നബിതങ്ങളുടെ ശരീരപ്രകൃതി- ഭാഗം 3
നബിതങ്ങളുടെ ശരീരപ്രകൃതിയെ കുറിച്ച് നിരവധി ഹദീസുകള്‍ വിശദീകരിക്കുന്നുണ്ട്. നീളം, സൃഷ്ടിപ്പ്, തൊലി:
- നബി(സ)അധികം നീളമുള്ളവരോ കുറിയവരോ ആയിരുന്നില്ല (ബുഖാരി-കിതാബുല്‍മനാഖിബ്).
- ആകാരവടിവ് മിതമായിരുന്നു. തൊലി നിര്‍മലമായിരുന്നു.
- അമിതവണ്ണമോ കുറിയതോ ആയിരുന്നില്ല അവിടത്തെ ശരീരം.
- ജനങ്ങളുടെ കൂടെയിരിക്കുമ്പോള്‍ നബി(സ)യുടെ തോളായിരുന്നു ഏറ്റവും ഉയര്‍ന്നത് (ഖസ്വാഇസുല്‍കുബ്‌റാ 1:169).
ശരീരവര്‍ണം:
- നബി(സ)ക്ക് പ്രകാശിക്കുന്ന വെളുത്ത നിറമായിരുന്നു. ചാരവര്‍ണമോ ചുവപ്പില്ലാത്ത വിധം അധികം വെളുപ്പോ ആയിരുന്നില്ല. (ബുഖാരി, മുസ്‌ലിം)
- ചുവപ്പു കലര്‍ന്ന വെളുത്ത നിറമായിരുന്നു. (മുസ്‌ലിം.)
- നബി(സ)വെള്ളിയില്‍ നിന്നുണ്ടാക്കപ്പെട്ട പോലെ വെളുത്തവരായിരുന്നു. (ശമാഇലുത്തുര്‍മുദി 1:58)
വിയര്‍പ്പ്, ഗന്ധം:
- നബി(സ)ക്ക് നല്ലവണ്ണം വിയര്‍ക്കുമായിരുന്നു. എന്നാലത് സുഗന്ധപൂരിതവും മറ്റ് സുഗന്ധദ്രവ്യങ്ങളെ മികച്ചുനില്‍ക്കുന്നതുമായിരുന്നു. (ബുഖാരി, മുസ്‌ലിം-കിതാബുല്‍ഫളാഇല്‍, മുസ്‌നദു അഹ്മദ് 3:146)
- അവിടത്തെ വിയര്‍പ്പ് സുഗന്ധത്തിനായി ഉമ്മുസുലൈം(റ) ശേഖരിക്കാറുണ്ടായിരുന്നു.(മുസ്‌ലിം)
- ആഇശ(റ) പറയുന്നു: നബിതിരുമേനി(സ) യുടെ വിയര്‍പ്പുതുള്ളികള്‍ മുത്തു പോലെയായിരുന്നു. കൈ സുഗന്ധവില്‍പനക്കാരന്റെ കൈ പോലെയും. നബി(സ)യുമായി ഹസ്തദാനം ചെയ്തവര്‍ക്ക് അതിന്റെ പരിമളം ദിവസം മുഴുവന്‍ നിലനില്‍ക്കും. ഒരു കുഞ്ഞിന്റെ തലയില്‍ കൈ വെച്ചാല്‍ സുഗന്ധം കൊണ്ട് ആ കുഞ്ഞിനെ തിരിച്ചറിയും
- നബി(സ)യുടെ വരവ് ആ സുഗന്ധം കൊണ്ട് തിരിച്ചറിയാന്‍ സ്വഹാബികള്‍ക്ക് സാധിക്കുമായിരുന്നുവെങ്കിലും വഹ്‌യ് സ്വീകരിക്കുവാനും ജനസമ്പര്‍ക്കത്തിനും തങ്ങള്‍ സുഗന്ധദ്രവ്യം പൂശാറുണ്ടായിരുന്നു. (സുബുല്‍ 2:121)
നടത്തം, നിഴല്‍:
- ഒരാള്‍ക്കും കൂടെയെത്താന്‍ കഴിയാത്ത വിധം വേഗതയിലാണ് നടന്നിരുന്നത് (ഇബ്‌നുസഅ്ദ് 1:379).
- അബൂഹുറൈറ(റ) പറയുന്നു: നബി(സ)യേക്കാള്‍ വേഗതയില്‍ നടക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല (മുസ്‌നദു അഹമദ് 2:258, തുര്‍മുദി).
- ഭൂമി നബി(സ)ക്കു വേണ്ടി ചുരുട്ടപ്പെടും (ഥബഖാതുബ്‌നിസഅ്ദ്)
- നബി(സ)ക്ക് നിഴലുണ്ടായിരുന്നില്ല. സത്യനിഷേധി അതിന്റെ മേല്‍ ചവിട്ടി തിരുനബി(സ)ക്കൊരു നിന്ദ്യത വരാതിരിക്കാനായിരുന്നു ഇതെന്ന് ഹാകിം, തുര്‍മുദി എന്നിവര്‍ ഉദ്ധരിക്കുന്നു (ഖസ്വാഇസ്വുല്‍കുബ്‌റാ 1:169).
ശബ്ദം, സംസാരം:
- ഖാളി ഇയാള്(റ) പറയുന്നു: സാഹിത്യമൂല്യമേറിയ സംസാരങ്ങളില്‍ നബി(സ)യുടെ അദ്വിതീയമാണ്.
- നബി തങ്ങള്ക്ക് മികച്ച ശബ്ദമായിരുന്നു (അബുഹസനുബ്‌നിള്ളഹ്ഹാക്ക്).
- അവിടത്തെ ശബ്ദത്തിന് നേരിയ പാരുഷ്യമുണ്ടായിരുന്നു (ഇബ്‌നുഅസാകിര്‍).
- അവിടന്ന് അറബികളില്‍ ഏറ്റവും സുന്ദരമായി, സാഹിത്യപരമായി, വ്യക്തമായി, മധുരമായി, നന്നായി തെളിമയോടെ സംസാരിക്കുമായിരുന്നു.
- അബൂസആദാത്ത് മുബാറകുബ്‌നു മുഹമ്മദ് പറയുന്നു: അവിടത്തെ സംസാരം 'ജവാമിഉല്‍കലിം' (കുറഞ്ഞ വാക്കില്‍ കൂടുതല്‍ ആശയം പ്രതിഫലിക്കുന്ന സംസാരരീതി) ആയിരുന്നു (തുര്‍മുദി).
- ഔചിത്യം മനസ്സിലാക്കിയായിരുന്നു സംസാരിച്ചിരുന്നത്.
- നബി(സ)പറയുന്നു: ജനങ്ങളോട് അവരുടെ ഗ്രാഹ്യശക്തിക്കനുസരിച്ച് സംസാരിക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടു (ഹസനുബ്‌നു സുഫ്‌യാന്‍).
- സംസ്‌കാരരഹിതമായി തിരുമേനി സംസാരിച്ചിരുന്നില്ല.
- അല്ലാഹു നബി(സ)യുടെ നാവിനെ ഒരു വാളാക്കി. സംസാരിച്ചാല്‍ അത് ഉപദേശസമ്പുഷ്ടവും അര്‍ഥഗര്‍ഭവും ജ്ഞാനസംബന്ധിയുമായിരുന്നു (സുബുല്‍ 2:130).
നബി(സ)തങ്ങളോട് രൂപസാദൃശ്യമുള്ളവര്‍: നബി(സ)യോട് രൂപസാദൃശ്യമുള്ള ഇരുപത്തഞ്ചോളം ആളുകളെ ഗ്രന്ഥങ്ങളില്‍ കാണാം. പ്രധാനമായും ഇവരാണ്: 1) ആദം നബി(അ). 2) ഇബ്‌റാഹീം നബി(അ) (പക്ഷേ, ഇത് രണ്ടും സ്വഹീഹല്ലാത്ത ഹദീസിലാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്.) 3) ഏറ്റവും സാമ്യതയുള്ളത് ഹസന്‍(റ) ആയിരുന്നു (ബുഖാരി). 4) ഹുസൈന്‍(റ) (ബുഖാരി). 5) ഫാഥിമ(റ) 6) ജഅ്ഫറുബ്‌നു അബീഥാലിബ്(റ) (ബുഖാരി). 7) ഫാഥിമയുടെ സഹോദരന്‍ ഇബ്‌റാഹീം (ഖറാഇഥീ). 8) സാഇബുബ്‌നു ഉബൈദ്(റ) (ഇമാം ശാഫിഈ-റ-വിന്റെ പിതാമഹന്‍). 9) ഖുസമുബ്‌നു അബ്ബാസ്(റ). 10) അബൂസുഫ്‌യാനുബ്‌നു ഹാരിസ്(റ) (സ്വുവറുന്‍ മിന്‍ ഹയാത്തിസ്സ്വഹാബ 266).
Leave A Comment