മുഹമ്മദ് നബി (സ)യുടെ ആശയ സംവേദന രീതികള്‍ ഭാഗം 4
ലാകജനതക്കൊന്നാകെ നിയോഗിതനായ ഒരേയൊരു പ്രവാചകനും അമ്പിയാ മുര്‍സലീങ്ങളടക്കം മുഴുവന്‍ ജനങ്ങളക്കാള്‍ അത്യുത്തമനുമായിരുന്നു പ്രവാചകന്‍ മുഹമ്മദ് (സ). എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണവ്യക്തിത്വത്തിനുടമയായിരുന്നു പ്രവാചകര്‍. മനുഷ്യ സംബന്ധിയായ സര്‍വ്വ ഗുണങ്ങളും പ്രവാചകരില്‍ പ്രകടമായി ദര്‍ശിക്കാനാകും. അവയിലേറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് അവിടുത്തെ വാക്കുകളും ആശയ സംവേദനങ്ങളും.
പ്രവാചക വചനങ്ങളും സമീപനങ്ങളുമെല്ലാം ദൈവികമായിരുന്നുവെന്നതാണ് നബി കരീം ഒന്നും തന്നെ സ്വയം സംസാരിക്കുന്നില്ല -എല്ലാം ദിവ്യ ബോധനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണെന്ന ഖുര്‍ആന്‍ സൂക്തത്തിന്‍റെ താല്‍പര്യം. പ്രവാചക വചനങ്ങള്‍ രേഖപ്പെടുത്തി, സൂക്ഷിച്ച്, പഠിപ്പിക്കപ്പെടുന്നതിന് സമാനമായ പദവി ലോകത്ത് മറ്റൊരാളുടെയും വാക്കുകള്‍ക്ക് ന്ല്‍കപ്പെട്ടിട്ടില്ല. പവിത്രമായ ആ വാക്കുകള്‍ പരിശുദ്ധ ഇസ്‌ലാമിന്റെ രണ്ടാം പ്രമാണവുമാണ്. അതിനാല്‍ അന്ത്യനാള്‍ വരെയുള്ള സത്യവിശ്വാസികള്‍ക്ക് കലര്‍പ്പില്ലാത്ത വിധം ഹദീസുകള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ കഴിയുന്ന രീതിയില്‍ ഒരു വിജ്ഞാന ശാഖ തന്നെ ഇസ്‌ലാമിക ലോകത്ത് സൃഷ്ടിക്കപ്പെട്ടു, അതാണ് ഉസ്വൂലുല്‍ ഹദീസ്.
ലോക ഭാഷകളില്‍ പലതും വളരെ അടുത്ത കാലത്ത് മാത്രമാണ് ഗ്രാമറും സാഹിത്യ രൂപങ്ങളും ഉള്‍കൊള്ളിച്ച് പുരോഗതി കൈവരിച്ചതെങ്കില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അറബി ഭാഷ അതെല്ലാം കരഗത മാക്കിയിട്ടുണ്ട്. ഏ.ഡി ആറാം നൂറ്റാണ്ടില്‍ പ്രവാചകാഗമനത്തിന് മുമ്പായി തന്നെ ഉന്നത ശീര്‍ഷരായ മഹാ കവികള്‍ ജീവിക്കുകയും നിരവധി രചനകളിലൂടെ ഭാഷയെ സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും അത്തരം കവിതകളെല്ലാം ഭാഷാ പ്രേമികളെ ആകര്‍ഷിക്കുന്നത് ഭാഷയുടെ പ്രത്യേകത കൂടിയാണ്.
അറബി സാഹിത്യത്തില്‍ ഉന്നതസ്ഥാനീയരായിരുന്ന അറബികളെ അമ്പരപ്പിച്ച സാഹിതീയ ഭാഷയുടെ ഉടമയായിരുന്നു നബി തങ്ങള്‍. അറബികളില്‍ വെച്ചേറ്റവും വാഗ്വിലാസത്തിനുടമ താനാണെന്ന പ്രവാചക വചനം ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രവാചകന്‍ തന്‍റെ എറ്റവും ഫലപ്രദമായ രീതിശാസ്ത്രത്തിലായിരുന്നു അനുയായികളെ അഭിസംബോധന ചെയ്തിരുന്നത്. ദൈവിക സന്ദേശങ്ങള്‍ ജനങ്ങളെ ഹഠാതാകര്‍ഷിക്കുന്ന രീതിയില്‍ അവതരിപ്പിക്കാനാവശ്യമായ വാഗ് വൈഭവവും അസാധാരണമായ രീതി ശാസ്ത്രവും നബി (സ)യുടെ പ്രത്യേകതായിരുന്നു. പ്രവാചക വചനങ്ങള്‍ കാലഘട്ടങ്ങളെ അതിജീവിച്ച് ഇന്നും നിറ ശോഭ പരത്തുന്നത് ആ വാക് വൈഭവത്തിന്‍റെ പ്രതിഫലനങ്ങളുടെ സ്വാധീനശക്തി കൊണ്ടുകൂടിയാണ്. തന്‍റെ അനുയായികള്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധ്യമായ രീതിയിലായിരുന്നു നബി സ)യുടെ സംസാരങ്ങളെല്ലാം.
വിടവുകളോടെയുള്ള സംസാരം
നബി സ)യുടെ സംസാരത്തെക്കുറിച്ച് ആളുകള്‍ അന്വേഷിച്ചപ്പോള്‍ ആഇശ ബീവി അവര്‍ക്ക് മറുപടി നല്‍കിയത് ഇങ്ങനെയാണ്, 'നിങ്ങള്‍ ചെയ്യുന്നത് പോലെ കസര്‍ത്തി സംസാരിക്കുന്നവനായിരുന്നില്ല നബി സ). മറിച്ച്. നബി (സ) യുടെ സംസാരിച്ചിരുന്നത് വാക്കുകള്‍ക്കിടയില്‍ വിടവുകളോടെയാണ്. അത് കേള്‍ക്കുന്നവര്‍ക്കെല്ലാം കൃത്യമായി മനസ്സിലാകും. കസര്‍ത്തി സംസാരിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വാക്കുകള്‍ തുടര്‍ച്ചയായി വിടവുകളില്ലാതെ സംസാരിക്കുന്നതിനാണ്. ആ രീതിയില്‍ സംസാരിക്കുന്ന ഒരാളുടെ വാക്കുകള്‍ ഒരു ശ്രോതാവിന് പൂര്‍ണ്ണമായും മനസ്സിലാക്കിയെടുക്കാനാവില്ല. അങ്ങനെയൊരാള്‍ക്ക് അനുവാചകരെ ആകര്‍ഷിക്കാനാവില്ല. എന്നാല്‍ ദൈവികമായ സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ സാധിക്കുന്ന വണ്ണം ലളിതമായിട്ടായിരുന്നു നബി (സ) അവയെ അവതരിപ്പിച്ചിരുന്നത്.
ഇമാം ബുഖാരി ആഇശ (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിലും ഈ പ്രത്യേകത എടുത്ത് പറയുന്നുണ്ട്; നബി (സ) യുടെ സംസാരം ഒരാള്‍ക്ക് എണ്ണി തിട്ടപ്പെടുത്താന്‍ സാധിക്കും വിധം ലളിതമായിട്ടായിരുന്നു.
നബി (സ) യും സ്വിദ്ദീഖ് (റ) വും ഹിജ്റ പോകുന്ന വേളയില്‍ ഭക്ഷണം വാങ്ങാനായി ഉമ്മു മഅ്ബദ് എന്ന സ്ത്രീയുടെ വീട്ടിലെത്തിയ കഥ വളരെ പ്രസിദ്ധമാണ്. ഭക്ഷണം വാങ്ങാന്‍ വേണ്ടി അവരെ സമീപിച്ചപ്പോള്‍ അവിടെ കറവ വറ്റിയ ഒരു ആട് മാത്രമാണുണ്ടായിരുന്നത്. അവരുടെ സമ്മതത്തോടെ ആടിനെ നബി (സ) കറന്നപ്പോള്‍ അത്ഭുതകരമായി ആ ആടിന്‍റെ അകിടില്‍ നിന്ന് പാല്‍ കിനിഞ്ഞ് വന്നു. നബി (സ) യും കൂടെയുള്ളവരും പാല്‍ മതിവരുവോളം കുടിച്ചു. ശേഷം ഉമ്മു മഅ്ബദിനും പാല്‍ നല്‍കി. അവര്‍ പോയിക്കഴിഞ്ഞതിന് ശേഷം വീട്ടിലെത്തിയ തന്‍റെ ഭര്‍ത്താവിനോട് അവര്‍ നടന്ന സംഭവങ്ങളെല്ലാം വിവരിച്ച് കൊടുത്തു. വന്ന ആളെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ച് നല്‍കാനാവശ്യപ്പെട്ടപ്പോള്‍ അവര്‍ നബി (സ) യെക്കുറിച്ച് വിശദീകരിക്കുന്നത് ഹാകിം തന്‍റെ
ഹദീസ് ഗ്രന്ഥമായ മുസ്തദ്റകില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിശദീകരണത്തില്‍ അവര്‍ നബിയുടെ സംസാരത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, 'മധുരമാര്‍ന്ന സംസാരത്തിന്‍റെ ഉടമയാണ്, വ്യക്തമായ വാക്കുകളാണതില്‍, ദീര്‍ഘമായതോ വളരെ ചുരുങ്ങിയതോ അല്ല, മറിച്ച് ഇവ രണ്ടിനുമിടയിലായി മിതമാര്‍ന്ന രൂപത്തിലാണ് അവര്‍ സംസാരിച്ചിരുന്നത്. കോര്‍ത്ത് വെച്ച മാലയില്‍ നിന്ന് ഉതിര്‍ന്ന് വീഴുന്ന മുത്തുകള്‍ പോലെയാണ് വാക്കുകള്‍ പുറത്ത് വന്നിരുന്നത്'.
വിനയാന്വിത സ്വരം
അല്ലാഹു സൃഷ്ടിച്ച സകല ചരാചരങ്ങളിലും അത്യുത്തമനായിരുന്നിട്ടും അല്ലാഹു അർപ്പിച്ച ഉന്നതമായ പ്രവാചകത്വ സന്ദേശം വളരെ വിനയാന്വിതമായിട്ടായിരുന്നു മുഹമ്മദ് മുസ്തഫ (സ) തന്റെ ഓരോ അനുചരന്മാർക്കും കൈമാറിയിരുന്നത്. ഒരിക്കല്‍ ഒരാള്‍ നബി (സ)യുടെ സവിധത്തില്‍ കടന്ന് വന്നു. നബി (സ) അദ്ദേഹത്തോട് സംസാരിക്കുന്നതിനിടെ അദ്ദേഹം ഭയന്ന് വിറക്കുന്നതായി അനുഭവപ്പെട്ടു, ഉടന്‍ റസൂല്‍ (സ) പറഞ്ഞു, ' പേടിക്കാതിരിക്കൂ, കാരണം ഞാനൊരു രാജാവല്ല, ഉണക്ക ഇറച്ചി ഭക്ഷിച്ചിരുന്ന ഒരു സാധാരണ സ്ത്രീയുടെ മകന്‍ മാത്രമാണ് ഞാന്‍'. തന്നെ മറ്റൊരാള്‍ ഭയപ്പടുന്നത് റസൂല്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഈ ആശ്വാസ വാക്കുകള്‍ നല്‍കുക വഴി അദ്ദേഹത്തിന് വെപ്രാളത്തിന് ശമനം വന്നു.
മടുപ്പ് വരാത്ത വിധം ഹൃസ്വം
സ്വഹാബികളോട് സത്യസന്ദേശങ്ങള്‍ കൈമാറുമ്പോള്‍ ഒരിക്കലും അവര്‍ക്ക് മടുപ്പ് അനുഭവപ്പെടരുതെന്ന് നബി (സ) ക്ക് നിര്‍ബന്ധമുണ്ടായിയിരുന്നു. ദീര്‍ഘമായ പ്രഭാഷണങ്ങള്‍ നടത്തിയാലും അവരാരും തിരു സദസ്സില്‍ നി്ന്ന് ഇറങ്ങി പോവുമായിരുന്നില്ല. എങ്കില്‍ പോലും ഈ വിഷയത്തില്‍ വലിയ കണിശത പുലര്‍ത്തിയിരുന്നു പ്രവാചകന്‍ (സ). ജാബിര്‍ ബിന്‍ സമുറ നബി സ) യുടെ പ്രസംഗംങ്ങളെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്, മിതമായ സമയം മാത്രമേ നബി പ്രസംഗിക്കാറുണ്ടായിരുന്നുള്ളൂ. അല്‍പം ഖുര്‍ആനിക സൂക്തങ്ങള്‍ പാരായണം ചെയ്യും, കുറച്ച് വാക്കുകള്‍ ഉപയോഗിച്ച് ഉപദേശം നല്‍കും.
എല്ലാവര്‍ക്കും പരിഗണന
ഹസനുബ്നു അലി (റ) തന്‍റെ പിതാവായ അലി (റ) നോട് റസൂല്‍ (സ) യെക്കുറിച്ച് വിവരിച്ച് തരാന്‍ ആവശ്യപ്പട്ടപ്പോള്‍ അലി (റ) പറഞ്ഞു,
തന്നെ സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം തൃപ്തി വരുന്ന രൂപത്തിലുള്ള പരിഗണനകളാണ് അവര്‍ക്കെല്ലാം ലഭിക്കുക. പിന്തിരിഞ്ഞ് നിന്ന് ഒരാളെയും നബി സംഭാഷണം നടത്തില്ല. മറിച്ച് നേരെ മുഖം കൊണ്ടും ശരീരം കൊണ്ടും അഭിമുഖീകരിച്ച് കൊണ്ടുമാണ് നബി (സ) സംസാരിക്കുക. പിന്തിരിഞ്ഞ് നിന്ന് മുഖം മാത്രം തിരിച്ചിട്ട് സംസാരിക്കുന്നത് വഴി സംസാരിക്കപ്പെടുന്ന വ്യക്തിയെ ശരിയായി പരിഗണിക്കാാന്‍ സാധിക്കുകയില്ല എന്നത് കൊണ്ടാണ് നബി (സ) ഇങ്ങനെ ചെയ്തിരുന്നത്.
നബി (സ) യോട് സഹവസിക്കുന്നവര്‍ക്കെല്ലാം അനുഭവപ്പെടുക നബിക്ക് ഏറ്റവും പ്രിയങ്കരന്‍ താനാണെന്നാണ്. അത്രമാത്രം പരിഗണനയായിരിക്കും ഓരോരുത്തര്‍ക്കും ലഭിക്കുക. ചങ്ങല യുദ്ധം എന്നറിയപ്പെടുന്ന ബനൂ ഖുസാഅക്കെതിരെയുള്ള യുദ്ധത്തില്‍ നബി (സ) അംറുബ്ന് ആസ്വിനെ സേനാനായകനാക്കി നിശ്ചയിച്ചിരുന്നു. ആ സംഘത്തില്‍ അബൂബകര്‍ (റ) വും ഉമര്‍ (റ) വും ഉണ്ടായിരുന്നു. അംറ് ഇസ്ലാം സ്വീകരിച്ചിട്ട് വെറും 4 മാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. നബി (സ) ക്ക് തനിക്ക് നല്‍കിയ പരിഗണന കണ്ട് അത്ഭുതപ്പെട്ട അംറ് ആ സംഘത്തില്‍ നബിക്ക് ഏറ്റവും പ്രിയങ്കരന്‍ താന്‍ തന്നെയായിരിക്കുമെന്ന് കരുതി. അത് അദ്ദേഹം നബി (സ) യോട് ചോദിക്കുകയും ചെയ്തു, "നബിയെ, അങ്ങേറ്റവും ഇഷ്ടപ്പെടുന്നത് ആരെയാണ്. നബി (സ) പറഞ്ഞു, "ആഇശ". അടുത്തത് താനായിരിക്കുമെന്ന പ്രതീക്ഷയില്‍ അംറ് (റ) വീണ്ടും ചോദിച്ചു. "അതിന് ശേഷം ആരാണ്? നബി (സ) പറഞ്ഞു, "ആഇശയുടെ പിതാവ്". മൂന്നാമത്തെ ആള്‍ താന്‍ തന്നെയായിരിക്കുമെന്ന പ്രതീക്ഷയില്‍ അംറ് വീണ്ടും ചോദിച്ചു, "അതിന് ശേഷം ആരാണ്? ഇത്തവണ നബി പറഞ്ഞത് ഉമര്‍ (റ) ന്‍റെ പേരായിരുന്നു. അതിന് ശേഷവും തന്‍റെ പേര് പറയുമെന്ന് പ്രതീക്ഷയില്‍ സമാന ചോദ്യം അംറ് (റ) ആവര്‍ത്തിച്ചെങ്കിലും മറ്റുള്ള പലരെയും നബി പരാമര്‍ശിച്ചു. പെട്ടെന്ന് തന്നെ അംറ് ചോദ്യം അവസാനിപ്പിച്ചു. അദ്ദേഹം പറയുന്നു, "അപ്പോള്‍ ഞാന്‍ ചോദ്യം നിര്‍ത്തി, എന്നെ അക്കൂട്ടത്തിലെ അവസാനക്കാരാനാക്കുമെന്ന് ഭയന്ന് കൊണ്ട്." ഇവിടെ ഓരോ ചോദ്യം ചോദിക്കുമ്പോഴും അംറ് (റ) ന് വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്. 4 മാസങ്ങള്‍ക്ക് മുമ്പ് ഇസ്ലാം സ്വീകരിച്ച, ഇസ്ലാമിന്‍റെ വലിയ ശത്രുവായിരുന്ന അംറ് (റ) ന് ഈ പ്രതീക്ഷ ലഭിച്ചിരുന്നത് നബി (സ)യുടെ അസാമാന്യമായ പെരുമാറ്റത്തിന്‍റെ മികവ് ഒന്ന് കൊണ്ട് മാത്രമാണ്.
ആവര്‍ത്തിച്ച് പറയല്‍
ഹദീസുകളില്‍ വ്യാപകമായുള്ള മറ്റൊരു ശൈലിയാണ് പറയുന്ന കാര്യങ്ങള്‍ മൂന്നോ അതിലധികമോ പ്രാവശ്യം ആവര്‍ത്തിക്കുന്നത്. കാര്യഗൗരവം അറിയിക്കാനാണ് സാധാരണഗതിയില്‍ ആവര്‍ത്തിച്ച് പറയുന്നത്. മാത്രമല്ല വലിയൊരു സംഘത്തോട് സംസാരിക്കുമ്പോള്‍ ഒരു പ്രാവശ്യം മാത്രം പറഞ്ഞ് നിര്‍ത്തുകയാണെങ്കില്‍ ഒരു പക്ഷേ പലരും കേട്ടിട്ടുണ്ടാവില്ല. സങ്കീര്‍ണ്ണമായ കാര്യമാണ് പറയുന്നതെങ്കങ്കില്‍ കേട്ടിട്ടുണ്ടെങ്കിലും അത് ഗ്രഹിക്കാന്‍ സാധിച്ച് കൊള്ളണമെന്നില്ല.
ഇമാം തുര്‍മുദി മുഹമ്മദ് ബ്നു യഹ് യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍
മനസ്സിലാക്കാന്‍ തക്ക വണ്ണം നബി (സ) വാക്കുകളെ മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. മടുപ്പ് വരുന്ന രീതിയിലുള്ള അനാവശ്യ ആവര്‍ത്തനങ്ങളായിരുന്നില്ല അവയൊന്നും.
എറ്റവും സനേഹം പ്രകടിപ്പിക്കേണ്ടത് ആരോടാണെന്ന ചോദ്യത്തിന് നിന്‍റെ ഉമ്മയോടെന്ന് മറുപടി പറഞ്ഞതും അതിന് ശേഷം ആരോടാണെന്ന ചോദ്യത്തിന് രണ്ട് പ്രാവശ്യവും നിന്‍റെ ഉമ്മയോടാണെന്ന് തന്നെ ആവര്‍ത്തിച്ചതും ഇതിന് തെളിവാണ്. ഉമ്മയോട് ഒരാള്‍ വീട്ടേണ്ട ബാധ്യത സമാനതകളില്ലാത്തതാണെന്ന് അറിയിക്കാനാണ് പ്രവാചകര്‍ മൂന്ന് പ്രാവശ്യവും ഒരേ മറുപടി തന്നെ നല്‍കിയത്.
ആകര്‍ഷണീയമായ ആമുഖം
ഒന്നിലധികം കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ എണ്ണം പറഞ്ഞ് അവതിരിപ്പിക്കുന്ന രീതി ഹദീസുകളില്‍ സാധാരണമായി ദര്‍ശിക്കാവുന്നതാണ്. എണ്ണം പറയാതെ അവതരിപ്പിക്കുന്നതും എണ്ണം സൂചിപ്പിച്ച് അവതരിപ്പിക്കുന്നതും തമ്മിലുമുള്ള വ്യതിയാനം വളരെ വലുതാണെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു രീതി പ്രവാചകന്‍ സ്വീകരിച്ചത്. ഇതിന് പുറമെ പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് വലിയൊരു പരിവേഷം കൈവരാന്‍ ചില ആമുഖങ്ങള്‍ ആ കാര്യങ്ങള്‍ക്ക് മുമ്പ് പ്രവാചകര്‍ (സ) ഉപയോഗിച്ചതായി കാണാം, അനുവാചകരെ മോഹിപ്പിക്കുന്ന ഓഫറുകളുള്ള ഉള്ളടക്കമാണ് ഇവയുടെ ആമുഖത്തില്‍ ഉണ്ടാവുക.
പരിത്യാഗത്തെ സൂചിപ്പിച്ചുള്ള ഒരു ഹദീസ് ഭാഗം ഇതിന്‍റെ തെളിവാണ്. വിഷയം അവതരിപ്പിക്കുന്നതിന് മുമ്പായി പ്രവാചകര്‍ ഇങ്ങനെ പറയുന്നു,"മൂന്ന് കാര്യങ്ങള്‍ ഞാന്‍ സത്യം ചെയ്ത് പറയുന്നു ഞാന്‍ അവ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നു നിങ്ങള്‍ അത് ഹൃദ്യസ്ഥമാക്കുക".) ഇത്തരമൊരു ആമുഖം പറയാനുദ്ധേശിക്കുന്ന വസ്തുതയുടെ വന്‍ പ്രാധാന്യത്തെ വിളിച്ചോതുന്നു.
ചുരുക്കത്തില്‍ പ്രവാചകന്‍ (സ) തങ്ങളുടെ സംവേദനരീതി പൂര്‍ണ്ണമായും മനശ്ശാസ്ത്രപരമായിരുന്നു. ഈ അതിവിശിഷ്ടമായ സിദ്ധിയിലൂടെ തന്‍റെ അനുയായികളില്‍ കാതലായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ പ്രവാചകര്‍ക്കായി. തന്‍റെ സ്വഹാബയില്‍ ആരെ അനുധാവനം ചെയ്താലും നിങ്ങള്‍ നേര്‍മാര്‍ഗത്തിലെത്തിച്ചേരുമെന്ന ഹദീസ് തന്‍റെ അദ്ധ്യാപനങ്ങള്‍ ഒന്നൊഴിയാതെ അവര്‍ അനുവര്‍ത്തിച്ചിരിക്കും എന്ന ആത്മവിശ്വാസത്തില്‍ നിന്നുള്ളതാണ്. ആ അദ്ധ്യാപന രീതികള്‍ സ്ഥല കാല ഭേദമന്യേ വിശേഷിച്ചും മനശ്ശാസ്ത്രത്തിന് വന്‍ പ്രാധാന്യം കല്‍പ്പിക്കുന്ന ആധുനിക യുഗത്തില്‍ ഏറെ പ്രസക്തവും മാതൃകായോഗ്യവുമാണ്. 23 വര്‍ഷങ്ങള്‍ നീണ്ട പ്രവാചക ദൗത്യത്തിലൂടെ റസൂല്‍(സ) തങ്ങള്‍ സാധ്യമാക്കിയ സമാനതകളില്ലാത്ത വിപ്ലവം ഇതിന് നേര്‍സാക്ഷിയാണ്.
Leave A Comment