കശ്മീരിൽ ആരോഗ്യമേഖല ഗുരുതരാവസ്ഥയിലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്
ന്യൂയോർക്ക്: ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 371 റദ്ദാക്കുന്നതിനോടനുബന്ധിച്ച് കശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനങ്ങൾ തുടരുന്നതിനിടെ ചികിത്സ കിട്ടാതെ മനുഷ്യർ മരിച്ചുവീഴുന്നതായി 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട്. ആശുപത്രികളുടെ പ്രവർത്തനം പൂർവരീതിയിൽ ആകാത്തതും, മൊബൈൽ-ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിക്കാത്തതും കാരണം അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കാൻ ആളുകൾക്ക് കഴിയുന്നില്ലെന്നും ഇത് ഗുരുതരമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നതായും സമീർ യാസിർ, ജെഫ്‌റി ഗെറ്റിൽമാൻ എന്നിവർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സ്ഥിതിഗതികൾ സാധാരണനിലയിലാണെന്നും ആശുപത്രികൾ പ്രശ്‌നമില്ലാതെ പ്രവർത്തിക്കുന്നുവെന്നും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. പാമ്പുകടിയേറ്റ മകന് ചികിത്സ ലഭ്യമാക്കുന്നതിനായി 16 മണിക്കൂറോളം സാഹസികയാത്ര നടത്തേണ്ടിവന്ന സജ ബീഗം എന്ന സ്ത്രീയുടെ അനുഭവം വിവരിച്ചുകൊണ്ടാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ആരംഭിക്കുന്നത്. മുമ്പ് ഓൺലൈൻ വഴി മരുന്ന് വാങ്ങിയിരുന്ന കാൻസർ രോഗികൾക്ക് ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കപ്പെട്ടതിനാൽ ഇപ്പോൾ അതിന് കഴിയുന്നില്ലെന്നും മൊബൈൽഫോൺ സർവീസ് നിലവിലില്ലാത്തതിനാൽ ഡോക്ടർമാർക്ക് പരസ്പരം ആശയവിനിമയം നടത്താൻ പോലും സാധിക്കുന്നില്ലെന്നും മിക്ക കശ്മീരികൾക്കും വീട്ടിൽ ലാൻഡ്‌ഫോൺ ഇല്ലാത്തതിനാൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter