ഹജ്ജ് നടപടികൾ കേന്ദ്ര ഹജ്ജ് മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു
ന്യൂഡൽഹി: ലോകത്തുടനീളം കൊറോണ വൈറസ് അപകടകരമാം വിധം വ്യാപിച്ചതിനെ തുടർന്ന് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള നടപടികൾ കേന്ദ്ര ഹജ്ജ് മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു. തീർത്ഥാടകരുടെ പണം സ്വീകരിക്കൽ, വിമാന കമ്പനികളുമായുള്ള കരാറിൽ ഏർപ്പെടൽ, തീർത്ഥാടകർക്കുള്ള പഠനക്ലാസുകൾ, താമസത്തിനുള്ള കെട്ടിടം കണ്ടെത്തൽ, തുടങ്ങിയവയാണ് കേന്ദ്രം താൽക്കാലികമായി നിർത്തി വെച്ചത്.

ഈ വർഷത്തെ ഹജ്ജ് നടത്തിപ്പ് സംബന്ധിച്ച് സൗദി ഔദ്യോഗിക നിലപാട് വിശദീകരിച്ച ശേഷമായിരിക്കും തുടർ നടപടികൾ കൈക്കൊള്ളുക. കൊറോണ വ്യാപനത്തിന്റെ തോതനുസരിച്ചായിരിക്കും ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുക എന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് ഉംറ തീർത്ഥാടനം സൗദി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഹജ്ജിന് അപേക്ഷകൾ സ്വീകരിച്ച് തീർഥാടകരെ നറുക്കെടുപ്പിലൂടെ കണ്ടെത്തി അവരിൽ രണ്ടു ഗഡുക്കളായി പണം സ്വീകരിച്ചിട്ടുണ്ട്.

തുടർ നടപടികൾക്കിടയിലാണ് കൊറോണ വ്യാപനം മൂലം വ്യോമഗതാഗതം നിർത്തിയത്. ഇതോടെ രണ്ടാംഗഡു അടക്കാൻ ബാക്കിയുള്ളവർ അടുത്തഘട്ടം ആവശ്യപ്പെടുന്ന സമയത്ത് നൽകിയാൽ മതിയെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി തീർത്ഥാടകർക്ക് നിർദേശം നൽകിയിരുന്നു. ഹജ്ജ് സർവീസുകൾ ജൂൺ അവസാന വാരത്തിലാണ് ആരംഭിക്കേണ്ടത്. നടത്തിപ്പ് സംബന്ധിച്ച് വിശദീകരണം ലഭിച്ചാൽ മാത്രമേ തുടർനടപടികൾ കേന്ദ്രമന്ത്രാലയം ആരംഭിക്കുകയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter