നബിതങ്ങളുടെ ശരീരപ്രകൃതി- ഭാഗം ഒന്ന്
<img class="alignnone wp-image-16927" data-cke-saved-src="http://www.islamonweb.net/wp-content/uploads/2013/01/171.jpg" src="http://www.islamonweb.net/wp-content/uploads/2013/01/171.jpg" alt=" width=" 384"="" style="float: left; height: 288px;"> മുഹമ്മദുബ്‌നു സഈദില്‍ ബൂസ്വീരി(റ) തന്റെ ബുര്‍ദയില്‍ പറയുന്നു:
(നബി(സ)യുടെ സൌന്ദര്യവും ആശയവും പൂര്‍ണത പ്രാപിച്ചതാണ്. അനന്തരം നബി(സ)യെ തന്റെ ഹബീബായി തെരഞ്ഞെടുത്തു. തന്റെ വിശേഷണങ്ങളുടെ വിഷയത്തില്‍ നബി(സ)അതുല്യനാണ്. ആ ഭംഗി അവിഭാജ്യമത്രേ)
നബി(സ)യുടെ വിശേഷണം ചോദിച്ച ഒരു ഗ്രാമത്തലവനോട് ഖാലിദ്(റ) പറഞ്ഞു: ആ റസൂല്‍(സ) സ്ഥാനത്തില്‍ മറ്റു പ്രവാചകരുടേതിലപ്പുറമാണ്.
ഖുര്‍ഥുബി(റ) അസ്സ്വലാത്ത് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: നബിതങ്ങളുടെ സൌന്ദര്യം ഗ്രഹിക്കല്‍ നമ്മുടെ കണ്ണുകള്‍ക്ക് അസാധ്യമാണ്.
നബി(സ)സ്വഭാവഗുണത്തിലും ആകാരവടിവിലും ആത്മിക ഉയര്‍ച്ചയിലും മറ്റെല്ലാ മനുഷ്യരെക്കാളും പ്രവാചകന്മാരെക്കാളും ഉന്നതിയിലാണ്.
ശിരസ്സ്
നബി(സ)തലയെടുപ്പുള്ള ആളായിരുന്നു (തുര്‍മുദി).
മുഖം
തിരുമേനി(സ) ജനങ്ങളുടെ കൂട്ടത്തില്‍ മുഖഭംഗിയുള്ളവരും സല്‍സ്വഭാവിയുമായിരുന്നു. അധികം നീളമുള്ളവരോ കുറിയവരോ ആയിരുന്നില്ല.
ഭംഗി കാരണം നബി(സ)യുടെ മുഖത്ത് സൂര്യന്‍ സഞ്ചരിക്കുന്നതുപോലെയായിരുന്നു. (അല്‍വഫാ 406)
ബുഖാരി(റ) പറയുന്നു: നബി(സ)യുടെ മുഖം (തിളക്കത്തില്‍) വാളു പോലെയാണോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ബറാഅ്(റ) പറഞ്ഞു: അല്ല, മറിച്ച് (തിളക്കത്തിലും വൃത്താകൃതിയിലും) ചന്ദ്രനെപ്പോലെയായിരുന്നു.
ജാബിറുബ്‌നു സമുറ(റ) പറയുന്നു: തെളിഞ്ഞ ചന്ദ്രനിലാവുള്ള ഒരു രാത്രി നബി(സ)യെയും ചന്ദ്രനെയും ഞാന്‍ കണ്ടു. നബി(സ)ക്ക് ചന്ദ്രനെക്കാള്‍ ഭംഗിയുള്ളതായി എനിക്കനുഭവപ്പെട്ടു. (തുര്‍മുദി, നസാഈ, ശറഹ് ശമാഇലിത്തുര്‍മുദി 1:56)
അലി(റ) നബി(സ)യെ വിശേഷിപ്പിച്ച് പറഞ്ഞു: അവിടത്തെ മുഖം കൂടുതല്‍ തള്ളിയതോ ഒട്ടിയതോ ആയിരുന്നില്ല. മുഖത്തിന് വൃത്താകൃതിയായിരുന്നു. (ദലാഇലുന്നുബുവ്വ 1:221, തഹ്ദീസുബ്‌നു അസാകിര്‍ 1:317)
അബൂഹുറൈറ(റ) പറയുന്നു: നബി(സ)യുടെ കവിള്‍ തടിച്ചതോ നീണ്ടതോ ആയിരുന്നില്ല.
കഅ്ബുബ്‌നു മാലിക്(റ) പറയുന്നു: നബി(സ)സന്തോഷിച്ചാല്‍ മുഖം ചന്ദ്രനെപ്പോലെ പ്രകാശിക്കും (ബുഖാരി).
അബൂനുഐം(റ)വില്‍ നിന്ന് നിവേദനം. അബൂബക്ര്‍ സ്വിദ്ദീഖ്(റ) പറയുന്നു: റസൂല്‍(സ) യുടെ മുഖം ചന്ദ്രശോഭ പോലെയായിരുന്നു.
അബൂഇസ്ഹാഖും ബൈഹഖിയും ഉദ്ധരിക്കുന്നു: ഒരു സ്ത്രീ പറഞ്ഞു: ഞാന്‍ നബി(സ)യുടെ കൂടെ ഹജ്ജ് നിര്‍വഹിച്ചു. അവിടന്ന് കൈയിലൊരു വളഞ്ഞ വടിയുമായി ഒട്ടകപ്പുറത്തിരുന്ന് ഥവാഫ് ചെയ്യുന്നു. തലമുടി തോളിനോട് അടുത്തിരുന്നു. തദവസരം അബൂഇസ്ഹാഖ്(റ) അവളോട് നബി(സ)യെ വര്‍ണിക്കാനാവശ്യപ്പെട്ടു. ആ സ്ത്രീ പറഞ്ഞു: പൌര്‍ണമി രാവിലെ ചന്ദ്രനെപ്പോലെയായിരുന്നു നബി(സ). ഇതുപോലെ അവിടത്തെ മുമ്പോ പിമ്പോ കണ്ടിട്ടില്ല (ശമാഇലുര്‍റസൂല്‍, ഇബ്‌നുഅസാകിര്‍).
റുബയ്യിഅ് (റ) പറയുന്നു: നബി(സ)യെ കാണുകയാണെങ്കില്‍ സൂര്യന്‍ ഉദിച്ചു എന്ന് ഞാന്‍ പറയും. (ദാരിമി, ശമാഇലുര്‍റസൂല്‍)
അബൂ ഥുഫൈല്‍(റ) പറയുന്നു: അവിടന്ന് മുഖം വെളുത്ത ഭംഗിയുള്ളവരായിരുന്നു. (മുസ്‌ലിം)
നബി(സ)സന്തോഷിച്ചാല്‍ മുഖം കണ്ണാടി പോലെ പ്രതിബിംബിക്കുമെന്ന് നിഹായ ((4/55) ല്‍ കാണാം. അനസ്(റ)വും ഇങ്ങനെത്തന്നെ ഉദ്ധരിച്ചിട്ടുണ്ട്.
ആഇശ(റ) പറയുന്നു: വസ്ത്രം തുന്നിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ സൂചി നഷ്ടപ്പെട്ടു. ഇരുട്ട് കാരണം അത് കണ്ടുപിടിക്കാന്‍ എനിക്ക് സാധിച്ചില്ല. അപ്പോള്‍ നബി(സ)കടന്നുവന്നു. അവിടത്തെ മുഖപ്രകാശം കൊണ്ട് ഞാനത് തെരഞ്ഞുപിടിച്ചു. (ഇബ്‌നുഅസാകിര്‍ 1:3224)
നബി(സ)യുടെ മുഖം പൂര്‍ണമായും വൃത്താകൃതിയായിരുന്നില്ല. ഇറച്ചി കുറഞ്ഞ് മൃദുലമായിരുന്നു.
പുരികം, നെറ്റി
അബൂഹുറൈറ(റ) പറയുന്നു: നബി(സ)തങ്ങള്‍ നെറ്റി വിശാലതയുള്ളവരായിരുന്നു (ബൈഹഖി, ദലാഇലുന്നുബുവ്വ 1:161).
നബി(സ)വീതിയേറിയ നെറ്റിയുള്ളവരും നീണ്ടു വളഞ്ഞ പുരികമുള്ളവരുമായിരുന്നു (തുര്‍മുദി, ശര്‍ഹു ശമാഇലിത്തുര്‍മുദി 1:43).
ഹസ്സാന്‍(റ) പാടി: (ഇരുണ്ട രാത്രി നബി(സ) യുടെ നെറ്റി പ്രത്യക്ഷമായാല്‍ ഇരുട്ടില്‍ കത്തുന്ന ദീപം പോലെ അത് പ്രകാശിക്കും.)
കണ്ണുകള്‍, കേള്‍വി
ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: നബി(സ)യുടെ കണ്ണ് പിഴക്കുകയോ തെറ്റുകയോ ഇല്ല. (53:17)
നബി(സ)പകല്‍വെളിച്ചത്ത് കാണുന്നപോലെ രാത്രി ഇരുട്ടിലും കാണുമെന്ന് ഇബ്‌നുഅബ്ബാസ്(റ) ഉദ്ധരിക്കുന്നു (ബുഖാരി, അല്‍വഫാ-ഇബ്‌നുല്‍ ജൌസി).
നബി(സ)പറഞ്ഞു: എന്റെ പിന്‍ഭാഗത്തുകൂടിയും ഞാന്‍ നിങ്ങളെ കാണുന്നുണ്ട്. (ബുഖാരി, മുസ്‌ലിം)
നബി(സ)ക്ക് സ്വഫ്ഫിന്റെ പിന്‍ഭാഗം കാണാന്‍ കഴിയുമെന്ന് മുജാഹിദ്(റ) നിവേദനം ചെയ്തിട്ടുണ്ട്. (തഫ്‌സീര്‍ ഇബ്‌നുമുന്‍ദിര്‍).
ഇമാം ഗസ്സാലി(റ) പറയുന്നു: അഗാധമായ ദൈവജ്ഞാനവും ഉള്‍ക്കാഴ്ചയും കാരണം റസൂലി(സ)ന് പിന്‍ഭാഗവും ദര്‍ശിക്കാനുള്ള കഴിവ് അല്ലാഹു പ്രദാനം ചെയ്തു.
നബി(സ)യുടെ കണ്ണ് നല്ല കറുപ്പും(കൃഷ്ണമണി) വെളുപ്പു (കൃഷ്ണമണിയല്ലാത്ത ഭാഗം)മായിരുന്നു.
അല്ലാഹു ഈസാ നബി(അ)നെ ഉപദേശിച്ചുപറഞ്ഞു: കണ്ണുകള്‍ വിശാലമായ നബിയെ (മുഹമ്മദ്) നിങ്ങള്‍ സത്യവല്‍ക്കരിക്കുക. (ബൈഹഖി, തഹ്ദീബുബ്‌നു അസാകിര്‍)
ഖാളി ഇയാള്(റ) പറയുന്നു: നബി(സ)കാര്‍ത്തിക(ഒരു നക്ഷത്രസമൂഹം)യിലുള്ള പതിനൊന്ന് നക്ഷത്രങ്ങളെ കാണുമായിരുന്നു. (സുബുല്‍ 2:36)
തന്റെ സന്നിധിയില്‍ സന്നിഹിതരായവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തത് നബി(സ)ക്ക് കേള്‍ക്കാന്‍ കഴിയുമായിരുന്നു. അവിടന്ന് പറഞ്ഞു: മലക്കുകളുടെ ആധിക്യം ആകാശത്ത് സൃഷ്ടിക്കുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ട് (തുര്‍മുദി, കിതാബുസ്സുഹ്ദ്, മുസ്‌നദ് അഹ്മദ്)
ഖബ്‌റില്‍ നടക്കുന്ന ശിക്ഷയുടെ ഘോരശബ്ദം നബി(സ)ക്ക് മാത്രം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു (മുസ്‌ലിം-കിതാബുല്‍ജന്ന).
പലപ്പോഴും വഹ്‌യിറങ്ങുമ്പോള്‍ റസൂല്‍(സ) ക്കു മാത്രമേ ശ്രവിക്കാന്‍ സാധിച്ചിരുന്നുള്ളൂ; സമീപത്തുണ്ടായിരുന്നവര് കേട്ടിരുന്നില്ല. (സുബുല്‍ 2:40)
താടി, മുടി
അവിടത്തെ താടി സമൃദ്ധവും കറുത്തതുമായിരുന്നു.
സമൃദ്ധമായ വട്ടത്താടിയായിരുന്നു അവിടത്തേത് (തുര്‍മുദി).
നബി(സ) മുടി കറുപ്പിച്ചിരുന്നില്ല:
നബി(സ)യുടെ മുന്‍ഭാഗത്തെ വെളുപ്പും താടിയിലെ കറുപ്പും കൂടിച്ചേരുമായിരുന്നു. എണ്ണ തേച്ചാല്‍ അത് ഗുപ്തമാകും; ഇല്ലെങ്കില്‍ വ്യക്തമാകും (മുസ്‌ലിം).
ചുണ്ടിനും താടിയെല്ലിനും ഇടയിലുള്ള താടിരോമം പ്രത്യക്ഷമായതായിരുന്നു. അതിന്റെ ഇരുപാര്‍ശ്വങ്ങള്‍ മുത്തുപോലെ വെളുത്തതായിരുന്നു.
അവിടത്തെ ചുണ്ടിനും താടിയെല്ലിനും ഇടയിലുള്ള താടിക്ക് നര ബാധിച്ചിരുന്നു (ബുഖാരി).
തലയിലും മുടിയിലും പതിനേഴോ പതിനെട്ടോ വെളുത്ത മുടിയേ ഉണ്ടായിരുന്നുള്ളൂ എന്ന് അനസ്(റ) ഉദ്ധരിച്ചിട്ടുണ്ട്.
ഖാലിദ്(റ) തന്റെ പടത്തൊപ്പിക്കുള്ളില്‍ നബി(സ)യുടെ മുടി വെച്ചതിനു ശേഷം ഒരൊറ്റ യുദ്ധത്തിലും പരാജയപ്പെട്ടിട്ടില്ല. (സഈദുബ്‌നു മന്‍സ്വൂര്‍)
താടിരോമവും തലമുടിയും നല്ലവണ്ണം കറുത്തതായിരുന്നു.
ഉസ്മാനുബ്‌നുഅബ്ദില്ലാഹ്(റ) പറയുന്നു: എന്റെ ബന്ധുക്കള്‍ ഉമ്മസലമ(റ)യുടെ അടുത്തേക്ക് ഒരു വെള്ളപ്പാത്രവുമായി എന്നെ അയച്ചു. അപ്പോള്‍ ഉമ്മുസലമ(റ) നബി(സ)യുടെ മുടിയുള്ള ഒരു വെള്ളപ്പാത്രം കൊണ്ടുവന്നു. ഞാനാ മുടി ചെമന്നതായി കണ്ടു. (ബുഖാരി 4:33).
നാല് പ്രാവശ്യമേ അവിടന്ന് തല മുണ്ഡനം ചെയ്തിട്ടുള്ളൂ. (ഇബ്‌നുഖയ്യിം, സാദുല്‍മആദ് 1:158)
മുടി പൂര്‍ണമായും ചുരുണ്ടുകൂടിയതോ പൂര്‍ണമായും വിടര്‍ന്ന് നില്‍ക്കുന്നതോ ആയിരുന്നില്ല. (മുസ്‌ലിം, ദലാഇലുന്നുബുവ്വ)
ചെവിക്കുന്നി വരെ അവിടത്തെ മുടി എത്തിയിരുന്നുവെന്നും ചെവിക്കുന്നിയുടെ താഴേക്കിറങ്ങിയിരുന്നുവെന്നും ഹദീസില്‍ ഉണ്ട്.
കവിള്‍, മൂക്ക്
നേരിയതും നീണ്ടതും മധ്യഭാഗം ഉയര്‍ന്നതുമായിരുന്നു അവിടത്തെ മൂക്ക്. (തുര്‍മുദി, ശര്‍ഹുശ്ശമാഇല്‍ 1:44)
അവിടത്തെ കവിളുകള്‍ ഉയര്‍ന്നതോ മുഴച്ചുനില്‍ക്കുന്നതോ ആയിരുന്നില്ല. പ്രത്യുത മാംസം കുറഞ്ഞ് തൊലി നേര്‍ത്തതും വെളുത്തതുമായിരുന്നു.
(തുടരും)
Leave A Comment