ബാബരി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുസ്‍ലിം പേർസണല്‍ ലോ ബോർഡ്, സമാധാനം പുലർത്താന്‍ ആഹ്വാനം
- Web desk
- Nov 9, 2019 - 11:16
- Updated: Nov 9, 2019 - 16:13
ന്യൂഡല്‍ഹി: ബാബരി കേസിൽ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ വിധിയില്‍ അസംതൃ്പതി പ്രഖ്യാപിച്ച് മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡ്. നീതി ലഭിച്ചുവെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയ മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭിഭാഷകരും യോഗം ചേർന്ന് റിവ്യൂ ഹരജി നൽകുന്നതടക്കമുള്ള ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും വ്യക്തമാക്കി. സമാധാനം പുലർത്താൻ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുന്നതായും ലോ ബോർഡ് അഭിഭാഷകൻ സഫർയാബ് ജീലാനി മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയുടെ കണ്ടെത്തൽ നീതിയാണെന്ന് കരുതുന്നില്ല. പക്ഷേ, വിധിയെ ബഹുമാനിക്കുന്നു. ജഡ്ജിമാരുടെ തീരുമാനത്തിൽ പിഴവുകൾ സംഭവിക്കാമെന്നും റിവ്യൂ നൽകുക എന്നത് അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളോട് സമാധാനം പുലർത്താൻ ആഹ്വാനം ചെയ്ത അദ്ദേഹം പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും പറഞ്ഞു.
എല്ലാവശങ്ങളും പരിഗണിച്ചല്ല സുപ്രീംകോടതി വിധിപ്രസ്താവം നടത്തിയത്. വിവാദഭൂമിയിൽ ഹിന്ദു ആരാധനകൾ നടത്തി എന്നു കണ്ടെത്താൻ കോടതി ആശ്രയിച്ച രേഖകളിൽ തന്നെ അവിടെ നമസ്‌കാരം നടന്നിരുന്നു എന്നതിനും തെളിവുകളുണ്ട്. പള്ളിയുടെ പുറംമുറ്റത്തിൽ ഹിന്ദുക്കൾക്ക് അവകാശമുണ്ട് എന്നകാര്യത്തിൽ തർക്കമുണ്ടായിരുന്നില്ല. എന്നാൽ, നമസ്‌കാരം നടന്നതടക്കമുള്ള അകംമുറ്റവും മറുപക്ഷത്തിന് നൽകിയതിനെ നീതി എന്നു വിളിക്കാൻ കഴിയില്ല. അവിടെ പള്ളിയായിരുന്നു എന്നതിന് മറുഭാഗം ഹാജരാക്കിയ രേഖകളിൽ തന്നെ തെളിവുണ്ട്. ഇക്കാര്യം റിവ്യൂ ഹരജിയിൽ ചൂണ്ടിക്കാട്ടും.
ബാബരി മസ്ജിദിനു പകരം ഭൂമി എന്ന വിധി നീതിയായി കരുതുന്നില്ല. പള്ളിക്ക് പകരമായി മറ്റൊന്നുമില്ല. ശരീഅത്ത് പ്രകാരം പള്ളി കൈമാറ്റം ചെയ്യാനോ വിൽക്കാനോ കഴിയുന്നതല്ല. ആരാധന നടന്നിരുന്ന പള്ളി മറ്റൊരു വിഭാഗത്തിന് കൈമാറുന്നത് നീതിയല്ല. പക്ഷേ, കോടതിയുടെ വിധി അംഗീകരിക്കും. റിവ്യൂ ഹരജി നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കൂടുതൽ ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment