മിഅ്റാജ് – അത് ത്വാഇഫിലെ ആ ദുആയുടെ ഫലമായിരുന്നു...തീര്‍ച്ച
നുബുവ്വതിന്റെ പത്താം വര്‍ഷം...പ്രവാചകരുടെ ചരിത്രത്തില്‍ ആമുല്‍ഹുസ്‍ന്‍ (ദുഖവര്‍ഷം) എന്നാണ് അത് അറിയപ്പെടുന്നത്. പത്ത് വര്‍ഷം പ്രബോധനപ്രവര്‍ത്തനവുമായി തന്റെ സ്വന്തം ഗോത്രാംഗങ്ങള്‍ക്കും സമൂഹത്തിനുമിടയില്‍ ചുറ്റിനടന്നിട്ടും കാര്യമായ എണ്ണം ആളുകള്‍ ഇന്നും ഇസ്‍ലാമിന്റെ എതിര്‍ചേരിയിലാണ്. തന്റെ സ്വന്തം നാട്ടുകാര്‍ തന്നെയും അനുയായികളെയും ഉപദ്രവിക്കുന്നത് കാണുമ്പോള്‍ പ്രവാചകര്‍ക്ക് വല്ലാത്ത വിഷമമുണ്ട്. നീണ്ട മൂന്ന് വര്‍ഷം തന്നെയും കുടുംബത്തെയും ശിഅ്ബ് അബൂത്വാലിബ് എന്ന മലഞ്ചെരുവില്‍ ഉപരോധമേര്‍പ്പെടുത്തി, പച്ചിലകള്‍വരെ തിന്നേണ്ടിവന്ന സാഹചര്യം സംജാതമാക്കിയതും പ്രവാചകര്‍ക്ക് മറക്കാനാവില്ല. എന്നാല്‍, അല്ലാഹുവിന്റെ സത്യമാര്‍ഗ്ഗത്തിലാണല്ലോ എന്നതായിരുന്നു പ്രവാചകരുടെ ആശ്വാസം. അതോടൊപ്പം, താങ്ങും തണലുമായി എപ്പോഴും കൂടെനിന്ന അബൂത്വാലിബും സ്നേഹവായ്പുകളോടെ തന്റെ പ്രയാസങ്ങള്‍ക്കുമേല്‍ ആശ്വാസവചസ്സുകളുടെ സിദ്ധൌഷധ ലേപനവുമായി കൂടെനിന്ന പ്രിയപത്നി ഖജീദ(റ)യും പ്രവാചകര്‍ക്ക് വല്ലാത്തൊരു ധൈര്യമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ്, ആ രണ്ട് പേരും ഇഹലോകവാസം വെടിയുന്നത്. ചിറകറ്റ പക്ഷിക്കുഞ്ഞിനെപ്പോലെയായി പ്രവാചകര്‍ എന്ന് പറയുന്നതാവും ശരി.
ഇനി ആകെ പ്രതീക്ഷയുള്ളത്, തന്റെ അമ്മാവന്മാരുടെ നാടായ ത്വാഇഫാണ്. അധികം വൈകാതെ പ്രവാചകര്‍ അങ്ങോട്ട് തിരിച്ചു, മനസ്സില്‍ ഒരു പിടി മോഹങ്ങളുമായി... ത്വാഇഫുകാര്‍ തന്റെ സന്ദേശം സ്വീകരിച്ച് തന്റെ കൂടെ നില്ക്കുന്ന സുന്ദര നിമിഷങ്ങള്‍ ആ യാത്രാവേളയില്‍ അവിടത്തെ മനോമുകുരത്തില്‍ മിന്നിമറഞ്ഞിട്ടുണ്ടാവാം.
എന്നാല്‍, അവിടെയെത്തിയപ്പോള്‍ കാര്യങ്ങള്‍ കൂടുതുല്‍ സങ്കീര്‍ണ്ണമാവുന്നതാണ് നാം കാണുന്നത്. മക്കക്കാരുമായി അടുപ്പം പാലിച്ചിരുന്ന ത്വാഇഫുകാര്‍, ഒരു പിടി പ്രതീക്ഷകളുമായെത്തിയ പ്രവാചകരെ സ്വീകരിച്ചില്ലെന്ന് മാത്രമല്ല, കുട്ടികളെയും ഭ്രാന്തന്മാരെയും പിന്നാലെവിട്ട് കൂക്കിവിളിക്കുകയും കല്ലെറിയുകയും ചെയ്യുന്നത് ഏതൊരു മനുഷ്യനെയും തളര്‍ത്താവുന്നതിലപ്പുറമാണ്. രണ്ടാഴ്ചയോളം ത്വാഇഫില്‍ കഴിച്ച്കൂട്ടിയ പ്രവാചകരുടെ, അവിടത്തെ ഓരോ ദിവസവും മുമ്പുള്ളതിനേക്കാള്‍ ഭീകരമായിരുന്നു.
പ്രവാചകരുടെ അപ്പോഴത്തെ മനസ്സ് നമുക്ക് ആലോചിക്കാനാവുന്നുണ്ടോ... അല്ലാഹുവിന്റെ ദീനിന് വേണ്ടി, അവന്റെ നിര്‍ദ്ദേശപ്രകാരം ഇറങ്ങിത്തിരിച്ച്, എല്ലാ സഹായവും അവന്‍ വാഗ്ദാനം ചെയ്ത് നടത്തിയ ശ്രമങ്ങളാണ് ഇങ്ങനെ പര്യവസാനിക്കുന്നത്... ഏതൊരാളുടെയും മനസ്സ് പതറിപ്പോവുന്ന നിമിഷം, ഒരു വേള, തമ്പുരാനേ, നിന്റെ സഹായമെവിടെയെന്ന് മനസ്സിലെങ്കിലും ആലോചിച്ചുപോകുന്ന ദശാസന്ധി...
എന്നാല്‍, ത്വാഇഫിന്റെ മണ്ണില്‍നിന്ന് ആ കഷ്ടതകള്‍ക്കെല്ലാമൊടുവിലും തന്റെ കൈകള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തി പ്രവാചകര്‍ നടത്തുന്ന ആ പ്രാര്‍ത്ഥന ഇന്നും വല്ലാത്തൊരു അനുഭൂതിയായി, അതിലുപരി അല്‍ഭുതമായി ശേഷിക്കുന്നു, തപ്തമായ കണ്ണുനീരിന്റെ അകമ്പടിയോടെ, ആ തിരുവധരങ്ങളില്‍നിന്ന് പുറത്തേക്ക് വന്ന പ്രാര്‍ത്ഥനാവാക്യങ്ങള്‍ നമുക്ക് ഇങ്ങനെ വായിക്കാം,
അല്ലാഹുവേ, ഞാനിതാ നിന്നിലേക്ക് ആവലാതി ബോധിപ്പിക്കുകയാണ്, എന്റെ ശക്തിയെല്ലാം ക്ഷയിച്ചുപോവുകയാണ്, എന്റെ തന്ത്രങ്ങളെല്ലാം നിഷ്ഫലമായിത്തീരുകയാണ്, ജനങ്ങളുടെ കണ്ണില്‍ ഞാന്‍ ഏറെ നിസ്സാരനാവുകയാണ്, കരുണാവാരിധികളുടെ സങ്കേതമേ, ബലഹീനരുടെ രക്ഷിതാവ് നീയാണല്ലോ, എന്റെ രക്ഷിതാവും നീ തന്നെ. ആരിലേക്കാണ് നീ എന്നെ ഏല്‍പിക്കുന്നത്.. വെറുപ്പോടെ മാത്രം എന്നെ നോക്കുന്ന ബന്ധമേതുമില്ലാത്തവരിലേക്കാണോ നീയെന്നെ കൊണ്ടെത്തിക്കുന്നത്.. അതോ വല്ല ശത്രുവിന്റെയും കൈകളിലാണോ നീ എന്റെ കാര്യം ഏല്പിച്ചിരിക്കുന്നത്...തമ്പുരാനേ, നിനക്ക് എന്നോട് വിരോധമേതുമില്ലെങ്കില്‍ ഇതൊന്നും എനിക്ക് പ്രശ്നമേയല്ല...എങ്കിലും നീ സൌഖ്യം നല്കുന്നുവെങ്കില്‍ എനിക്ക് വിശാലതാദായകം അതു തന്നെ, ഇരുളുകളെല്ലാം പ്രശോഭിതമാവുകയും ഇഹ-പര കാര്യങ്ങളെല്ലാം സുഗമമാക്കുകയും ചെയ്ത നിന്റെ മുഖകാന്തി കൊണ്ട് ഞാന്‍ അഭയം തേടുന്നു, നിന്റെ ദേഷ്യം എന്നില്‍ പതിക്കാതിരിക്കണേ... നിന്റെ കോപത്തിന് ഞാന്‍ പാത്രമാവാതിരിക്കണേ...നിന്റെ പ്രീതി നേടുന്നതുവരെ നിന്നിലേക്ക് ഞാന്‍ ഖേദിച്ചുമടങ്ങുന്നു... കഴിവും ഉദ്ദേശ്യവുമായി നീ നല്കുന്നതല്ലാതെ മറ്റൊന്നുമില്ല തമ്പുരാനേ....
നോക്കൂ, ഇത്രയേറെ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നിട്ടും പ്രവാചകരുടെ അധരങ്ങളില്‍നിന്ന് അസ്വസ്ഥതയുടെ ഒരു ലാഞ്ചനപോലും പുറത്തേക്ക് വന്നില്ല, എല്ലാം അല്ലാഹുവിലര്‍പ്പിച്ച്, അല്ലാഹുവിന്റെ തൃപ്തിയാണ് പ്രധാനമെന്നും അത് ലഭ്യമാകുന്ന പക്ഷം, മറ്റൊന്നും പ്രശ്നമല്ലെന്നും ആത്മാര്‍ത്ഥമായി ഉള്ളുരുകി പ്രവാചകര്‍ തന്റെ നാഥനോട് വിളിച്ചുപറയുമ്പോള്‍, ആ പ്രാര്‍ത്ഥനാവചസ്സുകള്‍ക്ക് മുമ്പില്‍ ആകാശകവാടങ്ങള്‍ ഒന്നടങ്കം മലര്‍ക്കെ തുറക്കപ്പെടുകയായിരുന്നു....ആ ദൃഢചിത്തതക്ക് മുമ്പില്‍ പ്രകൃതിയുടെ നിയതനിയമങ്ങള്‍ മാറിനില്‍ക്കുകയായിരുന്നു.... ആ അചഞ്ചല വിശ്വാസത്തിന് മുന്നില്‍ വൈദൂര്യങ്ങളും അസാധ്യതകളും വഴിമാറി നടക്കുകയായിരുന്നു.... ആ ഇടത്താരകളിലൂടെയായിരുന്നു പ്രവാചകര്‍ (സ്വ) മക്കയില്‍നിന്ന് അനേകായിരം കാതം അകലെ നില്‍ക്കുന്ന മസ്ജിദുല്‍അഖ്സായിലേക്കും ശേഷം മാലാഖമാരില്‍ അതിപ്രമുഖനായ ജിബ്‍രീല്‍(അ)മിന് പോലും പ്രവേശനാനുമതിയില്ലാത്ത ഉന്നതികളിലേക്കും നടന്നുകയറിയത്...അതും കേവലനിമിഷങ്ങള്‍ക്കകം....
പ്രയാസങ്ങള്‍ക്ക് നടുവിലും ഇത്തരം മനസ്സിന്റെ ഒരംശമെങ്കിലും സൂക്ഷിക്കാനാവുമ്പോഴാണ്, അല്ലാവുവിലേക്കുള്ള ആരോഹണം സാധ്യമാവുന്നതെന്നതാണ്, ഇസ്‍റാഉം മിഅ്റാജും നല്കുന്ന പാഠങ്ങളിലൊന്ന്.
ഇസ്റാഅ്-മിഅ്റാജിനെ ത്വാഇഫിലെ ആ പ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തില്‍ വായിക്കുമ്പോള്‍, അറിയാതെ നമ്മുടെ മനസ്സ് പറഞ്ഞുപോവും, ആ രാപ്രയാണവും ആകാശാരോഹണവും ആ പ്രാര്‍ത്ഥനയുടെ ഫലം തന്നെയായിരുന്നു...തീര്‍ച്ച.
Leave A Comment