ദു:ഖങ്ങളുടെ സ്വര്‍ഗവും സുഖങ്ങളുടെ നരകവും
ഉപ്പയുടെ കുടുംബവീടിനടുത്ത് ഞങ്ങള്‍ക്കൊരു അയല്‍ക്കാരിയുണ്ടായിരുന്നു. ഉച്ചത്തില്‍ സംസാരിക്കുന്ന വഴക്കും വക്കാണവും പതിവാക്കിയ വായാടിയായൊരു സ്ത്രീ. അയല്‍പക്കത്തെ ബഹളവും അസഭ്യവും കേട്ടാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നതും ഉണര്‍ന്നിരുന്നതുമൊക്കെ. സ്വാഭാവികമായും അവരുടെ പ്രകൃതം ഭര്‍ത്താവിനോ മക്കള്‍ക്കോ ഒരിക്കലും ഇഷ്ടമായിരുന്നില്ല.
സത്യം പറഞ്ഞാല്‍ ഭക്തനും സദ്ഗുണ സമ്പന്നനുമായ ഭര്‍ത്താവ് താന്‍ നിര്‍മിക്കുന്നതൊക്കെ തകര്‍ത്തെറിയുന്ന തന്റെ ഭാര്യയുടെ ദുര്‍ഗുണങ്ങളില്‍ ഏറെ നിസ്സഹായനും പരിക്ഷീണിതനുമായിരുന്നു. ഭാര്യയെ ശുദ്ധീകരിച്ചെടുക്കാന്‍ ആ നല്ല മനുഷ്യന്‍ ജീവിതം മുഴുവന്‍ ശ്രമിച്ചു. പരാജയമായിരുന്നു ഫലം. ഉമ്മയുടെ സംസ്‌കാരശൂന്യതയും വിഡ്ഢിത്തവും മക്കളെയും ആഴത്തില്‍ സ്വാധീനിച്ചിരുന്നതിനാല്‍ അവരെ സംസ്‌കരിച്ചെടുക്കുന്നതിലും അദ്ദേഹത്തിനു വിജയിക്കാനായില്ല. മക്കളിലധിക പേരും പഠനത്തില്‍ ഉഴപ്പുന്നവരായിരുന്നു. ചിലര്‍ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടു. ശേഷിക്കുന്നവരോ നല്ല മനുഷ്യരുടെ ഒരു ഗുണങ്ങളും ഇല്ലാത്തവരും. മക്കളെ നന്നായി വളര്‍ത്താനും അവരെ സദ്ഗുണ സമ്പന്നരാക്കി പരിവര്‍ത്തിപ്പിക്കാനും പിതാവും മാതാവും ഒരുമിച്ചു നീങ്ങിയാലേ അനുകൂല ഫലം ഉളവാകൂ എന്ന കാര്യമാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്.
ശിക്ഷണ കലയുടെയും മെച്ചപ്പെട്ട സന്താനപരിപാലനത്തിന്റെയും കടിഞ്ഞാണ്‍ പിതാവിന്റെ കരങ്ങളിലാണെങ്കില്‍ പോലും മാതാവിനുമുണ്ട് ഇവിടെ തന്റേതായ ധര്‍മം. മക്കളെ ശ്രദ്ധിക്കാത്ത, സ്വാര്‍ത്ഥ താല്‍പര്യത്തിനു അടിമപ്പെട്ട ഒരു മാതാവ് സത്യത്തില്‍, തന്റെ മക്കളെ വഴിയാധാരമാക്കുകയും അപഥസഞ്ചാരികളാക്കുകയുമാണ് ചെയ്യുന്നത്. ന്യായീകരിക്കാനാവാത്ത വന്‍പാതകമാണിത്.
ഏറെ ഗൗരവപൂര്‍വം നോക്കിക്കാണേണ്ട ശിക്ഷണം, ഭാര്യമാരെ ഏല്‍പ്പിച്ച് സ്വസ്ഥമായി കഴിഞ്ഞുകൂടുന്ന ഭര്‍ത്താക്കന്‍മാരുമുണ്ട്. പിതാക്കളെന്ന നിലയിലുള്ള തങ്ങളുടെ കടമനിറവേറ്റുന്നതില്‍ പൂര്‍ണ പരാജയമാവുന്നു ഇവര്‍. ഇത്തരം പ്രതിസന്ധികള്‍ മനക്കരുത്തോടെ കൈകാര്യം ചെയ്യുന്ന, മക്കള്‍ക്ക് മുലപ്പാലിനൊപ്പം മതമൂല്യങ്ങള്‍ കൂടി പകര്‍ന്നുനല്‍കുന്ന വീട്ടമ്മമാര്‍ അഭിനന്ദിക്കപ്പെടേണ്ടവര്‍ തന്നെയാണ്.
മക്കളെ വേണ്ടപോലെ ശ്രദ്ധിക്കാത്ത ഉമ്മമാര്‍ ധാരാളമുള്ള കാലമാണിത്. അവര്‍ക്ക് മറ്റു പലതിലുമാണ് ശ്രദ്ധ. മക്കള്‍ക്കു വേണ്ടി നേരത്തെയൊന്ന് ഉണരാന്‍ പോലും ഇവര്‍ക്കാവില്ല. ഫാഷന്‍ ജീവിതത്തിന്റെ എല്ലാ ദൂഷ്യങ്ങളും ഇവരെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. അതിരുകടന്ന അഹങ്കാരമോ അഭിശപ്തമായ ആലസ്യമോ അതുമല്ലെങ്കില്‍ ജീവിത വ്യഥകളോ ഒക്കെയാണ് ഇപ്രകാരം അവരെ നിഷ്‌ക്രിയമാക്കിയിരിക്കുന്നത്.
സ്‌നേഹത്തിന്റെ പ്രവിശാലമായ പ്രപഞ്ചം തീര്‍ത്ത എന്റെ മാതാവ് ഒരു തള്ളപ്പക്ഷിയെ പോലെ തന്റെ ഊഷ്മളമായ സ്‌നേഹച്ചിറകിന്നടിയിലേക്കു ഞങ്ങള്‍ മക്കളെയൊക്കെയും ചേര്‍ത്തുപിടിച്ചു. ശിക്ഷണത്തില്‍ ഉപ്പയും ഉമ്മയും പാരസ്പര്യത്തോടെ വര്‍ത്തിച്ചു.
ഉപ്പയുടെ നിര്‍ദേശങ്ങളും താല്‍പര്യങ്ങളും ഒരു ഒഴിവുകഴിവും പറയാതെ, യാതൊരു വീഴ്ചയും വരുത്താതെ അക്ഷരം പ്രതി ഉമ്മ നടപ്പാക്കി. കളവും വഞ്ചനയുമില്ലാതെ ശുദ്ധ പ്രകൃതത്തില്‍ ഞങ്ങള്‍ മക്കളൊക്കെ വളര്‍ന്നത് കുറ്റമറ്റ ഈ ശിക്ഷണ സൗഭാഗ്യം കൊണ്ടു മാത്രമാണ്.
ഞങ്ങളുടെ അയല്‍പക്കത്തെ ഒരു വീട്ടില്‍ ചില കുട്ടികളുണ്ടായിരുന്നു. അച്ചടക്കമെന്തെന്ന് അവര്‍ക്കറിയില്ല. ആരെയും അനുസരിക്കാത്തവര്‍! കാരണമെന്തന്നല്ലേ? അവരുടെ ഉപ്പയും ഉമ്മയും ഇരു ധ്രുവങ്ങളിലായിരുന്നു ജീവിതത്തില്‍.
ഒരാള്‍ പറയുന്നതാവില്ല മറ്റൊരാള്‍ പറയുക. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തെയാണ് ഇതു സാരമായി ബാധിച്ചത്. ആത്മവിശ്വാസമില്ലാത്തവരും മാനസിക സംഘര്‍ഷങ്ങള്‍ക്കടിമപ്പെട്ടവരുമായ നിലയിലാണ് ഞങ്ങളെപ്പോഴും ഈ കുട്ടികളെ കാണ്ടത്. ഇവിടെ നാം പരാമര്‍ശിച്ചതൊന്നും ദുഷിച്ച, ദുര്‍മാര്‍ഗികളായ ഉമ്മമാരെക്കുറിച്ചല്ല. ഇത്തരക്കാര്‍ ദുഷിച്ചവരും അസാന്‍മാര്‍ഗികളുമായ തലമുറകളെ മാത്രമെ വാര്‍ത്തെടുക്കൂ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മറിച്ച്, നാം പരാമര്‍ശിക്കുന്നതു സന്താന പരിപാലനത്തില്‍ വീഴ്ച വരുത്തുന്ന, ശിക്ഷണത്തില്‍ ഭര്‍ത്താക്കന്‍മാരോട് ഒട്ടും സഹകരിക്കാത്ത ഉമ്മമാരെ കുറിച്ചും അവര്‍ വളര്‍ത്തിയെടുക്കുന്ന മാനസിക വൈകല്യം ബാധിച്ച മക്കളെ കുറിച്ചുമാണ്. ''ജീവിത പ്രക്ഷുബ്ധതകളില്‍നിന്ന് വിടപറഞ്ഞുപോയ മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരല്ല അനാഥന്‍; മാതാപിതാക്കളുണ്ടായിട്ടും ആവശ്യമായ ശിക്ഷണം കിട്ടാതെ പോകുന്നവനാണ് അനാഥന്‍.''
ഇവിടെ ഒരേസമയം മക്കളുടെ സുഖങ്ങളുടെ സ്വര്‍ഗവും ദുഃഖങ്ങളുടെ നരകവുമായിത്തീരുന്നു ഉമ്മ.
ധീരരും സാഹസികരും ജ്ഞാനത്തിന്റെയും സമൂജ്വലസംസ്‌കാരത്തിന്റെയും പ്രതീകങ്ങളായിത്തീര്‍ന്ന നിരവധി ചരിത്രപുരുഷന്‍മാരുണ്ട്. ചരിത്രത്താളുകളെ തേജോഹരമാക്കിയ ആ പുണ്യപുരുഷന്‍മാരുടെയൊക്കെ വളര്‍ച്ചയ്ക്ക് പിന്നില്‍ അവരുടെ മാതൃസാന്നിധ്യം നമുക്ക് ദര്‍ശിക്കാനാവും.
ഉത്ബയുടെ പുത്രി ഹിന്ദ്- മികച്ച രാഷ്ട്രതന്ത്രജ്ഞന്‍ മുആവിയ(റ)വിനെ വാര്‍ത്തെടുത്തത് അവരായിരുന്നു. ചെറുപ്പത്തില്‍ മുആവിയ(റ)വിനെ കാണാനിടയായ ഒരു ജ്ഞാനി പ്രവചിച്ചു: ''ഇവന്‍ തീര്‍ച്ചയായും തന്റെ സമൂഹത്തിന്റെ നായകനായിത്തീരും.''
എന്നാല്‍, ശക്തയായ ആ മാതാവ് തീരുമാനിച്ചുറപ്പിച്ചു-തന്റെ നാട്ടിലെ മാത്രമല്ല അറബികളുടെ മുഴുവന്‍ നായകനായി അവനെ ഞാന്‍ വളര്‍ത്തിയെടുക്കും. അതങ്ങനെയാവുകയും ചെയ്തു, പിന്നീട്!
പ്രതിഭയായ ഇമാം ശാഫിഈ(റ)വിന്റെ മാതാവ് തന്നെ വിജ്ഞാനത്തിനായി യാത്രയാക്കുമ്പോള്‍ പ്രാര്‍ത്ഥനാ മനസ്സോടെ ഇപ്രകാരം പറഞ്ഞു: ''ജ്ഞാനത്തിനായി ഞാനിതാ നിന്നെ നേര്‍ച്ച നേരുന്നു. നിന്റെ പിന്നില്‍ സമുദായത്തെ മുഴുവന്‍ അല്ലാഹു അണിനിരത്തും എന്നാണ് എന്റെ പ്രതീക്ഷ.'' പ്രാര്‍ത്ഥന പോലെ അതും സംഭവിച്ചു. ആ വിശുദ്ധ മാതൃത്വം ലോകത്തിനു വലിയൊരു നായകനെ നല്‍കി.
ചരിത്രത്തിലെ ധീര സാഹസികന്‍, കോണ്‍സ്റ്റാന്റിനോപ്പിളിന്റെ വിമോചകന്‍, സുല്‍ത്വാന്‍ മുഹമ്മദ് ഫാതിഹ്(റ) തന്റെ മാതാവിന്റെ അതിവിദഗ്ധ ശിക്ഷണത്തിലായിരുന്നു വളര്‍ന്നതും വിശാലമായൊരു രാജ്യത്തെ ജയിച്ചടക്കാന്‍ കരുത്താര്‍ജിച്ചതും.
ഉമ്മയുടെ നിയോഗം പോലും ചരിത്രപുരുഷന്‍മാരെയും സംസ്‌കാര സമ്പന്നരായ തലമുറകളെയും സൃഷ്ടിച്ചെടുക്കാനുള്ളതാണ്. പുരുഷനോളം തന്നെ സ്ത്രീക്കും മഹത്വമുണ്ട്. ചില സാഹചര്യത്തില്‍ പുരുഷനെക്കാള്‍ വലുതും ഉന്നതവുമായ പ്രതിഫലമാണ് സ്ത്രീക്ക് കരഗതമാവുക. ഉമ്മമാര്‍ക്കല്ലാതെ മറ്റാര്‍ക്കാണു മക്കള്‍ക്ക് നല്ല ശീലങ്ങള്‍ പഠിപ്പിക്കാനാവുക? മതം പഠിപ്പിക്കുന്ന സ്രഷ്ടാവിനെ പരിചയപ്പെടുത്താനും മടുപ്പില്ലാതെ മക്കള്‍ക്ക് മറ്റു വിജ്ഞാനീയങ്ങള്‍ പകര്‍ന്നുനല്‍കാനും ഉമ്മയോളം മറ്റാര്‍ക്കുമാവില്ല.
ഉമ്മ മുലപ്പാലിനൊപ്പം ധര്‍മവും മൂല്യങ്ങളും കൂടി മക്കള്‍ക്കു പകര്‍ന്നുനല്‍കുന്നുണ്ട്. അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങള്‍ വേര്‍തിരിച്ചു കാണിക്കാനും മനസ്സാക്ഷിയെ രൂപപ്പെടുത്താനുമൊക്കെ മാതാവിനോളം കെല്‍പ്പുറ്റമറ്റാരുമില്ല ഈ പ്രപഞ്ചത്തില്‍.
വിവ: അമാനത്ത് അബ്ദുസ്സലാം ഫൈസി
Leave A Comment