ബഥ്ഹാഇനു അദ്ദേഹത്തിന്‍റെ ചവിട്ടടി സുപരിചതമല്ലോ
(സൂഫീ കഥ - 22)
ഹിശാമു ബ്നു അബ്ദിൽ മലിക് ബ്നി മർവാൻ ഒരു വർഷം ഹജ്ജിനു പോയി. കഅ്ബ ഥവാഫ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഹജറുൽ അസ്‍വദ് ഒന്നു മുത്താൻ മോഹം. പക്ഷേ, തിരക്കു മൂലം അദ്ദേഹത്തിനത് സാധിക്കുന്നില്ല. മുത്താനാകാതെ അദ്ദേഹം പ്രസംഗ പീഠത്തിൽ കയറി. പ്രസംഗിക്കാൻ തുടങ്ങി. അദ്ദേഹം പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ അത്ഭുതം കണ്ടത്. സുമുഖനായ ഒരു ചെറുപ്പക്കാരൻ കയറി വരുന്നു. ചന്ദ്രനെ പോലെ മുഖം, പ്രകാശിക്കുന്ന കവിളുകൾ, പരിമളം പരത്തുന്ന വസ്ത്രങ്ങൾ. ആ ചെറുപ്പക്കാരൻ ആരെയും കൂസാതെ കഅ്ബക്ക് ചുറ്റും ഥവാഫ് ആരംഭിച്ചു. ഹജറുൽ അസ്‍വദിന്‍റെ അരികെയെത്തിയപ്പോൾ ജനസാഗരം തനിയെ വഴിമാറി നൽകുന്നു. ഹജറിന്‍റെ അടുത്തേക്ക് ചെല്ലാനുള്ള സൌകര്യങ്ങൾ ഉണ്ടാകുന്നു. എല്ലാവരും ആ യുവാവിനെ ആദരവോടെ നോക്കുന്നു. അങ്ങനെ ഒരു തിരക്കുമില്ലാതെ അനായസം ഹജ്‍റുൽ അസ്‍വദ് മുത്തി തിരിച്ചു വരുന്നു.
ശാമിൽ നിന്ന് ഹിശാമിന്‍റെ കൂടെ വന്ന ഒരാൾ ഇതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ മനുഷ്യൻ ഹിശാമിനോടു പറഞ്ഞു: “അല്ലയോ അമീറുൽ മുഅ്മിനീൻ, ജനങ്ങൾ താങ്കൾക്ക് ഹജ്റുൽ അസ്‍വദിന്‍റെ അടുത്തേക്ക് വഴിയൊരുക്കിത്തന്നെതേയില്ല. താങ്കളാണെങ്കിലോ ഈ സാമ്രാജ്യത്തിന്‍റെ ഭരണാധികാരിയാണു താനും. പക്ഷേ, ആ സുമുഖനായ യുവാവ് ആരാണ്? അദ്ദേഹം വന്നപ്പോഴേക്കും ജനങ്ങളെല്ലാം രണ്ടു ഭാഗത്തേക്കും ഒതുങ്ങി നിന്ന് അദ്ദേഹത്തിനു ഹജറിലേക്കെത്താനും മുത്താനും സൌകര്യം ചെയ്തു കൊടുത്തല്ലോ.”
ആ സുമുഖനായ യുവാവ് വേറെയാരുമായിരുന്നില്ല. റസൂൽ (സ) യുടെ പേരമകൻ ഹുസൈൻ (റ) വിന്‍റെ മകൻ സൈനുൽ ആബിദീൻ (റ) ആയിരുന്നു. ഹിശാമിനു അത് ശരിക്കുമറിയാമായിരുന്നു. പക്ഷേ, ഇവർക്ക് ജനങ്ങൾക്കിടയിൽ ഇത്രയധികം സ്ഥാനമുണ്ടെന്നും ഹിശാമിനോടവർക്ക് ഒട്ടും താൽപര്യമില്ലെന്നും ശാമുകാരറിയുമോ എന്നു ഹിശാം ഭയപ്പെട്ടു. അതുകൊണ്ട് ഹിശാം അജ്ഞത നടിച്ചു. എന്നിട്ട് പറഞ്ഞു: “എനിക്കദ്ദേഹത്തെ പരിചയമില്ല”
ഈ സംഭാഷണം നടക്കുമ്പോൾ അവർക്കരികിൽ മഹാ കവിയായിരുന്ന ഫറസ്ദഖുണ്ടായിരുന്നു. ഉടനെ അദ്ദേഹം പറഞ്ഞു: “എനിക്കദ്ദേഹത്തെ അറിയാം.” “അദ്ദേഹമാരാണ് അബൂ ഫിറാസ് (ഫറസ്ദഖിന്‍റെ ഓമനപ്പോര്)? കണ്ടിട്ട് നല്ല ഗാംഭീര്യമുള്ള ഒരു യുവാവണല്ലോ.” ശാമുകാർ ഫറസ്ദഖിനോട് ആവശ്യപ്പെട്ടു. ഫറസ്ദഖ് പറഞ്ഞു: “ശ്രദ്ധിച്ചു കേൾക്കണേ. ഞാനൊരു കവിത ചൊല്ലാം”
“ഇദ്ദേഹത്തിന്‍റെ കാലടികൾ ബഥ്ഹാഅ് പ്രദേശത്തിനു വരേ സുപരിചിതമാണ്. കഅ്ബക്കും അത് നില കൊള്ളുന്ന ഹറമിനും അതിനപ്പുറമുള്ള ഹില്ലിനും ഇദ്ദേഹത്തെ പരിചയമുണ്ട്. (കഅ്ബയും അതിനു ചുറ്റും പ്രത്യേകം അതിരു തിരിച്ച പ്രദേശവും ഹറം ആണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് അതിനു പരിശുദ്ധിയുണ്ട്. പ്രത്യേക നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഹറമല്ലാത്ത എല്ലാ പ്രദേശങ്ങളുമാണ് ഹില്ല്.)
അല്ലാഹുവിന്‍റെ അടിയാറുകളിൽ ഏറ്റവും ശ്രേഷ്ഠരായവരുടെ പുത്രനാണിത്. ഇദ്ദേഹം ഭക്തിയുള്ളവരും സംശുദ്ധരും കേളികേട്ടവരുമാണ്.
നിങ്ങൾക്കിദ്ദേഹത്തെ അറിയില്ലെങ്കിൽ, ഇദ്ദേഹം ഫാഥിമയുടെ പുത്രനാണ്. ഇദ്ദേഹത്തിന്‍റെ വലിയുപ്പയാണ് അമ്പിയാക്കൾക്ക് അന്ത്യം കുറിച്ചത്.
നിങ്ങൾ “ഇതാരാണെന്ന്” ചോദിച്ചതു കൊണ്ട് അദ്ദേഹത്തിനൊന്നും സംഭവിക്കാനില്ല. നിങ്ങൾക്കറിയില്ലെന്നു പറഞ്ഞ ആ വ്യക്തിയെ അറബികളും അനറബികളും ഒരു പോലെ അറിയും.
അവരുടെ രണ്ടു കരങ്ങളും അപരരെ സഹായിക്കുന്നവയാണ്. അവയുടെ ഉപകാരം പരക്കെ കിട്ടികൊണ്ടിരിക്കുന്നുണ്ട്. ആളുകളവയെ അന്വേഷിച്ചെത്തുന്നു. ഇല്ലായ്മ അവയെ ബാധിച്ചിട്ടില്ല.
സുശീലൻ. അവരിൽ നിന്ന് ഒരു പ്രയാസവും പേടിക്കാനില്ല. രണ്ടു കാര്യങ്ങളാണ് അദ്ദേഹത്തെ കൂടുതൽ ഭംഗിയാക്കുന്നത്: സൽസ്വഭാവവും നല്ല പ്രകൃതവും.
ജനങ്ങൾക്ക് പ്രയാസമുണ്ടാകുമ്പോൾ അവരുടെ ഭാരങ്ങൾ ചുമക്കുന്നു. മധുവൂറും പെരുമാറ്റം. അദ്ദേഹം ‘ഉണ്ട്’ എന്നു പറയുന്നതിനെന്തു മധുരം.
അദ്ദേഹത്തിനു ഇല്ലെന്നു പറയാനറിയില്ല. ആകെ അങ്ങനെയൊന്ന് പറയുന്നത് സാക്ഷ്യവാചകത്തിൽ (അശ്‍ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്) മാത്രം. ഈ സാക്ഷ്യ വാചകവുമില്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്‍റെ ഇല്ലെന്ന വർത്തമാനങ്ങളെല്ലാം ഉണ്ട് എന്ന് മാത്രമായിരുന്നേനേ.
അദ്ദേഹം സകല ജനങ്ങൾക്കും ഉപകാരം ചെയ്യുന്നു. അങ്ങനെ അന്ധകാരവും ദാരിദ്ര്യവും വല്ലായ്മയും നീങ്ങിപ്പോയി.
ഖുറൈശികൾ അദ്ദേഹത്തെ കണ്ടാൽ പറയും.. ഇദ്ദേഹത്തിന്‍റെ മേന്മകളിലേക്കാണ് സകല മാന്യതകളും ചെന്നത്തുന്നത്.
മാന്യത കാരണം അദ്ദേഹം മിഴി താഴ്ത്തുമ്പോൾ, അദ്ദേഹത്തിന്‍റെ മുഖ ഗാംഭീര്യം മൂലം ജനങ്ങളദ്ദേഹത്തെ നോക്കാൻ ഭയക്കുന്നു. പുഞ്ചിരി തൂകികൊണ്ടല്ലാതെ അദ്ദഹം സംഭഷണത്തിനു മുതിരാറില്ല.
......................................................
....................................................
ഇങ്ങനെ തുടങ്ങുന്ന നീണ്ട ഒരു കവിത തന്നെ ഫറസ്ദഖ് ചൊല്ലി കേൾപ്പിച്ചു. (അതിന്‍റെ അറബി മൂലം ആദ്യ കമന്‍റായി ചേർത്തിയിട്ടുണ്ട്. ദൈർഘ്യം ഭയന്ന് മുഴുവൻ പരിഭാഷയും ഇവിടെ നൽകുന്നില്ല.)
ഇതും ഇതു പോലെ വേറെയും കവിതകളുമായി ഫറസ്ദഖ് അഹ്‍ലു ബൈതിനെ പുകഴ്ത്തുന്നത് ഹിശാമിനു ഇഷ്ടപെട്ടില്ല. ഹിശാം ഫറസ്ദഖിനെ അസ്ഫാൻ എന്ന പ്രദേശത്ത് (ജിദ്ദയിൽ നിന്ന് 50 കി. മി. കിഴക്കോട്ടുമാറിയാണ് ഈ സ്ഥലം) തടഞ്ഞുവെക്കാൻ ഉത്തരവിട്ടു.
ഈ വിവരം കൃത്യമായി സൈനുൽ ആബിദീന്‍റെ (റ) ചെവിയിലെത്തി. പന്തീരായിരം ദിർഹം ഫറസ്ദഖിനു കൊടുത്തയച്ചു. “ക്ഷമിക്കണം അബൂ ഫിറാസ്. ഞങ്ങൾ പ്രയാസത്തിലാണ്. ഞങ്ങളുടെ കൈയിൽ ഇത്രയേയുള്ളൂ. കൂടുതലുണ്ടെങ്കിൽ അതും ഞങ്ങൾ താങ്കൾക്ക് നൽകുമായിരുന്നു.” എന്ന സന്ദേശവും നൽകാനാവശ്യപെട്ടു.
പക്ഷേ, ഫറസ്ദഖ് അത് സ്വീകരിച്ചില്ല. ഫറസ്ദഖിന്‍റെ മറുപടി ഇപ്രകാരമായിരുന്നു: “പ്രവാചക പുത്രാ, ഇതിനു മുമ്പും ഞാനൊത്തിരി കവിതകൾ ചൊല്ലിയിട്ടുണ്ട്. പക്ഷേ, അതെല്ലാം സമ്പത്തിൽ മോഹിച്ചിട്ടായിരുന്നു. അതിനാൽ തന്നെ ആ കവിതകളിൽ ഒട്ടേറെ കളവുകളും ഞാൻ പറഞ്ഞിട്ടുണ്ട്. ഞാനിപ്പോൾ പറഞ്ഞ കവിതകൾ അവയിൽ ചിലതിനെങ്കിലും ഒരു പ്രായശ്ചിത്യമായിരിക്കട്ടെ എന്നു കരുതിയാണ്. ഈ കവിതകൾ അല്ലാഹുവിനു വേണ്ടിയാണ്. പ്രവാചകനോടും അവിടത്തെ സന്താനങ്ങളോടുമുള്ള ആത്മാർത്ഥമായ സ്നേഹം മൂലമാണ്.”
സൈനുൽ ആബിദി(റ)ന് ഈ സന്ദേശമെത്തിയപ്പോ അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു: “നിങ്ങൾ മടങ്ങി പോകൂ. ഈ മുതൽ ഫറസ്ദഖിനു തന്നെ തിരിച്ചു നൽകൂ.” പിന്നെ അവിടെ ചെന്ന് ഇങ്ങനെ കൂടി പറയണമെന്നും കൽപിച്ചു: “അബൂ ഫിറാസ്, താങ്കൾ ഞങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ, ഞങ്ങളുടെ ഉടമയിലുള്ള മുതൽ താങ്കൾക്ക് ഞങ്ങൾ സമ്മാനമായി നൽകുമ്പോൾ അത് സ്വീകരിക്കാതെ തിരിച്ചയക്കുന്നത് താങ്കൾക്ക് ഇഷ്ടമാകുമായിരുന്നില്ല.”
ഇതു കേട്ട ഫറസ്ദഖ് അത് സ്വീകരിച്ചു.
കശ്ഫ് - 279
Leave A Comment