ജമ്മുകശ്മീരിൽ 4 ജി പുനഃസ്ഥാപിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച്  സുപ്രീം കോടതി
ശ്രീനഗർ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ചികിത്സക്കായി ഏറ്റവും പുതിയ വിവരങ്ങൾ ആവശ്യമായിരിക്കെ ജമ്മുകശ്മീരിൽ 4 ജി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. ജസ്റ്റിസുമാരായ എൻ.വി രമണ, ആർ സുഭാഷ് റെഡ്ഡി, ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ച് നടപടിയെടുത്തിരിക്കുന്നത്. ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽ എന്ന സംഘടനയ്ക്ക് വേണ്ടി സദാൻ ഫർസാത്താണ് ഹരജി സമർപ്പിച്ചത്. കൊറോണ വൈറസ് വ്യാപനം തടയാനായി ഏറ്റവും നൂതന സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ചികിത്സ ലഭ്യമാക്കാൻ 4ജി ഇന്റർനെറ്റ് സേവനം അനിവാര്യമാണെന്ന വാദം ഉയർത്തിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലുടനീളം കൊറോണ വൈറസ് വ്യാപിക്കുമ്പോൾ അവിടങ്ങളിൽ 4 ജി ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് ഫലപ്രദമായ രീതിയിൽ പ്രതിരോധം സാധ്യമാകുന്നുണ്ട്, എന്നാൽ കൊറോണ സംബന്ധമായ ഏറ്റവും നൂതനമായ വിവരങ്ങൾ 4 ജി ഇല്ലാത്തതിനാൽ കശ്മീരിൽ സാധ്യമാവുന്നില്ല. ഹരജി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ആളുകൾ വീട്ടിൽ നിന്ന് ജോലി ചെയ്യുകയും കോടതികൾ വീഡിയോ കോൺഫറൻസിലൂടെ കേസുകൾ കേൾക്കുകയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി ക്ലാസുകൾ ലഭ്യമാവുകയും ചെയ്യുന്നുണ്ടെങ്കിലും കശ്മീരിൽ അതിനുള്ള സൗകര്യം ലഭ്യമല്ലെന്നും ഹരജിയിൽ പറയുന്നു.

കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്നാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. പിന്നീട് 2 ജി ഇന്റർനെറ്റ് പുനസ്ഥാപിച്ചെങ്കിലും 4 ജി പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter