ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ സാധ്യമായ രീതിയിൽ പ്രതിഷേധിക്കാൻ മുസ്‌ലിം സംഘടനകൾ
മലപ്പുറം: കൊറോണ വൈറസ് വ്യാപനം തടയാൻ നടപ്പിലാക്കിയ ലോക് ഡൗണിന്റെ മറവിൽ ബിജെപി വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെതിരെ സാധ്യമായ മാര്‍ഗങ്ങളിലൂടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാൻ കേരളത്തിലെ മുസ്‌ലിം സംഘടനകൾ തീരുമാനിച്ചു. പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന കേരളത്തിലെ മുസ്‌ലിം സംഘടന നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

രാജ്യം ഒരു മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്നതിനിടയില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ ഒറ്റക്കെട്ടായ പ്രതിഷേധം അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പൗരത്വ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഡല്‍ഹി പൊലീസ് പച്ചയായ മുസ്‌ലിം വേട്ട തുടരുകയാണെന്നും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ (ഡി.എം.സി) ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് പൊലീസ് നടത്തിയ നരനായാട്ടിനെ കുറിച്ചു നല്‍കിയ കൃത്യമായ റിപ്പോര്‍ട്ട് നൽകിയയതിനാണെന്നും യോഗം കുറ്റപ്പെടുത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി നേതാക്കളായ സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഉമര്‍ ഖാലിദ് എന്നിവരുടെ അറസ്റ്റിനെതിരെയും പ്രതിഷേധ സ്വരം ഉയർത്താൻ യോഗം തീരുമാനിച്ചു.

സഫൂറ സര്‍ഗര്‍ ഒരു ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെയാണ് ബിജെപി അവരുടെ അജണ്ട നടപ്പിലാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സഫൂറ ഏകാന്ത തടവറയിലാണ്. രാജ്യദ്രോഹം, മത സ്പര്‍ധയുണ്ടാക്കല്‍, കലാപത്തിന് ഗൂഢാലോചന നടത്തുക തുടങ്ങി മാരക കുറ്റകൃത്യങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ വര്‍ഗീയ വിഷം ചിന്തിയ പ്രസ്താവനകള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഒന്നു വിരലനക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല എന്നത് ഗൗരവമേറിയ വിഷയം തന്നെയാണ്. രാജ്യം നേരിടുന്ന അപകടകരമായ അവസ്ഥക്കെതിരെ യോജിച്ചുള്ള പ്രതിഷേധം അനിവാര്യമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. സമാന ചിന്താഗതിക്കാരെയെല്ലാം ഉള്‍പ്പെടുത്തി ന്യൂനപക്ഷ വേട്ടക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്നും യോഗം തീരുമാനിച്ചു.

യോഗത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), ടി.പി അബ്ദുല്ല കോയ മദനി (കെ.എന്‍.എം), എം.ഐ അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്ലാമി), കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി (കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ ), സി.പി ഉമര്‍ സുല്ലമി (കേരള ജംഇയ്യത്തുല്‍ ഉലമ), ടി.കെ അഷ്‌റഫ് (വിസ്ഡം), ഡോ. പി.എ ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), പ്രഫ എ.കെ അബ്ദുല്‍ ഹമീദ് (കേരള മുസ്ലിം ജമാഅത്ത്), ശൈഖ് മുഹമ്മദ് (ജമാഅത്തെ ഇസ്‌ലാമി) പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter