റമദാന്‍ തരുന്ന പാഠങ്ങളും പെരുന്നാള്‍ തരുന്ന സന്തോഷങ്ങളും

വിശുദ്ധ റമളാന്‍ നമ്മോട് വിടപറഞ്ഞു. രണ്ട് മാസക്കാലമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു വാങ്ങിയ പരിശുദ്ധ രാപകലുകള്‍ വിടചോദിക്കുമ്പോള്‍ മുഅ്മിന്റെ മനസ്സില്‍ ആത്മമിത്രത്തോട് യാത്ര പറയുന്ന വേദനയാണനുഭവപ്പെടുന്നത്. അവസാനത്തെ വെള്ളിയാഴ്ച മിമ്പറില്‍നിന്ന് ഖത്വീബുമാര്‍ റമളാനിനോട് വിടവാങ്ങല്‍ സലാം പറയുമ്പോള്‍ ഏതൊരു വിശ്വാസിയുടെ ഹൃദയമാണ് നൊമ്പരപ്പെടാതിരിക്കുക! വിണ്ണില്‍ നിന്ന് മണ്ണിലേക്ക് നന്‍മയുടെ വസന്തങ്ങളിറങ്ങി വന്ന രാപകലുകള്‍. സത്യവിശ്വാസിയുടെ സത്പ്രവര്‍ത്തനങ്ങള്‍ ഒന്നൊഴിയാതെ നാഥനിലേക്കെത്തിക്കാന്‍ മാലാഖമാര്‍ ഉറക്കമൊഴിച്ചിരുന്ന പുണ്യദിനങ്ങള്‍. അടിമയുടെ ജീവിത ഭരണഘടന ഉടമയില്‍ നിന്നിറക്കപ്പെട്ട അനുഗൃഹീത മാസം. സത്യദീനിന്റെ സംരക്ഷണാര്‍ത്ഥം ജീവന്‍ പണയപ്പെടുത്തി പടക്കളത്തിലിറങ്ങിയ ധീരരായ ബദ്‌രീങ്ങളുടെ അമരസ്മരണകളുയരുന്ന ബദ്ര്‍ദിന ചിന്തകള്‍ സമ്മാനിച്ച പുണ്യമാസം. ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലതുല്‍ഖദ്‌റിന്റെ മാസം. അനുഗ്രഹത്തിന്റെയും പാപവിമുക്തിയുടെയും നരകമോചനത്തിന്റെയും ഓരോ പത്തുദിനങ്ങള്‍. എല്ലാം നമ്മില്‍ നിന്ന് കഴിഞ്ഞുപോയി. അദ്ധ്വാനിക്കുന്നവര്‍ക്ക് നന്മകള്‍ വാരിക്കൂട്ടുവാനുള്ള സുവര്‍ണാവസരങ്ങളായിരുന്നു കഴിഞ്ഞ ഒരുമാസക്കാലം.

ഒരുമാസക്കാലം പകലില്‍ അന്നപാനീയങ്ങളും വികാരവിചാരങ്ങളും തനിക്ക് വേണ്ടി ത്യജിച്ച്   വ്രതമനുഷ്ഠിച്ച്, ഖുര്‍ആന്‍ പാരായണത്തിലും ദാനധര്‍മങ്ങളിലുമായി കഴിഞ്ഞുകൂടി, നിദ്രാവിഹീനരായി തറാവീഹും പാതിരാ നമസ്‌കാരങ്ങളും നിര്‍വഹിച്ച് രക്ഷിതാവുമായുള്ള തന്റെ ബന്ധം സുദൃഢമാക്കിയ സച്ചരിതരായ തന്റെ അടിമകള്‍ക്ക് അല്ലാഹു നല്‍കുന്ന സന്തോശ നിമിഷങ്ങളാണ് ചെറിയ പെരുന്നാള്‍. പുത്തനുടയാടകളണിഞ്ഞ്, വയര്‍ നിറച്ച് ഭക്ഷിച്ച്, കുടുംബസന്ദര്‍ശനം നടത്തി ചെറിയപെരുന്നാള്‍ സാഘോഷം കൊണ്ടാടുവാന്‍ അല്ലാഹു നമ്മോട് കല്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അന്നേദിവസം നോമ്പെടുക്കല്‍ പോലും ശരീഅത്ത് വിലക്കിയത്. ഒരു മാസം കൊണ്ട് നേടിയ ആത്മീയ ചൈതന്യം നഷ്ടപ്പെടാതെ സൂക്ഷിച്ചു വേണം നമ്മുടെ ആഘോഷപരിപാടികള്‍. സത്യവിശ്വാസിയുടെ ജീവിതത്തിലെ സുപ്രധാന ആഘോഷദിനങ്ങളില്‍ ഒന്നാണ് ചെറിയപെരുന്നാള്‍.

നോമ്പുകളില്‍ വന്ന പിഴവുകള്‍ നികത്താന്‍ ഫിത്വ്‌റ് സകാത്ത് കൊടുത്താണ് സത്യവിശ്വാസികള്‍ പെരുന്നാളാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നത്. പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷം നിര്‍വഹിക്കപ്പെടുന്ന ഖുതുബയില്‍ പെരുന്നാളാഘോഷത്തിന്റെ മഹത്വവും ശ്രേഷ്ടതയും ഒരുപാട് വര്‍ണിക്കുന്നുണ്ട്. മുപ്പത് ദിനങ്ങളില്‍ തനിക്ക് വേണ്ടി വ്രതമനുഷ്ഠിച്ച്, തറാവീഹ് നിസ്‌കരിച്ച്, ദാനധര്‍മ്മങ്ങള്‍ നല്‍കി, അവസാനം പാവങ്ങള്‍ക്ക് ഫിത്വ്‌റ് സകാത്തും നല്‍കിയ സച്ചരിതരായ അടിമകള്‍ക്ക് ഞാന്‍ പൊറുത്തു കൊടുത്തിരിക്കുന്നു. അതിന് നിങ്ങള്‍ സാക്ഷികളാവണമെന്ന് മലക്കുകളോട് സസന്തോഷം അല്ലാഹു പറയുന്ന സുദിനമാണ് ചെറിയപെരുന്നാള്‍ ദിനം. ആ ദിനത്തില്‍ അല്ലാഹുവിന് തൃപ്തിയുണ്ടാകുന്ന കര്‍മ്മങ്ങളേ വിശ്വാസികളനുഷ്ഠിക്കാവൂ.

റമളാനിലെ പ്രധാന കര്‍മ്മമായ നോമ്പ് നമുക്ക് നിര്‍ബന്ധമാക്കിയതിന്റെ പരമപ്രധാന ലക്ഷ്യം ഖുര്‍ആന്‍ വിശദീകരിക്കുന്നതി ഇപകാരമാണ്. ”സത്യവിശ്വാസികളേ, മുന്‍കഴിഞ്ഞ സമുദായക്കാര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ പാപവിമുക്തരാകുവാന്‍ വേണ്ടി” (ബഖറ 183). ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനം പാപമോചനമാണ് മുഅ്മിനിന്ന് നേടിക്കൊടുക്കേണ്ടത്. നോമ്പിലൂടെ പാപമോചനം നേടി ആത്മീയ ശുദ്ധികൈവരിക്കുന്ന സത്യവിശ്വാസി ഖുര്‍ആന്‍ പാരായണത്തിലൂടെയും പാതിരാ നിസ്‌കാരങ്ങളിലൂടെയും കൂടുതല്‍ ദൈവസാമീപ്യം നേടി അല്ലാഹുവിന്റെ കരുണയുടെ നോട്ടത്തിന് വിധേയരാകുന്നു. ഈ ചൈതന്യം നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയവന്‍ വലിയ ഭാഗ്യദോഷിയാണെന്ന് ഹദീസുകളില്‍ കാണാം. നബി(സ) ഒരു ദിവസം മിമ്പറില്‍ കയറുമ്പോള്‍ അസാധാരണമായി മൂന്നു തവണ ആമീന്‍ പറയുന്നത് കേട്ട സ്വഹാബികള്‍ വിശദീകരണം ചോദിക്കുകയുണ്ടായി. നബി പ്രതികരിച്ചതിങ്ങനെയാണ്. ജീബ്‌രീല്‍ എന്റെയരികില്‍ വന്ന് മൂന്നു കാര്യങ്ങള്‍ പ്രാര്‍ത്ഥിക്കുകയും മൂന്നിനും ആമീന്‍ പറയുവാന്‍ എന്നോടാവശ്യപ്പെടുകയുമുണ്ടായി. വിശുദ്ധ റമളാനില്‍ ജീവിക്കാനവസരം ലഭിച്ച് ആ മാസം വിടപറയുമ്പോഴേക്കും തന്റെ പാപങ്ങള്‍ പൊറുക്കപ്പെടാത്ത മനുഷ്യന്‍ നശിച്ചുപോകട്ടെയെന്നായിരുന്നു അതിലൊരു പ്രാര്‍ത്ഥന.

അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം: നോമ്പുകാരന് രണ്ട് സന്തോഷവേളകളുണ്ട്. നോമ്പുതുറക്കുന്ന സമയവും നോമ്പിന്റെ പ്രതിഫലമായി തന്റെ നാഥനെ കാണുന്ന അവസരവും (ബുഖാരി, മുസ്‌ലിം). ഇവിടെ സൂചിപ്പിക്കപ്പെട്ട ഒന്നാമത്തെ സന്തോഷം (നോമ്പ് തുറക്കുന്ന സമയത്തെ സന്തോഷം) ഐഹികലോകത്തുവച്ച് ആസ്വദിച്ചു തീരുന്നതാണ്. നാഥനെ കാണുവാനുള്ള അവസരം പാരത്രികലോകത്തുവച്ച് സ്വര്‍ഗപ്രവേശം ലഭിച്ച സത്യവിശ്വാസികള്‍ക്കേ ലഭ്യമാവുകയുള്ളൂ. റമളാനില്‍ നേടിയ ആത്മീയശുദ്ധി ശിഷ്ട കാല ജീവിതത്തിലും കൊണ്ടു നടന്നവര്‍ക്കേ അല്ലാഹുവിനെക്കണ്ട് മുഖം പ്രകാശിക്കാനുള്ള സൗഭാഗ്യമുണ്ടാവുകയുള്ളൂ.

സൂറതുല്‍ ബഖറയിലെ 183ാം സൂക്തവും പുണ്യനബിയുടെ മുന്‍ചൊന്ന ഹദീസും കൂട്ടിവായിക്കുമ്പോള്‍ നമുക്കൊരു കാര്യം മനസ്സിലാക്കാം. അഥവാ, ഒരു മുഅ്മിന്‍ പരിശുദ്ധ റമളാനില്‍ നോമ്പെടുത്ത് മുത്തഖിയായി ജീവിച്ച്  സ്വര്‍ഗത്തില്‍ വെച്ച് അല്ലാഹുവിനെക്കണ്ട് മുഖം പ്രകാശിച്ച് സന്തോഷമടയുമ്പോഴേ  ലക്ഷ്യപ്രാപ്തനാവുന്നുള്ളൂ. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ദൈവിക ചിന്തയില്‍ കഴിയുന്നവര്‍ക്കു മാത്രമേ ഇത് സാധിക്കുകയുള്ളു. സഹ്‌ലുബ്‌നു അബ്ദില്ലാഹിത്തസത്തരി(റ)യോട് തന്റെ മാതുലനായ മുഹമ്മദുബ്‌നു സവാര്‍(റ) നല്‍കിയ ഉപദേശവും അതായിരുന്നുവല്ലോ. അല്ലാഹു എന്റെ കൂടെയുണ്ടെന്നും അവന്‍ എപ്പോഴും എന്നെ നോക്കുന്നവനാണെന്നും കാണുന്നുണ്ടെന്നും അര്‍ത്ഥം വരുന്ന ദിക്‌റ് മരിക്കുവോളം മനസ്സില്‍ കൊണ്ടുനടക്കാന്‍ അവിടുന്നാവശ്യപ്പെട്ടു. ഇത് ജീവിതത്തില്‍ കൊണ്ടുനടന്ന മഹാനുഭാവന്‍ സ്വൂഫികളില്‍ പ്രധാനിയായി മാറി  എന്ന് രേഖകളില്‍ കാണാം. (ത്വബഖാതുല്‍ ഔലിയാഅ്, ഇഹ്‌യാ ഉലൂമിദ്ദീന്‍). ഇവര്‍ക്കാണ് നാളെ സ്വര്‍ഗത്തില്‍വച്ച് അല്ലാഹുവിനെ കാണുവാനുള്ള സൗഭാഗ്യമുണ്ടാകുന്നത്. രക്ഷിതാവിലേക്ക് നോക്കി പ്രകാശിക്കുന്ന ചില മുഖങ്ങള്‍ ഖിയാമത്‌നാളിലുണ്ടാകുമെന്ന് ഖുര്‍ആന്‍ സൂചിപ്പിച്ചത് ഈ സത്‌വൃത്തരെ സംബന്ധിച്ചാണ് (ഖിയാമ 22,23). ”ആരെങ്കിലും അല്ലാഹുവിനെ കാണാന്‍ കൊതിച്ചാല്‍ അല്ലാഹു അവനെ കാണുവാന്‍ കൊതിക്കും. ആരെങ്കിലും അല്ലാഹുവിനെ കാണാന്‍ കൊതിക്കാതിരുന്നാല്‍ അവനെക്കാണാന്‍ അല്ലാഹുവും കൊതിക്കുകയില്ല” (ഹദീസ്).

റമളാന്‍ ഖുര്‍ആന്റെ വാര്‍ഷികമായിരുന്നുവല്ലോ. ഖുര്‍ആന്‍ പുണ്യനബിക്കിറക്കപ്പെട്ടത് പരിശുദ്ധ റമളാന്‍ മാസത്തിലാണെന്ന് ഖുര്‍ആന്‍ തന്നെ പഠിപ്പിക്കുന്നുണ്ട് (ഖദ്‌റ്:1). ഈ പവിത്രമായ മാസത്തില്‍ നിരവധി തവണ ഖത്മുകള്‍ ഓതിത്തീര്‍ക്കുകവഴി ഹൃദയത്തിലെ പാപക്കറകള്‍ കഴുകിക്കളഞ്ഞവരായിരിക്കും സത്യവിശ്വാസികള്‍. റമളാന്‍ കഴിഞ്ഞാല്‍ ഇനി അടുത്ത റമളാന്‍ വരെ ഖുര്‍ആന്‍ എടുത്തുനോക്കാത്ത ദുരവസ്ഥ നമ്മുടെ ജീവിതത്തിലുണ്ടാവാന്‍ പാടില്ല. ദിവസവും ഓരോ തവണ ഖത്മ് തീര്‍ത്തിരുന്ന മഹാമനീഷിയുടെ മദ്ഹബിന്റെ അനുയായികളാണ് നമ്മളെന്ന് ഒരിക്കലും മറന്നുപോകരുത്. മുഅ്മിനിന്റെ ഓരോ നാല്‍പത് ദിവസത്തിലും ചുരുങ്ങിയത് ഒരു ഖത്‌മെങ്കിലും തീരണമെന്നാണ് പണ്ഡിതമതം (ഫത്ഹുല്‍മുഈന്‍). ഇരുമ്പ് തുരുമ്പുപിടിക്കുന്നത് പോലെ ഹൃദയം തുരുമ്പെടുക്കുമെന്നും ഖുര്‍ആന്‍ പാരായണമധികരിപ്പിക്കലാണതിന്റെ മറുമരുന്നെന്നും ഇബ്‌നുഉമറിന്റെ നിവേദനത്തില്‍ വന്ന ഹദീസില്‍ കാണാം.

പുണ്യരാപകലുകളില്‍ അല്ലാഹുവിന്റെ ഭവനത്തില്‍ ഇഅ്തികാഫിരുന്ന് സമയം നീക്കിയിരുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ പെരുന്നാളാഘോഷങ്ങള്‍ക്കു ശേഷം പള്ളിയിലേക്കു തന്നെ വരാതിരിക്കുന്ന ദുഃഖസാഹചര്യം നമുക്ക് കാണാം. ഒരു ചാണ്‍ മുകളില്‍ കത്തിജ്ജ്വലിക്കുന്ന സൂര്യനു ചുവട്ടില്‍ മഹ്ശറയില്‍ പരകോടി ജനങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്ന അവസരം അര്‍ശിന്റെ തണല്‍ ലഭിക്കുന്ന സപ്തവിഭാഗത്തില്‍ തന്റെ ഹൃദയം എപ്പോഴും പള്ളിയുമായി ബന്ധപ്പെടുത്തുന്ന പുരുഷനെയും മുത്ത് നബി(സ) എണ്ണിയിട്ടുണ്ട്. കേവലം റമളാനില്‍ മാത്രം പള്ളിയുമായി ബന്ധം പുലര്‍ത്തുന്നവര്‍ക്കിത് ലഭിക്കില്ല. ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ലൈലതുല്‍ഖദ്‌റിനെ പ്രതീക്ഷിച്ച് അവസാനപ്പത്തിലെ ഒറ്റയിട്ട രാവുകളില്‍ ഇബാദത്തുകളില്‍ മുഴുകിയിരുന്നവന്‍ ശേഷിക്കുന്ന കാലം തന്റെ നിര്‍ബന്ധബാധ്യതകള്‍ പോലും നിര്‍വഹിക്കുന്നതില്‍ അലംഭാവം കാണിക്കുന്ന സാഹചര്യമാണ് അധികമാളുകളിലും കണ്ടുവരുന്നത്.

ബദ്‌റിന്റെ വിരിമാറില്‍ ജീവത്യാഗം ചെയ്ത് സത്യമതത്തിന്റെ സംരക്ഷണത്തിനായി പടവാളേന്തിയ വീരകേസരികളുടെ ചരിത്രം അയവിറക്കി, അവരുടെ പാത പിന്തുടര്‍ന്ന് അവര്‍ നടന്നുപോയ സ്വര്‍ഗത്തിലൊരിടം നേടാന്‍ റമളാനില്‍ വിശ്വാസി തീരുമാനമെടുക്കുന്നു.  സ്വന്തം നാടും വീടും കുടുംബവും ഒഴിവാക്കി മദീനയില്‍ അഭയം പ്രാപിച്ചിരുന്ന മുഹാജിറുകളും പുണ്യനബി(സ)യെ സംരക്ഷിക്കാന്‍ ആത്മാവ് പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായ അന്‍സാരികളും ഇത് പോലെയുള്ള റമളാനില്‍ കൊടും വിശപ്പ് സഹിച്ചാണ് ശത്രുക്കളുമായി ഏറ്റുമുട്ടിയത്. അന്നവര്‍ നടത്തിയ ത്യാഗമാണ് ഇന്നും ഭൂമുഖത്ത് ഇസ്‌ലാം നിലനില്‍ക്കാന്‍ ഹേതുകമായി വര്‍ത്തിച്ചത്. മനോദാര്‍ഢ്യത്തില്‍ കാലത്തെപ്പോലും അതിശയിപ്പിക്കുന്ന ബദ്ര്‍ ശുഹദാക്കളെപ്പോലെയാവാന്‍ നമുക്കാവില്ലെങ്കിലും അവര്‍ നമ്മെ ഏല്‍പ്പിച്ച വെളിച്ചം കെടാതെ സൂക്ഷിക്കാനെങ്കിലും നാം ശ്രമിക്കേണ്ടതുണ്ട്.

മുഹമ്മദ് നബി(സ)ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ ഖുര്‍ആനില്‍ എടുത്ത് പറഞ്ഞ് അവസാനം അല്ലാഹു നല്‍കിയ ഉപദേശമിപ്രകാരമാണ്. ‘ഒരു കര്‍മ്മത്തില്‍ നിന്ന് വിരമിച്ചാല്‍ അടുത്ത സത്കര്‍മ്മത്തിലായി താങ്കള്‍ അദ്ധ്വാനിക്കുക, അല്ലാഹുവിലേക്ക് കൂടുതല്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുക’. മുഅ്മിന്റെ ജീവിതത്തില്‍ ഒഴിവ് സമയം എന്ന ഒന്നില്ല. ഒരുമാസക്കാലം അല്ലാഹുവുമായി സത്കര്‍മ്മങ്ങള്‍ വഴി കൂടുതല്‍ അടുത്തവര്‍ ശേഷിക്കുന്ന കാലവും നാഥനുമായി ബന്ധം സുദൃഢമാക്കിക്കൊണ്ടേയിരിക്കണം. റമളാന്‍ അതിനൊരു വേദിയാണെന്ന് മാത്രം. ഒരാളുടെ ഹജ്ജ് അല്ലാഹു സ്വീകരിച്ചു എന്നതിന് തെളിവ് പേരിനു കൂടെ ‘ഹാജി’യെന്ന ചേര്‍ക്കപ്പെടലല്ല, മറിച്ച് ശിഷ്ട കാലത്തുള്ള അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയാണതിനു മാനദണ്ഡം. എന്നതുപോലെ റമളാനില്‍ ഒരാള്‍ ചെയ്ത കര്‍മ്മങ്ങളെല്ലാം പരിപൂര്‍ണമായി സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നും റമളാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരില്‍ അവനുള്‍പ്പെട്ടിട്ടുണ്ടെന്നതിനും നിദര്‍ശനമായി അയാളുടെ പില്‍ക്കാല ജീവിതം പരിശോധിക്കുകയാണ് വേണ്ടത്. ഹസന്‍(റ) പറയുന്നു: ”ആരോഗ്യകാലത്ത് നിന്റെ ഒഴിവു വേളകള്‍ സത്കര്‍മ്മങ്ങളിലായി അദ്ധ്വാനിച്ച് ചെലവഴിക്കുക.”(റൂഹുല്‍ ബയാന്‍)

നോമ്പുകാരന്റെ വായപ്പകര്‍ച്ച അല്ലാഹുവിന്റെയടുത്ത് കസ്തൂരിയെക്കാള്‍ സുഗന്ധമാണെന്ന് ഹദീസില്‍ കാണാം. മുപ്പത് ദിവസത്തെ വ്രതം കൊണ്ട് നേടിയ ഈ മഹത്‌വിശേഷം ശേഷിക്കുന്ന കാലം കള്ളും മയക്കുമരുന്നും ഉപയോഗിച്ച് നഷ്ടപ്പെടുത്തുന്നവനാണ് ഏറ്റവും വലിയ പരാജിതന്‍. അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുര്‍ആന്‍ നിരവധി തവണ നോക്കി ഓതി പ്രകാശിതമായ കണ്ണിന്റെ വെളിച്ചം പെരുന്നാള്‍ ദിനം മുതല്‍ സിനിമയും അശ്ലീല സീനുകളും ഹറാമുകളും കണ്ട് കെടുത്തിക്കളയുന്നവനും വലിയ ഭാഗ്യദോശിയാണ്. അശ്ലീലതകള്‍ കണ്ട കണ്ണ് കൊണ്ടൊരിക്കലും അല്ലാഹുവിനെ കാണാന്‍ കഴിയില്ല. വിജ്ഞാന സദസ്സുകളില്‍ ചെന്നിരുന്നും ഖുര്‍ആന്‍ പാരായണം ശ്രവിച്ചും സംശുദ്ധമായ കര്‍ണപുടങ്ങള്‍  സിനിമാ പാട്ടുകളും കോമഡികളും കേട്ടുകൊണ്ട് മലിനപ്പെടുത്തുന്നവനാണ് വലിയ വിവരദോഷി. നിനക്ക് തീര്‍ച്ചയില്ലാത്ത കാര്യങ്ങള്‍ നീ പിന്തുടരരുത്. തീര്‍ച്ചയായും കണ്ണും കാതും ഹൃദയവുമെല്ലാം (നാളെ പാരത്രിക ലോകത്ത്‌വച്ച്) ചോദിക്കപ്പെടുന്നവയാണ്. (സൂറതുല്‍ ഇസ്‌റാഅ്: 36).

ഇമാം ഗസാലി(റ) പറയുന്നു: ”നിരവധി പൈപ്‌ലൈനുകളിലൂടെ വെള്ളം എത്തിച്ചേരുന്ന ജലസംഭരണി പോലെയാണ് മനുഷ്യഹൃദയം. പഞ്ചേന്ദ്രിയങ്ങളാണ് അതിലേക്കുള്ള പൈപ് ലൈനുകള്‍. വാട്ടര്‍ ടാങ്കിലേക്ക് ശുദ്ധജലം കടത്തിവിട്ടാല്‍ മനുഷ്യന് ഉപകാരപ്രദമായ തോതില്‍ നല്ലവെള്ളം ഉപയോഗിക്കാം. അഴുക്കായ വെള്ളമാണ് പമ്പ് ചെയ്യുന്നതെങ്കില്‍ മലിനജലമായിരിക്കും അവനുപയോഗിക്കേണ്ടിവരിക. മാത്രവുമല്ല, സംഭരണിയുടെ ഉള്‍ഭാഗം വളരെ വേഗം അഴുക്ക് പുരണ്ട് ഉപയോഗശൂന്യമാവുകയും ചെയ്യും. എന്നതു പോലെ കണ്ണ്, കാത്, തുടങ്ങിയ ഇന്ദ്രിയങ്ങള്‍ നല്ല കാര്യള്‍ക്കു വേണ്ടി വിനിയോഗിച്ചാല്‍ അതിന്റെ പ്രതിഫലനം നമ്മുടെ ഹൃദയത്തില്‍ കാണാം. നല്ലത് കാണുവാനും ഖുര്‍ആന്‍ പാരായണം ചെയ്യുവാനുമൊക്കെ കണ്ണ് ഉപയോഗപ്പെടുത്തിയാല്‍ അവന്റെ ഹൃദയം വെളിച്ചപ്പെടും. നേത്രങ്ങള്‍ കൊണ്ട് അനാവശ്യമാണ് കാണുന്നതെങ്കില്‍ ഹൃദയം കറ പുരണ്ട് മലിനമാകുന്നതാണ്.  കാതിന്റെയും മറ്റു ഇന്ദ്രിയങ്ങളുടെയും അവസ്ഥ ഇപ്രകാരം തന്നെ. കൈവെള്ളയില്‍ ലോകം കീഴ്‌പ്പെടുത്തിയ മനുഷ്യന്‍ മൊബൈല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങളിലൂടെ കാണേണ്ടതും കേള്‍ക്കേണ്ടതുമെന്താണെന്ന വകതിരിവുള്ളവനായിരിക്കണം.

ജീവിതലക്ഷ്യവും അതിനുള്ള മാര്‍ഗവും മറന്നു പോയതാണ് ഉത്തരാധുനിക മനുഷ്യന്റെ ഏറ്റവും വലിയ പിഴവ്. ജീവിതം ആസ്വദിച്ചു മഥിച്ചു തീര്‍ക്കാനുള്ളതാണെന്ന് നിനച്ച് അല്ലാഹു പറഞ്ഞ മാര്‍ഗങ്ങളില്‍നിന്ന് വ്യതിചലിക്കുന്ന മര്‍ത്യന്‍ പരലോക ജീവിതത്തെ മറന്ന് പോയവനാണ്. പരീക്ഷണങ്ങള്‍ വരുമ്പോള്‍ മാത്രം അല്ലാഹുവിനെ ഓര്‍ക്കുന്ന മനുഷ്യന്‍ അനുഗ്രഹങ്ങളില്‍ സ്രഷ്ടാവിനെ മറന്നുകളയുന്നു. മനുഷ്യന്‍ നിര്‍മ്മിക്കുന്ന സര്‍വ വസ്തുക്കള്‍ക്കും അവന്‍ ഗ്യാരണ്ടിയും വാറണ്ടിയും നല്‍കുമ്പോള്‍ തന്റെ ഗ്യാരണ്ടി കണക്കാക്കാന്‍ ഇതുവരെ തനിക്ക് സാധിച്ചിട്ടില്ലെന്ന കേവലചിന്ത മതി മനുഷ്യന്‍ സച്ചരിതനാവാന്‍. ദിക്‌റുകള്‍ കൊണ്ട് മനശ്ശാന്തി നേടേണ്ട മനുഷ്യന്‍ ലഹരിവസ്തുക്കളില്‍ അഭയം പ്രാപിക്കുന്ന ദയനീയ കാഴ്ചയാണ് ഇന്നുള്ളത്. മുമ്പുകാലങ്ങളില്‍ കള്ള് കുടിക്കാന്‍ വളരെ വലിയ പ്രയാസമായിരുന്നു. എന്നാല്‍, ഇന്ന് തീന്‍മേശകളില്‍ കുടുംബസമേതം കൂടിയിരുന്ന് കുടിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നു.

തസ്ബീഹ് മാലകള്‍ക്കു പകരം റിമോട്ടുകളും ചരിത്രപുസ്തകങ്ങള്‍ക്ക് പകരം പൈങ്കിളി സാഹിത്യങ്ങളും ചരിത്രവീരനായകര്‍ക്കു പകരം സീരിയലുകളിലെ നടീനടന്‍മാരുമാണ് നമ്മുടെ മനസ്സുകളിലും വീടുകളിലും ഇടംപിടിച്ചിരിക്കുന്നത്. മില്യണ്‍  കണക്കിനാളുകളുടെ സമയം വൃഥാവിലാക്കിക്കളയുന്ന ടെലിവിഷനാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പിശാചെന്ന് പറഞ്ഞ കവിവാക്കുകള്‍ ഇവിടെ നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. പണ്ടുകാലങ്ങളില്‍ വലിയ ടൗണുകളില്‍ ചെന്നു മാത്രമേ സിനിമ കാണാന്‍ സൗകര്യം ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് ഓഫീസ് മുറികളിലിരുന്നും കൈവെള്ളയില്‍ വെച്ചും കാണാന്‍ മാത്രം ടെക്‌നോളജി വികാസം പ്രാപിച്ചിട്ടുണ്ട്.  സിനിമകളില്‍ നിത്യമായി മരണവും കൊലപാതകവും കാണുന്ന മനുഷ്യന് യഥാര്‍ത്ഥ മരണങ്ങള്‍ ഒരു വിഷയമേയല്ലാതായിരിക്കുന്നു. മരണത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാത്തവന്റെ ഹൃദയം കടുത്തുപോയിട്ടുണ്ടെന്നാണ് പുണ്യവചനങ്ങള്‍ പഠിപ്പിക്കുന്നത്. പൈശാചിക സംഗീതം നിത്യമായി കേള്‍ക്കുന്നവന് ഖുര്‍ആനിക വചനങ്ങളിലോ ഹദീസ് വചനങ്ങളിലോ പറഞ്ഞ ചിന്തകള്‍ക്ക് ചെവികൊടുക്കാന്‍ അവസരം ലഭിക്കുന്നില്ല. കണ്ടറിയാത്തവന്‍  കൊണ്ടറിയുമെന്നാണല്ലോ ചൊല്ല്.

നീ ഇഹലോകത്ത് ശേഷിക്കുന്ന തോതില്‍ അതിന് വേണ്ടിയും പരലോകത്ത് ശേഷിക്കുന്ന തോതനുസരിച്ച് പരലോകത്തിന് വേണ്ടിയും പണിയെടുക്കണമെന്ന് മഹത്‌വചനങ്ങളില്‍ കാണാം. നശ്വരമായ ലോകത്ത് അറുപതോ എഴുപതോ വര്‍ഷമാണ് നമുക്കായുസ്സുള്ളത്. പാരത്രികലോകത്ത് പ്രവേശിച്ചാല്‍ അനന്തമായ കാലം അവിടെ താമസിച്ചു തീര്‍ക്കുവാനുമുണ്ട്. നാം ചെയ്ത പ്രവര്‍ത്തനങ്ങളാണ് നാളെ നമുക്ക് കൂട്ടിനുള്ളത്. അതുകൊണ്ട് പരിശുദ്ധ റമളാനില്‍ നേടിയ ആത്മീയ ചൈതന്യം കൈമുതലാക്കി ശിഷ്ടകാലം ധന്യപൂര്‍ണമാക്കുവാന്‍ വിശ്വാസികളായ നാം ശ്രമിക്കേണ്ടതുണ്ട്. ദൈവാനുഗ്രഹം നമുക്കുണ്ടാവട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter