ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ സമസ്ത ട്രഷറർ
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററായി കേന്ദ്ര മുശാവറ മെമ്പറും കോഴിക്കോട് ജില്ല പ്രസിഡന്റുമായ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ തെരഞ്ഞെടുക്കപ്പെട്ടു. പഴയ തലമുറയിലെ പണ്ഡിത പ്രമുഖരിലൊരാളായാണ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ കണക്കാക്കപ്പെടുന്നത്. നിലവിൽ കുന്നുമ്മല്‍, നെല്ലിച്ചേരി മഹല്ലുകളില്‍ ഖാളി സ്ഥാനം വഹിക്കുന്ന അദ്ദേഹം ഇപ്പോള്‍ മടവൂര്‍ കോളജ് പ്രിന്‍സിപ്പലാണ്.

നാദാപുരം, പാറക്കടവ്, ചെമ്മങ്കടവ്, പൂക്കോത്ത്, വാഴക്കാട്, പൊടിയാട്, എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം തന്റെ പഠനം നടത്തിയത്. പടിഞ്ഞാറയില്‍ അഹമ്മദ് മുസ്‌ലിയാര്‍, മേച്ചിലാച്ചേരി മൊയ്തീന്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ, കണ്ണിയത്ത് ഉസ്താദ്, ഫള്ഫരി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കുട്ട്യാലി മുസ്‌ലിയാര്‍ കടമേരി, കീഴന ഉസ്താദ്, കാങ്ങാടോര്‍ തുടങ്ങിയവരാണ് പ്രമുഖ ഗുരുവര്യർ. പിന്നീട് അദ്ദേഹം വെല്ലൂര്‍ ബാഖിയാത്തിൽ ഉപരിപഠനത്തിന് ചേർന്നു. 1960ല്‍ വെല്ലൂരിലെത്തിയ അദ്ദേഹം 1962ൽ ബിരുദം നേടി.

പഠനത്തിന് ശേഷം ആദ്യമായി സ്വന്തം നാടായ ചേലക്കാടാണ് ജോലിയേറ്റത്. ശേഷം ചിയ്യൂര്‍, കൊടക്കല്‍, അണ്ടോണ, ഇരിക്കൂര്‍, കൊളവല്ലൂര്‍, പഴയങ്ങാടി, കണ്ണാടിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ മുദര്‍രിസായിരുന്നു. 1988ല്‍ ജാമിഅ നൂരിയ്യയിലെത്തി. 1999വരെ അവിടെ തുടര്‍ന്നു. ശേഷം ശംസുല്‍ ഉലമായുടെ ക്ഷണ പ്രകാരം നന്തി ദാറുസ്സലാമിലെത്തി. ഏഴു കൊല്ലം അവിടെ തദ്‌രീസ് നടത്തി. ഇതിനു ശേഷമാണ് നിലവിൽ ജോലി ചെയ്യുന്ന മടവൂരിലെതുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറ അംഗമായി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍ കാപ്പ് എന്നിവരോടൊപ്പമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter