എൻ.ആർ.സി, സിഎഎ സർക്കാർ ഉപേക്ഷിക്കണം, ഈഗോ സംരക്ഷിക്കാനായി രാജ്യത്തെ കത്തിക്കരുതെന്നും ചേതന്‍ ഭഗത്
മുംബൈ: പൗരത്വ നിയമത്തിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാവുന്നതിനിടെ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. പൗരത്വ നിയമവും എന്‍.ആര്‍.സിയും സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഈഗോ സംരക്ഷിക്കാനായി രാജ്യത്തെ കത്തിക്കരുതെന്നും ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിർദേശിച്ച ഭഗത് ജെ.എന്‍.യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും വ്യക്തമാക്കി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം ഉയരുമ്ബോഴും കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാട് തുടരുന്ന സാഹചര്യത്തിലാണ് ചേതന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി ജനപ്രിയ നോവലുകളുടെ രചയിതാവായ ചേതന്‍ ഭഗത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി പിന്തുണച്ചിരുന്ന എഴുത്തുകാരനായിരുന്നു. നിലവില്‍ പൗരത്വ ബില്‍ പോലൊരു വിഷയത്തില്‍ വലതുപക്ഷത്തെ പിന്തുണച്ചിരുന്ന ചേതന്‍ ഭഗത് പോലുള്ളവരുടെ ശക്തമായ വിമര്‍ശനം രാജ്യത്തെ രാഷ്ട്രീയ കാഴ്ചപ്പാടിൽ സംഭവിച്ച വലിയ ഗതിമാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter