ശ്രദ്ധിക്കുക, ഈ വഴി അഴുക്ക് നിറഞ്ഞതാണ്!

ഇമാം ഫഖ്‌റുദ്ദീനുൽ റാസി (റ) തഫ്‌സീറുൽ കബീറിൽ  ഉദ്ധരിക്കുന്ന ഒരു സംഭവം: 

ഇമാം അബൂ ഹനീഫ (റ)  വിനു ഒരു അഗ്നിയാരാധകനിൽ നിന്ന് അല്പം ധനം കിട്ടാനുണ്ടായിരുന്നു. അത് വാങ്ങുന്നതിനു വേണ്ടി ഇമാം അഗ്നിയാരാധകന്റെ വീട്ടിലേക്ക് പോയി. കവാടം വരെ എത്തിയപ്പോൾ അബൂ ഹനീഫ (റ ) ധരിച്ചിരുന്ന ചെരുപ്പിൽ നജസായി. ചെരുപ്പഴിച്ച് കുടഞ്ഞ സമയം  നജസ് അഗ്നിയാരാധകന്റെ മതിലിൽ പതിഞ്ഞു. മണ്ണിനാൽ പടുത്തുയർത്തിയ പഴകി ദ്രവിച്ച ഒരു മതിലായിരുന്നു. നജസ് തുടക്കാൻ ശ്രമിച്ചാൽ മതിലിൽ നിന്ന് മണ്ണ് ഉതിർന്നുവീണ് മതില് കൂടുതൽ ദുർബലമാകും. അബൂ ഹനീഫ (റ) നേരെ ചെന്ന് വാതിലിൽ മുട്ടി. വാതിൽ തുറന്ന പരിചാരികയോട് അബൂ ഹനീഫ എന്നൊരാൾ വന്നിരിക്കുന്നുവെന്ന് യജമാനനോട് പറയാൻ ആവശ്യപ്പെട്ടു. കൊടുക്കാനുള്ള പണം തിരികെ ചോദിയ്ക്കാൻ വന്നതാവും എന്ന് മനസ്സിലാക്കി അദ്ദേഹം പല ഒഴിവുകഴിവും പറഞ്ഞുനോക്കി. എന്നാൽ അതിനേക്കാൾ ഗൗരവതരമായ ഒരുകാര്യം ഉണർത്താനുണ്ടെന്നും വൃത്തികേടായ മതിലിനു എന്ത് നഷ്‌ടപരിഹാരം നൽകണമെന്നുമുള്ള ഇമാം അബൂ ഹനീഫ (റ)യുടെ അഭ്യർത്ഥന അഗ്നിയാരാധകന്റെ മനസ്സ് മാറ്റി. മതിലിനേക്കാൾ മലിനമായ തനിക്കാണ് ആദ്യം ശുദ്ധിയാവേണ്ടെതെന്ന് പറഞ്ഞ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. 
കളങ്കരഹിതമായ ജീവിതമാണ് ഇസ്‌ലാം പ്രദാനം ചെയ്യുന്നത്. ഒരാൾ നിസ്‌കാരം, വ്രതം പോലുള്ള ആരാധനാകർമ്മങ്ങൾ നിർവഹിക്കുകയും ഒപ്പം ജീവിതം തോന്നിവാസങ്ങളുടേതാവുകയും ചെയ്‌താൽ ഒരു പ്രയോജനവുമില്ല. തമാശയായിട്ടാണെങ്കിൽ കൂടി കള്ളം പറച്ചിലും പറ്റിക്കലും പരിഹസിക്കലും ഇന്ന് വ്യാപകമാണ്. അതൊക്കെ ഒരു രസത്തിനു വേണ്ടി എന്ന കാഴ്ചപ്പാടാണ് പലർക്കും. പക്ഷേ, അത്തരം പ്രവണതകളും ശീലങ്ങളും നമ്മുടെ ജീവിതത്തെ തന്നെ മലിനമാക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നു.

തിരു ദൂതർ (സ്വ) പറഞ്ഞു : നിങ്ങൾ സത്യസന്ധതയുള്ളവരാവുക. സത്യം നന്മയിലേക്ക്  നയിക്കും. നന്മ സ്വർഗ്ഗത്തിലേക്കും. ഒരാൾ സത്യം പറയുകയും സത്യസന്ധത അങ്ങേയറ്റം സൂക്ഷിക്കുകയും ചെയ്താൽ അല്ലാഹുവിന്റെയടുക്കൽ സത്യവാൻ എന്ന് എഴുതപ്പെടും. കളവു പറയുന്നത് നിങ്ങൾ സൂക്ഷിക്കുക. കളവ് അധർമ്മത്തിലേക്ക് നയിക്കും. അധർമ്മം നരകത്തിലേക്കും. ഒരാൾ കളവു പറയുകയും കളവിൽ തന്നെ നിലകൊള്ളുകയും ചെയ്താൽ അല്ലാഹുവിന്റെയടുക്കൽ ഏറ്റവും വലിയ നുണയൻ എന്നെഴുതപ്പെടും. (ബുഖാരി, മുസ്‌ലിം)

ജീവിതം അശുദ്ധമാകുന്ന പ്രധാന വഴി കളവു പറച്ചിൽ തന്നെയാണ്. നിർലജ്ജം വായിത്തോന്നിയത് പറയുന്നതിലൂടെ നഷ്ടപ്പെടുന്നത് തൻ്റെ പാരത്രിക വിജയം തന്നെയാണെന്ന കാര്യം വിസ്മരിക്കപ്പെടുകയാണ്. അതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ അത്ര വലിയ മുത്തഖിയൊന്നുമാവാൻ തന്നെക്കൊണ്ടാവില്ല എന്ന നിലപാടെടുക്കുന്നവൻ അവൻ്റെ അമൂല്യമായ ക്ഷണികജീവിതം പണയപ്പെടുത്തുകയാണ്. കച്ചവടം നടക്കാനും ബിസിനസ്സ് വിജയിക്കാനും പൊളി പറയുന്നവരും കള്ളത്തരം ഒപ്പിക്കുന്നവരും സമ്പാദിക്കുന്നത് മാലിന്യമാണ്. ആ ധനം കൊണ്ട് മക്കളെ തീറ്റിപ്പോറ്റുക വഴി അവരുടെ രക്തവും മലിനപ്പെടുത്തുകയാണ്. ധന സമ്പാദനത്തിനു ലോകത്ത് പല തൊഴിലുകളുണ്ട്. ആളുകളെ കബളിപ്പിച്ചും നുണ പറഞ്ഞും ബിസിനസ്‌ നടത്തുക വഴി സമ്പാദിക്കുന്നത് മോഷണം തന്നെയാണ്. നിഷിദ്ധമായത് സന്താനങ്ങളെ ഭക്ഷിപ്പിക്കുക വഴി അവരുടെ രക്തത്തിൽ മാലിന്യം കലർന്നാൽ  പിന്നെ അവരെ എത്ര നല്ലവരാക്കാൻ ശ്രമിച്ചിട്ടും പ്രയോജനമുണ്ടാകില്ല.   

അഹ്‌മദ്‌ബിനു ഹമ്പൽ (റ) മക്കയിലെ ഒരു പച്ചക്കറി കച്ചവടക്കാരൻ്റെ കയ്യിൽ ഒരു ചെമ്പു പാത്രം പണയം വെച്ചു. പണയം തീർക്കാൻ ചെന്നപ്പോൾ കച്ചവടക്കാരൻ ഒരേപോലെയുള്ള രണ്ടു പാത്രങ്ങൾ കൊടുത്തുകൊണ്ടു പറഞ്ഞു : നിങ്ങളുടെ പാത്രം ഇതിൽ ഏതാണെന്നു നോക്കി എടുത്തുകൊള്ളുക.  അഹ്‌മദ്‌ബിനു ഹമ്പൽ (റ) പറഞ്ഞു: എൻ്റെ പാത്രം ഏതാണെന്ന് എനിക്ക് സംശയമുണ്ട്. അതിനാൽ പാത്രവും പണവും നീ തന്നെ എടുത്തുകൊള്ളുക. അപ്പോൾ കച്ചവടക്കാരൻ പറഞ്ഞു: നിങ്ങളുടെ പാത്രം ഇതാണ്. ഞാൻ നിങ്ങളുടെ സൂക്ഷ്മത പരിശോധിച്ചതാണ്.  അഹ്‌മദ്‌ബിനു ഹമ്പൽ (റ) സ്വീകരിച്ചില്ല. പാത്രവും ദിർഹമും എടുക്കാതെ തിരിച്ചുപോന്നു. (കിഫായത്തുൽ അദ്കിയാ)

സൂക്ഷ്മതയും വിശുദ്ധിയും ജീവിതത്തിന്റെ തിളക്കം വർധിപ്പിക്കുകയേ ഉള്ളൂ. പ്രത്യക്ഷത്തിൽ നഷ്ടം സഹിക്കുന്നതായി തോന്നാമെങ്കിലും കറ പുരളാതിരിക്കാൻ ജാഗ്രത കാണിക്കുകയാണ്. അഥവാ ജീവിതവിശുദ്ധി അത്രമേൽ പ്രധാനമാണ്. നബി (സ്വ) പറഞ്ഞു: തമാശയിൽ പോലും കള്ളം ഉപേക്ഷിക്കുകയും തർക്കം ഒഴിവാക്കുകയും ചെയ്യുന്നതുവരെ ആരുടെ സത്യവിശ്വാസവും സമ്പൂർണമാവുകയില്ല; അയാൾ സത്യവാനായിരുന്നാലും. (ഇമാം അഹ്‌മദ്‌) 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter