അറബിയും മലയാളവും, കൊള്ളക്കൊടുക്കലുകളുടെ കണക്കെടുപ്പ്

ആമുഖം

ഇന്ത്യയും അറബികളും തമ്മിലുള്ള ബന്ധം ഏറെ ഗാഢമാണ്. സാംസ്കാരികമായും സാഹിത്യപരമായും സാമൂഹികമായും അറബികൾ ഇന്ത്യൻ നഗരങ്ങളിൽ വിതച്ച വിത്തുകൾ ഇന്ന് ഇന്ത്യൻ നാഗരികതയുടേയും രാഷ്ട്രത്തിന്റെയും അടർത്തിയെടുക്കാനാവാത്ത ഉറച്ച വേരുകളുള്ള മഹാവൃക്ഷങ്ങളായി പരിണാമം പ്രാപിച്ചു കഴിഞ്ഞു.  കൊളോണിയൽ സംസ്കാരം ഇന്ത്യയിലേക്ക് വാണിജ്യ  താൽപര്യങ്ങളുമായി കടന്നുവന്നതാണെങ്കിലും അത് മറയാക്കി അവർ രാഷ്ട്രസ്വത്വത്തിന്റെ മൂല്യങ്ങളെ മുറിച്ചുമാറ്റി. എന്നാൽ ഇന്ത്യയുടെ  വാണിജ്യസമ്പുഷ്ടത തിരിച്ചറിഞ്ഞ് അതിനെ സാമ്പത്തികമായി  ഉപയോഗപ്പെടുത്താൻ  ഇന്ത്യയിലേക്ക് കടന്നുവന്നവരാണ് അറബികൾ. ഇന്ത്യയിൽ സുഭിക്ഷമായിരുന്ന കുരുമുളക് പോലോത്ത വാണിജ്യവിഭവങ്ങളാണ് അവരെ ഇങ്ങോട്ട്  കൂടുതൽ ആകര്‍ഷിച്ചത്. അതോടൊപ്പം, സാഹിത്യസാക്ഷരതയിൽ ഏറെ മുൻപന്തിയിലായിരുന്ന കേരളം ആ നിലയിലും അവരെ സ്വാധീനിച്ചിരുന്നു. കുരുമുളക് പോലോത്ത പല വ്യജ്ഞനങ്ങൾക്ക് പുറമെ അറബികളെ കേരളത്തിലേക്ക് കൂടുതൽ ആകർഷിച്ചത്, ഒരു സമുദായത്തിന്റെ ക്ഷയിക്കാത്ത സാഹിത്യതാല്പര്യമായിരുന്നുവെന്ന്  ചരിത്രത്തില്‍നിന്ന് വായിച്ചെടുക്കാം.

അതേ സമയം, അറബികളും അവരുടെ സാഹിത്യവും ഇന്ത്യൻ മണ്ണിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് അന്വേഷിക്കേണ്ടത് തന്നെയാണ്. അറബികൾ പാകിയ വിത്തുകൾ പുഷ്ടിപ്പെട്ടതനുസരിച്ച് അവ എങ്ങനെ അറബ് ലോകവുമായുള്ള ബന്ധത്തെ സ്വാധീനിച്ചു, ഒരു കാലത്ത് സാഹിത്യലോകത്തിന്റെ നെറുകയിൽ കുലപതികളായിരുന്ന പശ്ചിമേഷ്യൻ സാഹിത്യം ഇവിടെ പതിപ്പിച്ച പ്രതിഫലനങ്ങള്‍ എത്രത്തോളമാണ്, തുടങ്ങിയ ചർച്ചകളാണ് ഇവിടെ നടത്തുന്നത്.

അറേബ്യൻ സംസ്കാരത്തിന്റെ  ഉൽഭവം: ഇന്ത്യയിൽ
സോളമൻ ചക്രവർത്തി (സുലൈമാൻ നബി)യുടെ കാലം മുതലേ അറബികൾക്ക് ഇന്ത്യയുമായി വാണിജ്യബന്ധമുണ്ടായിരുന്നുവെന്ന് ബൈബിൾ പഴയ നിയമം വീക്ഷിച്ചാൽ മനസിലാക്കാം. മാത്രവുമല്ല, മറ്റു ചില പൗരാണിക രേഖകളും ചരിത്ര കൃതികളും ഇത് സാക്ഷ്യപ്പെടുത്തുന്നു. ചൈന, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള വ്യവഹാരപാതയിലായിരുന്നു ഇന്ത്യ. ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ അറബികളുടെ വാണിജ്യകേന്ദ്രങ്ങളും സ്ഥിതി ചെയ്തിരുന്നു. ഈജിപ്ത്, സിറിയ, മുതലായ പ്രദേശങ്ങളിൽ നിന്നുള്ള അറബികളുടെ വാണിജ്യവ്യവഹാരം, കരമാർഗം ചെങ്കടൽ തീരം, ഹദ്റമൗത്, ഒമാൻ, ബഹ്റൈൻ വഴി കറാച്ചി വരെയും ഇന്ത്യൻ സമുദ്രം വഴി ഇന്ത്യയിലെ വിവിധ തുറമുഖങ്ങൾ വരെയും  എത്തിയിരുന്നു. അറേബ്യൻ നാഗരികതയും സിന്ധുനദീതട നാഗരികതയും വിശകലനം ചെയ്ത് താരതമ്യപഠനം നടത്തിയ പുരാവസ്തു വിജ്ഞന്മാർ, സിന്ധു നദീതട നാഗരികത നിലനിന്നിരുന്ന കാലത്ത് വടക്കേ ഇന്ത്യയുമായി അറബികൾക്ക് വാണിജ്യബന്ധമുണ്ടായിരുന്നതായി പ്രസ്താവിക്കുന്നു.

ഇസ്‍ലാമിന്റെ ആവിർഭാവത്തിനു ശേഷം അറേബ്യൻ സഞ്ചാരികൾ ഇവിടെ വരികയും അവരുടെ സഞ്ചാര കൃതികൾ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ  സൂഷ്മമായ രേഖകൾ ലഭിച്ചു തുടങ്ങി. ഖുലഫാഉ റാശിദീങ്ങളുടെ കാലത്ത് വിശിഷ്യാ ഉമർ(റ) വിന്റെ ഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് അറബി പൈതൃകങ്ങൾ എത്തിയിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് തന്നെ കേരളീയ തീരങ്ങളിൽ ഇസ്‍ലാം പ്രചരിച്ചതായി ഒരു വിഭാഗം പണ്ഡിതന്മാർ വാദിക്കുന്നു. അമവീ ഭരണകാലത്ത് ഒരു സംഘം അറബികൾ സിന്ധിൽ താമസമാക്കി. ഹജ്ജാജ് ബിൻ  യൂസുഫ് ഇറാഖിൽ നിന്ന് നാടുകടത്തിയ ഒരു അറബിഗോത്രം ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് അഭയം പ്രാപിച്ചിരുന്നു. അവരിൽ ചിലർ ബോംബെ തീരത്ത്  കോങ്കൺ മേഖലയിൽ വസിച്ചു. ഈ താവഴിയിൽ പെട്ട മുസ്‍ലിംകളാണ് പിൽകാലത്ത് നവായത് എന്ന നാമത്തിൽ അറിയപ്പെട്ടത്. അവരിൽ ചിലർ മദിരാശി ഭാഗത്തും ചിലർ ശ്രീലങ്കയിലെ സറന്ദീപിലും സ്ഥിരതാമസമാക്കി. ദക്ഷിണേഷ്യയിലും  സിലോണിലും നിലനിൽക്കുന്ന ലബ്ബയെന്നറിയപ്പെടുന്ന  വിഭാഗത്തിന്റെ ഉറവിടം മേൽപറഞ്ഞ അറബിഗോത്രത്തിലാണത്രെ ചെന്നെത്തുന്നത്.

ഖലീഫ വലീദിന്റെ കാലത്ത് ഹജ്ജാജ് ബിൻ  യൂസുഫ്, ഇമാമുദ്ദീൻ മുഹമ്മദ് ബിൻ ഖാസിമിന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ സിന്ധിലേക്കയച്ചു. മുഹമ്മദ് ബിന്‍  ഖാസിം സിന്ധിലെ രജപുത്ര രാജാവായ ദാഹിറിനെ തോൽപിച്ച് ക്രി.712 ൽ സിന്ധ് കീഴടക്കി. സിലോണിലെ രാജാവ് ഖലീഫക്ക് പാരിതോഷികങ്ങൾ അയച്ചിരുന്ന ചില കപ്പലുകൾ സിന്ധിനു സമീപം വെച്ച് അക്രമിക്കപ്പെട്ടതിനെ തുടർന്നാണ് ഹജ്ജാജ് സിന്ധിലേക്ക് സൈന്യത്തെ അയച്ചത്. മുഹമ്മദ് ബിൻ ഖാസിം സിന്ധിൽ സ്ഥാപിച്ച അറബികളുടെ ആധിപത്യം ക്രി.871 വരെ നിലനിന്നു. സിന്ധിലേർപ്പെടുത്തിയ ഭരണസംവിധാനത്തിൽ തദ്ദേശീയരായിരുന്ന ബ്രാഹ്മണർക്കും പങ്കാളിത്തമുണ്ടായിരുന്നു. യസീദ് ബിൻ  അബ്ദുൽ  മലിക്  ഖലീഫയായിരുന്ന സമയത്ത് സിന്ധിൽ ഗവർണറായി നിയമിക്കപ്പെട്ട  ജുനൈദ് ബിൻ  അബ്ദുറഹ്മാൻ, സിന്ധ് മുഴുവൻ അറബീകരിക്കാൻ മോഹിച്ചു. സിന്ധ് സമ്പൂർണമായി അധീനപ്പെടുത്തിയതിന് ശേഷം അദ്ദേഹം ഗുജറാത്ത്, മാൽഹ, ഉജ്ജയിൻ എന്നിവിടങ്ങളിലേക്ക് പടയോട്ടം നടത്തി. എന്നാൽ, സ്ഥിരമായ നേട്ടങ്ങളൊന്നും തന്നെ ഉണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.

ജുനൈദിന് ശേഷം സിന്ധിൽ ഗവർണറായി നിയമിതനായ തമീം ബിൻ സൈദിൽ ഉത്വിബി വഫാത്തായതിനെ തുടർന്ന് സിന്ധിൽ അരാജകത്വം നടമാടി. അറബികൾ സിന്ധിലെ ഒരു നഗരത്തിലും സുരക്ഷിതരല്ലെന്ന അവസ്ഥ വന്നു. ഈ ചുറ്റുപാടിൽ നിയമിതനായ ഗവർണർ ഹകം ബിൻ ഹൽബി അറബികൾക്ക് മാത്രമായി മഹ്ഫൂള് എന്ന നാമധേയത്തിൽ ഒരു നഗരം പണിതു. സിന്ധ് വിജയിയായ മൂഹമ്മദ് ബിൻ  ഖാസിമിന്റെ മകൻ അംറുബ്നു മുഹമ്മദ് ബിൻ  ഖാസിം നയിച്ച പടയോട്ടത്തിൽ മുസ്‍ലിം സേന വൻ വിജയം കൈവരിച്ചു. ഈ വിജയത്തിന്റെ  സ്മരണയിൽ നിർമിക്കപ്പെട്ട പട്ടണമാണ് അംറ് അഴിമുഖത്തിന്റെ പടിഞ്ഞാറേക്കരയിൽ സ്ഥാപിച്ച മൻസ്വൂർ. ഇത് പിൽകാലത്ത് സിന്ധിന്റെ തലസ്ഥാനമായിത്തീരുകയും ചെയ്തു.

സിന്ധാക്രമണം നിമിത്തമായി അറബികൾക്ക് ഇന്ത്യയേയും ഇന്ത്യൻ സംസ്കാരത്തേയും ഇന്ത്യൻ ജനതയേയും കൂടുതൽ അടുത്തറിയാൻ സാധിച്ചു. ഇന്ത്യയിലെ  മതം, ദർശനം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയവയിൽ  അവഗാഹം നേടിയ അറബികൾ അവയെല്ലാം വിവർത്തനം ചെയ്തു. യൂറോപ്പിൽ അവ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ബ്രഹ്മസിദ്ധാന്തം, ചരകസംഹിത, പഞ്ചതന്ത്രം തുടങ്ങിയ പുരാതന കൃതികൾ അറബിയിലേക്ക് തർജമ ചെയ്യപ്പെട്ടത് ഇതേ തുടര്‍ന്നാണ്. ചില ചരിത്ര ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഇന്ത്യൻ ഭാഷകൾ പഠിച്ച അറബികൾ, ഖുർആൻ സംസ്കൃതത്തിലേക്ക് പരിവർത്തനം ചെയ്തതായി പ്രസ്താവിക്കുന്നുണ്ട്. ഇന്ത്യൻ ഭിഷഗ്വരന്മാരും ജ്യോതിശാസ്ത്രന്മാരും അറബ് നാടുകൾ സന്ദർശിച്ചിരുന്നു. ഖലീഫമാർ അവരെ ആദരപുരസ്സരം സ്വീകരിച്ചാനയിച്ചു. ഡൽഹി സുൽത്താന്മാരുടെ കാലത്ത്  നിരവധി പണ്ഡിതർ അറബിയിൽ ഗ്രന്ഥരചന നടത്തിയിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

പ്രവാചകൻ മുഹമ്മദ് നബിയുടെ  ആഗമനത്തിന് മുമ്പ് ഇന്ത്യൻ ഉപദ്വീപിൽ അറബികൾ സ്ഥിരവാസമാക്കിയതിന്ന് കൃത്യമായ രേഖകളൊന്നുമില്ല. ജാഹിലിയ്യാ കാലത്ത്  അനവധി ഇന്ത്യൻ വംശജർ അറേബ്യൻ പ്രദേശങ്ങളിൽ സ്ഥിരവാസമാക്കിയിരുന്നുവെങ്കിലും അറബികൾ ഇന്ത്യയിൽ വസിക്കാൻ കൂട്ടാക്കിയില്ല എന്നതാണ് വാസ്തവം. എന്നാൽ പ്രവാചകന്റെ ആഗമനത്തിനു ശേഷം, അറബികൾ ഇസ്‍ലാമിനെ പൂർണമായി ഉൾകൊള്ളാൻ തയ്യാറായപ്പോൾ ആദർശപ്രചാരണത്തിന്റെ പുതുചിന്തകൾ അറേബ്യൻ മനസ്സുകളെ അലട്ടാൻ തുടങ്ങി. ഇന്ത്യൻ തുറമുഖങ്ങളിലേക്കുള്ള യാത്രകൾ അറബിവ്യാപാരികൾ ഇസ്‍ലാമിന്റെ പ്രചാരണത്തിന് വേണ്ടി ഉപയോഗപ്പെടുത്തി. അതിനു വേണ്ടി എന്ത് ത്യാഗവും  സഹിക്കാൻ തയ്യാറായിരുന്ന അവർ ഇന്ത്യയിൽ സ്ഥിരവാസത്തിനും തയ്യാറായി.

പല അറബി സംഘങ്ങളും ദക്കാനിൽ സ്ഥിരവാസമാക്കിയതായി ചരിത്രരേഖയുണ്ട്. അതോടൊപ്പം കറാച്ചിക്കടുത്തുള്ള ദേബൽ, ബ്രോച്ച്, താന, കോഴിക്കോട്, എന്നീ തുറമുഖങ്ങളും അറബീ  വ്യാപാരവ്യവഹാരത്തിന് വിഖ്യാതമായി തീർന്നു. അനേകം അറബീ  കുടുംബങ്ങൾ ഇന്ത്യയിലെ  പ്രദേശ നഗരങ്ങളിൽ അധിവസിച്ചിരുന്നതായി വ്യാപാരികളായി ഇന്ത്യയിൽ വന്ന അറബികളും സഞ്ചാര സാഹിത്യകാരന്മാരും സാക്ഷ്യപ്പെടുത്തുന്നു. മസ്ഊദ  എഴുതുന്നു: "ആയിരക്കണക്കിന് അറബികൾ കൊങ്കൺ ദേശത്തെ സ്വമയൂർ (ചൌൽ) നഗരത്തിൽ കുടിയേറിയിരുന്നു. ഹിന്ദു രാജാക്കന്മാർ, വിദേശത്ത് നിന്ന് കുടിയേറിയ ഇവരെ ന്യായാധിപന്മാരാക്കി നിയമിക്കാറുണ്ട്. അവരുടെ ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. അവർ ഇന്ത്യയിൽ വണിക്കുകളായി കുടിയേറി, ഇന്ത്യക്കാരികളെ വിവാഹം ചെയ്തു. ഈ വിവാഹത്തിൽ പിറക്കുന്ന കുട്ടികൾ ബയാസിറ എന്ന് അറബിയിൽ അറിയപ്പെടുകയുണ്ടായി".

ക്രി. 916 - 17 ൽ മസ്ഊദി, ചൗളിൽ പതിനായിരം മുസ്‍ലിംകൾ വസിക്കുന്ന ഒരു കോളനി ദർശിച്ചതായി പറയുന്നു. അവരുടെ പൂർവികർ അറേബ്യയിൽ നിന്നും, ഇറാഖിൽ നിന്നും വന്നവരായിരുന്നു. അധികവും ഇന്ത്യക്കാരികളെ വേളി കഴിച്ചു. ഡൽഹി സുൽത്താൻ അവരെ കീഴടക്കി അദ്ദേഹത്തിന്റെ സാമ്രാജ്യത്തോട് കൂട്ടി ചേർത്തു. അറബികളുടെ സിന്ധ് വിജയം (ക്രി.712) ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ ഇതര ഭാഗങ്ങളിൽ ഇസ്‍ലാം വ്യാപിക്കാൻ നിമിത്തമായി. എങ്കിലും അറബി ഭരണം സിന്ധിൽ പരിമിതമായിരുന്നു. അതിന് ശേഷം വന്ന പേർഷ്യക്കാരോ  തുർക്കികളോ അഫ്ഗാനികളോ മുഗളരോ ആണ് ഇതര ഭാഗങ്ങളിൽ ഭരണകൂടങ്ങൾ സ്ഥാപിച്ചത്.

അറബ് സാന്നിധ്യം കേരളക്കരയിൽ
പ്രവാചകത്വത്തിന് മുമ്പ് കേരളവും അറബികളും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് സൂചനകളല്ലാതെ വിശദമായ വിവരങ്ങൾ ലഭ്യമല്ല. 9-ാം നൂറ്റാണ്ട് മൂതൽ 15-ാം നൂറ്റാണ്ട് വരെ കേരളത്തിൽ വരികയും യാത്രാ വിവരണങ്ങൾ എഴുതുകയും ചെയ്തത്  കൂടുതലും അറബികളാണ്. സഞ്ചാരിയായ സുലൈമാൻ അതിനൊരുദാഹരണമാണ്. അദ്ദേഹം പേർഷ്യൻ ഗൾഫ് വഴി വ്യാപാരാവശ്യാർത്ഥം പല തവണ ഇന്ത്യയിലും ചൈനയിലും എത്തി. ഒന്നിലധികം തവണ കേരളം സന്ദർശിച്ചു. ഒരു സന്ദർശനം ക്രി.815 ലാണ് നടത്തപ്പെട്ടത് എന്ന് ഒരു അഭിപ്രായം ഉണ്ട്. അദ്ദേഹത്തിന്റെ യാത്രാവിവരണമായ സിൽസിലത്തുൽ വാരിഖീനില്‍ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സ്ഥിതികൾ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയിൽ വന്ന് ദീർഘ കാലം കഴിച്ചു കൂട്ടിയ പ്രസിദ്ധ പണ്ഡിതനും സഞ്ചാരിയുമായ അൽ ബിറൂനിയുടെ ഗ്രന്ഥത്തിലും കേരളത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

മലബാറും കേരളസഞ്ചാരികളും
കേരളത്തിന് മലബാർ എന്ന നാമം  നൽകിയത് അറബികളാണ് . മലീബാർ എന്നും മലൈബാർ എന്നും ധരിക്കപ്പെടുന്നു. യാഖൂതുൽ ഹമവി (മ. 626 /1228)യാണ് മലബാറിനെ കുറിച്ച് ആദ്യമായി ലഘു വിവരണം തയ്യാറാക്കിയത്. പോർച്ചുഗീസുകാരുടെ ആഗമനത്തിന് മുമ്പുള്ള കേരളചരിത്രം പഠിക്കാനുള്ള അവലംബം ഇവിടെ വന്ന സഞ്ചാരികളും പണ്ഡിതന്മാരും രചിച്ച ഗ്രന്ഥങ്ങളാണ്. രാജാക്കന്മാർ, കയറ്റുമതികൾ, സാമൂഹ്യ സ്ഥിതി, വ്യാപാര സമ്പർക്കങ്ങൾ തുടങ്ങിയ വിവരങ്ങൾ അവ നൽകുന്നു.

പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് തന്നെ അറേബ്യൻ സഞ്ചാരികൾ ഇസ്‍ലാമിക സന്ദേശ വാഹകരായി മലബാറിൽ എത്തിക്കഴിഞ്ഞിരുന്നു. കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ നിന്നും എറണാകുളം ജില്ലയിലെ കോതമംഗലത്ത് നിന്നും കരഗതമായ സ്വർണനാണയങ്ങൾ കേരളത്തിലെ ഇസ്‍ലാമിന്റെ ഉൽഭവ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ക്രി 736 ലേതായിരുന്നു അവ. കേരളത്തിൽ വസിച്ചിരുന്ന അറേബ്യൻ വംശജർ സമുദ്രാനന്തര വാണിജ്യതാത്പര്യങ്ങൾക്ക് വേണ്ടി അടിപ്പിച്ചതാവാം അവ. കൊറൊമാണ്ടൽ (ചോളമണ്ടലം) തീരത്തും മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്തും എത്തുന്നതിന് മുൻപേ അറബികൾ മലബാറിൽ എത്തിച്ചേർന്നിരുന്നു. സ്ഥിരതാമസമായതിന് ശേഷം മലബാറിലെ മുസ്‍ലിം സ്ത്രീകളെ വിവാഹം ചെയ്യുകയുമുണ്ടായി. അറബികൾ മുഖേന താഴ്ന്ന ജാതിക്കാർ ഇസ്‍ലാമിലേക്ക്  ആകൃഷ്ടരായി. കേരള മുസ്‍ലിംകൾ അധികവും മാപ്പിളമാർ ആണ്. അറബികൾ ഇവിടത്തെ സ്ത്രീകളെ വിവാഹം ചെയ്തതിലുണ്ടായ മക്കളെയാണ് മാപ്പിളമാർ എന്ന് വിളിക്കുന്നത്.

പ്രവാചകന്റെ മുൻപേ അറബി കോളനികൾ ഇവിടെ ഉണ്ടായിരുന്നോ എന്നതിൽ പറയത്തക്ക തെളിവുകൾ കുറവാണ്. എന്നാൽ പ്രവാചകാഗമനത്തിന് ശേഷം അറബ് സംസ്കാരം മലബാറുമായി ഇടപഴകി എന്നതിൽ സംശയമില്ല. മലയാളികളുമായുള്ള അറബികളുടെ ബന്ധം  കേരളത്തിൽ ഇസ്‍ലാം പടർന്നു പന്തലിക്കാൻ ഹേതുവായി. ചില വിഭാഗം കേരളീയർ ഇസ്‍ലാം ആശ്ലേഷിക്കുകയും അറബികളുമായി ഇടകലർന്ന് ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. നിരവധി പേർ കോഴിക്കോട്, കൊല്ലം തുറമുഖങ്ങളിൽ നിന്ന് വ്യാപാര വസ്തുക്കളുമായി അറേബ്യൻ പ്രവിശ്യയിൽ പോയി താമസമാക്കി. പലരും ഹജ്ജ് കർമം അനുഷ്ടിക്കാൻ പോയിട്ട് സ്ഥിരതാമസമാക്കി.

അമവീ ഖലീഫമാരിൽ പെട്ട വലീദ് ഒന്നാമന്റെ കാലത്താണ് (ക്രി 705715) അറബി കുടിയേറ്റക്കാർ മലബാറിൽ താമസമാക്കി കച്ചവടത്തിൽ മുഴുകിയതെന്ന് റൗലൻഡ് സൺ രേഖപ്പെടുത്തുന്നു. മാത്രമല്ല ഇക്കാര്യം കെ പി പത്മനാഭമേനോനും സമർത്ഥിക്കുന്നത് കാണാം. കച്ചവടം ചെയ്യാൻ വന്ന അറബികൾക്ക് പ്രദേശവാസികളും ഭരണകർത്താക്കളും ഊഷ്മളമായ സ്വീകരണം നൽകി. നല്ല വില കൊടുത്ത് ചരക്കുകൾ വാങ്ങി. പ്രത്യുപകാരമായി അമൂല്യ കാണിക്കകളും തുറമുഖചുങ്കങ്ങളും അറബികൾ നൽകി. കൈരളിക്കരയുടെ ജനപ്രീതി വൈകാതെ അവർ നേടിയെടുത്തു. പ്രദേശത്തെ ഹൈന്ദവരാണ് അവര്‍ക്ക് താമസ സൗകര്യം ഏർപ്പെടുത്തിയത്. പ്രാദേശിക ഭരണാധികാരികൾ വീടുകളും വ്യാപാര ശാലകളും പണിയാൻ അവരെ സഹായിച്ചു. ഇത് കൂഫക്കാരനായ അലിയുടെ കേരളാഗമന ഗ്രന്ഥമായ രിഹ്ലതുൽ മുലൂക്കിൽ പരാമർശിക്കുന്നുണ്ട്. പെരിങ്ങത്തൂരിലെ കനകമലയിൽ താമസമാക്കിയ ഇദ്ദേഹമാണ് വടക്കേ മലബാറിലെ ഇസ്‍ലാമിക പ്രചാരണത്തിന് നാന്ദി കുറിച്ചത്. നിരവധി സന്ന്യാസികളും വനവാസികളും ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ പെട്ടവരായിരുന്നു. കോഴിക്കോട്ടെ മുച്ചുന്തി പള്ളിയിലെ ലിഖിതങ്ങളിൽ ഇങ്ങനെ കാണപ്പെടുന്നുണ്ട്: മുച്ചിയാൽ എന്ന വ്യാപാര പ്രമുഖനായ അറബി രാജകുമാരൻ ഇവിടെ വന്ന് സ്ഥിരതാമസമാക്കുകയും പള്ളി പണിയിക്കുകയും ചെയ്തു.

സാമൂതിരി ഈ പള്ളിക്ക് ഭൂസ്വത്തുക്കൾ ദാനം ചെയ്തു. 3,9 ശതകങ്ങളിൽ അറബി വ്യാപാരികൾ പന്തലായനി പട്ടണത്തിൽ എത്തിയിരുന്നതായി അവിടെ നിന്ന് കാണപ്പെടുന്ന ഒരു ചെപ്പേടിൽ പറയുന്നു. അതിന് മുൻപ് തന്നെ അവർ ഇവിടെ എത്തിയിരിക്കാൻ ഇടയുണ്ട്. ആദ്യത്തെ സംഘം ഒമാനിൽ നിന്ന് ആയിരുന്നു. ഇബ്നു ബത്തൂത്തയുടെ സന്ദർശന കാലത്താണിത്. അറബികളുടെ കേരളസമ്പർക്കം കേരളത്തിലെ സാംസ്കാരിക സാമൂഹിക മത ഭാഷാ രംഗങ്ങളിൽ പ്രകടമായ പ്രതിഫലനങ്ങൾ സൃഷ്ടിച്ചു.

പശ്ചിമേഷ്യൻ സാഹിത്യം മലയാളത്തിൽ
അറബിഭാഷ അതിന്റെ തനിമയും പ്രൗഢിയും ഉജ്ജ്വലമായ മുന്നേറ്റ നിരയിൽ പ്രകടമായപ്പോൾ ചില ഭാഷകൾ പശ്ചിമേഷ്യൻ സാഹിത്യങ്ങളെ വിവർത്തനത്തിലൂടെ ഏറ്റെടുക്കാൻ തുടങ്ങി. പക്ഷേ, മലയാളസാഹിത്യം എത്രത്തോളം അറബിഭാഷയെ ഗണിച്ചിട്ടുണ്ടെന്ന് അന്വേഷിക്കുമ്പോൾ മനസ്സിലാകുന്നത് മധ്യപൂർവ്വസാഹിത്യം കൈരളിക്കരയെ അത്രയധികം സ്വാധീനിച്ചിട്ടില്ല എന്നതാണ്. പലകാരണങ്ങളാലും ഈയൊരു പ്രസിദ്ധ മേഖലയിലുള്ള കൈമാറ്റങ്ങൾ കുറഞ്ഞുപോയി എന്ന് പറയാതെ വയ്യ.

ക്രിസ്തുവിന്റെ ഭാഷയാണ് സുരിയാനി. ബൈബിൾ അവതീർണമായതും സുരിയാനിയിൽ തന്നെ. ത്രിയേകത്വ വിശ്വാസികൾക്ക് സുരിയാനി ഭാഷ എത്രത്തോളം പ്രാധാന്യമേറുന്നുവോ അത്രത്തോളം പ്രാധാന്യമുണ്ട് മുസ്‍ലിംകൾക്ക് അറബിഭാഷ. കൈരളിമുസ്‍ലിംൾ ഖുർആനിനേയും വിശുദ്ധമതഗ്രന്ഥങ്ങളേയും വളരെയധികം പ്രാധാന്യത്തോടെയാണ് കാണുന്നത്. എന്നാൽ, സാഹിത്യം അതിന്റെ സമ്പദ്സമൃദ്ധിയിലായിരുന്ന കൈരളിക്കരയിൽ, അഭേദ്യ ബന്ധവും സാംസ്കാരിക ലോകത്ത് അനേകം ഇടപെടലുകളും നടന്ന അറബിഭാഷയുമായുള്ള സംഭാവനകൈമാറ്റങ്ങൾ എന്ത് കൊണ്ട് വിരളമായി എന്നതിൽ ഒരു അന്വേഷണം നടത്തുക അനിവാര്യമാണ്. കണക്കുകൾ പരിശോധനക്ക് വിധേയമാക്കുമ്പോൾ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പേ അറബി സാഹിത്യം മലയാള മേഖലയിൽ ചെലുത്തിയ സ്വാധീനം തീർത്തും തുച്ഛമാണെന്ന് മനസ്സിലാക്കാം. 1990കളിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം വിവർത്തനസാഹിത്യത്തിൽ അന്ന് അറബിഭാഷയിൽ നിന്ന് കേരളം ദർശിച്ച കൃതികളുടെ എണ്ണം വെറും നാലാണെന്ന് കാണാം.

മലയാളത്തിൽ നിന്ന് അറബിയിലേക്ക്

ഉത്തരാധുനിക കാലം മുതൽ അറബി മലയാള വിവർത്തന ഗ്രന്ഥങ്ങളാണ് പ്രകാശിതമായത്. മലയാളത്തിൽ നിന്ന് ആദ്യമായി അറബിയിലേക്ക് സാഹിത്യ വിവർത്തനം നടത്തിയത് മുഹ്യിദ്ദീൻ ആലുവായ് ആണ്. തകഴിയുടെ ചെമ്മീൻ, മൂലകൃതിയുടെ സൗന്ദര്യ അസ്തിത്വം നഷ്ടപ്പെടാതെ അറബിഭാഷയിൽ അദ്ദേഹം വിവർത്തനം പൂർത്തിയാക്കി. ബഷീറിന്റെ യാ ഇലാഹീ, കമലാ സുരയ്യയുടെ യാ അള്ളാഹ്, കുമാരനാശാന്റെ വീണപൂവ്, ബെന്യാമിന്റെ ആടുജീവിതം, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ തുടങ്ങിയവ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. എണ്ണത്തിൽ കുറവാണെങ്കിലും മൂല്യവത്തായ കൃതികളുടെ വിവർത്തനത്തിൽ മലയാള അറബി വിവർത്തനങ്ങൾ സമ്പന്നമാണ്.

കേരളത്തിന് അറേബ്യൻ നാടുകളുമായി ചിരപുരാതനകാലം മുതലുള്ള ബന്ധം വെച്ച് വിലയിരുത്തുമ്പോൾ ശുഷ്കമായ വിവർത്തനങ്ങൾ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. തകഴിയെന്ന വിശ്വകഥാകാരന്റെ വരികൾ അറബീകരിക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ മുഹ്യിദ്ദീൻ ആലുവായ് ആ ഉദ്യമം ഭംഗിയായി നിർവഹിച്ചിരുന്നു. പ്രവാസത്തിന്റെ പരീക്ഷണ യാതനകളുടെ കഥ പറയുന്ന ആടു ജീവിതം മലയാളഭാഷയിലേക്ക് മൂല്യം ചോരാതെയാണ് വിവർത്തകനും പണ്ഡിതനുമായ സുഹൈൽ വാഫി എഴുതി ചേർത്തത്. എഴുത്തുകാരിയും പ്രസിദ്ധയുമായ ബി.എം സുഹ്റ സാമൂഹിക വിമർശനങ്ങളുടെ മേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ നോവലിസ്റ്റാണ്. നജീബ് മഹ്ഫൂസിന്റെ ബൈനൽ ഖസ്വറൈനി (കൊട്ടാരത്തെരുവ്) അവർ മൂല്യച്യുതി ഇല്ലാതെ വിവർത്തനം ചെയ്തു. പ്രസ്തുത വിവർത്തനം ഭാഷാ കൃതികൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടു. അത്യാധുനിക കാൽപനിക കവിതകളിൽ ചിലതും അറബീകരിക്കപ്പെട്ടു തുടങ്ങി.

അറബിസാഹിത്യ വിവർത്തനം മലയാളത്തിൽ

ഗദ്യസാഹിത്യത്തിൽ അറബിയിൽ നിന്ന് ധാരാളം കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിശ്വവിഖ്യാത ലബനീസ് അമേരിക്കൻ സാഹിത്യകാരൻ ഖലീൽ ജിബ്രാന്റെ കൃതികൾ മൊഴിമാറ്റം നടത്തപ്പെട്ടതിന് കണക്കില്ല. മലയാളത്തിൽ പ്രസിദ്ധരായ പ്രമുഖ പ്രസാധകരെല്ലാം ഖലീൽ ജിബ്രാന്റെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. പ്രൊഫസർ, കെ.പി തമ്പി, നിത്യചൈതന്യയതി, കെ.പി സുധീര, ഡോ. എം.എം ബഷീർ, കെ.ജയ കുമാർ എ.എ.എസ്, മുഹമ്മദലി അസ്കർ, ഹാറൂൻ റഷീദ്, വർഗീസ്, അബ്ദുല്ല പേരാമ്പ്ര, അബ്രഹാം, ആർ രാമചന്ദ്രൻനായർ, കെ.എസ് റിച്ചാർഡ്, ഉമർ തറമേൽ... തുടങ്ങി പല പ്രമുഖരും ഖലീൽ ജിബ്രാന്റെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിൽ വളരെ അധികം കൗതുകമുണർത്തുന്ന വസ്തുത ഒരേ കൃതികൾ തന്നെ പല തവണ വിവർത്തനം ചെയ്യപ്പെട്ടു എന്നതാണ്. ഈ വക കാര്യങ്ങളെല്ലാം ഖലീൽ ജിബ്രാന്റെ കൈരളിക്കരയിലുള്ള സ്വാധീനവും പ്രശസ്തിയും സാഹിത്യകൃതികളിലെ രചനാശൈലിയുടെ ആർജവവും സ്പഷ്ടമാക്കുന്നു.

അറബിസാഹിത്യ രംഗത്ത് പ്രശസ്തി പിടിച്ചു പറ്റിയ കഥാസാഹിത്യങ്ങളും മലയാളത്തിലേക്കുള്ള വിവർത്തനത്തിന് വിധേയമായിട്ടുണ്ട്. കൂട്ടത്തിൽ എടുത്തുപറയേണ്ട കൃതിയാണ് ആയിരത്തൊന്ന് രാവുകൾ. ഈയൊരു കൃതിയും മുമ്പ് ഉദ്ധരിക്കപ്പെട്ട ഖലീൽ ജിബ്രാന്റെ കൃതികളെ പോലെ ധാരാളം വിവർത്തനങ്ങളിലൂടെ കൈമാറ്റത്തിനു വിധേയമായിട്ടണ്ട്.  എസ്.എ ഖുദ്സിയുടെ അറബിനാടോടി കഥകൾ, ജിന്ന് തുടങ്ങിയ വിവർത്തനങ്ങൾ സാഹിത്യരംഗത്ത് വലിയ ഓളങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കെ എം അജ്മീർ കൂട്ടിയുടെ മാന്ത്രികപ്പായ എന്നുള്ള കൃതിയും ഇത്തരത്തിലുള്ള അറബിക്കഥകളുടെ വിവർത്തനങ്ങളാണ്.

അറബിസാഹിത്യ മേഖലയിലെ ഏറ്റവും വലിയ ശാഖ നോവലുകളുടേതാണെന്ന് തീർച്ചപ്പെടുത്താം. പല നോവൽ സാഹിത്യകാരന്മാരാലും അറബിസാഹിത്യം പുഷ്ടി പ്രാപിച്ചിട്ടുണ്ട്. ലബനീസ് ചരിത്ര നോവലിസ്റ്റ് ജോർജ് സൈദിന്റെ ഫതാത്ത് ഗസ്ലാൻ എന്ന നോവലാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യ അറബി നോവലെന്ന് കരുതപ്പെടുന്നു. എം.കെ നാലകത്ത്, കെ എം താതേരി എന്നിവർ ചേർന്ന് രചിച്ച അറബിപ്പെണ്ണ് എന്ന മലയാളവിവർത്തനം 1971ൽ കോഴിക്കോട് പി.കെ ബ്രദേഴ്സാണ് പ്രസിദ്ധീകരിച്ചത്. ആദ്യകാല നോവൽ വിവർത്തന ചരിത്രത്തിലെ സുപ്രധാന പരിഭാഷയായ, ഈജിപ്തിലെ ഡോ. ത്വഹാ ഹുസൈന്റെ സാമൂഹിക നോവലായ ദുആഉൽ കർവാനി എന്ന കൃതിക്ക് പാതിരാകുയിൽരാഗം എന്ന തലക്കെട്ടോടെ പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി തർജ്ജമ ചെയ്തൂ. 1979 ൽ എൻ ബി എസ് ആണ് ഇത് പ്രസിദ്ധീകരിച്ചത്.

ജിബ്രാൻ കൃതികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത് ഈജിപ്ത്യൻ ഇസ്‍ലാമിക നോവലിസ്റ്റ് നജീബ് കീലാനിയുടെ കൃതികളാണ്. ഖാതിലു ഹംസ, നൂറുല്ലാഹ്, അൽളില്ലുൽ അസ്വദ്, അദ്റാഉ ജക്കാർത, ലയാലീ തുർക്കിസ്ഥാൻ മുതലായ ഏഴോളം കൃതികൾ മലയാളീകരിക്കപ്പെട്ടിട്ടുണ്ട്. അറബിയിൽ നിന്ന് ഏറ്റവുമധികം ഗദ്യസാഹിത്യ കൃതികൾ വിവർത്തനം ചെയ്തത് അഷ്റഫ് കീഴുപറമ്പ് ആണ്. കോഴിക്കോട് ഇസ്‍ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്) ആണ് ഇദ്ദേഹത്തിന്റെ മിക്ക കൃതികളും പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫലസ്തീൻ സാഹിത്യകാരനായ ഗസ്സാൻ കനഫാനിയുടെ രിജാലുൻഫിശ്മംസ് എന്ന കൃതിയുടെ വിവർത്തനമായ സൂരൃതാപത്തിൽ എന്ന മനോഹര കൃതിയാണ് അദ്ദേഹം അവസാനമായി രചിച്ചത്.

ഇംഗ്ലീഷിൽ നിന്നായിരിക്കും അറബിനോവലുകൾ കൂടുതൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ പ്രധാനമായും എടുത്തു പറയേണ്ട ഒന്നാണ് എസ് എ ഖുദ്സിയുടേത്. ഈജിപ്തിലെ നവാൻസ ദാവിയുടെ ഇമ്രഅ ഇന്ത നുയ്ന്ത അൽ സ്വിഫ്റ് (ഗതി മുട്ടിയ സ്ത്രീ) എന്ന കൃതിയുടെ വിവർത്തനം ചെയ്തത് ഇദ്ദേഹമാണ്. മൗതു അൽ റജൂലിൽ വഹീദ് അലൽ അർള് (ദൈവം നദിക്കരയിൽ മരിക്കുന്നു) എന്ന കൃതിയുടെ വിവർത്തനവും ഖുദ്സിയുടെ എടുത്തുപറയേണ്ട കൃതികളിൽ ഒന്നാണ്. ഖുദ്സി ഇതുപോലെ ചെറുകഥാവിവർത്തനവും ചെയ്തിട്ടുണ്ട്.നാല്പത് അറബിപ്പെൺകഥകൾ പ്രശസ്ത വിഭാഗത്തിൽ പെട്ടതാണ്. ഇത്പോലെ അറേബ്യൻ സാഹിത്യം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിൽ പെട്ടതാണ് സാഹിത്യ നോബേൽ ലഭിച്ച നജീബ് മഹ്ഫൂസിന്റെ ബൈനൽ ഖസ്റൈൻ, കൊട്ടാരത്തെരുവ് എന്ന തലക്കെട്ടോടെ ബി എം സുഹ്റ വിവർത്തനം ചെയ്തത്. സുഡാനിലെ ത്വയ്യിബ് സാലിഹിന്റെ ഉര്‍സുസൈ്സൻ എന്ന കൃതിയും ബിഎം സുഹ്റ സൈനിന്റെ കല്യാണം എന്ന ശീർഷകത്തിൽ രചിച്ചിട്ടുണ്ട്. ഇത് പോലെ വി എ കബീർ, അബ്ദു ശിവപുരം, ഒ വി ഉഷ, ഡോ. അബ്ദുർറഹ്മാൻ ആദൃശ്ശേരി തുടങ്ങിയവർ അറേബ്യൻ ഗദ്യസാഹിത്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്തവരിൽ ഉൾപ്പെടുന്നു.

1990 ൽ പി കെ പാറക്കടവിന്റെ മുറിവേറ്റ വാക്കുകൾ എന്ന ധാരാളം അറബി കവിതകളുടെ വിവർത്തനസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. മാതൃഭൂമി ബുക്സ്, സർജുവിന്റെ നൂറ് അറബികവിതകൾ എന്ന കൃതിയും പ്രസിദ്ധീകരിച്ചു. സിറിയൻ കവി അഡോണിസ് കേരളത്തിലേക്ക് വരുന്നതിനോടനുബന്ധിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അഡോണിസിന്റെ തെരഞ്ഞെടുത്ത കവിതകൾ എന്ന വിവർത്തന സമാഹാരത്തിന്റെ വക്താവ് ഡോ. മുഹമ്മദലി അസ്കർ ആണ്. അതുപോലെ ദേശമംഗലം രാമകൃഷ്ണനും അഡോണിസിന്റെ പ്രണയകവിതകൾ  എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാള വിവർത്തനത്തിൽ അറബി ഭാഷയുടെ സ്വാധീനം

മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ട കൃതികളോട് ആപേക്ഷികമായി, പശ്ചിമേഷ്യൻ കൃതികൾ മലയാളീകരിക്കപ്പെട്ടത്  വളരെ തുച്ഛമാണ്. 1970-കളിൽ വരെ വിരലുകളിൽ എണ്ണാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അതിന് ശേഷം കാര്യമായ പരിണാമം സംഭവിച്ചിട്ടുണ്ടെന്ന് രേഖകൾ പരിശോധിച്ചാൽ മനസ്സിലാക്കാം. എങ്കിലും, ഇംഗ്ലീഷ് പോലോത്ത മറ്റു ഭാഷകളോട് താരതമ്യം ചെയ്യുമ്പോൾ മലയാള സാഹിത്യം അറബി സാഹിത്യ മേഖലയോട് വിമുഖത കാണിച്ചുവോ എന്ന് തന്നെ സംശയിക്കേണ്ടിവരും.

അറേബ്യൻ സാഹിത്യ ശാഖയിൽ നിന്നുള്ള കൃതികൾ മലയാള ഭാഷാ വിവർത്തനത്തിലേക്ക് വന്നത് എന്ത് കൊണ്ട് വിരളമായി എന്ന ചോദ്യത്തിന് ധാരാളം മറുപടികളുണ്ട്.
1. കൈരളിക്കരയിലെ അധികയാളുകളും അറബിഭാഷ പരിജ്ഞാനമില്ലാത്തവരായിരുന്നു. മലയാളവും ഇംഗ്ലീഷും പഠിച്ചു വളർന്ന മലയാളികൾക്ക് അറബിഭാഷയിലുള്ള ജ്ഞാനം വളരെയധികം കുറവായിരുന്നു. ആയതിനാൽ തന്നെയാണ് സാഹിത്യ സ്രോതസ്സുകൾ അനേകമുള്ള അറബി ഭാഷ അവർ കൈതൊടാതെ മുഖം തിരിച്ചത്.

2. കൈരളിക്കരയിൽ സംസ്കാരമുണ്ടാക്കി ഇവിടെ വളർന്ന മുസ്‍ലിംകളിലെ മതപണ്ഡിതർ, ഒരു സാംസ്കാരിക മതകീയ മുന്നേറ്റങ്ങൾ ലക്ഷ്യമിട്ടു കൊണ്ട് മതഗ്രന്ഥങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നി. വിദേശത്ത് പോയി അറബി ഭാഷയും മറ്റും പഠിച്ച് കൈരളിക്കരയിൽ വന്ന് അവർ രചിച്ചതാവട്ടെ മതഗ്രന്ഥങ്ങളും അറബിഭാഷാ ഗ്രന്ഥങ്ങളും. ഇസ്‍ലാമിക വിപ്ലവത്തിന് ശേഷം സ്രോതസ്സ് നിറഞ്ഞുനിൽക്കുന്ന അറബി സാഹിത്യ വിവർത്തനത്തെ കുറിച്ച് അവർ ചിന്തിക്കുകപോലും ചെയ്തില്ല. മലയാള സാഹിത്യത്തിൽ ശ്രദ്ധ തിരിച്ച വൈക്കം മുഹമ്മദ് ബഷീറിനെ പോലെ വളരെ ഒറ്റപ്പെട്ട വ്യക്തിത്വങ്ങളേ സാഹിത്യ മേഖലയിൽ മികച്ച് നിന്നുള്ളൂ. ചുരുക്കി പറഞ്ഞാൽ കൈരളി മുസ്‍ലിംകൾക്ക് സാഹിത്യപരമായി മലയാളത്തോട് ഒരു ബന്ധവുമുണ്ടായിരുന്നില്ല. മതഗ്രന്ഥത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മതഗ്രന്ഥങ്ങളുടെ മൊഴിമാറ്റം ഒരു മതസമൂഹത്തിന്റെ മതബോധത്തിന് അനിവാര്യമായിരുന്നു എന്ന് വിലയിരുത്തിയാൽ തന്നെ ആപേക്ഷികമായെങ്കിലും സാഹിത്യ കൃതികളുടെ വിവർത്തനം നടക്കേണ്ടിയിരുന്നു. അതും ലോക സാഹിത്യഭൂപടത്തിൽ കവിതാമേഖലയിൽ അതികായന്മാരായിരുന്ന ഒരു സാഹിത്യ ജനതയുടെ കൃതികൾ.

3. അറബികൾക്ക് സാഹിത്യത്തോട് മതിമറന്ന ത്വരയുണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടിൽ അബ്ബാസികളും അമവികളും ഇന്ത്യയിൽ നിന്നും സംസ്കൃതജ്ഞാനമുള്ളവരെ അലക്സാണ്ട്രിയ ലൈബ്രറിയിലേക്കും മറ്റുമായി കൊണ്ടുപോയി ഭാരതീയ വിഖ്യാത കൃതികൾ അറബിയിലേക്ക് തർജ്ജമ ചെയ്യിപ്പിച്ചിരുന്നു. ഇത്തരമൊരു അവിഭാജ്യ ബന്ധമുള്ള മലയാള സാഹിത്യത്തിൽ നിന്ന് കൈമാറ്റങ്ങൾ വിരളമായി എന്നത് സങ്കടകരം തന്നെ.

എന്നാൽ, സമകാലിക താരതമ്യം എടുത്തുനോക്കുകയാണെങ്കിൽ സമന്വയ വിദ്യാഭ്യാസം ഈയൊരു കുറവ് നികത്താനുള്ള എല്ലാ ശ്രമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ, പ്രത്യക്ഷത്തിൽ ആംഗലേയ ഭാഷ സ്വായത്തമാക്കിയ അംഗീകാരം ഒരു തിരിച്ചടിയാണെന്ന് നമുക്ക് പറയാൻ സാധിക്കില്ലെങ്കിലും ഭൂലോക ദിക്കുകളിലെ സർവ്വ ഭാഷകളുടെയും വിവർത്തന സ്വാതന്ത്ര്യത്തിൽ ഇംഗ്ലീഷ് നടത്തുന്ന കയ്യേറ്റം ചെറുതൊന്നുമല്ല. സാഹിത്യ സ്വാതന്ത്ര്യത്തിലും മറ്റു സാഹിതീയ മുന്നേറ്റങ്ങളിലും ഭൂരിഭാഗം ഭാഷജ്ഞരും ആംഗലേയ ഭാഷയെ സമീപിക്കുന്നു. അതിനു മാത്രം സ്വാധീനം ആംഗലേയത്തിനു ലഭിച്ചിട്ടുണ്ടെന്നതാണ് വാസ്തവം.

സഹസ്രാബ്ദങ്ങൾക്ക് ശേഷവും വിനിമയ സാഹിത്യ രംഗങ്ങളിൽ ക്ലാസിക്കൽ ഭാഷകൾക്കിടയിൽ അദ്വിതീയ സ്ഥാനം അറബി ഭാഷ അലങ്കരിക്കുന്നതിന്റെ പ്രധാന ഹേതു അതിന്റെ ഔന്നത്യവും മഹത്തായ പൈതൃകവുമാണ്. പ്രവാചകനായ നൂഹിന്റെ മകൻ സാമിന്റെ കാലത്ത് സംസാരിച്ചുതുടങ്ങിയ സെമിറ്റിക് ഭാഷകളിൽ പലതും കാലക്രമേണ നാമാവശേഷമായെങ്കിലും ഇന്നും അറേബ്യൻ സാഹിത്യം പുതിയ ലോകത്തിന്റെ പുരോഗതിക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ലോക ജനസംഖ്യയിൽ നാലിലൊന്ന് പേർ സംസാരിക്കുന്നതും അറബി ഭാഷ തന്നെ. ഇസ്‍ലാമിന്റെ വ്യാപനത്തോടെ അറബി ഭാഷ ലോകത്തിൽ ജനപ്രീതി നേടി. അറേബ്യൻ വ്യാപാര വ്യവഹാരങ്ങളുടെ ഒരു സാംസ്കാരികമായ വിപ്ലവം കേരളത്തിൽ ആരംഭിച്ചു.

ഇരുഭാഷകള്‍ക്കിടയിലുള്ള വിടവുകള്‍ ഇപ്പോഴും എന്ത് കൊണ്ട് നികത്തപ്പെടുന്നില്ല എന്ന ചോദ്യത്തിന് അറബി ഭാഷാ പണ്ഡിതനും കോഴിക്കോട് സർവ്വകലാശാല അധ്യാപകനുമായ ഡോ. അഹമ്മദ് ഇബ്രാഹിം റഹ്മത്തുള്ള നല്കുന്ന മറുപടി ഇങ്ങനെയാണ്, കേരളത്തിലെ സ്കൂളുകളിലേയും കോളേജുകളിലേയും അറബി സിലബസിൽ കാലോചിതമായ മാറ്റം വന്നു കഴിഞ്ഞിട്ടില്ല. പത്താം ക്ലാസ് വരെയുള്ള സിലബസ്സിൽ വരുത്തിയ മാറ്റങ്ങൾ തൃപ്തികരമാണ്. പ്രാക്ടിക്കലിന് മുൻഗണന കൊടുത്തുകൊണ്ടുള്ളതാണത്. മലയാളത്തിലെ അറബി പഠനം കൂടുതൽ തൊഴിൽ കേന്ദ്രീകൃതമാക്കേണ്ടതുണ്ട്. അപ്പോൾ മറ്റു സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് കൂടി അത് പഠിക്കാൻ പ്രേരണയായിത്തീരും”.

കേരളത്തിൽ വിപുലമായ തോതിൽ അറബിഭാഷയും സാഹിത്യവും അഭ്യസിക്കപ്പെടുന്നുണ്ടെങ്കിലും, അറബിയിൽ നിന്ന് മലയാളത്തിലേക്കും മലയാളത്തിൽ നിന്ന് അറബിയിലേക്കുമുള്ള വിവർത്തനങ്ങൾ ഇപ്പോഴും വളരെ ശുഷ്ടമായിരിക്കുന്നതെന്തേ എന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടിയുണ്ട്, ഏറ്റവും നവീനമായ അറബി ഭാഷാ ശൈലിയിൽ കുട്ടികളെ എഴുതാൻ പഠിപ്പിക്കുന്നതിലാണ് നമ്മുടെ സർവകലാശാലകളിലെ അധ്യാപകർ ഏറെയും ശ്രദ്ധിക്കുന്നത്. ഇതിന് നല്ല ഫലവും ഉണ്ടാകുന്നുണ്ട്. ഈ തിരക്കിനിടയിൽ അറബി ഭാഷയെ മാതൃഭാഷയുമായി പല നിലയിൽ ബന്ധിപ്പിക്കുന്നതിന് വേണ്ടത്ര സമയം കിട്ടാതെ പോകുന്നു. അതേസമയം, ഇത്തരം പ്രോജക്ടുകൾ ഏറ്റെടുക്കാൻ ഫാക്കൽറ്റികളും അധ്യാപകരും മുന്നോട്ടുവരികയാണെങ്കിൽ കുറേയേറെ അറബി ക്ലാസിക്കുകളെ മലയാളത്തിലേക്ക് കൊണ്ടുവരാൻ കഴിയും. അറബി ഭാഷയും സംസാരവും അറിയാത്തവർ അറബി എഴുത്തുകാരുടെ കൃതികൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നതിലെ സുഖക്കുറവ് ഇതോടെ ഒഴിവാക്കാനാവുകയും ചെയ്യും”.

മലയാള സാഹിത്യത്തിന്റെ ഉന്നമനം ലക്ഷ്യമിടുകയാണെങ്കിൽ പശ്ചിമേഷ്യൻ സാഹിത്യ ശിഖരങ്ങളിൽ നിന്ന് സാഹിത്യസ്രോതസ്സുകൾ കടമെടുക്കാൻ, കൈമാറ്റം ചെയ്യാൻ, പരാവർത്തനം ചെയ്യാൻ, സംഭാവന-ഇടപാടുകൾ നിർവഹിക്കപ്പെടാൻ ഇനിയും ധാരാളമുണ്ട്. ചുരുക്കത്തിൽ, വളർന്നു വരുന്ന വിദ്യാഭ്യാസ തലമുറയെ കാത്തുനിൽക്കുന്നത് സമൃദ്ധസുന്ദരമായ ഒരു വലിയ അക്ഷയ ഖനിശേഖരമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter