കൊറോണ വൈറസ് ശവപ്പറമ്പാക്കിയ ഇറ്റലിക്ക് ഖത്തറിന്‍റെ മെഡിക്കൽ സഹായം
ദോഹ: 18,000 ത്തിലധികം മരണങ്ങളും 1,43,000 ത്തിലധികം പോസിറ്റീവ് കേസുകളുമായി കോവിഡ്-19 ഏറ്റവും കൂടുതൽ ദുരിതം വിതച്ച യൂറോപ്യൻ രാജ്യമായ ഇറ്റലിക്ക് കൈത്താങ്ങുമായി അറബ് രാജ്യമായ ഖത്തർ. കൊറോണ മൂലം ആശുപത്രികൾ നിറഞ്ഞു കവിയുകയും വൃദ്ധരായ രോഗികളെ മരണത്തിന് നിശബ്ദമായി വിട്ടു നൽകുകയും ചെയ്യുന്ന ഇറ്റലിയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ട് ഫീല്‍ഡ് ആശുപത്രികൾ ഖത്തര്‍ അമീരി ഫോഴ്സി​ന്‍റെ രണ്ട് സൈനിക വിമാനങ്ങള്‍ ഇറ്റലിയിലെത്തിച്ചു.

യഥാക്രമം 5200, 4000 ചതുരശ്രമീറ്റര്‍ വിസ്​തൃതിയുള്ള രണ്ട് ഫീല്‍ഡ് ആശുപത്രിയിലും 1000 വീതം കിടക്കകളാണുള്ളത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ചികിത്സക്കായുള്ള ആധുനിക സജ്ജീകരണങ്ങളും ആശുപത്രികളിലുണ്ട്. റോമിലെ പ്രാറ്റിക ഡി മാരേ സൈനിക വിമാനത്താവളത്തിലെത്തിയ ഖത്തര്‍ സൈനിക വിമാനത്തെ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ലൂയിഗി ഡി മയോ നേരിട്ടെത്തി സ്വീകരിച്ചു.

ഇറ്റലിയുമായുള്ള ഖത്തറി​ന്‍റെ നയതന്ത്ര, സൗഹൃദബന്ധം പ്രകടമാകേണ്ട നിര്‍ണായക സാഹചര്യമാണിതെന്നും ഈ ഘട്ടത്തെയും നാം ഒരുമിച്ച്‌ തരണം ചെയ്യുമെന്നും വിമാനങ്ങൾ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ ഇറ്റലിയിലെ ഖത്തർ അംബാസഡര്‍ അല്‍ മല്‍കി അല്‍ ജെഹ്നി പറഞ്ഞു. രണ്ട് വിമാനങ്ങള്‍ കൂടി സഹായവുമായി ഇറ്റലിയിലേക്ക് ഖത്തർ അയക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ ഖത്തർ നൽകിയ സഹായത്തിന് നേരത്തെ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ലുയിഗി ഡി മയോ നന്ദി അറിയിച്ച്‌ ട്വീറ്റ് ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter