സന്താനശിക്ഷണം ശൈശവം മുതല്‍തന്നെ തുടങ്ങണം
അല്ലാഹു അവന്റെ അടിമകള്‍ക്ക് എണ്ണമറ്റ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ സന്താനങ്ങള്‍ പൂര്‍ണ്ണമായും ഒരു ദൈവിക വരദാനമാണെന്നു പറയാം. സമ്പത്തും സന്താനങ്ങളും അല്ലാഹു നല്‍കിയ അലങ്കാരങ്ങളാണെന്നാണ് ഖുര്‍ആന്‍ വിമുക്തമാക്കുന്നത് (18:46) , ആ അനുഗ്രഹം യഥാവിധം നമുക്ക് ഇരുവീട്ടിലും ഫലപ്പെടണമെങ്കില്‍ സന്താനങ്ങളെ വളര്‍ത്തുന്നതിലും മതവിദ്യയും മറ്റും നല്‍കി അവരെ ഭാവിയിലെ ഉത്തമ പൗരന്മാരാക്കി വളര്‍ത്തണം. ഇതില്‍ മാതാപിതാക്കള്‍ക്ക് ഭാരിച്ച ബാധ്യതയുണ്ട്.
സന്താനങ്ങള്‍ ശൈശവദശയില്‍ മണ്‍പാത്ര നിര്‍മാതാവിന്റെ കൈയിലെ മണ്ണുപോലെയാണെന്ന് പറയാം. അവരെ വളര്‍ത്തുന്നവരാരോ അവര്‍ സ്വീകരിക്കുന്ന രൂപത്തിലായിരിക്കും സന്താനങ്ങള്‍ വളര്‍ന്നുവരിക. അപ്പോള്‍ ശൈശവദശയില്‍തന്നെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വിശിഷ്യാ ഇസ്‌ലാമിക സംസ്‌കാരത്തിന്റേയും പ്രാഥമിക പാഠങ്ങള്‍ അവരെ അഭ്യസിപ്പിക്കേണ്ടത് അനിവാര്യമാണ്. ആഹരിക്കുമ്പോള്‍ കൈകള്‍ ശുചിയാക്കി ബിസ്മിചൊല്ലി വലതു കൈകൊണ്ട് ഭക്ഷിക്കാനും ഭോചനത്തില്‍ നിന്ന് വിരമിച്ചാല്‍ വീണ്ടും കൈയും വായും വൃത്തിയാക്കുവാനും 'അല്‍ഹംദുലില്ലാഹ്' എന്ന് മൊഴിയാനും ശീലിപ്പിക്കണം-മുതിര്‍ന്നവര്‍ ആഹാരം കഴിക്കുന്ന സഥലത്ത് അത് നോക്കിനില്‍ക്കാന്‍ കുട്ടികളെ അനുവദിക്കരുത്. വകതിരിവായിക്കഴിഞ്ഞാല്‍ വ്യക്തിവികാസത്തിനും മതബോധത്തിനും പ്രയോജനമാകുന്ന കാര്യങ്ങള്‍ പറഞ്ഞും പരിശീലിപ്പിച്ചും ഗ്രഹിപ്പിക്കണം. മുതിര്‍ന്നവരോട് ആദരവ്, ഇളയവരോട് കാരുണ്യം, ശുചിത്വം, നല്ലത് മാത്രം സംസാരിക്കുക എന്നിവ ശീലിപ്പിക്കണം. കൂടാതെ അമിത ഭോജനം, അതിമോഹം എന്നിവ ഇല്ലാതാക്കുകയും വേണം. കുട്ടിക്കാലത്ത് സന്താനങ്ങളില്‍ ഉത്തമ സ്വഭാവരൂപീകരണത്തിന് അനുകരണീയ മാതൃക മാതാ പിതാകക്കള്‍ തന്നെയാണ്. അവരിലൂടെ അവരുടെ ഗൃഹാന്തരീക്ഷത്തിലൂടെ അനുകരണം വഴിയായി കുട്ടികളില്‍ സാരമായ വിധത്തില്‍ തന്നെ സ്വഭാവ രൂപീകരണം നടക്കുന്നു. അതിനാല്‍ അമിതലാളന നല്‍കാതെയും, താല്‍പര്യങ്ങള്‍ക്കെല്ലാം വഴങ്ങാതെയും കുട്ടികളെവളര്‍ത്തുക. പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും ജീവചരിത്രങ്ങളും മറ്റും വീട്ടില്‍ നിന്ന് തന്നെ കേള്‍പ്പിച്ചുകൊണ്ട് സന്മാര്‍ഗ ദര്‍ശനം നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം.
സന്താനങ്ങള്‍ക്ക് അഞ്ച് വയസ്സ് പിന്നിടുമ്പോള്‍ മാതാവിന്റെ മടിത്തട്ടില്‍ നിന്നും അവന്റെ പാഠശാല ദീനീപഠനത്തിനായി മദ്‌റസകളിലേക്കും ഭൗതികപഠനത്തിന് സ്‌കൂളുകളിലേക്കും അല്ലെങ്കില്‍ അവ രണ്ടും ഒരുമിച്ച് അഭ്യസിപ്പിക്കുന്ന പഠന കേന്ദ്രത്തിലേക്കും മാറ്റേണ്ടതുണ്ട്.
ആധുനിക കാലത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കള്‍ പ്രകടിപ്പിക്കുന്ന ഉത്സാഹം മദ്‌റസാ വിദ്യാഭ്യാസത്തിന് കാണിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കുട്ടികളുടെ ഭൗതിക പഠനം ഏത് മീഡിയത്തില്‍ നിന്ന് തുടങ്ങാനായാലും അഭിപ്രായം പറയാന്‍ അനവധിപേര്‍ ഉണ്ടാകും. അതേ സമയം മതപഠനകാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഒരു മുന്നൊരുക്കമോ ആലോചനയോ ഉണ്ടാകാറില്ല. രക്ഷിതാവിന് സൗകര്യപ്പെട്ട ഒരു ദിവസം നോക്കി ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നു. പിന്നെ അവന്റെ പഠനകാര്യങ്ങളും മതകീയ ജീവിത കാര്യങ്ങളുമെല്ലാം അധ്യാപകരില്‍ ഏല്‍പിച്ച് സന്താനങ്ങളുടെ മത പഠനത്തിന്റെ വിഷയത്തില്‍ കേവലം കാഴ്ചക്കാരന്റെ റോള്‍പോലും നിര്‍വ്വഹിക്കാത്ത രക്ഷിതാക്കള്‍ ഇപ്പോഴുമുണ്ട്.
നഗര - ഗ്രാമ പ്രദേശങ്ങളില്‍ മതസ്ഥാപനങ്ങളും മദ്‌റസകളും ഇന്ന് ഏറെ വര്‍ധിച്ചിട്ടുണ്ട്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ തന്നെ 8,000 ത്തിലധികം മദ്‌റസകളുണ്ട്, ഇവയില്‍ കൂടുതലും ഇപ്പോള്‍ ലോവര്‍പ്രൈമറി തലത്തില്‍ നിന്ന് അപ്പര്‍പ്രൈമറി, സെക്കന്‍ഡറി തലങ്ങളിലേക്ക് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എങ്കിലും അഞ്ചാംക്ലാസ്സ് കഴിഞ്ഞാല്‍ മതപഠനത്തില്‍ നിന്നും കുട്ടികളെ മാറ്റിനിറുത്തി ഭൗതീക വിദ്യാഭ്യാസത്തില്‍മാത്രം പഠനം പരിമിതപ്പെടുത്തുന്ന പ്രവണത സാര്‍വ്വത്രികമാണ്- അഞ്ചുവരെ പഠിപ്പിച്ചില്ലേ, അത്രമതി എന്ന വിചാരമാണ് പലര്‍ക്കും. മാറിയ കാലഘട്ടത്തില്‍ പഠനം അഞ്ചിലൊതുക്കിയാല്‍ അത് ഗോവണിയുടെ പകുതി പടവുകള്‍മാത്രം കയറി നിറുത്തുന്ന പ്രതീതിയാണ് സൃഷ്ടിക്കുക. മദ്‌റസ പത്താം ക്ലാസ് വരെ പഠിച്ചാല്‍ തന്നെ പഴയ അഞ്ചാം തരം അറിവേ ലഭിക്കുന്നുള്ളൂ. കാലത്തിനും സമയത്തിനും സാഹചര്യത്തിനുമനുസരിച്ച് സിലബസ് ചുരുക്കുകയും ലളിതമാക്കുകയും ചെയ്യുന്ന കാര്യം കൂടി നാം പരിഗണിക്കണം.
മതത്തിന്റെ മൗലികകാര്യങ്ങളെക്കുറിച്ച് അല്‍പം ആഴത്തില്‍ അറിഞ്ഞ് പഠിക്കാനും വ്യക്തിജീവിതത്തില്‍ മൂല്യങ്ങളെ സ്വാംശീകരിക്കുവാനും ഉയര്‍ന്നക്ലാസുകളിലെ പഠനം പ്രധാന പങ്ക് വഹിക്കുമെന്നതാണ് വസ്തുത. ഭൗതിക പഠനത്തിന് നിശ്ചിത പ്രായത്തിലുള്ള കുട്ടികള്‍ക്ക് വലിയ മുതല്‍മുടക്കൊന്നുമില്ലാതെ വേദിയൊരുക്കുന്ന ദഅ്‌വാകോളേജുകള്‍ നേരിയതോതിലാണെങ്കിലും വര്‍ധിച്ചു വരുന്നത് ശുഭോദര്‍ക്കമാണ്. നമ്മുടെ കുട്ടികള്‍ക്ക് ആയാസ രഹിതമായി മത-ലൗകീക പഠനത്തിന് ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനം മഹത്തരമാണ്.
സന്താനങ്ങളെ ഇളംപ്രായത്തില്‍ തന്നെ ആരാധനാകര്‍മങ്ങള്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും വേണം. ഇസ്‌ലാമിലെ മുഖ്യ കര്‍മമായ നിസ്‌കാരം നിത്യവും നിര്‍വ്വഹിക്കാന്‍ ഏഴ് വയസ്സ് മുതല്‍ കല്‍പിക്കുകയും പത്ത് വയസ്സായാല്‍ നിസ്‌കരിച്ചില്ലെങ്കില്‍ അതിന്റെ പേരില്‍ അടിക്കുകയും വേണമെന്ന് റസൂല്‍(സ) തങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സന്താന ശൈശവദശയില്‍ ആരാധനാ കര്‍മങ്ങളുമായി അടുപ്പിക്കുന്നതില്‍ പല രക്ഷിതാക്കളും അവബോധം ഉള്ളവരല്ലെന്നതാണ് ദുഃഖസത്യം. വീട്ടിലുള്ള ചില മാതാ-പിതാക്കള്‍ ബാങ്കൊലി ഉയരുമ്പോള്‍ കുട്ടിയോട് നിസ്‌കാരംകൊണ്ട് ഉപദേശിക്കും. പക്ഷേ അവര്‍ ഭൗതികമായ ആവശ്യങ്ങളിലും അനാവശ്യങ്ങളിലും മുഴുകി യഥാസമയം നിസ്‌കരിക്കുകയുമില്ല. ഇത്തരമൊരവസ്ഥയില്‍ കുട്ടിയെ യഥാസമയം നിസ്‌കരിക്കുന്നവനാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കില്ലെന്നത് നഗ്നയാഥാര്‍ത്ഥ്യമാണ്. ഇനി മറ്റുചിലരാകട്ടെ നിസ്‌കാരം യഥാസമയം സ്വകീയമായി നിര്‍വ്വഹിക്കുമ്പോള്‍ തന്നെ കുട്ടികളെ തങ്ങളുടെ കൂടെയോ ഒറ്റക്കോ നിസ്‌കാരം നിര്‍വ്വഹിക്കുന്നവരാകുന്നതില്‍ ഒട്ടും ശ്രദ്ധകാണിക്കുകയില്ല. അതുപോലെ ഉറങ്ങുമ്പോഴും ഉറക്കില്‍ നിന്ന് ഉണരുമ്പോഴും മലമൂത്രവിസര്‍ജ്ജനവേളയിലും മറ്റുമുള്ള ദിക്ക്‌റുകളും കുട്ടികളില്‍ ശരിയായി പരിശീലിപ്പിക്കണം. ഇതെല്ലാം മദ്‌റസ അദ്ധ്യാപകരുടെ ചുമതലയാണെന്ന് ധരിച്ച് കുട്ടിയെ ഇളം പ്രായത്തില്‍ തന്നെപാട്ടിന് വിട്ടാല്‍ അതിന്റെ ദോഷം അനുഭവിക്കേണ്ടിവരിക മാതാപിതാക്കളും കുടുംബവും മാത്രമായിരിക്കും.
സന്താനങ്ങളില്‍ ശൈശവദശയില്‍ ഉത്തമജീവിതരീതി കരുപ്പിടിപ്പിക്കാന്‍ അവര്‍ക്കായി ഒരു ടൈംടേബിള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നത് അനുയോജ്യമായിരിക്കും. കുട്ടികളെ സുബ്ഹ്‌ന്റെ സമയത്ത് തന്നെ ഉണര്‍ത്തി പ്രഭാതകൃത്യങ്ങളും, സുബ്ഹി നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, തുടങ്ങിയ ആരാധനാകാര്യങ്ങളും സമയോചിതം ചെയ്യാന്‍ പരിശീലിപ്പിക്കണം. പഠിക്കേണ്ട സമയങ്ങളില്‍ പഠിക്കാനും അതു കഴിഞ്ഞാല്‍ ഹോം വര്‍ക്ക്, വീട്ടുകാര്യങ്ങള്‍, വിനോദം എന്നിവയുമെല്ലാം സമയോചിതം ചെയ്യാന്‍ ശീലിപ്പിക്കണം. രാത്രിവേള (മഗ്‌രിബിന്ന്‌ശേഷം) സമയക്രമത്തില്‍ തന്നെ മദ്‌റസ, സ്‌കൂള്‍ പാഠഭാഗങ്ങളുടെ പഠനത്തിനും അവസരമൊരുക്കണം. കാര്യങ്ങള്‍ യഥാവിഥിചെയ്യുന്നതില്‍ മാതാപിതാക്കളുടെ സ്‌നേഹമോ, ലാളനയോ തടസ്സമാകരുത്- മാത്രമല്ല ടൈംടേബിള്‍ തെറ്റിക്കുമ്പോള്‍ അതിനെതിരായി ഉചിതമായ പ്രതികരണം പ്രകടിപ്പിക്കുവാനും മാതാപിതാക്കള്‍ തയ്യാറാകണം. സന്താനങ്ങള്‍ക്ക് നല്ല ഭക്ഷണവും വസ്ത്രവുമെല്ലാം നല്‍കുന്നതുപോലെ നല്ല സംസ്‌കാരവും വിദ്യാഭ്യാസവും നല്‍കുക. മത കാര്യങ്ങളിലെ നിഷ്ഠയും, സംസ്‌കാരവും, സാമൂഹ്യ ബോധവുമെല്ലാം ചെറുപ്പത്തിലേ സ്വായത്തമാക്കേണ്ടതാണ്. ''ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം'' എന്ന മൊഴി പഴക്കമേറെയുള്ളതാണെങ്കിലും എന്നും ഏറെ പ്രസക്തമാണ്
Leave A Comment