പ്രവാചകന്‍റെ ഫലപ്രദ ആശയ സംവേദന രീതി:   ഭാഗം03,   സമാന ചോദ്യങ്ങളും വ്യത്യസ്ത ഉത്തരങ്ങളും

അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്ഥഫ (സ) ക്ക് 23 വര്‍ഷം കൊണ്ട് അവതീര്‍ണ്ണമായ പരുശുദ്ധ ഖുര്‍ആനും ഇതേ കാലയളവില്‍ അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം നബി സ്വഹാബികള്‍ക്ക് പകര്‍ന്ന് നല്‍കിയ തിരുസുന്നത്തുകളുമാണ് ഇസ്ലാമിന്‍റെ ആദ്യ രണ്ട് അടിസ്ഥാന പ്രമാണങ്ങള്‍. നബി (സ)യുടെ തിരുമൊഴികള്‍ കേള്‍ക്കാനും ജീവിതത്തില്‍ പകര്‍ത്താനും അത്യധികം ശ്രദ്ധയാണ് സ്വഹാബികള്‍ പുലര്‍ത്തിയിരുന്നത്. പ്രവാചക ജീവിതത്തിന്‍റെ ഓരോ ഏടുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത് ആ ശ്രദ്ധ കൊണ്ടായിരുന്നു.

          ഖുര്‍ആനിലെ വാക്കുകളും ആശയങ്ങളും അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെങ്കില്‍ ഹദീസുകളുടെ ആശയം അല്ലാഹുവില്‍ നിന്നുള്ളതും വാക്കുകള്‍ മുഹമ്മദ് നബിയില്‍ നിന്നുള്ളതുമാണ്. ഹദീസുകളും ഖുര്‍ആനും തമ്മിലുള്ള വ്യത്യാസം ഇത് മാത്രമേയുള്ളൂ. രണ്ടും ഒരേ സ്രോതസ്സില്‍ നിന്നാണെന്ന് ചുരുക്കം. അതിനാല്‍ വളരെ ഫലപ്രദമായ രീതിയിലായിരുന്നു നബി (സ) സ്വഹാബികള്‍ക്ക് തിരു സുന്നത്ത് പകര്‍ന്ന് നല്‍കിയിരുന്നത്.

          നബിയുടെ ഫലപ്രദമായ സംവേദന രീതികളില്‍ ഏറെ ശ്രദ്ധേയമായതാണ് അനുയായികളുടെ സമാനമായ ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടികള്‍ നല്‍കുന്ന രീതി. ഇസ്ലാമിലെ ഏറ്റവും പുണ്യമുള്ള കര്‍മ്മമെന്താണ്,  സ്വര്‍ഗപ്രവേശനം സാധ്യമാക്കുന്ന കര്‍മ്മമെന്താണ്, അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മമെന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് ഇത്തരത്തില്‍ പലപ്പോഴും നബി (സ) യോട് ചോദിക്കപ്പെട്ടിരുന്നത്. ദൂരെ നിന്ന് വരുന്ന ബദുക്കളായ അറബികളാണ് ഇത്തരത്തിലുള്ള ചോദ്യങ്ങളുമായി പ്രവാചക സമക്ഷം എത്തിച്ചേരാറുള്ളത്. അവര്‍ക്കെല്ലാം തൃപ്തിയാവുന്ന തരത്തിലുള്ള മറുപടികളായിരിക്കും റസൂല്‍ (സ)യില്‍ നിന്ന് ലഭിക്കുക.

          പ്രമുഖ സ്വഹാബി വര്യനായ അബ്ദുല്ലാഹിബ്നു മസ്ഊദ് ഒരിക്കല്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മമെന്താണ് എന്ന് നബി യോട് ചോദിച്ചു. നബി (സ) മറുപടിയായി പറഞ്ഞു, "നിസ്കാരം യഥാ സമയത്ത് തന്നെ നിര്‍വ്വഹിക്കലാണ്. അതിന് ശേഷം എന്താണ്. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യലാണ്'. "അതിന് ശേഷം എന്താണ്? "അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യലാണ്'. താന്‍ ഇനിയും ചോദിച്ചാല്‍ പ്രവാചകന്‍ മറുപടി നല്‍കുമായിരുന്നെന്നും മര്യാദ കൊണ്ടാണ് ചോദ്യങ്ങള്‍ അവസാനിപ്പിച്ചതെന്നും ഇബ്നു മസ്ഊദ് (റ) പറയുന്നുണ്ട്.(സ്വഹീഹുല്‍ ബുഖാരി,മുസ്ലിം)

          അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ സമാനമായ ചോദ്യത്തിന് മറ്റൊരുത്തരമാണ് നബി (സ) നല്‍കിയിരിക്കുന്നത്. ഏത് കര്‍മ്മമാണ് അത്യുത്തമം എന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി (സ) ആദ്യം മറുപടി നല്‍കിയത് അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയെന്നതായിരുന്നു. പിന്നെ ഏതാണ് എന്ന് ചോദിച്ചപ്പോള്‍ പിന്നെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യലാണെന്നും അതിന് ശേഷമേതാണ് എന്ന് ചോദിക്കപ്പെട്ടപ്പോള്‍ യഥോചിതമായ ഹജ്ജാണെന്നും നബി (സ) മറുപടി നല്‍കി. (സ്വഹീഹുല്‍ ബുഖാരി,മുസ്ലിം)

          അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നതില്‍ രണ്ടഭിപ്രായമില്ല. കാരണം അത് ഇസ്ലാമിന്‍റെ അടിസ്ഥാനമാണ്. എന്നാല്‍ എല്ലാ ചോദ്യങ്ങളുടെയും ഉത്തരത്തില്‍ ഈ മറുപടി വരുന്നില്ല. സമാനമായ ചോദ്യങ്ങള്‍ക്ക് വ്യ്ത്യസ്ത മറുപടി നല്‍കുന്നതിന്‍റെ ഒരു കാരണം ചോദ്യകര്‍ത്താവിന് യോജിച്ച കര്‍മ്മം പഠിപ്പിക്കുകയെന്നതാണ്.  ആ വ്യക്തിക്ക് ഏറ്റവും താല്‍പര്യമുള്ള കര്‍മ്മമെന്താണെന്ന് അറിയുന്ന നബി (സ) ആ കാര്യം അയാള്‍ക്ക് നിര്‍ദ്ദേശിച്ച് നല്‍കും. യുദ്ധം ചെയ്യാനറിയുന്ന ധീരനായ വ്യക്തിക്ക് മറ്റു കര്‍മ്മങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലാര്‍ഹം യുദ്ധം ചെയ്യലാണ്. അതേ സമയം രോഗശയ്യയിലായ വൃദ്ധ മാതാപിതാക്കളുള്ളവര്‍ക്ക് അത്യുത്തമം യുദ്ധത്തിന് പോവാതെ അവരെ പരിപാലിക്കുന്നതായിരിക്കും. അത് കൊണ്ടാണ് യുദ്ധം ചെയ്യാന്‍ താല്‍പര്യമറിയിച്ച് വന്ന വ്യക്തിയോട് മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് നബി (സ) ചോദിക്കുന്നതും ഉണ്ടെന്നറിഞ്ഞപ്പോള്‍ അവരുടെ സേവനത്തില്‍ മുഴുകി യുദ്ധം ചെയ്യൂ എന്ന് അയാളോട് പറയുന്നത്. അഥവാ അവര്‍ക്ക് സേവനം ചെയ്യുന്നത് യുദ്ധത്തിനേക്കാള്‍ പുണ്യകരമാണെന്ന പാഠം നബി (സ) അയാള്‍ക്ക് പഠിപ്പിച്ച് നല്‍കി. 

          ഇസ്ലാമിന്‍റെ ആദ്യ കാലത്ത് നിലനില്‍പിനായി യുദ്ധം അനിവാര്യമായിരുന്നു. അതിനാലാണ് യുദ്ധത്തില്‍ നിന്ന് പിന്‍തിരിഞ്ഞോടുന്നത് വന്‍ ദോഷമായെണ്ണപ്പെട്ടത്. അന്ന് യുദ്ധം ചെയ്യുന്നത് മറ്റെല്ലാ കര്‍മ്മങ്ങളെക്കാള്‍ ഉത്തമമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. ബദ്‌റില്‍ പങ്കെടുത്ത സ്വഹാബിമാര്‍ക്ക് അത് കൊണ്ടാണ് മറ്റു യുദ്ധങ്ങളില്‍ പങ്കെടുത്തവരേക്കാള്‍ കൂടുതല്‍ സ്ഥാനം ഇസ്ലാമില്‍ നല്‍കപ്പെടുന്നത്. യുദ്ധങ്ങളുടെ സന്ദര്‍ഭത്തിനനുസരിച്ചും പ്രാധാന്യം കൂടുകയും കുറയുകയും ചെയ്യും. മറ്റൊരു പ്രദേശത്തേക്ക് യുദ്ധത്തിന് പോവുന്നതിനേക്കാള്‍ ഏറെ പ്രാധാന്യമുള്ളതാണ് സ്വന്തം നാട്ടിലേക്ക് ശത്രുക്കള്‍ കടന്ന് കയറുമ്പോള്‍ പ്രതിരോധിക്കുകയെന്നത്.എന്നാല്‍ മറ്റു സന്ദർഭങ്ങളില്‍ പ്രാധാന്യം മറ്റു കർമ്മങ്ങള്‍ക്കായിരിക്കും. സമകാലിക ലോകത്തെ സംബന്ധിച്ചിടത്തോളം ജിഹാദിന് പ്രസക്തിയില്ല. മറ്റു കർമ്മങ്ങള്‍ക്കാണ് പ്രാധാന്യമുള്ളത്. ജിഹാദ് എന്ന പേരില്‍ ചില സംഘടനകള്‍ നടത്തുന്ന തീവ്രവാദാക്രമണങ്ങള്‍ ഇസ്ലാമിന് വലിയ ക്ഷീണമാണ് യഥാർഥത്തില്‍ സൃഷ്ടിക്കുന്നത്.

          അബൂ ഉമാമ എന്ന സ്വഹാബി റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍ സമാനമായ ചോദ്യത്തിന് മറ്റൊരു മറുപടിയാണ് നല്‍കിയിരിക്കുന്നത്. അബൂ ഉമാമ നബി (സ) യോട് ചോദിച്ചു, "ഏത് കര്‍മ്മമാണ് ഏറ്റവും പുണ്യകരം? നബി (സ) മറുപടി നല്‍കി. നീ നോമ്പ് മുറുകെ പിടിക്കുക. കാരണം അതിന് തതുല്യമായി ഒന്നും തന്നെ ഇല്ല". (സുനനുന്നസാഈ)

          അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ് റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം. നബി (സ) സ്വഹാബികളോട് പിശുക്കിന്‍റെയും മോശം സംസാരത്തിന്‍റെയും ഭവിഷ്യത്തുകളെക്കുറിച്ച് പ്രസംഗിക്കുന്നതിനിടയില്‍ ഒരു വ്യക്തി ചോദിച്ചു, "റസൂലെ ഇസ്ലാമില്‍ വെച്ചേറ്റവും പുണ്യമായതെന്താണ്? നബി (സ) മറുപടി പറഞ്ഞതിങ്ങനെയാണ്, "തന്‍റെ നാവ് കൊണ്ടും കൈകൊണ്ടും മുസ്ലിംകളെ ബുദ്ധിമുട്ടിക്കാത്തവന്‍". (സ്വഹീഹ് മുസ്ലിം)

          അബൂഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. ഒരാള്‍ നബിയുടെ മുന്നിലൂടെ കടന്ന് വന്ന് ചോദിച്ചു,നബിയേ കര്‍മ്മങ്ങളില്‍ വെച്ചേറ്റവും ഉത്തമമായത് ഏതാണ്. സല്‍സ്വഭാവം എന്നായിരുന്നു നബി മറുപടി പറഞ്ഞത്. അയാള്‍ പുറത്ത് പോയി വലത് ഭാഗത്തൂടെ കടന്ന് വന്ന് സമാനമായ ചോദ്യം ആവര്‍ത്തിച്ചു. അതേ ഉത്തരം തന്നെയാണ് നബി (സ) നല്‍കിയത്. ഇടത് ഭാഗത്തിലൂടെയും പിന്‍ഭാഗത്തിലൂടെയും വന്ന് അയാള്‍ വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചു. നബി (സ) അപ്പോള്‍ പ്രതിവചിച്ചു, "നിങ്ങള്‍ക്ക് മനസ്സിലായില്ലേ, സല്‍സ്വഭാവമെന്നാല്‍ ദേശ്യപ്പെടാതിരിക്കുകയെന്നതാണ്.

് ചോദിക്കുന്ന വ്യക്തിക്ക് ഏറ്റവും അത്യാവശ്യമായ കാര്യമേതെന്നതിനനുസരിച്ചും സമാനമായ ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത ഉത്തരങ്ങള്‍ നബി (സ) കൊടുക്കാറുണ്ട്. ദേശ്യപ്പെടാതിരിക്കലാണ് ഏറ്റവും ഉത്തമമായ കാര്യം എന്ന മറുപടി നല്‍കിയത് ചോദ്യകര്‍ത്താവ് വലിയ ദേശ്യക്കാരനായത് കാരണത്താലാണെന്ന് ഫത്ഹുല്‍ ബാരിയുടെ രചയിതാവും പ്രശസ്ത ഹദീസ് വ്യാഖ്യാതാവുമായ ഇമാം ഇബ്നു ഹജര്‍ റ വ്യക്തമാക്കുന്നുണ്ട്.

          അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്ന മറ്റൊരു ഹദീസ് പ്രകാരം ഒരു അഅ്റാബി നബി സമക്ഷം വന്ന് ഇസ്ലാമിലേറ്റവും ഗുണമുള്ള കാര്യമെന്തെന്ന് ചോദിച്ചപ്പോള്‍ നബി (സ) രണ്ട് കാര്യങ്ങളാണ് മറുപടിയായി നല്‍കിയത്; ഭക്ഷണം നല്‍കുക,പരിചയക്കാരോടും അപരിചിതരോടും സലാം പറയുക എന്നായിരുന്നു.

          ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്ന സന്ദര്‍ഭവും കാലവും കാലാവസ്ഥയുമനുസരിച്ചും വ്യത്യസ്ത മറുപടികള്‍ നല്‍കപ്പെട്ടിട്ടുണ്ട്. മുസ്ലിംകള്‍ പട്ടിണിയനുഭവിച്ച ആദ്യ കാലങ്ങളില്‍ ഭക്ഷണം കൊടുക്കുകയെന്നതായിരുന്നു ഏറ്റവും പുണ്യകരമായി പഠിപ്പിക്കപ്പെട്ടത്. മുകളില്‍ പ്രസ്താവിച്ച ഹദീസ് അത്തരത്തിലുള്ളതാണ്. നബി (സ) ഹിജ്റ ചെയ്ത് മദീനയിലേക്ക് കടന്ന് വന്ന സന്ദര്‍ഭത്തില്‍ ആദ്യമായി പറഞ്ഞത് ആളുകള്‍ക്ക് ഭക്ഷണം നല്‍കാനും രണ്ടാമതായി പറഞ്ഞത് സലാം പ്രചരിപ്പിക്കാനും മൂന്നാമത് പറഞ്ഞത് രാത്രിയില്‍ മറ്റുള്ളവര്‍ ഉറങ്ങുമ്പോള്‍ എഴുന്നേറ്റ് നിസ്കരിക്കാനുമായിരുന്നു. തങ്ങളുടെ വീടും സമ്പത്തും മക്കയില്‍ ഉപേക്ഷിച്ച്‌ നിരവധി മുസ്ലിംകള്‍ ഹിജ്റ ചെയ്ത് മദീനയിലെത്തിയ ആ സന്ദര്‍ഭത്തില്‍ അവര്‍ക്ക് ഭക്ഷണം നല്‍കേണ്ടത് അത്യാവശ്യമായിരുന്നു. മദീനയിലെ ആതിഥേയരായ അന്‍സ്വാറുകള്‍ തങ്ങളുടെ കര്‍ത്തവ്യം പൂര്‍ണ്ണമായി പാലിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter