ശഅ്ബാന്‍: അനുഗ്രഹങ്ങളുടെ മുന്‍വെളിച്ചം

റജബ് മാസം ആഗതമാകുമ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തുകയായി. പരിശുദ്ധ റമളാനെ സ്വീകരിക്കാന്‍ സ്വന്തം മനസ് പാകപ്പെടുത്താനാണ് പിന്നീടവന്റെ ഓരോ ശ്രമങ്ങളും. റജബിലും ശഅ്ബാനിലുമുള്ള ഓരോ നിമിഷങ്ങളും അല്ലാഹുവിലേക്കുള്ള സാമീപ്യം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളിലുമാണ് പിന്നീടവന്‍ ചെലവഴിക്കുന്നത്. റജബില്‍ നേടിയ ആത്മീയാനുഭൂതിയും പരിശുദ്ധ റമളാനെ വരവേല്‍ക്കാനുള്ള അടങ്ങാത്ത ആവേശവും ശഅ്ബാനെ ഇബാദത്തുകൊണ്ട് ധന്യമാക്കുവാന്‍ അവനെ കൂടുതല്‍ പ്രേരിപ്പിക്കുന്നു.

മുഹമ്മദ് നബി(സ്വ) ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ച മാസമാണ് ഹിജ്റ കലണ്ടറിലെ എട്ടാം മാസമായ ശഅ്ബാന്‍. പവിത്ര മാസങ്ങളില്‍ പെട്ട റജബിനും വിശുദ്ധ റമളാനുമിടയിലുള്ള ശഅ്ബാന്‍ നിരവധി മഹത്വങ്ങളും ശ്രേഷ്ഠതകളുമുള്‍ക്കൊള്ളുന്നുണ്ട്. റജബ് മാസം ആഗതമായാല്‍ തന്നെ 'അല്ലാഹുവേ! റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചെയ്യേണമേ, റമളാനിലേക്ക് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യേണമേ' എന്ന് നബി(സ്വ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ പല സംഭവങ്ങളും അരങ്ങേറിയത് ഈ പുണ്യമാസത്തിലാണ്.  
കഠിന ചൂടും ശക്തമായ തണുപ്പും ഇല്ലാത്ത സമ ശീതോഷ്ണമായ അന്തരീക്ഷം എന്ന അര്‍ത്ഥം സൂചിപ്പിക്കുന്ന 'ആദില്‍' എന്നായിരുന്നു ഈ മാസത്തിന്റെ ആദ്യ നാമം. യുദ്ധം നിഷിദ്ധമായ റജബിനു ശേഷം ഗോത്രവാസികള്‍ പുല്ലും വെള്ളവുമന്വേഷിച്ചു മരുഭൂമിയുടെ വിവിധ സ്ഥലങ്ങളില്‍ ചേക്കേറുന്ന ഘട്ടമായതിനാല്‍ പിന്നീടതിന് ശഅ്ബാന്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു. 

അബൂബക്രിനില്‍ വര്‍റാഖില്‍ ബല്‍ഖി(റ) പറയുന്നു: ''റജബ് മാസം കൃഷിയിറക്കാനും ശഅ്ബാന്‍ അത് നനക്കാനുള്ള മാസവും റമളാന്‍ ആ കൃഷിയുടെ വിളവ് കൊയ്യാനുള്ള മാസവുമാണ്.'' മഹാനവര്‍കള്‍ തന്നെ പറയുന്നു: ''റജബ് മാസത്തിന്റെ ഉപമ കാറ്റ് പോലെയും, ശഅ്ബാന്‍ മേഘത്തെ പോലെയും റമളാന്‍ മഴയെ പോലെയുമാണ്.'' അഥവാ, റമളാനില്‍ സദ്പ്രവൃത്തികള്‍ കൊണ്ട് ധന്യപൂര്‍ണമായ ജീവിതം നയിക്കണമെങ്കില്‍ ശഅ്ബാനില്‍ തന്നെ അതിനുള്ള ശ്രമങ്ങളാരംഭിക്കണം. നല്ല പ്രവര്‍ത്തനങ്ങളുടെ വിത്തിറക്കാന്‍ കൃഷിയോഗ്യമായ ഒരു ഭൂമിക വേണം. നല്ല ഭൂമികയില്‍ മാത്രമേ നല്ല വിളവുകളുണ്ടാവുകയുള്ളൂ. ''നല്ല ഭൂമിയിലെ സസ്യങ്ങള്‍ അതിന്റെ രക്ഷിതാവിന്റെ അനുമതിയോടെ നന്നായി മുളക്കുന്നു. ചീത്ത ഭൂമിയാകട്ടെ, അതില്‍നിന്ന് മോശമായ സാധനമല്ലാതെ മുളക്കുകയില്ല.''(അഅ്റാഫ്: 58) 
സദ്പ്രവര്‍ത്തനങ്ങളുടെ വിത്തിറക്കാന്‍ അനുയോജ്യമായ കൃഷിയിടമാണ് പ്രപഞ്ചത്തോളം പ്രവിശാലമായ മനുഷ്യഹൃദയം. ആ ഹൃദയം ചവിട്ടിമെതിച്ച് നല്ല വിത്തുകളിറക്കാന്‍മാത്രം നാം അതിനെ പാകപ്പെടുത്തണം. ഹൃദയ രോഗങ്ങളോരോന്നായി ചികിത്സിച്ച് ഭേദപ്പെടുത്തലാണതിനുള്ള മാര്‍ഗം. എന്നിട്ട് നല്ല അമലുകളുടെ വിത്തുകള്‍ ഇറക്കുകയും തഖ്വയും ഇഖ്ലാസും വളമായി നല്‍കി ആ വിത്തുകളെ നാം പരിപോഷിപ്പിക്കുകയും വേണം. വിശ്വാസവും സദ്പ്രവൃത്തിയും മുറുകെപ്പിടിക്കുന്നവര്‍ക്കു മാത്രമേ എല്ലാവരും പരാജയപ്പെടുമ്പോഴും വിജയത്തേരിലേറി മുന്നേറാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള സുവര്‍ണാവസരമാണ് ശഅ്ബാനിലൂടെ നമുക്ക് കൈവരുന്നത്. 

ആകാശലോകത്ത് അങ്ങിങ്ങായി വ്യാപരിച്ചു കിടക്കുന്ന മേഘക്കൂട്ടങ്ങളെ കാറ്റുകള്‍ മുഖേന ഒരേ സ്ഥലത്ത് സമാഹരിച്ച് അവിടം ശക്തമായി മഴയുണ്ടാവലാണ്  പ്രപഞ്ച പ്രതിഭാസം.  മേഘവും കാറ്റുമില്ലെങ്കില്‍ വേണ്ടത്ര ഗുണമുള്ള മഴയുണ്ടാവില്ലെന്നര്‍ത്ഥം. റജബ് മാസം കാറ്റിന്റെ സ്ഥാനത്തും ശഅ്ബാന്‍ മേഘത്തിന്റെ സ്ഥാനത്തും റമളാന്‍ മഴയുടെ സ്ഥാനത്തുമാണ്. അഥവാ, റജബില്‍ തുടങ്ങി ശഅ്ബാനില്‍ തുടര്‍ന്നാലേ അല്ലാഹു പൊരുത്തപ്പെടുന്ന സദ്വൃത്തികള്‍ ചെയ്യാന്‍ നമുക്ക് സാധിക്കുകയുള്ളു.
''കൊല്ലവര്‍ഷം ഒരു മരത്തെപ്പോലെയും റജബ് മാസം ആ മരത്തിന് ഇലയുണ്ടാകുന്ന കാലവും ശഅ്ബാന്‍ ഫലങ്ങളുണ്ടാകുന്ന കാലവും റമളാന്‍ ആ ഫലങ്ങള്‍ പറിച്ചെടുക്കാനുള്ള കാലവുമാണ്. മുഅ്മിനുകളാണ് ആ പഴങ്ങള്‍ പറിക്കാനുള്ള അവകാശികള്‍'' (ലത്വാഇഫുല്‍ മആരിഫ്). ഈ പണ്ഡിതവചനങ്ങള്‍ മുഴുവനും ശഅ്ബാന്‍ മാസത്തിന്റെ മഹത്വങ്ങളാണ് വിളിച്ചോതുന്നത്. നബി(സ്വ)യുടെ ചരിത്രം പഠിച്ചാല്‍ ഈ മഹത്വം ഉള്‍ക്കൊണ്ട ജീവിതമായിരുന്നുവെന്ന് നിശ്പ്രയാസം മനസ്സിലാക്കാം.

പരിശുദ്ധ റമളാന്‍ കഴിഞ്ഞാല്‍ നബി(സ്വ) ഏറ്റവും കൂടുതല്‍ നോമ്പെടുത്തിരുന്നത് ശഅ്ബാന്‍ മാസത്തിലായിരുന്നുവെന്ന് സ്വഹീഹായ ഹദീസുകളില്‍ കാണാം. ആഇശ ബീബി(റ) പറയുന്നു: ''നബി(സ്വ) ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പെടുക്കും, അങ്ങനെ ഇനി എന്നും നോമ്പായിരിക്കുമെന്ന് ഞങ്ങള്‍ പറയും. പിന്നെ ഒരുപാടു ദിവസം നോമ്പില്ലാതെ ജീവിക്കും. അങ്ങനെ ഇനി അവിടുന്ന് നോമ്പെടുക്കുന്നില്ലായിരിക്കാം എന്ന് ഞങ്ങള്‍ അഭിപ്രായപ്പെടും. റമളാന്‍ മാസമല്ലാത്ത മറ്റൊരു മാസവും അവിടുന്ന് പൂര്‍ണമായി വ്രതമനുഷ്ഠിച്ചതായി ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍, ശഅ്ബാന്‍ മാസം നോമ്പെടുത്തതു പോലെ മറ്റൊരു മാസവും ധാരാളമായി അവിടുന്ന് നോമ്പെടുത്തതു ഞാന്‍ കണ്ടിട്ടില്ല.'' (സ്വഹീഹുല്‍ബുഖാരി- ബാബു സ്വവ്മി ശഅ്ബാന്‍). 

ഉസാമതുബ്നു സൈദ്(റ) പറയുന്നു: ''ഞാന്‍ നബി(സ്വ)യോട് ചോദിച്ചു; അല്ലാഹുവിന്റെ ദൂതരേ, ശഅ്ബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നത്ര മറ്റൊരു മാസവും അങ്ങ് നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ!?'' നബി(സ്വ) പറഞ്ഞു: ''റമളാനും റജബിനുമിടയില്‍ ജനങ്ങള്‍ അശ്രദ്ധരായിപ്പോകുന്ന ഒരു മാസമാണ് ശഅ്ബാന്‍. ലോകരക്ഷിതാവിലേക്ക് മനുഷ്യരുടെ അമലുകള്‍ ഉയര്‍ത്തപ്പെടുന്നത് ഈ മാസത്തിലാണ്. ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ അമലുകള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നതാണ് ഞാനിഷ്ടപ്പെടുന്നത്.'' (സുനനുസാഈ). 
മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോ ദിവസവും രാവിലെയും വൈകുന്നേരവും മലക്കുകള്‍ ഉയര്‍ത്തിക്കൊണ്ടുപോകുന്നുണ്ടെന്ന് ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം. അതുപോലെ, എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ റബ്ബിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. അബൂഹുറൈറ(റ) പറയുന്നു: 
''നബി(സ്വ) പറയുന്നു: എല്ലാ വ്യാഴാഴ്ചയും തിങ്കളാഴ്ചയും അല്ലാഹുവിന് മുന്നില്‍ അമലുകള്‍ പ്രദര്‍ശിപ്പിക്കപ്പെടും. അല്ലാഹുവിനോട് പങ്കുകാരെ ചേര്‍ക്കാത്ത എല്ലാവര്‍ക്കും അന്നേരം അല്ലാഹു പൊറുത്തുകൊടുക്കും. പരസ്പരം വിദ്വേഷം വെക്കുന്നവര്‍ക്കൊഴികെ. ഇവര്‍ പരസ്പരം നന്നാകുന്നത് വരെ ഈ രണ്ടു പേരെയും നിങ്ങള്‍ ഒഴിവാക്കുക എന്ന് അല്ലാഹു മലക്കുകളോട് പറയും.'' (സ്വഹീഹ് മുസ്ലിം, തിര്‍മുദി). 
എന്നാല്‍, മനുഷ്യന്‍ ചെയ്ത മുഴുവന്‍ പ്രവര്‍ത്തനങ്ങളും വര്‍ഷത്തിലൊരിക്കല്‍  അല്ലാഹുവിന്റെ അടുത്തേക്ക് ഉയര്‍ത്താന്‍ അവന്‍ തിരഞ്ഞെടുത്തത് ശഅ്ബാന്‍ മാസമാണ്. നന്‍മയില്‍ മുഴുകിയിരിക്കെ തന്റെ അമലുകള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുന്നതിനു കൂടുതല്‍ മഹത്വമുണ്ടെന്നത് അവിതര്‍ക്കിതമാണ്. അതുകൊണ്ട് തന്നെയാണ് മുത്ത്നബി(സ്വ) ശഅ്ബാനില്‍ കൂടുതല്‍ നോമ്പെടുത്തത്. മാത്രവുമല്ല, റമളാന്‍ കഴിഞ്ഞാല്‍ നോമ്പെടുക്കാന്‍ ഏറ്റവും പുണ്യമുള്ള മാസം പവിത്രമായ നാലു മാസങ്ങളും (ദുല്‍ഖഅ്ദഃ, ദുല്‍ഹിജ്ജഃ, മുഹര്‍റം, റജബ്)ശേഷം ശഅ്ബാനുമാണെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നുണ്ട്. (ഫത്ഹുല്‍മുഈന്‍- ബാബുസ്സ്വവ്മ്).

ഉപര്യുക്ത ഹദീസില്‍ നബി(സ്വ) സൂചിപ്പിച്ച മറ്റൊരു കാര്യമാണ് ജനങ്ങള്‍ അശ്രദ്ധരാകുന്ന മാസമാണ് ശഅ്ബാനെന്ന്. പവിത്ര മാസങ്ങളില്‍ പ്രധാനപ്പെട്ട റജബിനും നോമ്പിന്റെ മാസമായ റമളാനും ഇടയിലായതു കൊണ്ട് ശഅ്ബാന്‍ അത്ര തന്നെ ഗൗനിക്കപ്പെടാതെ പോകുന്ന മാസമാണ്. സാധാരണജനങ്ങള്‍ അശ്രദ്ധരാകുന്ന മാസത്തില്‍ വിശ്വാസികള്‍ അശ്രദ്ധരാകരുതെന്ന് പഠിപ്പിക്കുകയാണ് ഇബാദത്തുകള്‍ അധികരിപ്പിച്ച് നബി(സ്വ) ചെയ്യുന്നത്. ജനങ്ങളെല്ലാം അശ്രദ്ധരാകാന്‍ സാധ്യതയുള്ള സമയത്ത് നിര്‍വഹിക്കുന്ന ഇബാദത്തുകള്‍ക്ക് കൂടുതല്‍ പുണ്യമുണ്ടെന്ന് മഹത്വചനങ്ങളിലൂടെ മനസ്സിലാക്കാം. മധ്യമനിസ്‌കാരം നിങ്ങള്‍ പ്രത്യേകം സൂക്ഷിക്കണമെന്ന ഖുര്‍ആനിക വചനം (അല്‍ബഖറ- 238) കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് ജനങ്ങള്‍ കൂടുതല്‍ അശ്രദ്ധരാവുന്ന വൈകുന്നേര സമയത്തെ അസ്വ്ര് നിസ്‌കാരമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാവരും ഐഹിക കാര്യങ്ങളില്‍ മുഴുകുന്ന വേളകളില്‍ അല്ലാഹുവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അവന്റെ പ്രത്യേകാനുഗ്രഹങ്ങള്‍ക്ക് വിധേയരാണെന്നതില്‍ സന്ദേഹമില്ല. 
ശേഷം വരാനിരിക്കുന്ന റമളാനില്‍ പ്രയാസമൊന്നുമില്ലാതെ നോമ്പനുഷ്ഠിക്കാന്‍ ശഅ്ബാനിലെ വ്രതാനുഷ്ഠാനം സഹായിക്കുന്നതാണ്. നോമ്പ് പോലെ മറ്റു ഇബാദത്തുകളും അധികരിപ്പിക്കേണ്ട മാസമാണ് ശഅ്ബാന്‍. അനസ്(റ) പറയുന്നു: ''ശഅ്ബാന്‍ മാസം ആഗതമായാല്‍ ഖുര്‍ആന്‍ ധാരാളമായി ഖത്മ് ഓതുന്ന ശീലം വിശ്വാസികള്‍ക്കുണ്ടായിരുന്നു.'' അംറുബ്നു ഖൈസില്‍ മുല്ലാഈ(റ) ശഅ്ബാന്‍ മാസത്തില്‍ സ്വന്തം കച്ചവടസ്ഥാപനം അടച്ചുപൂട്ടി ഖുര്‍ആന്‍ പാരായണത്തിന് ഒഴിഞ്ഞിരിക്കുമായിരുന്നു. ശഅ്ബാന് ശഹ്റുല്‍ ഖുര്‍റാഅ് എന്നും പറയപ്പെടുമെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തുന്നുണ്ട്(ലത്വാഇഫുല്‍മആരിഫ്). വിശുദ്ധഖുര്‍ആന്‍ അവതീര്‍ണമായ റമളാന്‍ മാസത്തില്‍ ഖുര്‍ആനുമായി കൂടുതല്‍ ബന്ധപ്പെടാന്‍ ഇതു സഹായകമാണ്. 

സത്യവിശ്വാസി നബി(സ്വ)യുടെ പേരില്‍ ഏറ്റവും കൂടുതല്‍ സ്വലാതുകള്‍ അധികരിപ്പിക്കേണ്ട മാസം കൂടിയാണ് ശഅ്ബാന്‍. നബി(സ്വ)യുടെ പേരില്‍ സ്വലാതും സലാമും അധികരിപ്പിക്കാന്‍ സത്യവിശ്വാസികളോടുള്ള നിര്‍ദേശം വിശുദ്ധ ഖുര്‍ആനില്‍ സൂറതുല്‍ അഹ്സാബിലെ അമ്പത്തിആറാം സൂക്തത്തിലാണ്. ഈ സൂക്തം ഇറങ്ങിയത് ശഅ്ബാന്‍ മാസത്തിലാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇസ്മാഈലുല്‍ ഹഖില്‍ ബറൂസവി(റ) പറയുന്നു: ''ശഅ്ബാന്‍ മാസത്തില്‍ തന്റെ ഉമ്മത്ത് കൂടുതല്‍ സ്വലാതുകളധികരിപ്പിക്കാനാണ് ശഅ്ബാനിനെ നബി(സ്വ) തന്നിലേക്ക് ചേര്‍ത്തു പറഞ്ഞത്.'' ശഅ്ബാന്‍ അല്ലാഹുവിന്റെ റസൂലിന്റെ മാസമാണ്. അതുകൊണ്ട് അതിലെ പുണ്യദിനങ്ങളില്‍ നിങ്ങള്‍ നോമ്പനുഷ്ഠിച്ച് നന്‍മകള്‍ നേടുക, റസൂലിന്റെ മാസത്തില്‍ നിങ്ങള്‍ അവിടുത്തേക്ക് സ്വലാത്തുകള്‍ അധികരിപ്പിക്കുക, എന്നിട്ട് ഖിയാമത് നാളില്‍ നബി(സ്വ)യുടെ ശുപാര്‍ശയെ പ്രതീക്ഷിക്കുക. (റൂഹുല്‍ബയാന്‍).

ബറാഅത് രാവ്

ശഅ്ബാന്‍ പതിനഞ്ചാം രാവാണ് ബറാഅത്ത് രാവ്. ഒരുപാട് പുണ്യങ്ങളും മഹത്വങ്ങളുമടങ്ങിയ ദിനമാണത്. കിതാബുകളില്‍ ലൈലതുന്നിസ്വ്ഫ് എന്നാണതിനെ കുറിച്ച് വിശേഷിപ്പിക്കുന്നത്.  ബറാഅത്ത് രാവിനെ സംബന്ധിച്ച് നിരവധി ഹദീസുകള്‍ കാണാവുന്നതാണ്. അബൂമൂസല്‍ അശ്അരി(റ) പറയുന്നു: ''നബി(സ്വ) പറയുകയുണ്ടായി; ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു വെളിവാവുകയും അല്ലാഹുവിനോട് ശിര്‍ക്വയ്ക്കാത്തവര്‍ക്കും, മറ്റുള്ളവനോട് വിദ്വേഷം വെച്ചുപുലര്‍ത്താത്തവര്‍ക്കും പൊറുത്തുകൊടുക്കുന്നതുമാണ്.'' (ഇബ്നുമാജ) 

സൂറതുദ്ദുഖാനില്‍ പരാമര്‍ശിക്കപ്പെട്ട അനുഗൃഹീത രാത്രി (ലൈലതുല്‍ മുബാറകഃ)യെന്നാല്‍ ലൈലതുല്‍ഖദ്റാണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതരുടെയും വീക്ഷണം. ഇക്രിമ(റ)വിന്റെയും മറ്റുചില പണ്ഡിതരുടെയും അഭിപ്രായത്തില്‍ ബറാഅത് രാവാണ് അതുകൊണ്ടുദ്ദേശിക്കുന്നതെന്നാണ്.'' (തഫ്സീറുര്‍റാസി) ഒന്നാമത്തെ അഭിപ്രായമാണ് പ്രബലം. ബറാഅത് രാവിന്റെ മഹത്വങ്ങള്‍ വിശദീകരിക്കുന്ന നിരവധി ഹദീസുകള്‍ ഉദ്ധരിച്ച ശേഷം ബഹുമാനപ്പെട്ട ഇബ്നുഹജരിനില്‍ ഹൈതമി(റ) പറയുന്നു: ''ആകയാല്‍ ഈ രാവിനു ശ്രേഷ്ഠതയുണ്ട്. അതില്‍ പ്രത്യേക പാപപരിഹാരവും പ്രത്യേകമായി പ്രാര്‍ത്ഥനക്കുത്തരവും ലഭിക്കും. അതുകൊണ്ടാണ്  ഈ രാത്രിയില്‍ പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ(റ) പ്രസ്താവിച്ചത്.'' (ഫതാവല്‍കുബ്റാ) 

ബറാഅത് രാവില്‍ മരിച്ചവര്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നതിന് പ്രവാചക മാതൃകയുണ്ട്. ആഇശ ബീബി(റ) പറയുന്നു: ഒരുദിവസം രാത്രി നബി(സ്വ) തങ്ങളെ കാണാതായി. നബിയെ അന്വേഷിച്ച് ഞാന്‍ പുറപ്പെട്ടു. ചെന്നു നോക്കുമ്പോള്‍ ജന്നതുല്‍ ബഖീഇല്‍ ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്നത് കണ്ടു. എന്നെകണ്ടപ്പോള്‍ നബി(സ്വ) ചോദിച്ചു: അല്ലാഹുവും അവന്റെ റസൂലും നിങ്ങളോട് അനീതി കാണിച്ചുവെന്ന് നീ വിചാരിച്ചുവോ. ഞാന്‍ പറഞ്ഞു. ഞാനെന്തിന് അങ്ങനെ വിചാരിക്കണം?!. എങ്കിലും എന്നെവിട്ട് മറ്റുവല്ല ഭാര്യമാരുടെ അടുത്തേക്ക് അങ്ങ് പോയോ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല അപ്പോള്‍ പറഞ്ഞു. ശഅ്ബാന്‍ പതിനഞ്ചിനു രാത്രി അല്ലാഹു ഭൂമിക്ക് തൊട്ടുമുകളിലുള്ള ആകാശത്തേക്ക് ഇറങ്ങിവരികയും കലബ് ഗോത്രത്തിലെ ആടുകളുടെ രോമത്തിന്റെയത്ര ആളുകള്‍ക്ക് അവന്‍ പാപമോചനം നല്‍കുകയും ചെയ്യും.'' (ഇബ്നുമാജ). ഇമാം ശാഫിഈ(റ) പറയുന്നു: ''അഞ്ചു രാത്രികളിലെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുമെന്ന് നമുക്ക് വിവരം കിട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച രാവ്, രണ്ട് പെരുന്നാള്‍ രാത്രികള്‍, റജബിലെ ആദ്യ രാത്രി, ശഅ്ബാന്‍ പതിനഞ്ചാം രാവ് എന്നിവയാണത്.''

ബറാഅത് രാവില്‍ സൂറത് യാസീന്‍ മൂന്നുപ്രാവശ്യം, സൂറതു ദ്ദുഖാന്‍ ഒരു പ്രാവശ്യം പാരായണം ചെയ്ത് പ്രത്യേകം പ്രാര്‍ത്ഥിക്കല്‍  നമ്മുടെ നാടുകളില്‍ നിലവിലുള്ള നല്ല ശീലങ്ങളില്‍ പെട്ടതാണ്. ദീര്‍ഘായുസ്സുണ്ടാവാനും ഭക്ഷണത്തില്‍ വിശാലത ലഭിക്കാനും മരണസമയം ഈമാന്‍ ലഭിക്കുവാനുമാണ് മൂന്ന് തവണ യാസീന്‍ ഓതുന്നത്. ഈരണ്ട് റക്അത് സുന്നത്തുകള്‍ നിസ്‌കരിച്ച ശേഷം സൂറത് യാസീന്‍ ഓതിയാണ് ദുആ ചെയ്യേണ്ടത് (ഇത്ഹാഫ്) ബറാഅത് രാവില്‍ സൂറതു ദ്ദുഖാന്‍ പാരായണം ചെയ്യുന്നത് പ്രത്യേകം പുണ്യമാണെന്ന് മുജര്‍റബാതുദ്ദൈറബിയില്‍ കാണാം. ആരെങ്കിലും ഒരു രാത്രി സൂറതുദ്ദുഖാന്‍ ഓതിയാല്‍ എഴുപതിനായിരം മലക്കുകള്‍ അവനുവേണ്ടി പാപമോചനം തേടുന്നവരായി പ്രഭാതത്തില്‍ എഴുന്നേല്‍ക്കുമെന്ന് ഇമാം തിര്‍മുദി(റ) നിവേദനം ചെയ്യുന്ന ഹദീസിലുണ്ട്. അല്ലാഹുവിന്റെ കാരുണ്യം പെയ്തിറങ്ങുന്ന ബറാഅത് രാവില്‍ ഈ സൂറത് ഓതിയാല്‍ പ്രത്യേകം പുണ്യമുണ്ടെന്ന് ഏവര്‍ക്കും മനസ്സിലാക്കാം. യാസീന്‍ സൂറത്തിനും നിരവധി പുണ്യങ്ങളുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയുന്ന യാഥാര്‍ത്ഥ്യമാണ്. 

ബറാഅത് രാവില്‍ നൂറ് റക്അത് നിസ്‌കാരം പ്രത്യേക സൂറത്തുകളും മറ്റും പാരായണം ചെയ്ത് നിര്‍വഹിക്കല്‍ പുണ്യമാണെന്ന് പല കിതാബുകളിലും കാണാം. എന്നാല്‍, അതു വളരെ മോശമായ ബിദ്അതാണെന്ന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) ഫത്ഹുല്‍മുഈനില്‍ രേഖപ്പെടുത്തുന്നുണ്ട്. 
ശഅ്ബാന്‍ 15ന് നോമ്പെടുക്കുന്നതിനെ സംബന്ധിച്ചും അതിനു തെളിവായി ഉദ്ധരിക്കുന്ന ഹദീസിനെക്കുറിച്ചും ഫത്വ ചോദിച്ചപ്പോള്‍ ആ വ്രതം സുന്നത്താണെന്നും ഹദീസ് തെളിവിന് പര്യാപ്തമാണെന്നുമാണ് ഇമാം റംലി(റ)യുടെ ഫത്വ (ഫതാവ റംലി). ഇബ്നുമാജ(റ) ഉദ്ധരിച്ച 'ശഅ്ബാന്‍ പതിനഞ്ചാം രാവായാല്‍ അതിന്റെ രാത്രിയില്‍ നിങ്ങള്‍ ഇബാദത്ത് ചെയ്യുകയും അതിന്റെ പകലില്‍ നോമ്പെടുക്കുകയും ചെയ്യുക'' എന്ന ഹദീസിനെക്കുറിച്ചാണ് ഈ മറുപടി നല്‍കിയത്. അലിയ്യുബ്നു അബീത്വാലിബ്(റ) നിവേദനം ചെയ്യുന്നു: ''നബി(സ്വ) പറയുകയുണ്ടായി - ''ശഅ്ബാന്‍ പതിനഞ്ചാം രാവായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ ഇബാദത്ത് നിര്‍വഹിക്കുകയും പകലില്‍ നോമ്പെടുക്കുകയും ചെയ്യുക. ആ ദിവസം സൂര്യന്‍ അസ്തമിക്കുന്ന സമയം അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവന്ന് ഇങ്ങനെ ചോദിക്കും: പാപമോചനം തേടുന്നവരുണ്ടോ അവര്‍ക്ക് ഞാന്‍ പൊറുത്തുകൊടുക്കും; ഭക്ഷണം തേടുന്നവരുണ്ടോ, അവര്‍ക്ക് ഞാന്‍ ഭക്ഷണം നല്‍കാം, പരീക്ഷിക്കപ്പെടുന്നവരുണ്ടോ, അവര്‍ക്ക് ഞാന്‍ സുഖം നല്‍കാം. നേരം വെളുക്കുന്നത് വരെ ഇങ്ങനെ പലകാര്യങ്ങളും അല്ലാഹു വിളിച്ചുചോദിച്ചുകൊണ്ടേയിരിക്കും.'' (ഇബ്നുമാജഃ) 

ഇത്രയും വലിയ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന ഈ രാവില്‍ പോലും പാപമോചനം ലഭിക്കാത്ത ചില ഹതഭാഗ്യരുണ്ട്. മുസ്ലിം സഹോദരങ്ങളോട് വിദ്വേഷം വച്ചുപുലര്‍ത്തുന്നവനാണതിലൊന്ന്. അല്ലാഹുവിന് പങ്കുകാരെ ചേര്‍ക്കുന്നവര്‍ക്കും അവിഹിതമായി മനുഷ്യനെ വധിക്കുന്നവര്‍ക്കും വ്യഭിചരിക്കുന്നവര്‍ക്കും അല്ലാഹു പാപമോചനം നല്‍കുകയില്ലെന്ന് വിശുദ്ധ വചനത്തിലുണ്ട്. അതുകൊണ്ട് ഇതുപോലെയുള്ള നീചവൃത്തികളില്‍ നിന്ന് വിശ്വാസികളായ നാം മുക്തരാവേണ്ടതുണ്ട്.  

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter