ചൈനീസ് ഫാക്ടറികളിൽ ഉയ്ഗൂർ മുസ്‌ലിംകൾക്ക്  നിർബന്ധിത ജോലി:  റിപ്പോർട്ട് പുറത്ത് വിട്ട് വാർത്ത ഏജൻസികൾ
ബെയ്ജിങ്: ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങി ലോകത്തുടനീളം കൊറോണ വൈറസ് പടരുന്നതിനിടെ ചൈനയിൽ നിന്ന് മനുഷ്യാവകാശ ലംഘനങ്ങളുടെ വാർത്തകൾ വീണ്ടും തുടർക്കഥയാവുന്നു. ലോകത്താകമാനം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ശക്തമായ തിരിച്ചടി നേരിട്ട സന്ദർഭത്തിൽ ബിസിനസ് ലോകത്തെ അപ്രമാദിത്യം തകരാതെ നിലനിർത്താൻ മുസ്‌ലിംകളെ ഫാക്ടറികളിൽ നിർബന്ധിത ജോലിക്കായി നിയമിക്കുന്നതിന്റെ വാർത്തകളാണ് വിവിധ മാധ്യമ സ്ഥാപനങ്ങൾ പുറത്തുവിടുന്നത്. ഓസ്ട്രേലിയൻ സ്റ്റാറ്റിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ, ബിഎംഡബ്ല്യു, സോണി, വോൾക്സ് വാഗൻ തുടങ്ങിയ ലോകത്തെ പ്രമുഖ കമ്പനികൾക്ക് വേണ്ടി ചരക്കുകൾ നിർമ്മിക്കുന്ന ഫാക്ടറികളിൽ ജോലി ചെയ്യുവാൻ ചൈനീസ് സർക്കാർ ഉയ്ഗൂർ മുസ്‌ലിംകളെ നിർബന്ധിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വളരെ മുമ്പ് തന്നെ പത്ത് ലക്ഷത്തോളം മുസ്‌ലിംകളെ പ്രത്യേക ഡിറ്റൻഷൻ ക്യാമ്പുകളിൽ തടവിലാക്കിയ ചൈനീസ് സർക്കാർ നടപടി ലോകത്തുടനീളം ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ തടങ്കൽ പാളങ്ങൾ യഥാർത്ഥത്തിൽ ജയിലുകൾ തന്നെയാണ്. ഇവിടെ മുസ്‌ലിംകളെ നിർബന്ധിതമായി ഇസ്‌ലാമിക ചിന്തകളിൽ നിന്നും മാറ്റുവാൻ പുനർ വിദ്യാഭ്യാസം നൽകിക്കൊണ്ടിരിക്കുകയാണ് ചൈനീസ് സർക്കാർ. ഉയിഗൂർ മുസ്‌ലിംകൾ അനുഭവിക്കുന്ന അതി കഠിനമായ സ്ഥിതിവിശേഷത്തെ ഈ റിപ്പോർട്ട് അനാവരണം ചെയ്യുന്നുണ്ട്. കിഴക്കൻ ചൈനയിലെ ഇത്തരമൊരു ഫാക്ടറിയിൽ നിരീക്ഷണ ടവറുകളും വൈദ്യുതി വേലികളും പോലീസ് കാവലുമുണ്ടെന്ന് കണ്ടെത്തപ്പെട്ടിരുന്നു. തങ്ങളുടെ ജന്മദേശത്ത് നിന്ന് വളരെ അകലെ ജോലിക്ക് കൊണ്ടുപോവുകയും പുറംലോകവുമായുള്ള മുഴുവൻ ബന്ധം വിച്ഛേദിക്കുകയും ചെയ്യുകയാണ് ചൈനീസ് സർക്കാർ. ഇത്തരം തടങ്കൽ പാളയങ്ങളിൽ നൽകപ്പെടുന്ന ബൗദ്ധികപരമായ പരിശീലനങ്ങൾ, നിരന്തരമായ നിരീക്ഷണങ്ങൾ എന്നിവ വഴി മുസ്‌ലിംകളെ അവരുടെ മത കർമ്മങ്ങളിൽ നിന്ന് മാറ്റി നിർത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. അതേസമയം സർക്കാരിനെതിരെ വിമർശനം ഉയരുമ്പോഴെല്ലാം ഉയ്ഗൂർ മുസ്‌ലിംകളെ പ്രത്യേക പരിശീലനം നൽകി നൽകി ജോലി നൽകുന്ന പ്രക്രിയയാണ് തങ്ങൾ നടത്തുന്നതെന്നാണ് ചൈന അവകാശപ്പെടാറുള്ളത്. നിർബന്ധിത ജോലിയെ കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതാണെന്നും വ്യക്തമാക്കി ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വാർത്തകളിൽ ഉൾപ്പെട്ട അന്താരാഷ്ട്ര ബിസിനസ് കമ്പനികളെ ന്യൂയോർക്ക് പോസ്റ്റ് ബന്ധപ്പെട്ടിരുന്നു. ഈ വിഷയത്തെ കുറിച്ച് സൂചിപ്പിച്ചപ്പോൾ ആപ്പിൾ നൽകിയ മറുപടി ഇങ്ങനെയാണ്, ബിസിനസിലുൾപ്പെട്ട മുഴുവൻ അംഗങ്ങൾക്കും അവരർഹിക്കുന്ന ബഹുമാനവും ആദരവും നൽകപ്പെടേണ്ടതുണ്ടെന്നതാണ് കമ്പനിയുടെ നയം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter