ഹത്രാസ്; ജാതീയത നീതിയെ നോക്കി കൊഞ്ഞനം കുത്തുന്നു
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യു.പിയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. സമകാലിക ഇന്ത്യയുടെ ഭീതിതമായ നേര്‍ക്കാഴ്ചയാണ് ഇന്ന് യു.പി. ഇന്ത്യയിലെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഹത്രാസ് സംഭവമെന്ന് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസ്താവിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുന്ന പീഡനക്കേസുകളും അതേ തുടര്‍ന്നുണ്ടാവുന്ന ക്രൂര കൊലപാതകങ്ങളും ഇന്ത്യയെ, പ്രത്യേകിച്ച് യു.പി എന്ന വര്‍ഗീയതയുടെ പരീക്ഷണ ശാലയെ, അരാജകത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയാണ്.
ഇവിടെ, യഥാര്‍ത്ഥത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ആരാണ്? അമ്മയുടെ കൂടെ പുല്ല് ശേഖരിക്കാന്‍ പോയ പെണ്‍കുട്ടിയെ തന്റെ ദുപ്പട്ട കൊണ്ട് കഴുത്തില്‍ കുരുക്കി, നട്ടെല്ല് പൊട്ടിച്ച്, നാവ് മുറിച്ച് ബലാത്സംഗം ചെയ്ത് കൊന്ന നരാധമന്മാര്‍ മാത്രം ആണോ കുറ്റക്കാര്‍? ഹത്രാസിലെ സംഭവം ഒറ്റപ്പെട്ട കേസല്ല എന്നതാണ് വസ്തുത. ഈ യു.പിയില്‍ നിന്ന് ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് കുട്ടി എത്തിയില്ലായിരുന്നുവെങ്കില്‍ ഇതും അവിടെ നടക്കുന്ന ഏതൊരു ബലാത്സംഗത്തെയും പോലെ തേഞ്ഞ് മാഞ്ഞ് പോവുമായിരുന്നു.
വര്‍ഗീയതയുടെ ആള്‍രൂപമായ ആദിത്യനാഥ് ഭരിക്കുന്ന യു.പി പോലുള്ള ഒരു പ്രദേശത്ത് പീഢിപ്പിച്ച് കൊല ചെയ്യുക എന്നത്, അപമാനപ്പെടുത്തി അരക്ഷിതത്വം സൃഷ്ടിച്ച് താഴ്ന്ന ജാതിക്കാരെ ചൊല്‍പടിക്ക് നിര്‍ത്താനുള്ള ഒരു ആയുധം മാത്രമാണ്. സ്വാതന്ത്ര്യം നേടി നാളിതുവരെ ആയിട്ടും ജനമനസ്സുകളിലെ വര്‍ഗീയതയുടെയും ജാതീയ ഉഛനീചത്വങ്ങളുടെയും വിഴുപ്പുകളില്‍ നിന്ന് രാഷ്ട്രം ഇപ്പോഴും സ്വതന്ത്രമായിട്ടില്ലെന്നത് ലജ്ജാകരം തന്നെ. അധികാരത്തിന്റെ കുഞ്ചിത സ്ഥാനങ്ങളിലിരിക്കുന്നവര്‍ തന്നെ പിറകിലേക്കുള്ള ചൂട്ട് കാണിക്കുമ്പോള്‍ പ്രത്യേകിച്ചും.
ആണധികാരത്തിന്റെ നിര്‍ലജ്ജകരമായ പ്രകടനം മാത്രമല്ല യു.പിയില്‍ പ്രതിസ്ഥാനത്ത് ഉള്ളത്. ജാതി സമവാക്യങ്ങളില്‍ കുരുങ്ങിപ്പോയ ഒരു ജനതയുടെ ആര്‍ത്ത നാദങ്ങളെ മൂടി വെക്കാനും ഇല്ലായ്മ ചെയ്യാനും ശ്രമിച്ച വര്‍ഗീയതയുടെ കരാള ഹസ്തങ്ങള്‍ കൂടിയാണ്.
ഒരു മൃതദേഹത്തോട് കാണിക്കേണ്ട കേവല മര്യാദ പോലും കാണിക്കാതെ പ്രദേശ വാസികളുടെ പ്രതിഷേധം കണ്ടെന്ന് നടിക്കുക പോലും ചെയ്യാതെ രാത്രിക്ക് രാത്രി 'കത്തിച്ചു കളഞ്ഞത്' പ്രതികളല്ല, കാക്കിയണിഞ്ഞ പോലീസാണ്. അങ്ങനെയൊരു ബലാത്സംഗമേ നടന്നിട്ടില്ല എന്ന് ആണയിട്ട് പറഞ്ഞത് 'ജനപ്രതിനിധികളാണ്'. പ്രതികള്‍ക്ക് വേണ്ടി ധര്‍ണകള്‍ നടന്നത് 'ജനപ്രതിനിധികളുടെ' നേതൃത്വത്തിലാണ്.
മാധ്യമങ്ങള്‍ പോയാല്‍ ഇവിടെ ഞങ്ങളേ കാണൂ എന്ന് കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയത് മജിസ്‌ട്രേറ്റ് ആണ്. ഭരണകൂട സംവിധാനങ്ങള്‍ പൂര്‍ണമായും ജാതീയതയുടെ ഓരം പറ്റി പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തിയ ദിനങ്ങള്‍. പെണ്‍കുട്ടിയുടെ ബന്ധുക്കളെ പോലും ഭയത്തിന്റെ ചങ്ങലകളില്‍ കുരുക്കിയിട്ട ഭരണകൂടം. മാധ്യമങ്ങളെ കാണാനോ പുറം ലോകവുമായി ബന്ധപ്പെടാനോ അനുവദിക്കാത്ത 'നിയമപാലകര്‍'. ഒരു ജനപ്രതിനിധിക്ക് പോലും ബന്ധുക്കളെ കാണാനോ സമാശ്വസിപ്പിക്കാനോ ആയിരം കടമ്പകള്‍ കടക്കേണ്ട ദുര്‍സ്ഥിതി.
വര്‍ഷങ്ങളായി തുടരുന്ന ഈ ഭരണകൂട ഭീകരതക്കെതിരെ, ജാതിയുടെ ഈ ക്രൂര വിനോദങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുമാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പകര്‍ന്ന പ്രതീക്ഷാ കിരണങ്ങള്‍ പ്രഭ പരത്തുമെന്ന് പ്രത്യാശിക്കാം.
Leave A Comment