്‍ക്കെതിരാണ്”
“ഇവിടെ ഇരുപത്തമൂന്ന് വര്‍ഷമായി ഞങ്ങള്‍ താര്‍ത്താരി മുസ്‍ലിംകളും റഷ്യന്‍ വംശജരും സൌഹൃദത്തോടെ കഴിയുന്നു.” എല്‍ദര്‍ ഇബ്രായ്മോവ് പറയുന്നു. തലസ്ഥാനമായ സിംഫറോപോളിനടുത്തുള്ള ആനയുര്‍ട്ട് ഗ്രാമത്തിന്‍റെ തലവനാണ് ഇബ്രായ്മോവ്. “എങ്ങനെ സമാധാനപരമായി ജീവിക്കാമെന്ന് ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. റഷ്യന്‍ വംശജര്‍ക്കും താര്‍ത്താരികള്‍ക്കും ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാനറിയാം. സങ്കര വിവാഹങ്ങള്‍ പോലും അസാധാരണമല്ല.”
ക്രീമീയ വീണ്ടും റഷ്യയോട് ചേര്‍ക്കപ്പെടുകയാണെങ്കില്‍ തന്‍റെ സമുദായം ഒരിക്കല്‍ കൂടി മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെട്ടു പോകുമെന്നാണ് ഇബ്രായ്‍മോവിന്റെ ഭയം.
പ്രദേശത്തെ വന്‍ഭൂരിപക്ഷമുള്ള റഷ്യന്‍ വംശജര്‍ റഷ്യയുമായി ചേരാന്‍ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാനായി കഴിഞ്ഞ ഫെബ്രുവരി 26-ന് നേരിട്ട് ക്രീമിയന്‍ പാര്‍ലമന്റിലേക്ക് പോയ താര്‍ത്താരികളുടെ സംഘത്തില്‍ ഇബ്രായ്നോവും ഉണ്ടായിരുന്നു.
“ഞങ്ങളുടെ വികാരം സമാധാനപരമായി പ്രകടിപ്പിക്കാനാണ് ഞങ്ങള്‍ പാര്‍ലമെന്റിലേക്ക് പോയത്. ഞങ്ങളുടെ നാടിന്റെ മാപ്പ് മുന്നില്‍ വെച്ച് അത് വെട്ടിമുറിക്കാന്‍ നടക്കുന്ന വിഘടന വാദികള്‍ക്കെതിരാണ് ഞങ്ങളെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അനധിവിദൂരമായ ഭാവിയില്‍ തന്നെ, തങ്ങള്‍ കാണിച്ചത് വഞ്ചനയാണെന്ന് അവര്‍ തിരിച്ചറിയുന്ന ഒരു നാള്‍ വരും. ഈ ചെയ്യുന്ന കൊടുംപാപത്തിന് അന്നവര്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു.” താര്‍ത്താരികളുടെ മുഴുവന്‍ ക്ഷോഭവും അടക്കിപ്പിടിക്കുന്നതായിരുന്നു ഇബ്രായ്നോവിന്റെ ശാന്തമായ വാക്കുകള്‍.
തുടര്‍ന്നുണ്ടായ കലഹങ്ങളും പ്രക്ഷോഭങ്ങളുമാണ് അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി മറ്റൊരു രാജ്യത്തിന്‍റെ അധീനതയിലുള്ള പ്രദേശത്തേക്ക് കടന്നുകയറാന്‍ റഷ്യക്ക് സാഹചര്യമൊരുക്കിയത്. പ്രദേശത്തെ ഉക്രേനിയന്‍ സൈനിക താവളങ്ങള്‍ക്ക് ചുറ്റും റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. തലസ്ഥാനത്തെ വളരെ തന്ത്രപ്രധാനമായ സര്‍ക്കാര്‍ ഓഫീസുകളില്‍ വരെ ഇപ്പോള്‍ റഷ്യന്‍ സൈനികര്‍ രഹസ്യമായി ക്യാമ്പ് ചെയ്യുന്നുണ്ട്.
റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ താര്‍ത്താര്‍ ദേശീയ അസംബ്ലി താര്‍ത്താര്‍ ജനവിഭാഗത്തോട് ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി വീടുകളില്‍ ജാഗരൂകരായി ഇരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രകോപന ശ്രമങ്ങള്‍ക്കെതിരെ സംയമനം പാലിക്കാനാണ് തീരുമാനം.
ഭീതിയുടെ നിശബ്ദതയിലാണ് ഇപ്പോള്‍ ക്രീമിയന് പ്രദേശം. റഷ്യന്‍ സൈന്യത്തെ സഹായിക്കുന്നതിനായി രൂപം കൊടുത്ത സ്വയംരക്ഷാ സംഘങ്ങള്‍ ആയുധങ്ങളുമായി പ്രദേശത്ത് റോന്ത് ചുറ്റുന്നുണ്ട്. വംശീയതയുടെ ചെറിയൊരു തീപ്പൊരി വീണാല്, വന്‍കലാപമായി അത് കത്തിപ്പടരാന്‍ ഇവിടെ നിമിഷങ്ങള്‍ മതിയാവും.
സ്വയം രക്ഷക്കായി താര്‍ത്താരികളും ചില സായുധ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ വംശജരുടേതുമായി താര്യതമ്യപ്പെടുത്തുമ്പോള്‍ എണ്ണത്തിലും ആയുധ ശക്തിയിലും എത്രയോ പുറകിലാണിവ. മഹാഭൂരിഭാഗവും സുന്നികളായ താര്‍ത്താരികള്‍ തങ്ങളുടെ പള്ളികളും സ്ഥാപനങ്ങളും സംരക്ഷിക്കാനാണിപ്പോള്‍ ഇത്തരം സായുധ സംഘങ്ങളെയാണ് ഉപോയഗപ്പെടുത്തുന്നത്.
"റഷ്യന്‍-താര്‍ത്താര്‍ സംഘര്‍ഷം അര്‍ബുദം പോലെയാണ്"
അറുപത്തിമൂന്നുകാരനായ യാക്കൂബ് നിഅ്മത്തുല്ലായേവ് സ്ട്രോഗനോവ്കയിലെ പള്ളിയില്‍ ഇമാമാണ്. ഏകദേശം ആയിരത്തോളം മുസ്‍ലിം വീടുകള്‍ അദ്ദേഹത്തിന്‍റെ പള്ളിക്കു ചുറ്റും ഉണ്ട്. കഴിഞ്ഞ ആഴ്ചയിലെ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന്‍റെ പള്ളിക്ക് രാത്രികളില്‍ സായുധ സംഘങ്ങളുടെ കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്.
“പ്രശ്നങ്ങള്‍ ആരംഭിച്ച ശേഷം ദിനേനെ നിരവധിയാളുകള്‍ വന്ന് തങ്ങളുടെ ആശങ്ക പങ്കുവെക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായാണ് പലരും വരുന്നത്. ശാന്തമായിരിക്കാന്‍ പറഞ്ഞ് അവരെ തിരച്ചയക്കും.” നിഅ്മത്തുല്ലായേവ് പറയുന്നു.
തങ്ങളുടെ ചുറ്റുപാടുകളില്‍ ഒതുങ്ങിക്കൂടാനും തെട്ടടുത്തുള്ള റഷ്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് പോവാതിരിക്കാനും നിഅ്മത്തുല്ലായേവ് അടക്കമുള്ള നേതാക്കള്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
“സിംഫറോപോളില്‍ ഇപ്പോള്‍ അധികം താര്‍ത്താരികളെ നിങ്ങള്‍ക്ക് കാണാനാവില്ല. അവിടെയുള്ള റഷ്യന്‍ സ്വയം രക്ഷാ സംഘങ്ങളെ പ്രകോപിപ്പിക്കേണ്ടെന്നു കരുതി അങ്ങോട്ട് പോവാതിരിക്കുകയാണ്. ചില എടുത്തു ചാട്ടക്കാര്‍ ഇവിടെയും ഉണ്ടെന്നത് ശരി തന്നെ. അവരെ തണുപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം.”
ജന്മദേശമായ ഉസ്ബക്കിസ്ഥാനിലെ താഷ്‍കന്റില്‍ നിന്ന് 1989-ല്‍ ക്രീമിയയില്‍ എത്തിയ നിഅ്മത്തുല്ലായേവ്, ക്രീമിയ റഷ്യയില്‍ ചേരുന്നത് താര്‍ത്താരികളുടെ സാംസ്കാരിക തന്മയത്വത്തെ പാടെ ഇല്ലാതാക്കുമെന്ന് ഭയപ്പെടുന്നു.
“റഷ്യന്‍-താര്‍ത്താര്‍ ബന്ധത്തിലുണ്ടാവുന്ന സംഘര്‍ഷം കാന്‍സര്‍ പോലെയാണ്. അതാരംഭിച്ചാല്‍ പതുക്കെ പടര്‍ന്നു പിടിക്കും. ഒരൊറ്റ രാത്രി കൊണ്ട് കാര്യങ്ങള്‍ കീഴ്‍മേല്‍ മറിയുകയല്ല ചെയ്യുക. ഇപ്പോഴത്തെ പ്രശ്നം തന്നെ കാലങ്ങളായി പുകഞ്ഞു കൊണ്ടിരുന്നതാണ്. അതു പൊട്ടിത്തെറിച്ച് പുറത്തെത്തിയത് കഴിഞ്ഞ ആഴ്ചയാണെന്ന് മാത്രം.”
“അന്‍പത് വര്‍ഷമായി ക്രീമിയന്‍ താര്‍ത്താരികള്‍ ഉസ്‍ബക്കിസ്ഥാനിലും സൈബീരിയയിലും നാടും വീടുമില്ലാതെ അലഞ്ഞു തിരിയുകയായിരുന്നു. യു.എസ്.എസ്.ആറിന്റെ തകര്‍ച്ചക്ക് ശേഷമാണ് ജന്മദേശത്തേക്ക് തിരിച്ചു വരാന്‍ ഞങ്ങള്‍ക്ക് അനുമതി കിട്ടിയത്..ഇപ്പോള്‍ ഞങ്ങളുടെ ജനസംഖ്യ ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതു കൊണ്ടാണ് അവര്‍ ക്രീമിയയെ റഷ്യയുടെ ഭാഗമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.” നിഅ്മത്തുല്ലായേവ് വിശദീകരിക്കുന്നു.
“ഇതുമായി ഒരിക്കലും രാജിയാകാനാവില്ല. കാരണം, ക്രീമിയക്ക് ശേഷം അവര്‍ ലിത്വാനിയയിലും മോള്‍ഡാവിയയിലും കസാക്കിസ്ഥാനിലും അധിനിവേശം നടത്തും. എല്ലാം റഷ്യയുടെ അധീനതയിലാക്കും.”
താര്‍ത്താര്‍ സ്വയം രക്ഷാ സംഘത്തിന്‍റെ സഹായത്തോടെ തന്റെ ഗ്രാമീണര്‍ക്ക് സംരക്ഷണമൊരുക്കുന്ന ഇബ്രായിമോവും ഇതേ അഭിപ്രായം പങ്കുവെച്ചു. “റഷ്യന്‍ ഭരണകൂടത്തിന് കീഴിലെ തങ്ങളുടെ ജീവിതം എങ്ങനെയുണ്ടാവുമെന്നറിയാന്‍ റഷ്യയെ പിന്തുണക്കുന്ന ക്രീമിയക്കാര്‍ നോക്കേണ്ടത് മോസ്കോയിലേക്കും സെന്‍റ് പീറ്റേഴ്‍സ്ബര്ഗിലേക്കും അല്ല. സൈബീരിയയെ പോലെയുള്ള പ്രദേശങ്ങളിലേക്ക് അവര്‍ നോക്കട്ടെ. എന്നാല്‍ അവര്‍ സ്വയം തന്നെ സ്വന്തം അഭിപ്രായങ്ങള്‍ മാറ്റിപ്പറയും.”
-അലക്സി ഫര്‍മാന്‍
എന്‍.ബി.സി ന്യൂസ്
Leave A Comment