ഫത്ഹുല്‍മുബീൻ: സാമൂതിരി രാജാവിന് സമർപ്പിക്കപ്പെട്ട വിശ്വഗ്രന്ഥം
സാമൂതിരിയുടെ ഭരണകേന്ദ്രമായ കോഴിക്കോട്ട്, മുസ്‍ലിംകളുടെ ഖാദിയും മുഹിയുദ്ദീൻ മാലയുടെ രചയിതാവും ആയിരുന്ന മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ് അറബി ഭാഷയിൽ രചിച്ച എത്ഹുൽ മുബീൻ എന്ന ഗ്രന്ഥം ഇന്ത്യയിലെ വിദേശ കോളോണിയലിസത്തിനെതിരായ ആദ്യകാല സാഹിത്യ കൃതികളിലൊന്നാണ്. പതിനാറാം നൂറ്റണ്ടിന്റെ അവസാനത്തിൽ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിന് മലബാറിലെ മാപ്പിളമാരില്‍ സമരാവേഖശം പകരാന്‍ സാധിച്ചിട്ടുണ്ട്. വിദേശ ആക്രമണത്തിനെതിരെ ചെറുത്തുനിൽപ്പ് ആരംഭിക്കാനും ദേശീയതയുടെ ചൈതന്യം പ്രോല്‍സാഹിപ്പിക്കുന്നതിനും ഉതകുന്ന ഈ മഹത്തായ കവിതാസമാഹാരം 537 ബൈത്തുകൾ ഉൾക്കൊള്ളതാണ്.
സാമൂതിരിയുടെ നായർ-മുസ്‍ലിം സൈന്യം ചാലിയത്ത് പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട കീഴടക്കിയതിന്റെ ആവേശകരമായ ചരിത്രമാണ് ഫത്ഹുൽ മുബീന്റെ പ്രമേയം. തുഹ്ഫത്തുൽ മുജാഹിദീൻ നാലാം ഭാഗത്തിലെ പതിമൂന്നാം അധ്യായത്തിലും ചാലിയം കോട്ട കീഴടക്കുന്നത് വിവരിക്കുന്നുണ്ട്. കോഴിക്കോടും അറേബ്യയും തമ്മിലുള്ള വ്യാപാരത്തിന്റെ ഗതി അറിയുന്നതിനും ആക്രമണങ്ങൾ നടത്തുന്നതിനും ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു ചാലിയം. മലബാർ തീരത്തെ കോഴിക്കോട് പട്ടണത്തിലേക്ക് എട്ടു നാഴിക മാത്രം ദൂരമുള്ള ചാലിയം തന്ത്രപ്രാധാന്യമുള്ള പ്രദേശമായിരുന്നു. 1531ൽ പോർച്ചുഗീസുകാർ ഇവിടെ കോട്ട പണിതിരുന്നു.. അറബിക്കടലിലൂടെയുള്ള കച്ചവടക്കാരുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ആക്രമിച്ച് തകർക്കാനും പറ്റിയ സുരക്ഷിത താവളം എന്ന നിലക്കാണ് കോട്ട പണിയാൻ പോർച്ചുഗീസുകാർ പ്രത്യേകം താൽപര്യമെടുത്തത്. അതിനാൽ ചാലിയം കോട്ട കീഴടക്കിയത് സാമൂതിരിയ്ക്കും മുസ്‍ലിംകൾക്കും വലിയ ആശ്വാസവും പോർച്ചുഗീസുകാർക്ക് വലിയ തിരിച്ചടിയും ആയി മാറി.
യുദ്ധത്തിലേക്ക്
പോർച്ചുഗീസ് അതിക്രമം പെരുകിയതോടെയും യുദ്ധം കൊടുംബിരികൊണ്ടതോടെയും ചാലിയം സാമൂതിരി പിടിച്ചെടുത്തു. 1571-ൽ പറങ്കികളുമായുണ്ടായ യുദ്ധത്തില്‍ സാമൂതിരി വിജയിചെങ്കിലും തന്ത്ര പ്രധാനമായ കോട്ട കേന്ദ്രീകരിച്ചു പറങ്കികൾ യുദ്ധ നീക്കങ്ങളും അതിക്രമ പദ്ധതികളും നടത്തി കൊണ്ടിരുന്നു. പോർച്ചുഗീസ് അടിച്ചമർത്തലുകൾ പെരുകിയതോടെ 1571ൽ അനിവാര്യമായ ഒരു യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കുറ്റിച്ചിറ ജുമുഅത്ത് പള്ളിയിൽ സൈനിക യോഗം നടന്നു. സൂഫി വര്യനായ ശൈഖ് മാമുക്കോയയടക്കം പല പ്രമുഖരും അതില്‍ പങ്കെടുത്തു. രാജ്യാധിപൻ സാമൂതിരിയുടെ അധ്യക്ഷതയിൽ കാലാൾപ്പട സേനാധിപനായിരുന്ന നായർ, നാവിക സേനാധിപതിയായിരുന്ന കുഞ്ഞാലി മൂന്നാമൻ, ബ്രാഹ്മണ മന്ത്രിമാർ, മുസ്‍ലിം പണ്ഡിതരായ ഖാസി അബ്ദുൽ അസീസ്, അബ്ദുൽ അസീസ് അൽ മഖ്ദൂം, മുഹമ്മദ് ബിൻ അസീസ്, തുറമുഖ അധിപൻ ഷാബന്ദർ ഉമർ അന്താബി, വ്യാപാര കരാര്‍ നേടിയ സീതി അഹമ്മദ് അൽ ഖുമാമി എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ സമിതിയിൽ പങ്കെടുക്കുകയും കോട്ട പൂർണ്ണമായും പിടിച്ചെടുക്കാതെ പോർച്ചുഗീസുകാരുടെ ആക്രമവും ഭീഷണിയും അവസാനിക്കില്ലെന്ന് ഏകകണ്ഠമായി അഭിപ്രായപ്പെടുകയും ചെയ്തു. അതോടെ കോട്ട പിടിച്ചെടുക്കാൻ രാജാവിനു ഉത്തരവിടേണ്ടിവന്നു.
സാമൂതിരിയുടെ നായർ സൈന്യം കരയിൽ നിന്നും കുഞ്ഞാലി മരക്കാരുടെ നാവിക സൈന്യം കടലിൽ നിന്നും ചാലിയം കോട്ട പ്രധിരോധിച്ചു. പീരങ്കികളും വെടിക്കോപ്പുകളുമായി പറങ്കി സൈന്യം സാമൂതിരി സൈന്യത്തെ ശക്തമായി എതിരിട്ടു. യുദ്ധവും ഉപരോധവും നാല് മാസത്തോളം നീണ്ടു നിന്നപ്പോൾ കോട്ടക്കകത്ത് ഉണ്ടായിരുന്ന പോർച്ചുഗീസ് സൈനികർക്ക് ഭക്ഷ്യക്ഷാമം നേരിടാൻ തുടങ്ങിയതോടെ പോർച്ചുഗീസ് സൈന്യത്തിൻറെ നില വളരെ മോശമായി. മാത്രമല്ല, വിശപ്പടക്കാൻ പട്ടികളെയും പൂച്ചകളെയും വരെ പോർച്ചുഗീസുകാർക്ക് ഭക്ഷിക്കേണ്ടിവന്നു. ഉപരോധം ഭേദിക്കാൻ എത്തിയ പോർച്ചുഗീസ് യുദ്ധക്കപ്പലുകളെ കുഞ്ഞാലി മരക്കാരുടെ സൈന്യം തന്ത്രപരമായി തകർത്തു. ഭക്ഷ്യ ക്ഷാമം അധികരിച്ചതോടെ പോർച്ചുഗീസ് സൈന്യം കീഴടങ്ങുമെന്ന പ്രതീക്ഷതെറ്റിച്ചു പോർച്ചുഗീസ് രക്ഷാസൈന്യം വീണ്ടുമെത്തുമെന്ന അഭ്യൂഹങ്ങളും കിംവദന്തികളും പടർന്നു. യുദ്ധ വിജയം നേടാതെ താൻ ഇനി ഭക്ഷണം കഴിക്കില്ലെന്ന് സാമൂതിരിയും ശപഥം ചെയ്തു. സാമൂതിരിയെ ഭക്ഷണം കഴിപ്പിക്കുവാൻ വേണ്ടി മുസ്‍ലിംകൾ രക്തസാക്ഷിത്വം വരെ വരിക്കാന്‍ തയ്യാറാവണമെന്ന് ഖാളി മുഹമ്മദ് അഭിപ്രായപ്പെട്ടു. അധികം വൈകാതെ യുദ്ധഗതി മാറുകയും യുദ്ധത്തിൽ കോഴിക്കോട് സാമൂതിരിയുടെ മുസ്‍ലിം നായർ സൈന്യം വിജയിക്കുകയും ചെയ്തു. കോട്ടക്കകത്ത് കയറിയ സാമൂതിരിയുടെ സൈന്യം കീഴടങ്ങിയ മുഴുവൻ പോർച്ചുഗീസ് പടയാളികളെയും ബന്ധികളാക്കുകയും, സാമൂതിരിയുടെ ഉത്തരവ് പ്രകാരം കോട്ട പൂർണ്ണമായും ഇടിച്ചു നിരത്തി നശിപ്പിക്കുകയും കോട്ടയുടെ വസ്തുക്കൾ പോർച്ചുഗീസുകാർ തകർത്ത മുസ്‍ലിം പള്ളികളുടെ പുനർനിർമ്മാണത്തിന് വിനിയോഗിക്കുകയും ചെയ്തു. കോട്ടയുടെ നഷ്ടത്തോടെ മലബാർ തീരത്തെ പോർച്ചുഗീസ് സ്വാധീനം പൂർണ്ണമായും ഇല്ലാതായി.
Read More:ഓരോ റമദാനിലും ഞാനാ കരിദിനങ്ങളെ ഓര്‍ത്തുപോവുന്നു.. മിശ്കാല്‍ പള്ളി കഥ പറയുകയാണ്..
പതിനാറാം നൂറ്റാണ്ടിൽ ശക്തികളെന്നു വിശേഷിപ്പിക്കപ്പെട്ട പോർച്ചുഗീസ് സൈന്യത്തിൻറെ തകർച്ചയും സഖ്യ സൈന്യമില്ലാതെ ഒറ്റയ്ക്ക് കീഴ്പ്പെടുത്തിയ കോഴിക്കോടിൻറെ സൈനിക വീര്യവും ലോകമെമ്പാടും അറിയാനും ചാലിയം യുദ്ധം കാരണമായി. ചാലിയം യുദ്ധവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ഫത്ഹുൽ മുബീൻ എന്ന ഈ കൃതിയിൽ സാമൂതിരിയും ചാലിയം കോട്ട യുദ്ധവിജയത്തോടെ സാമൂതിരി പട്ടാളവും നേടിയ ലോക പ്രശസ്തി വരച്ചു കാട്ടുന്നുണ്ട്.
രാഷ്ട്രീയത്തെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഖാളീ മുഹമ്മദിന്റെ വീക്ഷണങ്ങൾ, മുസ്‌ലിം സമുദായത്തിലുള്ള അദ്ദേഹത്തിന്റെ ഇത്തരം ഇടപെടലുകൾ, എല്ലാറ്റിനുമുപരിയായി കൊളോണിയൽ ശക്തികളോടുള്ള അദ്ദേഹത്തിന്റെ കടുത്ത വിരോധവും ഈ കൃതിയിൽ പ്രതിഫലിക്കുന്നുണ്ട്. നായർ-മുസ്‍ലിം സൈനികർക്കിടയിൽ പരസ്പരം കാണിച്ച ബഹുമാനത്തിനും കൊളോണിയൽ ശക്തികളോട് പോരാടുന്നതിൽ അവർ ഉയർത്തിപ്പിടിച്ച ഐക്യത്തിനും സാക്ഷിയാണ് ഫത്ഹുൽ മുബീന്റെ രചയിതാവ് മുഹമ്മദ് ഖാളി. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് സിറിയയിലെയും ഇറാഖിലെയും രാജാക്കന്മാർ സാമൂതിരിയുടെ ധീരതയെക്കുറിച്ച് അറിയാനും പോർച്ചുഗീസുകാർക്കെതിരായ പോരാട്ടത്തിൽ ചേരാൻ പ്രചോദനം നൽകാനുമാണ് ഖാളീ മുഹമ്മദ് അറബി ഭാഷയിൽ ഈ കവിത രചിച്ചതെന്ന് പറയപ്പെടുന്നു.
ലണ്ടനിലെ ഇന്ത്യാ ഓഫീസ് ലൈബ്രറിയിൽ ഇന്നും ഫത്ഹുൽമുബീന്റെ കൈയെഴുത്തു പ്രതി സൂക്ഷിച്ചിട്ടുണ്ട്. ഫത്ഹുൽമുബീൻ ആദ്യമായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഹൈദരാബാദിലെ എഴുത്തുകാരനും വാഗ്മിയുമായ എം.എ. മുഈദ് ഖാനാണ്. കെ.കെ മുഹമ്മദ് അബ്ദുൾ കരീമും പ്രൊഫസർ അബ്ദുൾ അസീസും ചേര്‍ന്ന് ഫതഹുൽ മുബീനെ മലയാളത്തിലേക്കും തർജുമ ചെയ്തിട്ടുണ്ട്.
Leave A Comment